വിചാരണ ചെയ്യപ്പെടേണ്ട ജനവിരുദ്ധ പാതകങ്ങള്‍

വലിയ നോട്ടുകള്‍ പിന്‍വലിച്ചത് ദരിദ്രരുടെയും ദലിതരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. വലിയ നോട്ടുകള്‍  യഥാര്‍ഥത്തില്‍ മൂല്യം കുറഞ്ഞ കറന്‍സികളാണ്. 1970കളില്‍ അഞ്ചുരൂപ കൂലിയുണ്ടായിരുന്നത് ഇന്ന് 500 രൂപയാണ്. ഇതേ അനുപാതം ഉദ്യോഗസ്ഥരുടെ ശമ്പളത്തിലും കാണാം. അന്ന് ഒരു കിലോഗ്രാം കുരുമുളകിന് 6-7രൂപയാണ് വില ഇന്നത് 600-700 രൂപയാണ്. 70ല്‍ ഒരു പവന്‍ സ്വര്‍ണത്തിന്  220-230 രൂപയായിരുന്നു. ഇന്ന് 22000-23000 രൂപ. അഞ്ഞൂറോ, ആയിരമോ രൂപ എന്നത് ഒന്നോ രണ്ടോ ദിവസത്തെ പണിക്കൂലി മാത്രമാണ്. കൂലിപ്പണിക്കാരന്‍െറയും ദരിദ്ര കര്‍ഷകന്‍െറയും നോട്ടുകളിലാണ്, മോദിസര്‍ക്കാര്‍ കൈവെച്ചത്.

ഈ നാട്ടില്‍ സാധാരണക്കാരന്‍െറ കൈകളിലൂടെ കറങ്ങിയിരുന്ന 86 ശതമാനം നോട്ടുകള്‍, 500ന്‍െറയും 1000ത്തിന്‍േറതുമായിരുന്നു. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നടപ്പാക്കിയ കറന്‍സി പരിഷ്കരണം, പാവപ്പെട്ടവരുടെ പണം പിടിച്ചെടുക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചത്. ഗ്രാമീണ ജനങ്ങളേറ്റവുമധികം ആശ്രയിക്കുന്ന സഹകരണ ബാങ്കുകളിലെ പണമെല്ലാം, നിയന്ത്രണത്തിലാക്കി, സമഗ്ര നാണ്യവ്യവസ്ഥയെതന്നെ സര്‍ക്കാര്‍ ബന്ധനത്തിലാക്കി. പൗരന്മാരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണമായിട്ടു മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂ.

കറന്‍സി പരിഷ്കരണം, സമ്പദ്ഘടനയുടെ താളക്രമം തകര്‍ത്തു. നോട്ട് ലഭ്യത ഉറപ്പുവരുത്താന്‍ കഴിയാത്തതുകൊണ്ട് നിര്‍മാണമേഖല സ്തംഭിച്ചിരിക്കുന്നു. നോട്ട് പ്രതിസന്ധി, കേരളത്തിലെ 35 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കൂലിപ്പണിയാണ് ഇല്ലാതാക്കിയത്. കിഴക്കെ ഇന്ത്യന്‍ ദരിദ്രജനവിഭാഗത്തിനേറ്റ കനത്ത ആഘാതമാണിത്. തൊഴിലില്ലായ്മ, ഗ്രാമീണ ഹോട്ടല്‍ വ്യവസായത്തിന്‍െറ താളം തെറ്റിച്ചു.

കാര്‍ഷികമേഖല
കാര്‍ഷിക-വ്യാപാരമേഖലകള്‍ മൊത്തം സ്തംഭനാവസ്ഥയിലാണ്. നെല്ലും ഗോതമ്പും കരിമ്പും പച്ചക്കറികളും കൃഷിചെയ്യുന്ന ഗ്രാമീണരെയാണ് നോട്ടുപരിഷ്കരണം രൂക്ഷമായി ബാധിച്ചത്. വിളവെടുത്ത പച്ചക്കറികള്‍ വാങ്ങിക്കൊണ്ടുപോകാന്‍ വ്യാപാരികളില്ലാതെയായി. വില പകുതിയോളമായി. അടക്കപോലുള്ളവയുടെ വില 40 ശതമാനം താഴ്ന്നു.

