കഴിഞ്ഞ ശൈത്യകാലത്തെ സമരാവേശംകൊണ്ട് ചൂടുപിടിപ്പിച്ച രാജ്യതലസ്ഥാനം അതിെൻറ ആണ്ടറുതിയിൽ മറ്റൊരു സമരച്ചൂടിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. മോദിസർക്കാറിെൻറ ഭരണഘടനവിരുദ്ധമായ നിയമനിർമാണത്തിനെതിരായിരുന്നു കഴിഞ്ഞ ശൈത്യകാലത്തെ സമരമെങ്കിൽ അതേ സർക്കാറിെൻറ മനുഷ്യത്വവിരുദ്ധമായ മറ്റൊരു നിയമനിർമാണത്തിനെതിരെയാണ് കർഷകർ പോർമുഖം തുറന്നിരിക്കുന്നത്. സംഘ്പരിവാറിെൻറ ആസൂത്രിത വംശഹത്യകൊണ്ട് അടിച്ചമർത്തിയ പൗരത്വപ്രക്ഷോഭത്തിെനതിരെ ജനങ്ങളെ തിരിച്ചുവിടാൻ സംഘ്പരിവാറും ഭരണകൂടവും പയറ്റിയ അതേ തന്ത്രങ്ങളുടെ തനിയാവർത്തനങ്ങൾക്കാണ് തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. പൗരത്വസമര രംഗത്തുണ്ടായിരുന്ന വിദ്യാർഥിനേതാക്കളെയും ആക്ടിവിസ്റ്റുകളെയും തീവ്രവാദികളും രാജ്യദ്രോഹികളുമാക്കിയ പോലെ കർഷകേദ്രാഹ നിയമങ്ങൾക്കെതിരെ മാസങ്ങളായി സമരരംഗത്തുള്ള പഞ്ചാബി കർഷകർ ഗത്യന്തരമില്ലാതെ സമരം ഡൽഹിയിലേക്ക് വ്യാപിപ്പിച്ചപ്പോൾ അവരെ ഖലിസ്ഥാൻ വിഘടനവാദികളാക്കിക്കൊണ്ടിരിക്കുകയാണ്.
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ പഞ്ചാബ് നടൻ ദീപ് സിധുവുമായി അഭിമുഖം നടത്തിയ ബർഖ ദത്ത് എന്ന മുതിർന്ന മാധ്യമപ്രവർത്തകക്ക് ചോദിക്കാനുള്ളത് കൊല്ലപ്പെട്ട് മണ്ണടിഞ്ഞുപോയ ഖലിസ്ഥാൻ വിഘടനവാദി ഭിന്ദ്രൻവാലയെ അപലപിക്കുമോ എന്നാണ്. കർഷക സമരം വിപ്ലവമാണ് എന്ന് പറഞ്ഞ ദീപു സിധുവിെൻറ വിഡിയോ വൈറലായ പശ്ചാത്തലത്തിൽ നടത്തിയ അഭിമുഖത്തിൽ അടുത്ത ചോദ്യം കാലയവനികക്കുള്ളിൽ മറഞ്ഞ ഭിന്ദ്രൻ വാലയെ എന്തുെകാണ്ട് ഭീകരനെന്ന് വിളിക്കുന്നില്ല എന്നാണ്. കർഷകസമരത്തെ കുറിച്ച ചോദ്യങ്ങളിൽനിന്ന് ഖലിസ്ഥാൻ വാദത്തിലേക്ക് ചർച്ച കൊണ്ടുപോയ ബർഖ തന്നെ ഒടുവിൽ പറയുന്നു, ദീപുവിെൻറ വാക്കുകൾ ശരിക്കും കർഷകരുടെ ഉദ്ദേശ്യത്തെ മുറിപ്പെടുത്തുമെന്ന്. കർഷകസമരത്തിനു പിന്നിൽ ഖലിസ്ഥാൻ വിഘടനവാദികളാണെന്ന സംഘ്പരിവാർ െപ്രാപഗണ്ടക്ക് നിഷ്പക്ഷമെന്ന് നടിക്കുന്ന മാധ്യമപ്രവർത്തകർ പോലും വെള്ളവും വളവുമൊഴിച്ചുകൊടുക്കുന്നതിെൻറ ഒന്നാന്തരം ഉദാഹരണമാണ് എൻ.ഡി.ടി.വി വിട്ട് 'മോജോ' തുടങ്ങിയ ബർഖയുടെ ഈ അഭിമുഖം.
