സമരം കൊണ്ട് ജീവിക്കുന്നവർ! ഖലിസ്ഥാനികൾ! ഭീകരവാദികൾ! മാവോവാദികൾ! പാകിസ്താൻ പിന്തുണയുള്ളവർ..! അതിജീവനത്തിനായി തെരുവിലിറങ്ങിയ കർഷകർക്കെതിരെ നികൃഷ്ടമായ വിദ്വേഷപ്രചാരണങ്ങളാണ് രാജ്യം ഭരിക്കുന്നവരും മുഖ്യധാര മാധ്യമങ്ങളും അഴിച്ചുവിട്ടത്. 'ആന്ദോളൻ ജീവികൾ'എന്ന് കർഷകരെ പരിഹസിച്ചത് നമ്മുടെ പ്രധാനമന്ത്രിയാണ്; പാർലമെൻറിനകത്തുെവച്ചുതന്നെ.
സമരങ്ങളെയും പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും അപഹസിക്കാനും അടിച്ചമർത്താനും മാത്രം ശീലിച്ചുപോന്ന 'പുതിയ ഇന്ത്യ'ഇന്ന് ജനകീയ പ്രക്ഷോഭങ്ങളുടെ ശക്തി തിരിച്ചറിയുകയാണ്. ജനാധിപത്യത്തെ തെരെഞ്ഞടുക്കപ്പെട്ടവരുടെ സർവാധിപത്യമായി തെറ്റിദ്ധരിച്ചവർ, അനന്തമായ കാലവിളംബവും അടിയന്തരാവസ്ഥക്കാലത്തെ നിയമയുക്തികളും ശീലമാക്കിയ നീതിന്യായ വ്യവസ്ഥിതി കൂടെയുള്ളപ്പോൾ അധികാരധാർഷ്ട്യത്തെ എക്കാലവും സംരക്ഷിക്കാനാകും എന്ന് ധരിച്ചിരുന്നവർ ഒക്കെ ഇന്ന് തിരിച്ചറിയുകയാണ് ജനാധിപത്യം ജീവിക്കുന്നത് തലസ്ഥാനത്തെ ആഡംബരസൗധങ്ങളിലും കണ്ണുകെട്ടിയ പ്രതിമകൾക്കു മുന്നിലുമല്ല; ഈ മഹാരാജ്യത്തിെൻറ തെരുവീഥികളിലാണ് എന്ന്.
നമ്മുടെ സുപ്രീംകോടതിയുടെ ചരിത്രത്തിലെ അഭിമാനകരമല്ലാത്ത ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് കാർഷികബില്ലുകളുമായി ബന്ധപ്പെട്ടുണ്ടായ കോടതിനടപടികൾ. കേന്ദ്ര ഗവൺമെൻറ്, മതിയായ കൂടിയാലോചനകളൊന്നും കൂടാതെ പാർലമെൻറിെൻറ ഉപരിസഭയെ നോക്കുകുത്തിയാക്കി പാസാക്കിയെടുത്ത മൂന്നു കാർഷിക നിയമങ്ങൾക്കുമെതിരെ നടന്ന സമരം ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കർഷക പ്രക്ഷോഭങ്ങളിലൊന്നായി അന്താരാഷ്‌ട്ര ശ്രദ്ധ നേടിക്കൊണ്ടിരിക്കുമ്പോഴാണ്, പ്രതിഷേധിക്കുന്ന കർഷകരെ രാജ്യതലസ്ഥാനത്തെ നിരത്തുകളിൽനിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതിയിലെത്തുന്നത്.
കർഷകർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അവരോടു പിരിഞ്ഞുപോകാൻ ആവശ്യപ്പെടില്ലയെന്നും വ്യക്തമാക്കിയ കോടതി പക്ഷേ, അവിടംകൊണ്ട് അവസാനിപ്പിച്ചില്ല; കർഷകരോട് ചർച്ചകൾ നടത്തി കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ഒരു കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുമായി എല്ലാ കക്ഷികളും നിർബന്ധമായും ചർച്ചനടത്തണമെന്നായിരുന്നു ഉത്തരവ്. വിദഗ്ധ സമിതിയോട് രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം; അതുവരെ നിയമങ്ങൾ നടപ്പാക്കാതെ മരവിപ്പിക്കുകയും ചെയ്തു.
