മൺസൂണിലും മൺസൂൺ പൂർവകാലത്തും അറബിക്കടലിൽ ചുഴലിക്കാറ്റ് അപൂർവമാണ്. എന്നാൽ, അത്യപൂർവമാണ് അതിതീവ്ര ചുഴലിക്കാറ്റായി പരിണമിച്ച് മുംബൈ തീരത്തണഞ്ഞ ‘നിസർഗ’യുടെ സഞ്ചാരഗതി. അറബിക്കടലിൽ നിന്ന് ന്യൂനമർദമായി ഉൽഭവിക്കുന്ന ചുഴലിക്കാറ്റുകൾ സാധാരണ കിഴക്കൻ ദിശയിൽ സഞ്ചരിച്ച് ഒമാൻ, യമൻ തീരങ്ങളിലേക്ക് പോകുകയാണ് പതിവ്. എന്നാൽ, നിസർഗ പടിഞ്ഞാറോട്ട് സഞ്ചരിച്ച് ഗുജറാത്ത്, മുംബൈ തീരങ്ങളിലേക്ക് കയറുകയായിരുന്നു. 1891 മുതലുള്ള ചരിത്രം പരിശോധിച്ചാൽ 1961 മേയിൽ അറബിക്കടലിൽ നിന്നുണ്ടായ ചുഴലിക്കാറ്റാണ് ഇതിന് മുമ്പ് മുംബൈയിലേക്ക് സഞ്ചരിച്ചത്. 1932, 1941, 1961, 2020 വർഷങ്ങളിലെ ചുഴലിക്കാറ്റ് ഗുജറാത്ത് ഭാഗത്തേക്കും സഞ്ചരിച്ചിരുന്നു.
ഇത്തവണ തെക്ക്-കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാറ്റിനെ ജൂൺ ഒന്നിന് തന്നെ കേരളത്തിലെത്തിച്ചത്. അഞ്ചു ദിവസം നല്ല മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. മുംബൈയിൽ ആഞ്ഞുവീശുേമ്പാഴും കേരളത്തിൽ കാലവർഷത്തിന് മികച്ച തുടക്കമിടാൻ ‘നിസർഗ’ക്കായി. ജൂൺ ഒന്നു മുതൽ മൂന്നുവരെ 36 മില്ലി മീറ്ററിന് പകരം 78.6 മി.മീറ്റർ മഴ ഇതുവെര കിട്ടി. 118 ശതമാനം കൂടുതലാണിത്. മുംബൈയിൽ കരയിലേക്ക് കയറിയ ചുഴലിക്കാറ്റ് മൺസൂൺ നീരാവിയെ കൊണ്ടുപോകാൻ സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് മൺസൂണിനെ കൊണ്ടുപോയാൽ രണ്ടാഴ്ചക്കുശേഷമാണ് തിരിച്ചുവരവ് പ്രതീക്ഷിക്കുന്നത്. ശേഷം അനുകൂല സാഹചര്യമുണ്ടായാൽ നല്ല മഴ പ്രതീക്ഷിക്കാം. അല്ലെങ്കിൽ കഴിഞ്ഞ കുറെ വർഷങ്ങളായി മൺസൂണിെൻറ ആദ്യഘട്ടമായ ജൂൺ, ജൂലൈ മാസങ്ങളിലെ മഴക്കമ്മിയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ ദിവസങ്ങൾക്ക് മുമ്പുണ്ടായ ‘അംപൻ’ ചുഴലിക്കാറ്റ് കാലവർഷത്തിന് അനുകൂലമായിരുന്നു. ചുഴലിക്കാറ്റ് നാമപട്ടികയിലെ ആദ്യപേരായ ‘നിസർഗ’ എന്ന് നാമകരണം ചെയ്ത കാറ്റിെൻറ വേഗത മണിക്കൂറിൽ 145 കിലോമീറ്ററാണ്.
കാലാവസ്ഥ വ്യതിയാനഫലമായി അറബിക്കടൽ കൂടുതൽ ചൂടുപിടിക്കുകയാണ്. ഇതാണ് അസമയത്ത് പോലും ചുഴലിക്കാറ്റുകളും അസ്വാഭാവികതയും മറ്റും തുടർച്ചയായി ഉണ്ടാകാൻ കാരണം. മധ്യകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കഴിഞ്ഞ ഒക്ടോബർ 20ന് ‘ക്യാർ’ ചുഴലിക്കാറ്റായി മാറിയിരുന്നു. പിന്നാലെ ‘മഹാ’ ചുഴലിക്കാറ്റ് എത്തിയതോടെ ചരിത്രവുമായി. രണ്ടു ചുഴലിക്കാറ്റുകള്‍ ഒരേസമയം ഉണ്ടാവുന്ന ‘ഫെക്കുലി സുജിവാറ’ പ്രതിഭാസവും കഴിഞ്ഞ വർഷം അറബിക്കടലിലുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.