മുസ്ലിംകളോട് 'ഇസ്ലാമികഭീകരവാദ'ത്തെ അപലപിക്കാൻ ആവശ്യപ്പെടുന്നതുപോലെതന്നെയാണ് ലിബറൽ മാധ്യമപ്രവർത്തകർപോലും 'സിഖ് ഭീകരവാദ'ത്തെ അപലപിക്കുമോ എന്ന് പഞ്ചാബിലെ കർഷകരോടും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരോടും ചോദിച്ചുകൊണ്ടിരിക്കുന്നത്.
പാഗ്രി സംഭാൽ ജട്ട പ്രസ്ഥാനം സ്ഥാപിച്ച ശഹീദ് ഭഗത്സിങ്ങിെൻറ അമ്മാവൻ അജിത് സിങ് നയിച്ച 1906-07 കാലം തൊട്ടുള്ള പഞ്ചാബിെൻറ ചരിത്രത്തെ മറച്ചുപിടിച്ചാണ് കർഷകരുടെ സമരവീര്യത്തെ ഖലിസ്ഥാൻവാദികളുടെ ഭീകരപ്രവർത്തനമാക്കി സംഘ്പരിവാർ െപ്രാപഗണ്ട മെഷിനറി രംഗത്തുവന്നിരിക്കുന്നത്. കർഷകരുടെയും ദരിദ്രരുടെയും അവകാശങ്ങൾക്കായി ഭാരത് മാതാ സൊസൈറ്റി സ്ഥാപിച്ച ആ സമരനേതാവിെൻറ പിന്മുറക്കാരായ പഞ്ചാബിലെ കർഷകരെ കുറിച്ചാണ് ഖലിസ്ഥാൻ ഭീകരവാദികളുടെ കൈകളിലെ പാവകളാണെന്ന് പറയുന്നത്. പഞ്ചാബിലെ സിഖ് സമുദായത്തെ ലക്ഷ്യമിട്ട് ആർ.എസ്.എസ് പതിറ്റാണ്ടുകൾക്കുമുമ്പ് തയാറാക്കിയ അജണ്ടയുടെ ബാക്കി.
സിഖുകാർ വർഗീയവാദികളാണെന്നും ഹിന്ദുയിസത്തിെൻറ സ്വർണച്ചരടിൽനിന്ന് വേർപെട്ടുപോയ ചൈതന്യം നശിപ്പിക്കുന്ന കഷണമാണെന്നും പറഞ്ഞത് ആർ.എസ്.എസ് ആചാര്യൻ എം.എസ്. ഗോൾവാൾക്കറാണ്. 1985ൽ സിഖുകാർക്കായി ആർ.എസ്.എസ് എന്നുതന്നെ ചുരുക്കപ്പേര് വരുന്ന 'രാഷ്ട്രീയ സിഖ് സംഘട്' ഉണ്ടാക്കിയത് ഗോൾവാൾക്കറുടെ ലക്ഷ്യം നിറവേറ്റുന്നതിനായിരുന്നു. സിഖുകാർ ഒരിക്കലും ആവശ്യപ്പെടാതിരുന്നിട്ടും പഞ്ചാബിൽ മികച്ച ഒരു രാമക്ഷേത്രമുണ്ടാക്കണമെന്ന് സംഘട് പ്രമേയവും പാസാക്കി.