വളരെ വിചിത്രമായിരുന്നു കോടതിയുടെ നടപടികൾ. ഒന്ന്, നിയമം റദ്ദാക്കണം എന്ന ആവശ്യവുമായി കർഷകർ കോടതിയെ സമീപിച്ചിട്ടില്ല. രണ്ട്, നിയമം നടപ്പാക്കണം എന്ന ആവശ്യവുമായി ചിലർ കോടതിയെ സമീപിച്ചിരുന്നു. ഗവൺമെൻറ് ഒരു നിയമം നിർമിച്ച് അത് വിജ്ഞാപനം ചെയ്‌താൽ അത് നടപ്പാക്കുന്നുവെന്നാണ് അർഥം. പിന്നെയത് നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഹരജിയുമായി പോകുന്നത് ശുദ്ധ അസംബന്ധമാണ്. മൂന്ന്, പ്രഥമ ദൃഷ്ട്യാ ഭരണഘടനവിരുദ്ധമാണെന്ന് കണ്ടെത്തിയാലാണ് സുപ്രീംകോടതിക്ക് ഒരു നിയമം സ്റ്റേ ചെയ്യാൻ കഴിയുക; അല്ലാതെ രാഷ്ട്രീയ ചർച്ചകൾക്ക് കളമൊരുക്കാൻ നിയമം നടപ്പാക്കുന്നത് താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുവാൻ കോടതിക്ക് അധികാരമില്ല.
അത് ഗവൺമെൻറിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പണിയാണ്. നാല്, ഒരു നിയമം അല്ലെങ്കിൽ ഒരു നയം നല്ലതാണോ ചീത്തയാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല, അതിനിവിടെ ജനാധിപത്യ സംവിധാനങ്ങളുണ്ട്. ജനങ്ങളും അവർ തിരഞ്ഞെടുത്ത പ്രതിനിധികളും അതത് രംഗങ്ങളിലെ വിദഗ്ധരുമൊക്കെയാണ് അത് തീരുമാനിക്കുക.
ഈ കാർഷിക നിയമങ്ങളുടെ ഭരണഘടനപരത പ്രത്യക്ഷത്തിൽതന്നെ സംശയകരമാണ്. കാരണം, കൃഷി നമ്മുടെ ഭരണഘടനയുടെ ഏഴാം ഭാഗത്ത് നിർവചിച്ചിരിക്കുന്ന അധികാര വിഭജനപ്പട്ടികയനുസരിച്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽവരുന്ന സംഗതിയാണ്.
സംസ്ഥാന നിയമസഭകളാണ് കാർഷികനിയമങ്ങൾ നിർമിക്കേണ്ടത്. കൺകറൻറ് ലിസ്റ്റിലും കൃഷി ഇടംപിടിക്കാത്ത നിലക്ക് പാർലമെൻറിന് ഈ നിയമനിർമാണത്തിന് അധികാരമിെല്ലന്ന് വളരെ വ്യക്തമാണ്. കർഷകർക്കോ പൊതുജനത്തിനോ ഈ നിയമത്തിനു കീഴിൽ ഗവൺമെൻറിനോ മറ്റുള്ളവർക്കോ എതിരെ കോടതിയെ സമീപിക്കാനുള്ള അധികാരംകൂടി നിഷേധിക്കുകവഴി ഇന്ത്യക്കാരുടെ മൗലികാവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം കൂടിയായി അത് മാറുന്നു. ചരിത്രത്തിലെങ്ങും കേട്ടുകേൾവിപോലുമില്ലാത്ത വ്യവസ്ഥയാണിത്. അൽപമെങ്കിലും സമാനമായ വ്യവസ്ഥ ഉണ്ടായിരുന്നത് ആധാർ നിയമത്തിലാണ്. പ്രസ്തുത വകുപ്പ് ഭരണഘടനവിരുദ്ധമെന്നുകണ്ട് കോടതി റദ്ദുചെയ്യുകയും ചെയ്തതാണ്.
അതുപോലെതന്നെ, ആവശ്യമുയർന്നിട്ടും വോട്ടെടുപ്പില്ലാതെ നിയമം രാജ്യസഭയിൽ പാസാക്കിയത് ചട്ടലംഘനമാണെന്നും ആരോപണമുണ്ടായിരുന്നു. അങ്ങനെ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിക്കുവേണമെങ്കിൽ ഈ നിയമങ്ങൾ സ്റ്റേ ചെയ്യാമായിരുന്നു. അതിനുപകരം, ഭരണഘടനപരമായ കാരണങ്ങളൊന്നും വ്യക്തമാക്കാതെ നിയമം 'സസ്‌പെൻഡ്' ചെയ്യുകയായിരുന്നു കോടതി.
