സാധ്യമാക്കണം ഭിന്നശേഷിസൗഹൃദ സമൂഹം

അന്താരാഷ്ട്ര ഭിന്നശേഷിദിനമാണിന്ന്. ഭിന്നശേഷിയുള്ള വ്യക്തികൾ നേരിടുന്ന വിവിധ തലത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, അവരുടെ അന്തസ്സും സാമൂഹിക പങ്കാളിത്തവും അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിന് പിന്തുണയേകുക എന്നതെല്ലാമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

ഭിന്നശേഷിസൗഹൃദമായ സാമൂഹിക സാഹചര്യം ഏതൊരു പരിഷ്കൃത സമൂഹത്തിനും അനിവാര്യമാണ്. ഭിന്നശേഷിക്കാരായ ഓരോ വ്യക്തിക്കും സമൂഹത്തിന്റെ വിവിധ ഇടങ്ങളിൽ തുല്യപങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വിവിധ മാതൃകാ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നുണ്ടെങ്കിലും സാമൂഹിക ഉൾച്ചേർച്ച ഉറപ്പുവരുത്താനാവശ്യമായ സൗഹൃദ സമൂഹത്തിന്റെ അനിവാര്യതയെക്കുറിച്ച് നമ്മളത്ര ഗൗരവമായി ആലോചിക്കാറില്ല.

ഭിന്നശേഷിസൗഹൃദ സമൂഹം എന്ന സങ്കൽപം പലപ്പോഴും തടസ്സരഹിതമായ പൊതു ഇടങ്ങൾ നിർമിക്കുക എന്ന പ്രവർത്തനത്തിലേക്കു ചുരുങ്ങിപ്പോകുന്നു. അതിനുവേണ്ടിപ്പോലും നിവേദനങ്ങളും പോരാട്ടങ്ങളുമായി ഭിന്നശേഷിസമൂഹം തെരുവിലിറങ്ങേണ്ടിവരുന്നുവെന്നത് വേറെ കാര്യം.

ഭിന്നശേഷിസൗഹൃദ സമൂഹ സാഹചര്യം ഉറപ്പുവരുത്തണമെങ്കിൽ അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികസ്ഥിരത എന്നിങ്ങനെ എല്ലാ മേഖലകളെയും കൃത്യമായി ഏകോപിപ്പിക്കുന്ന സമഗ്ര ഇടപെടലുകൾ അനിവാര്യമാണ്. ഓരോ ഭിന്നശേഷിക്കാർക്കും അവരുടെ പ്രായത്തിനനുസരിച്ച സൗഹൃദബന്ധങ്ങൾ സൃഷ്ടിക്കാൻ ആവശ്യമായ സാഹചര്യവും ഉറപ്പാക്കേണ്ടതുണ്ട്.

അവരുടെ കുടുംബജീവിതം, വിവാഹം, ലൈംഗികത, രക്ഷാകർതൃത്വം എന്നീ സുപ്രധാന വിഷയങ്ങളിൽ കൃത്യമായ ഒരു നിലപാടുപോലും നമുക്കിടയിലില്ല. ഇവരുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ രൂപപ്പെടുത്തുന്ന ഈ വിഷയങ്ങൾ അക്കാദമിക ഗവേഷണ മേഖലയിലെ ചർച്ചകളിൽ പോലും ബോധപൂർവം അവഗണിക്കപ്പെടുന്നു.

ഭിന്നശേഷിക്കാരുടെ പ്രത്യേക ആവശ്യങ്ങൾ മനസ്സിലാക്കി ഉൾക്കൊള്ളുക, പരിമിതികൾക്കിടയിലും അവരുടെ വിവിധ കഴിവുകൾ തിരിച്ചറിയുക, അഭിമാനപൂർവം സാമൂഹിക ജീവിതം നയിക്കാനുള്ള അവകാശങ്ങളെക്കുറിച്ച് ബോധം വളർത്തുക, സാമൂഹിക ജീവിതത്തിൽ അവരുടെ പൂർണ ഉൾച്ചേർച്ച ഉറപ്പുവരുത്താൻ ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നിവയെല്ലാം കർമപദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങളാകേണ്ടതുണ്ട്.

ഭിന്നശേഷിസൗഹൃദ സമൂഹം സൃഷ്ടിക്കുന്നതിന് വിവിധ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി തയാറാക്കി സാമൂഹിക പങ്കാളിത്തത്തോടുകൂടി വേണം നടപ്പിൽ വരുത്താൻ. വ്യക്തി, കുടുംബം, സമൂഹം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ വേണ്ട ഇടപെടലുകൾ അനിവാര്യമായി വന്നേക്കാം.

സൗഹൃദ മനോഭാവവും അനുയോജ്യമായ അവസരങ്ങൾ ഒരുക്കലും ഇതിലെ മുഖ്യ ഘടകങ്ങളായി പരിഗണിക്കേണ്ടതുണ്ട്. അതോടൊപ്പം അവരുടെ രക്ഷിതാക്കളുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ സുസ്ഥിരത ഉറപ്പുവരുത്തലും അനിവാര്യമായ ഘടകമാണ്.

ബുദ്ധിപരമായ വെല്ലുവിളികളുള്ള കുട്ടികളുടെ മാതാപിതാക്കള്‍ പലതരം സമ്മർദങ്ങളിലൂടെയും ആകുലതകളിലൂടെയുമാണ് ഓരോ ദിവസവും കടന്നുപോകുന്നത്. ഞങ്ങൾ ഇല്ലാതായാൽ ഇവരുടെ ഭാവിയെന്ത്? എന്നൊരു ചോദ്യം അവരുടെ ഉള്ളം പൊള്ളിച്ചുകൊണ്ടേയിരിക്കുന്നു.

തങ്ങളുടെ കാലശേഷം മക്കളെ സുരക്ഷിതമായ കരങ്ങളിൽ ഏൽപിക്കാനും അവരുടെ സമഗ്രമായ ഉന്നമനം ഉറപ്പുവരുത്താനുമാവശ്യമായ സാഹചര്യം ഉണ്ടാവണമെന്ന രക്ഷിതാക്കളുടെ തികച്ചും ന്യായമായ ആവശ്യത്തിനു മുന്നിൽ മുഖംതിരിക്കുന്നവരെ ഒരു പരിഷ്കൃത സമൂഹം എന്നു വിളിക്കാനാവില്ല. ഭിന്നശേഷിസൗഹൃദ സമൂഹം സൃഷ്ടിക്കപ്പെടേണ്ടത് ഒരു ബാധ്യതയിൽ ഉപരി നമ്മുടെ കടമയാണ് എന്ന ബോധം ഓരോ മനുഷ്യനിലും ഉണ്ടായേ തീരൂ.

Tags:    
News Summary - disability-friendly society should be made possible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.