കുറെക്കാലം മുമ്പുള്ള ഒരോർമ മനസ്സിൽ വന്നണയുന്നു. ഒരു സാംസ്കാരികോത്സവത്തിന്റെ സംഘാടകർ എന്നെയും കലാപ്രവർത്തകനായ സുഹൃത്തിനെയും അവരുടെ പരിപാടിയുടെ വിധികർത്താക്കളായി ക്ഷണിച്ചിരുന്നു. ഞങ്ങളിരുവരും ബസിൽ യാത്രചെയ്ത് മധ്യകേരളത്തിൽ നടക്കുന്ന പ്രസ്തുത പരിപാടിക്കായി എത്തി. സംഘാടകർ ഞങ്ങളെ നന്നായി സ്വീകരിക്കുകയും താമസിക്കാനുള്ള മുറിയും മറ്റും ഏർപ്പാടാക്കുകയും ചെയ്തു.
സംഘാടകരൊരുക്കിയ സൗകര്യങ്ങളിൽ തൃപ്തനല്ലായിരുന്നു എന്റെ പ്രിയ സുഹൃത്ത്. മത്സരവേദിയിലേക്കു പോകവെ അദ്ദേഹത്തിന്റെ സംസാരത്തിലും ശരീരഭാഷയിലുമെല്ലാം ആ അതൃപ്തി പ്രകടമായിരുന്നു. സംഘാടകർക്കൊപ്പമുള്ള ഭക്ഷണവേളയിലും അദ്ദേഹം അത് മറച്ചുവെച്ചില്ല. അടുത്ത ദിവസം ഒരൽപം ദൂരെയുള്ള മറ്റൊരു സ്ഥലത്താണ് ഇതേ സംഘാടകർ പരിപാടി ഒരുക്കിയിരുന്നത്. അവിടെ ഞങ്ങളെ കൂടാതെ വേറെയും വിധികർത്താക്കളുണ്ടായിരുന്നു. അക്കൂട്ടത്തിൽ 70 വയസ്സിലധികം തോന്നിക്കുന്ന ഒരു മനുഷ്യനെ കണ്ടു. കണ്ടമാത്രയിൽതന്നെ എനിക്ക് ആ മനുഷ്യനോടൊരു അടുപ്പം തോന്നി. സത്യസന്ധത സ്ഫുരിക്കുന്ന വാക്കുകളും നിർമലമായ പുഞ്ചിരിയും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. ഞങ്ങൾ പരിചയപ്പെട്ടു. സംഭാഷണത്തിനിടയിൽ ഞങ്ങൾക്കിടയിലേക്ക് എന്റെ സഹപ്രവർത്തകൻ കടന്നുവന്നു. ‘‘എവിടെനിന്ന് വരുന്നു?, എന്തു ചെയ്യുന്നു?, ഏതാണ് നിങ്ങളുടെ മേഖല?’’ എന്നെല്ലാം ആ മനുഷ്യനോട് സുഹൃത്ത് തിരക്കി. അദ്ദേഹം ഭവ്യതയോടെ, വിനയാന്വിതനായി സ്വയം പരിചയപ്പെടുത്തി: ‘‘അൽപം ദൂരെനിന്നാണ്, ഇവിടെ വിധികർത്താവായി ക്ഷണിക്കപ്പെട്ടതാണ്, അത്യാവശ്യം സംസ്കൃതശ്ലോകങ്ങളൊക്കെ ചൊല്ലാൻ അറിയാം, ചിലർ ആശാൻ എന്നൊക്കെ വിളിക്കാറുമുണ്ട്.’’
‘‘നന്നായി. അതുകൊണ്ട് ഈ പരിപാടിക്ക് വരാൻ ഭാഗ്യമുണ്ടായി, അല്ലേ’’ എന്ന് പുച്ഛംകലർന്ന സംസാരത്തോടെയാണ് എന്റെ സുഹൃത്ത് അതിനോട് പ്രതികരിച്ചത്. ‘‘അതെ, ജീവിതത്തിൽ എല്ലാം ഭാഗ്യങ്ങളാണ്, ഇതു ഒരു ഭാഗ്യംതന്നെ’’ -അദ്ദേഹം സൗമ്യമായി മറുപടി പറഞ്ഞു. പരിപാടിയുടെ ഇടവേളകളിൽ ഞങ്ങൾ ഏറെ സംസാരിച്ചു. പല കാര്യങ്ങളും പറഞ്ഞ കൂട്ടത്തിൽ അദ്ദേഹത്തിന്റെ കുടുംബ കാര്യങ്ങളിലേക്കും സംസാരമെത്തി. അമ്മയെക്കുറിച്ചും അവരുടെ വിയോഗത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞു. മത്സരം കഴിഞ്ഞ് സംഘാടകർ നൽകിയ ചെറിയ പ്രതിഫലവും സ്വീകരിച്ച് മടങ്ങാനൊരുങ്ങവെ ആ മുതിർന്ന മനുഷ്യൻ എന്റെയരികിൽ വന്നു. ‘‘നമ്മൾ കുറച്ചുനേരമേ സംസാരിച്ചുള്ളൂവെങ്കിലും എനിക്ക് മോനെ നന്നായി ഇഷ്ടപ്പെട്ടു. ഈ നൈർമല്യവും മുഖത്തെ പുഞ്ചിരിയും എന്നെന്നും കാത്തുസൂക്ഷിക്കാൻ ശ്രമിക്കണം. വലിയ നേട്ടങ്ങളിലല്ല; അർഥവത്തായ ചെറിയ കാര്യങ്ങൾ അതിന്റെ പൂർണതയിൽ നിർവഹിക്കുന്നതിലാണ് ജീവിതത്തിന്റെ വലുപ്പം’’ എന്ന ഉപദേശവും നൽകി.