മറുഭാഗത്ത് സിഖ് മതസ്വത്വം അംഗീകരിച്ച് ഒരു നൂറ്റാണ്ടിനുശേഷവും സിഖു മതം പ്രത്യേക മതമല്ലെന്നും ഹിന്ദുമതത്തിൽനിന്ന് പോയ അവാന്തര വിഭാഗമാണെന്നും ആർ.എസ്.എസ് പ്രചരിപ്പിക്കുന്നതിനെതിരെ ചെറുത്തുനിൽപ് നടത്തി ക്കൊണ്ടിരിക്കുകയായിരുന്നു സിഖ് സമുദായത്തിെൻറ പരമോന്നതവേദി അകാൽ തഖ്ത്. ഗോൾവാൾക്കറുടെ വാക്കുകൾ പ്രാമാണികമായി നെഞ്ചേറ്റി ആർ.എസ്.എസ് പഞ്ചാബിൽ നടത്തുന്ന പ്രവർത്തനങ്ങൾ കണ്ടാണ് അകാൽതഖ്ത് ജതേദാർ ആർ.എസ്.എസ് എല്ലാവരെയും ഹിന്ദുമതത്തിലേക്ക് മതപരിവർത്തനം ചെയ്യിക്കാൻ ആഗ്രഹിക്കുകയാണെന്ന് കുറ്റപ്പെടുത്തിയത്. അകാൽ തഖ്തിെൻറ സിഖ് വിശ്വാസവുമായി പൊരുത്തെപ്പട്ടു പോകുന്നതല്ല ആർ.എസ്.എസിെൻറ ഹിന്ദു രാഷ്്ട്രം. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് കഴിഞ്ഞവർഷം പ്രഖ്യാപിച്ചപ്പോൾ ഇൗ പ്രഖ്യാപനം ഭിന്നിപ്പിെൻറ വര വരക്കുമെന്നും രാജ്യത്തെ നശിപ്പിക്കുമെന്നുമാണ് അകാൽ തഖ്ത് തലവൻ ഗ്യാനി ഹർപ്രീത് സിങ് പ്രതികരിച്ചത്.
സമരരംഗത്തുള്ള കർഷകരുമായി ചർച്ച നടത്താൻ ഒരുക്കമാണെന്ന് ഒരു ഭാഗത്ത് പറഞ്ഞുകൊണ്ടിരിക്കുേമ്പാൾ അതേ കർഷകരെ ഖലിസ്ഥാൻ വാദികളാക്കി കരിവാരി തേച്ച് കാണിക്കുന്ന ദ്വിമുഖ തന്ത്രമാണ് സംഘ്പരിവാർ പയറ്റുന്നത്. കർഷകരുടെ ഐശ്വര്യത്തിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെങ്കിലും ചില 'പിഴച്ച ഗാങ്ങുകൾ' അവരെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ ആരോപണം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സംഭാഷണവാഗ്ദാനം സമരം അവസാനിപ്പിക്കുന്നതിനുള്ള ഒരു ഉപായമാണെന്ന് മനസ്സിലാക്കാൻ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'മൻ കീ ബാത്' ധാരാളമായിരുന്നു. തെൻറ ചങ്ങാത്ത കോർപറേറ്റ് മുതലാളിമാർക്കായുണ്ടാക്കിയ മൂന്ന് കാർഷികനിയമങ്ങളിൽനിന്നും സർക്കാർ പിന്മാറില്ലെന്ന പ്രഖ്യാപനമാണത്.
കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നു മാത്രമല്ല, അവരുടെ വരുമാനം ഇരട്ടിയാക്കുന്ന നയങ്ങൾ കൊണ്ടുവരുമെന്നായിരുന്നു നരേന്ദ്ര മോദിയും ബി.െജ.പിയും ആവർത്തിച്ചുകൊണ്ടിരുന്നത്. ചുരുങ്ങിയ താങ്ങുവിലയിൽ കുറഞ്ഞ് കാർഷിക ഉൽപന്നങ്ങളുടെ വിൽപന അനുവദിക്കരുതെന്ന അടിസ്ഥാനാവശ്യംപോലും അംഗീകരിക്കാൻ കേന്ദ്രം തയാറായിട്ടില്ല. അത് മനസ്സിലാക്കിതന്നെയാണ് സമരത്തിെൻറ നാലാം ദിവസവും ഡൽഹിക്കും ഹരിയാനക്കുമിടയിലുള്ള ജി.ടി കർണാൽ റോഡിലെ സിംഘു അതിർത്തിയിൽ പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും കൂടുതൽ കർഷകരെത്തിക്കൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ മീറത്തിൽനിന്ന് ഭാരതീയ കിസാൻ യൂനിയെൻറ നേതൃത്വത്തിൽ നൂറുകണക്കിന് കർഷകർ ഡൽഹിയിലേക്ക് നീങ്ങിയത് ഇതിന് പുറമെയാണ്.
