അനേക കാരണങ്ങളാൽ ജീവിത മുഖ്യധാരയിൽനിന്ന് മാറിനിൽക്കുന്ന ഏകാകികളുടെ സംഖ്യ ദിനേന വർധിക്കുന്നു എന്നതിൽ തർക്കമില്ല. ഇങ്ങനെ ഒറ്റപ്പെട്ടുപോയവരുടെ വൈഷമ്യങ്ങൾ ദൂരീകരിക്കാൻ സമൂഹത്തിനും ഭരണകർത്താക്കൾക്കും എന്തു ചെയ്യാനാകും. ഒരുപക്ഷേ, ബ്രിട്ടീഷ് അധികൃതർ കാണിച്ച മാതൃക അനുകരണീയമാണെന്ന് തോന്നുന്നു. ഏകാകികളുടെ രക്ഷക്കായി ബ്രിട്ടൻ സവിശേഷ മന്ത്രാലയത്തിനുതന്നെ രൂപംകൊടുത്തിരിക്കുന്നു. ഏകാന്തത അനുഭവിക്കുന്നവർക്കുവേണ്ടിയുള്ള പ്രത്യേക വകുപ്പും മന്ത്രാലയവും ചരിത്രത്തിൽ ആദ്യമായാകും. ബ്രിട്ടെൻറ ചുവടുപിടിച്ച് നമുക്കും ഒരു മന്ത്രാലയം സ്ഥാപിച്ചുകൂടേ? അത്തരമൊരു ആശയത്തെ ഇരുകൈകളും നീട്ടി രാഷ്ട്രീയ നേതാക്കൾ സ്വാഗതം ചെയ്യാതിരിക്കില്ല. ഭാര്യമാർ, ഭർത്താക്കന്മാർ, സന്തതികൾ, പേരക്കിടാങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലും സംരക്ഷണത്തിലും സന്തുഷ്ട ജീവിതം നയിക്കുന്നവരാണെന്ന് പരസ്യമായി അവകാശപ്പെടുന്ന രാഷ്ട്രീയക്കാർ ഒന്നൊഴിയാതെ പ്രസ്തുത മന്ത്രാലയത്തിെൻറ തണൽതേടി അണയുന്ന ദൃശ്യത്തിന് നമുക്ക് ദൃക്സാക്ഷികളാകാനും സാധിക്കും.
ന്യൂനപക്ഷത്തിനും ശിശു-വനിത ക്ഷേമത്തിനും തുടങ്ങി സമൂഹത്തിലെ സർവതരക്കാർക്കുവേണ്ടിയും മന്ത്രാലയങ്ങളും കമീഷനുകളും പ്രവർത്തനനിരതമാണെങ്കിലും നമുക്കു ചുറ്റിലും കണ്ണോടിക്കുന്നപക്ഷം പിന്നാക്ക വിഭാഗങ്ങളും ഇരകളും അഭിമുഖീകരിക്കുന്ന ദുഃസ്ഥിതി വെളിപ്പെടാതിരിക്കില്ല. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങൾ കടുത്ത ഏകാന്തതയും ഭീതിദമായ ഒറ്റപ്പെടലും അനുഭവിക്കുന്നു. ക്രിമിനലുകളുടെ ആധിക്യം ഒറ്റപ്പെട്ടവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കിത്തീർക്കുന്നു. ഒറ്റപ്പെട്ടവരെയും പ്രാന്തവത്കൃതരെയും കൂടുതൽ നിസ്സഹായതയിലേക്ക് തള്ളുന്നതിൽ ഭരണകർത്താക്കളും മുൻപന്തിയിലുണ്ട്.
യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇൗയിടെ കൈക്കൊണ്ട നടപടി പരിശോധിക്കുക. മുസഫർനഗർ വർഗീയ കലാപത്തിൽ പ്രതികളായ ഒമ്പത് ബി.ജെ.പി നേതാക്കൾക്കെതിരായ കേസുകൾ റദ്ദാക്കി അവരെ കുറ്റമുക്തരാക്കാനാണ് യോഗിയുടെ നീക്കം. 2013ലായിരുന്നു മുസഫർനഗർ വർഗീയ കലാപം. യു.പി മന്ത്രി സുരേഷ് റാണ, മുൻ കേന്ദ്രമന്ത്രി സഞ്ജീവ് ബലിയാൻ , ഭാരതേന്ദു സിങ് എം.പി, ഉപേഷ് മാലിക് എം.എൽ.എ, സാധ്വി പ്രാചി തുടങ്ങിയ ബി.ജെ.പി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കാനാണ് യു.പി സർക്കാറിെൻറ പുതിയ നീക്കം.
ഒമ്പതു നേതാക്കൾക്കെതിരായ കേസ് റദ്ദാക്കുന്നതിെൻറ പ്രായോഗിക വശങ്ങൾ ആരാഞ്ഞ് ആദിത്യനാഥ് സർക്കാർ ജില്ല മജിസ്ട്രേറ്റിനും മുസഫർനഗർ പൊലീസ് സൂപ്രണ്ടിനും കത്തെഴുതുകയുണ്ടായി. നഗ്നമായ അധികാര ദുരുപയോഗം എന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. നിരോധനാജ്ഞ ലംഘിച്ചു, ഉദ്യോഗസ്ഥരെ കൃത്യനിർവഹണങ്ങളിൽനിന്ന് തടഞ്ഞു തുടങ്ങി ഇന്ത്യൻ പീനൽ കോഡിൽ കടുത്ത ശിക്ഷകൾ വ്യവസ്ഥചെയ്യുന്ന പാതകങ്ങളുടെ പേരിലാണ് ഇവർക്കെതിരെ കേസുകൾ ഫയൽ ചെയ്യപ്പെട്ടത്. 2013 ആഗസ്റ്റിൽ സംഘടിപ്പിച്ച മഹാ പഞ്ചായത്ത് സമ്മേളനത്തിൽ ഇതര സമുദായക്കാർക്കെതിരെ ആക്രമണത്തിന് പ്രേരണ നൽകുന്ന പ്രഭാഷണങ്ങൾ ഇവർ നടത്തിയിരുന്നതായും കേസുകൾ വ്യക് തമാക്കിയിരുന്നു. 60 മനുഷ്യജീവനുകളാണ് മുസഫർനഗർ കലാപത്തിൽ ഹോമിക്കപ്പെട്ടത്. 40,000 പേർ പലായനം ചെയ്യാൻ നിർബന്ധിതരായി.
രാജ്യത്ത് വർഗീയ കലാപം കുത്തിപ്പൊക്കിയ കേസിലെ പ്രതികളെ ഇവ്വിധം കുറ്റമുക്തമാക്കാനുള്ള ഒൗദ്യോഗിക നീക്കം ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിദ്വേഷ പ്രസംഗകരും ലഹള നടത്തുന്നവരും ജയിലുകളിൽ അയക്കപ്പെടുന്നില്ല. അടുത്ത ചോരക്കളിക്കു വേണ്ട മുന്നൊരുക്കങ്ങൾക്കായി കരുക്കൾ നീക്കാൻ അവർ സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നു! നമുക്ക് ഏകാന്തതയിലേക്കുതന്നെ തിരികെ വരാം. ഇന്ത്യയിലെ ഘോരമായ യാഥാർഥ്യമാണത്. ഇന്ന് കൂടുതൽ കൂടുതൽ പേർ ഒറ്റപ്പെടാനും ഏകാന്തതയെ വരിക്കാനും നിർബന്ധിതരാകുന്നു. വരേണ്യവിഭാഗങ്ങൾ മുതൽ സ്വഗേഹങ്ങളിൽനിന്ന് അടിച്ചിറക്കപ്പെട്ടവർ വരെ ഏകാന്തതയുടെ ബന്ധനത്തിൽ അമർന്നുകൊണ്ടിരിക്കുന്നു. അഭയാർഥികളും കുടിയേറ്റക്കാരും രോഗികളും വൃദ്ധരും പാർക്കുന്നത് ഏകാന്തതയുടെ തുരുത്തുകളിൽ ജീവിതം തളച്ചിടേണ്ട ദുര്യോഗത്തിലാണ്.