സാധാരണഗതിയിൽ കോടതികൾ സമിതിയെയോ വിദഗ്ധരെയോ ആശ്രയിക്കുന്നത് തെളിവുനിയമത്തിനു കീഴിലാണ്. അതുപക്ഷേ, വിചാരണക്കോടതികളാണ് ചെയ്യുക. സുപ്രീംകോടതി, കോടതിക്ക് വൈദഗ്ധ്യമില്ലാത്ത കാര്യങ്ങളിൽ വിദഗ്ധാഭിപ്രായം തേടാനായിരിക്കും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുക. ഇവിടെ കർഷകനിയമം ഭരണഘടനപരമാണോ എന്നതുമാത്രമാണ് കോടതിക്ക് തീരുമാനമെടുക്കാൻ കഴിയുന്ന വിഷയം.
ഈ നിയമം ഭരണഘടനപരമാണോ എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് ആണോ വിദഗ്ധസമിതിയിൽനിന്നും കോടതി പ്രതീക്ഷിച്ചിരുന്നത്? എങ്കിൽപിന്നെ, കോടതിയുടെ വൈദഗ്ധ്യം ഏതു മേഖലയിലാണ്? മാത്രവുമല്ല കോടതി നിയോഗിച്ച സമിതിയംഗങ്ങളെല്ലാവരും ഗവൺമെൻറിന്റെ കാർഷിക നയത്തെയും നിയമത്തെയും പരസ്യമായി പിന്തുണക്കുകയും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തവരുമായിരുന്നു. അതിലൊരംഗം നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുമുണ്ട്.
ആധാർകേസ്, പൗരത്വ നിയമഭേദഗതി, അനുച്ഛേദം 370, റഫാൽ, അസം പൗരത്വപ്പട്ടിക, ഇലക്ടറൽ ബോണ്ട് തുടങ്ങി നിരവധി അവസരങ്ങളിൽ പരീക്ഷിച്ചു വിജയിച്ച ഒരു പാറ്റേൺ ആണ് ഇവിടെയും അരങ്ങേറിയത്. പ്രതിഷേധങ്ങളെ അപ്രസക്തമാക്കാൻ കഴിയുന്നത്രകാലം ഗവൺമെൻറിന് സാവകാശം അനുവദിക്കുകയും ക്രമേണ കേസുതന്നെ അപ്രസക്തമാക്കുകയും ചെയ്യുന്ന രീതി. മേൽപറഞ്ഞ കേസുകളിലൊക്കെയും സംഭവിച്ചത് അതാണ്. ഇവിടെ കർഷകരുടെ സഹനശക്തി അളക്കുന്ന കാര്യത്തിൽ പക്ഷേ, അധികാരഗർവിന്റെ പെരുക്കപ്പട്ടികകൾ പരിപൂർണമായി തെറ്റിപ്പോയി.
നാം സമരങ്ങളെ മറന്നുകൊണ്ടിരിക്കുന്ന ഒരു കാലത്തായിരുന്നു, സമരങ്ങൾക്ക് ലക്ഷ്യം കാണാനാകില്ലെന്നു സങ്കടപ്പെട്ടിരുന്ന കാലത്തായിരുന്നു, അവസാന പ്രതീക്ഷയായി രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിലേക്ക് ഉറ്റുനോക്കുകയും നിരാശമാത്രം നമുക്ക് ലഭിക്കുകയും ചെയ്തുകൊണ്ടിരുന്ന കാലത്തായിരുന്നു കർഷകർ തെരുവുകളിലേക്ക് ഇരമ്പിയെത്തിയത്. അവർ തെരുവുകളിൽനിന്ന് പിൻവാങ്ങിയിരുന്നെങ്കിൽ, പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട മറ്റു സുപ്രധാന കേസുകളിലെന്നപോലെ ഭരണഘടനക്കോടതികളുടെ ഇരുണ്ട ഇടനാഴികളിൽ ഇഴഞ്ഞൊടുങ്ങുമായിരുന്നു ഈ വിഷയവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.