ഉത്തരേന്ത്യന്‍ പാടങ്ങളില്‍ വിത്തും വളവും വാങ്ങാന്‍ കൃത്യസമയത്ത് പണം ലഭിക്കാത്തതുകൊണ്ട് അടുത്ത പുഞ്ചകൃഷി പകുതിപോലും പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. കരിമ്പും സഹകരണമേഖലയും വളരെയേറെ സൗഹൃദാന്തരീക്ഷത്തിലാണ്. കോഓപറേറ്റീവ് ബാങ്കുകളിലെ സാമ്പതികബന്ധനം, വിളവെടുക്കുന്നതിനോ പുതുകൃഷികളെ നടത്തുന്നതിനോ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.

കോര്‍പറേറ്റ് ഭിന്നിപ്പ്
വിപണി തകര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും കോര്‍പറേറ്റുകള്‍ക്കിടയില്‍തന്നെ ഭിന്നിപ്പുണ്ടാക്കിയിരിക്കുന്നു. അംബാനി-അദാനി ഗ്രൂപ്പുകളും ടാറ്റ-ബിര്‍ള ഗ്രൂപ്പുകളും തമ്മില്‍ പ്രകടമായ ചേരിതിരിവുകള്‍ കാണാം. അംബാനിയുടെ സാമ്പത്തികോപദേഷ്ടാവ് ഉര്‍ജിത് പട്ടേലിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കിയതില്‍ ഒരുവിഭാഗം കോര്‍പറേറ്റുകള്‍ക്കിടയില്‍ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ബിര്‍ളയുടെ സ്വാധീനതയിലുള്ള ഹിന്ദുസ്ഥാന്‍ ടൈംസും ഇക്കണോമിക് ടൈംസും നോട്ടു പരിഷ്കരണത്തിലുള്ള അപാകതകള്‍ ചൂണ്ടിക്കാണിക്കുന്നു. ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രവും മോദിയുടെ സാമ്പത്തിക നടപടിയെ വിമര്‍ശിക്കുകയാണ് ചെയ്തത്. ഇതിന്‍െറ പ്രതിഫലനമെന്നോണം 32,000 കോടി രൂപയുടെ വിദേശനിക്ഷേപം പിന്‍വലിച്ചതായി കാണുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദേശീയ കുത്തകകളെ പുത്തന്‍ പണക്കാരായ അംബാനിയും അദാനിയും ബഹുദൂരം പിന്നിലാക്കിയത്, മോദി സര്‍ക്കാറിന്‍െറ അകമഴിഞ്ഞ പിന്തുണകൊണ്ടാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രധാനമന്ത്രിയായപ്പോഴും ഇവര്‍ക്കാണ് നേട്ടമുണ്ടായത്. അദാനിയുടെ മൊത്തം ബാങ്ക് കടം, 92,000 കോടിക്ക് മുകളിലാണ്. ഇവരോടൊപ്പമുള്ള ഒരുപിടി കോര്‍പറേറ്റുകള്‍, ബാങ്ക് കടത്തിന്‍െറ സിംഹഭാഗവും നേടിയിട്ടുണ്ട്. ബാങ്കുകളിലേക്കുള്ള തിരിച്ചടവ് മുടക്കിയത്, ഈ വിഭാഗം കോര്‍പറേറ്റുകളാണ്. കാലിയായ ബാങ്കുകള്‍ സാധാരണക്കാരന്‍െറ കൈവശമുള്ള 500ന്‍െറയും 1000ത്തിന്‍െറയും നോട്ടുകള്‍കൊണ്ട് നിറക്കുന്നതിനാണ്, കറന്‍സി പരിഷ്കരണമെന്നു സാരം.