ഇന്ത്യയിൽ എത്രപേർ ഏകാന്തത അനുഭവിക്കുന്നു എന്ന കാര്യം തിട്ടെപ്പടുത്താൻ വയ്യ. കാരണം, ഇൗ പ്രശ്നം ഉന്നയിക്കുന്നവരോട് ‘ഏകാകികളല്ലാത്തവർ ആരുണ്ട്’ എന്ന മറുചോദ്യം ഉയർത്താനാണ് നമുക്ക് കൗതുകം. ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരുടെ കണക്കോ ഡാറ്റയോ സ്വീകരിക്കാനുള്ള നടപടികളൊന്നും ഇന്ത്യയിൽ അവലംബിക്കപ്പെട്ടിട്ടില്ല. എന്നാൽ, ബ്രിട്ടൻ അത്തരം കണക്കുകൾ ശേഖരിച്ചുകഴിഞ്ഞു. ആറരക്കോടിയാണ് ബ്രിട്ടനിലെ ജനസംഖ്യ. ഇതിൽ 90 ലക്ഷംപേർ ഏകാകികളാണത്രെ. ട്രേസി ക്രൗച്ചിനെ രാജ്യത്തെ പ്രഥമ ഏകാന്തതാകാര്യ മന്ത്രിയായി നിയമിക്കുന്നതിന് മുേമ്പയായിരുന്നു ആ കണക്കെടുപ്പ്.
ഇന്ത്യയിൽ, ഒരുപക്ഷേ തുറുങ്കിലടക്കപ്പെട്ടവരാകും കടുത്ത ഏകാന്തപഥികർ. ജയിലുകളിലെ കടുത്ത സാഹചര്യങ്ങളെ സംബന്ധിച്ച് നമുക്ക് ഏറെയൊന്നും അറിഞ്ഞുകൂടാ. ജയിലുകളിലോ ഏകാന്തതയുടെ മറ്റു വല്മീകങ്ങളിലോ കഴിയുന്നവരെ സംബന്ധിച്ച് പരേതനായ കവി ഫയ്സ് അഹ്മദ് ഫയ്സിെൻറ കവിത ഉദ്ധരിക്കാം:
ആരാച്ചാർ നൽകിയ കൊലക്കയർ
മാലപോലെ കഴുത്തിലണിഞ്ഞ്
ഗായകർ രാപ്പകൽ പാടിക്കൊണ്ടേ ഇരിക്കുന്നു
ചങ്ങലക്കണ്ണികൾ കിലുക്കി
നർത്തകർ ചുവടുവെക്കുന്നു
ആ പാളയത്തിലും ഇൗ പാളയത്തിലും
ഇല്ലാത്ത നാം
സർവവും വീക്ഷിച്ചുകൊണ്ടിരിക്കുന്നു
ഒരുപക്ഷേ തെല്ല് അസൂയയോടെ
മൂകമായി കണ്ണീർ തുടച്ച്.
തിരിച്ചുപോകുേമ്പാൾ
രക്തവർണമാർന്ന
ആ പൂക്കൾ വാടിപ്പോയത്
നാം കാണുന്നു.
ഹൃദയമാകുന്ന ഇടങ്ങളിൽ
വേദന മാത്രം ശേഷിക്കുന്നതായി
നാമറിയുന്നു
നമ്മുടെ കണ്ഠങ്ങളിൽ കൊലക്കയർ മാത്രം
പാദങ്ങളിൽ ചങ്ങലക്കെട്ടുകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.