ജീവിതത്തിൽ ഏറ്റവുമധികം ആത്മസംതൃപ്തി ലഭിച്ച നിമിഷത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ‘‘എന്റെയമ്മ സുഖമില്ലാതെ ഒരുപാട് കാലം ബുദ്ധിമുട്ടി. അത്രയും കാലം ഞാനും ഭാര്യയും ചേർന്ന് അമ്മയെ ഏറ്റവും നന്നായി പരിചരിച്ചു. ഒരിക്കലും അവർക്ക് പൂർണമായും കട്ടിലിൽ കിടക്കേണ്ടിവന്നില്ല. മരിക്കുന്ന ദിവസംവരെയും അമ്മക്ക് നടക്കാൻ സാധിച്ചു. സമാധാനത്തോടെയാണ് അമ്മ വിടപറഞ്ഞത്. അമ്മയെ ഏറ്റവും നല്ല രീതിയിൽ അവസാന ശ്വാസംവരെ പരിചരിക്കാൻ സാധിച്ചുവെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.’’ ആ വാക്കുകളുടെ ശക്തിയിൽ, വൈകാരികതയിൽ ഞാനൽപനേരം മൗനിയായി. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ അന്വേഷിച്ചതായി പറയണം എന്നുംകൂടി പറഞ്ഞ് ആ സായാഹ്നത്തിലേക്ക് അദ്ദേഹം നടന്നുനീങ്ങി. പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ആ മനുഷ്യനെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല. ഔദ്യോഗികാവശ്യങ്ങളുടെ ഭാഗമായി ആ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നിർമലമായ ആ മുഖം ഞാൻ പരതാറുണ്ട്. അദ്ദേഹം ഈ ഭൂമുഖത്ത് ഇപ്പോഴും സൗരഭ്യം പകർത്തുന്നുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് വരദാനമായി ലഭിച്ച ആ വാക്കുകൾ ഇന്നുമെന്നിൽ സുഗന്ധം പ്രസരിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ ഇന്നത്തെ ദുരവസ്ഥക്കും അസ്വസ്ഥതക്കുമുള്ള മരുന്ന് ഈ വാക്കുകളിലുണ്ട്. ആത്മാർഥതയും സ്നേഹവും പരസ്പരം പ്രകടിപ്പിക്കാൻ സാധിച്ചാൽതന്നെ സമൂഹത്തിലെ അസ്വസ്ഥതകൾ ഒരുപരിധി വരെ ഇല്ലാതാക്കാൻ കഴിയും. അത് ലോകരാഷ്ട്രങ്ങൾ തമ്മിലാകട്ടെ, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ തമ്മിലാകട്ടെ, സ്കൂളിലെ വിദ്യാർഥികൾ തമ്മിലാകട്ടെ.
നമ്മൾ ഓരോരുത്തരും വ്യത്യസ്ത അനുഭവങ്ങളിലൂടെയും വിഭിന്നമായ വഴിത്താരകളിലൂടെയും മുന്നോട്ടുനീങ്ങുന്നവരാണ്. വിജയം എന്താണെന്ന് പരസ്പരം അളന്നുനോക്കുന്നവരുമാണ്. ഒരാളുടെ വീക്ഷണത്തിലെ വിജയം മറ്റൊരാളെ സംബന്ധിച്ച് തീർത്തും നിസ്സാരകാര്യമായിരിക്കാം. വിജയത്തിന്റെ ആ വലുപ്പച്ചെറുപ്പങ്ങളേക്കാൾ പ്രധാനമാണ് ആത്മസാക്ഷാത്കാരം എന്ന മഹാഭാഗ്യം. വലിയ ഉയരങ്ങൾ താണ്ടേണ്ട എന്നല്ല ഇപ്പറഞ്ഞതിനർഥം. ചെയ്യുന്ന പ്രവൃത്തി എത്ര നിസ്സാരവും ആയിക്കൊള്ളട്ടെ, അതിൽ നൂറു ശതമാനം ആത്മാർഥതയും സമർപ്പണ മനോഭാവവും പുലർത്തിയാൽ, ആത്മസാക്ഷാത്കാരം സാധ്യമാകും. വീടകങ്ങളിൽ മുതൽ സമൂഹത്തിൽ വരെ നാം ചെയ്യുന്ന നന്മയുടെ കതിർക്കണികൾ നിസ്സാരമല്ലെന്ന് ഓർക്കുക. ആ കതിരുകളാണ് ഏറ്റവും മികച്ച വിളവുകളായി മാറുന്നത്. മനുഷ്യരുടെയുള്ളിലെ നന്മയുടെ വിളവെടുപ്പാണ് ആത്യന്തികമായി അവരെ സംതൃപ്തരാക്കുന്നത്. ജീവിതസാക്ഷാത്കാരം സംബന്ധിച്ച ആ വയോധിക ജ്ഞാനിയുടെ വീക്ഷണം എക്കാലത്തേക്കും പ്രസക്തമാണ്. ഞാനിന്നും ആ മനുഷ്യനെ തേടിക്കൊണ്ടിരിക്കുന്നു.
20ാം നൂറ്റാണ്ട് കണ്ട അതിപ്രഗല്ഭ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റൈന്റെ വാക്കുകൾ ഓർക്കാം. ‘‘ജീവിതം എന്നത് സൈക്കിളിൽ യാത്ര ചെയ്യുന്നതു പോലെയാണ്. നിങ്ങളുടെ ബാലൻസ് നിലനിർത്തണമെങ്കിൽ സൈക്കിൾ എപ്പോഴും നീങ്ങിക്കൊണ്ടേയിരിക്കണം.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.