ഗംഗാതട രാഷ്ട്രീയം
ഹിന്ദുത്വ ജാതിഘടന അനുസരിച്ച് ബ്രാഹ്മണ-വൈശ്യ ഗ്രൂപ്പുകള്‍ക്കിടയില്‍ വരുന്ന ക്ഷത്രിയവിഭാഗം, ഭൂവുടമകളും കര്‍ഷകരുമായി വലിയൊരു ജനസമൂഹം സിന്ധു-ഗംഗ സമതലം മുഴുവന്‍ പരന്നുകിടക്കുന്നു. യാദവരും ഇവരോട് ചേര്‍ന്നുനില്‍ക്കുന്ന ജാതികളുമാണ് ഈ സമൂഹം. പഞ്ചാബ് മുതല്‍ ബംഗാള്‍ വരെയുള്ള ഭൂവിഭാഗത്തിലെ ജനസമൂഹം, നാണ്യപരിഷ്കരണത്തിലൂടെ മോദിസര്‍ക്കാറിനെതിരെ തിരിഞ്ഞുനില്‍ക്കുകയാണ്.

സമാജ്വാദി പാര്‍ട്ടി, ജനതാദള്‍, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അണികള്‍, നോട്ടു പ്രതിസന്ധിയിലൂടെ സൃഷ്ടിക്കപ്പെട്ട സാമ്പത്തിക വിഷമതകള്‍കൊണ്ട്, ശക്തമായ പ്രതിഷേധനിരതന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കമ്യൂണിസ്റ്റ്-ഇടതുപക്ഷ പാര്‍ട്ടികള്‍ സാമ്പത്തിക ഫാഷിസത്തെ ജനാധിപത്യ രീതിയില്‍ മാത്രം എതിര്‍ത്തുകൊണ്ടിരിക്കുന്നു. മുസ്ലിം-മതന്യൂനപക്ഷങ്ങളും ബി.ജെ.പിക്കെതിരെയുള്ള മുന്നണിയിലാണ്. യാദവ-പട്ടേല്‍ സമുദായങ്ങള്‍ ബി.ജെ.പിക്കനുകൂലമല്ളെന്ന് ചൂണ്ടിക്കാണിക്കുന്നു.

ആം ആദ്മി പാര്‍ട്ടിയും ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും ജാതീയ വിഭാഗങ്ങളുടെ പിന്തുണയിലല്ല രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത്. യു.പിയിലും ബിഹാറിലുമുള്ള യാദവസമൂഹം ബി.ജെ.പി വിരുദ്ധ സമാജ്വാദിയിലും ജെ.ഡി.യുവിലും ആര്‍.ജെ.ഡിയിലുമായി അണിനിരന്നിരിക്കുകയാണ്.

സാമ്പത്തിക ഫാഷിസം
സാധാരണ ജനം, സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ ബാങ്കുകളില്‍ നിയമപരമായി നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ അനുവദിക്കാത്ത നടപടിയെ സാമ്പത്തിക ഫാഷിസമായി വ്യാഖ്യാനിക്കപ്പെടുന്നു. സ്വന്തം സമ്പാദ്യം പിന്‍വലിക്കുന്നതിന് ഒരു നിയമത്തിന്‍െറയും പിന്‍ബലമില്ലാതെ തടഞ്ഞതുവഴി ജനങ്ങളുടെ സമ്പാദ്യമായ അനേക ലക്ഷം കോടി രൂപ ബാങ്കുകളുടെ ബന്ധനത്തിലായി. ഈ നടപടിക്ക് ഒരു ന്യായീകരണവുമില്ല.