ഡൽഹി പൊലീസ് സമരസ്ഥലമായി രാജ്യ തലസ്ഥാനത്തിെൻറ അറ്റത്തുള്ള നിരങ്കാരി സമാഗം ഗ്രൗണ്ടിലേക്ക് പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നുമുള്ള കർഷകർ ട്രാക്ടറുകളിലും മറ്റു വാഹനങ്ങളിലും എത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സമരക്കാരുടെ പിരിമുറുക്കമേറ്റിയ മോദിയുടെ 'മൻ കീ ബാത്'. ഗ്രൗണ്ടിലെത്തുന്ന സമരക്കാർക്കായി ഡൽഹി സർക്കാർ സജ്ജീകരണങ്ങളൊരുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കർഷകരുടെ പ്രക്ഷോഭത്തിനായി കേന്ദ്ര സർക്കാർ നിരങ്കാരി ഗ്രൗണ്ട് തെരഞ്ഞെടുത്തത് ഈ സമരം നീണ്ടുപോകരുതെന്ന കണക്കുകൂട്ടലുകളോടെയാണ് എന്ന സംശയം കർഷകർക്കിടയിലുണ്ടായിരുന്നു. 'നിരങ്കാരി സന്ത് സമാഗം' എന്ന പേരിൽ ഡിസംബർ അഞ്ചു മുതൽ എട്ടു വരെ 'സന്ത് സംഗമം' നടത്താൻ നിശ്ചയിച്ച ഗ്രൗണ്ടാണിത്. അതിനുമുേമ്പ സമരം അവസാനിപ്പിക്കാനാണ് മൂന്നിന് ചർച്ച നടത്താമെന്ന് കേന്ദ്ര കൃഷിമന്ത്രി പ്രഖ്യാപിച്ചത്.
മൂന്നിലെ ചർച്ചയിൽ വിവാദനിയമങ്ങൾ പിൻവലിക്കാതെ കർഷകർ സമരം അവസാനിപ്പിക്കില്ല എന്നുറപ്പായിരിക്കേയാണ് അവയെ പ്രധാനമന്ത്രി ന്യായീകരിച്ചിരിക്കുന്നത്. അതിനാൽ, സംഭാഷണം നടത്തിയെന്ന് വരുത്തി സമരം അവസാനിപ്പിക്കാനുള്ള നാടകമായാണ് സമരക്കാർ ചർച്ചക്കുള്ള സർക്കാർ നീക്കത്തെ ഇപ്പോൾ കാണുന്നത്. അതുകൊണ്ടാണ് ഡൽഹി പൊലീസിനെ ഇറക്കി തങ്ങളെ നേരിടുന്ന അമിത് ഷായുടെ വാഗ്ദാനവും അവർ തള്ളിക്കളഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം പൗരത്വ സമരക്കാരെ നേരിട്ട രീതിയിൽ ഡൽഹി പൊലീസ് നിർണയിച്ച സമരസ്ഥലമായ നിരങ്കരി ഗ്രൗണ്ട് ജയിലാക്കി മാറ്റിയേക്കുമെന്ന അഭ്യൂഹം കർഷകർക്കിടയിൽ പരന്നതോടെ ഹരിയാന-ഡൽഹി അതിർത്തിതന്നെ സമരമുഖമാക്കി വലിയൊരു വിഭാഗം അവിടെ തമ്പടിച്ചിരിക്കുന്നു.
പഞ്ചാബിൽനിന്നേ ലാത്തിയും പീരങ്കിയിലെ വെള്ളവും ഏറ്റുവാങ്ങി വന്നത് ഒരു മൈതാനത്തിരിക്കാനല്ലെന്നും മാസങ്ങളായി തങ്ങൾ നടത്തുന്ന സമരം ലക്ഷ്യത്തിലെത്തിക്കാനാണെന്നും അവർ സമരക്കാർ തുറന്നുപറഞ്ഞു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ശൈത്യത്തിൽ പൗരത്വ സമരത്തെ മോദി സർക്കാർ നേരിടുന്നത് കണ്ട രാജ്യം അതിെൻറ ആണ്ടറുതിയിൽ അരങ്ങേറുന്ന കർഷക സമരത്തിെൻറ പരിണതി എന്തായിരിക്കുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.