സാധാരണക്കാരുടെ പണം, ഇങ്ങനെ ബാങ്കുകളില്‍ പിടിച്ചുവെക്കുമ്പോള്‍ മറുവശത്ത് കോര്‍പറേറ്റുകള്‍ക്കുള്ള സഹായം അണമുറിയാതെ ഒഴുകുകയാണ്. 2005-2015 കാലയളവില്‍ 42 ലക്ഷം കോടി കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയിട്ടുണ്ട്. വന്‍കിട വ്യവസായികളുടെ വായ്പ എഴുതിത്തള്ളുന്ന നടപടി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.  ജനജീവിതം താറുമാറാക്കുന്ന സാമ്പത്തികാക്രമണം അഴിച്ചുവിട്ട് കുത്തകകളുടെയും കോര്‍പറേറ്റുകളുടെയും താല്‍പര്യം സംരക്ഷിക്കുന്ന മോദിസംഘത്തിന്‍െറ ജനഹിതവിരുദ്ധ നടപടികള്‍ കുറ്റവിചാരണ ചെയ്യപ്പെടണം.

കുറ്റപത്രം
ഒരു രാജ്യത്തെ ജനതയെ ഒന്നടങ്കം പ്രതിസന്ധിയിലേക്ക് തള്ളിവീഴ്ത്തിയ മോദിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെടണം. ജനകീയ കലാപമുണ്ടാകുമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണമാണ് കുറ്റപത്രത്തില്‍ ആദ്യമായി രേഖപ്പെടുത്തേണ്ടത്. ബദല്‍സംവിധാനമൊരുക്കാതെ, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിലുള്ള ആശങ്കയും വിമര്‍ശനവുമാണ് സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ളത്. കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ഒരു സാമ്പത്തിക നയപ്രഖ്യാപനത്തിനുമുമ്പ്, മൂന്നു പട്ടാളത്തലവന്മാരെ പ്രധാനമന്ത്രി വിളിച്ചുവരുത്തി സംസാരിച്ചത്, ഒരു ദേശീയകലാപമോ യുദ്ധകാല സാഹചര്യമോ എന്നപോലെ ഭീതി ജനിപ്പിക്കുന്നതിനായിരുന്നു.

മുന്‍ പ്രധാനമന്ത്രിയും ധനശാസ്ത്രജ്ഞനുമായ മന്‍മോഹന്‍സിങ് പാര്‍ലമെന്‍റില്‍ മോദിക്കെതിരെ നടത്തിയ പ്രസംഗം ഒരു കുറ്റപത്രവായനയായിരുന്നു. നോട്ട് അസാധുവാക്കല്‍ ബുദ്ധിപരമോ മനുഷ്യത്വപരമോ ആയ നീക്കമല്ളെന്നാണ്  നൊബേല്‍ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. അമര്‍ത്യ സെന്‍ പറഞ്ഞത്. ‘‘സ്വേച്ഛാധിപത്യപരമായ നടപടിയാണ് സര്‍ക്കാറിന്‍േറത്. ഭരണകൂടത്തിനും ജനങ്ങള്‍ക്കുമിടയിലുള്ള വിശ്വാസത്തെ തകര്‍ക്കുന്നതാണിത്. ഇന്ത്യയില്‍ ആറു ശതമാനം കള്ളപ്പണം മാത്രമേ കറന്‍സികളായി സൃഷ്ടിച്ചിട്ടുള്ളൂ. ഇത് പിടികൂടാനായി സമ്പദ്ഘടനയെ അപ്പാടെ കുഴപ്പത്തിലാക്കുകയാണ് ചെയ്തത്. ചെറിയ നേട്ടത്തിനുവേണ്ടി വലിയ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു.’’

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പുറമെ സാമ്പത്തിക വളര്‍ച്ച നിലക്കുന്ന അവസ്ഥയും വന്നുചേര്‍ന്ന സാഹചര്യത്തില്‍ കറന്‍സി പരിഷ്കരണം പരാജയം എന്നു തെളിഞ്ഞുകഴിഞ്ഞു. ഭരണഘടനാ ലംഘനം, സാമ്പത്തിക തകര്‍ച്ച, ജനാധിപത്യ വിരുദ്ധ രാഷ്ട്രീയ നടപടികള്‍ എന്നിവയാണ് മോദിക്കെതിരായി ഉന്നയിക്കപ്പെടേണ്ട സുപ്രധാന കുറ്റാരോപണങ്ങള്‍.

Tags:    
News Summary - currency demonetisation is anti people steps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.