പാതയോര മദ്യശാല നിരോധനത്തിലെ പ്രായോഗികതയെ ചിലർ ചോദ്യംചെയ്യുന്നു. സുപ്രീംകോടതി വിധി ഏറ്റവും ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെങ്കിലും നിഷ്പ്രഭവും നിഷ്ഫലവുമാണെന്ന വാദവും ഉയർന്നിട്ടുണ്ട്. മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ളതാണ് വിധി എന്ന് സമ്മതിച്ചിട്ടും ഇത്തരം വിധികൾ കോടതിയുടെ യശസ്സിന് മങ്ങലേൽപിക്കുമെന്നാണ് ചിലരുടെ ആശങ്ക. ഈ വിധി വിഫലമായിട്ടില്ല, സഫലമാവുകയാണ്. ചാരായ നിരോധനത്തിെൻറ വിഷുക്കാലംപോലെ പരലക്ഷം കുടുംബങ്ങളിൽ ഈ വിഷുവിന് ആഹ്ലാദക്കൈനീട്ടം വർധിച്ചിട്ടുണ്ടെന്ന് തിരിച്ചറിയണം.
പാതയോര മദ്യശാലകളിൽനിന്ന് മാത്രമാണോ കുടിക്കുന്നത് എന്ന ചോദ്യം പ്രഥമ ദൃഷ്ട്യാ ന്യായമാണെന്നു തോന്നാം. പക്ഷേ, പരാതി ലഭിച്ച കാര്യത്തിന് മാത്രമേ കോടതി വിധിപറയാറുള്ളൂ. അല്ലാതെ വിഷയവുമായി ശാഖോപശാഖാ ബന്ധമുള്ള മുഴുവൻ കാര്യത്തിനും സമഗ്ര പരിഹാരം കാണുന്ന ഒരു വിധിയും ജഡ്ജിമാർ പറയാറില്ല. എ.കെ. ആൻറണി ചാരായം നിരോധിച്ചപ്പോൾ കേരളത്തിലെ ഒരു വലിയ രാഷ്ട്രീയ നേതാവും ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്. പാവങ്ങളുടെ ചാരായം നിരോധിച്ച ആൻറണി എന്തേ വിദേശമദ്യവും കൂടി നിരോധിക്കുന്നില്ല, ചാരായംകൊണ്ട് മാത്രമാണോ കുടുംബം മുടിയുന്നതെന്നും. ഇങ്ങനെ ഓരോഘട്ട നിരോധനം വരുമ്പോഴും അത്രയെങ്കിലുമായല്ലോ എന്ന ഒരാശ്വാസമാണ് പാവപ്പെട്ട മദ്യപകുടുംബങ്ങൾക്കും അവർക്കുവേണ്ടി പൊരുതുന്ന നിസ്സാരരായ ഞങ്ങളെപ്പോലുള്ളവർക്കും ഉണ്ടാവുന്നത്.
അമേരിക്കയുടെ 200 കൊല്ലത്തെ ചരിത്രം പഠിപ്പിച്ചുകൊണ്ട് മദ്യനിരോധനം വിജയിച്ചിട്ടില്ലെന്ന് സമർഥിക്കുമ്പോൾ ഒരു മറുചോദ്യത്തിന് ഉത്തരംകൂടി പറയേണ്ടിവരും, തീർച്ച. ലോകത്ത് ഒരിടത്തും വിജയിച്ചിട്ടില്ലാത്ത കമ്യൂണിസത്തിെൻറ വീരവാദവുമായി നടക്കുന്നവർ എന്തിനത് തുടരുന്നുവെന്നതാണ് ചോദ്യം. ഉത്തരം ഇതാണ്, ‘കമ്യൂണിസം പൂർണമായും വിജയിച്ചിട്ടില്ലെങ്കിലും ആ ദർശനത്തിെൻറ മൂല്യം ആവുന്നത്ര സമൂഹത്തിൽ സന്നിവേശിപ്പിക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുതന്നെയാണ് ഗാന്ധിയന്മാരും മദ്യവിരുദ്ധ രാഷ്ട്രീയക്കാരും മദ്യവ്യാപനത്തെ േപ്രാത്സാഹിപ്പിക്കാത്ത ന്യായാധിപന്മാരും ചെയ്തുപോരുന്നതും.
മദ്യത്തിെൻറ ദൂഷ്യഫലങ്ങൾ കുറക്കുന്നതിന് എന്തുചെയ്യാമെന്ന് നിർദേശിക്കാതെ മദ്യത്തിലെ വരുമാനത്തെയും ഒരുപാട് തൊഴിലാളികളെയും പരാമർശിക്കുന്നത് വിചിത്രമാണ്. പരലക്ഷം തൊഴിലാളി കുടുംബങ്ങളിൽ തീകോരിയിട്ടും അവരുടെ ജീവിതം വഴിമുട്ടിച്ചുമാണ് മദ്യത്തൊഴിലാളികൾ ജീവിക്കുന്നതും ആ പിടിച്ചുപറി വരുമാനം സർക്കാർ ഉണ്ടാക്കുന്നതും എന്ന് വിമർശകർ വിസ്മരിക്കുന്നു. ആയിരം കുറ്റവാളികളെ വെറുതെവിടാൻ വേണ്ടി അനേകായിരം നിരപരാധികളെ ശിക്ഷിക്കുന്ന പുതിയൊരു നീതിന്യായ സത്തയുടെ വ്യാഖ്യാനമാണിത്.
ഏതായാലും ഒരുകാര്യം ഉറപ്പ്, സുപ്രീംകോടതിയുടെ പാതയോര മദ്യശാല നിരോധനത്തിലൂടെ ധർമപൂർവകമായ ഒരു നീതിനിർവഹണമാണ് ന്യായാധിപന്മാരിൽനിന്നുണ്ടായത് എന്നുതന്നെയാണ് പരലക്ഷം നിരപരാധികൾ വിശ്വസിക്കുന്നത്! ഇതുതന്നെയാണ്, നിരപരാധികളുടെ ഭൂരിപക്ഷം നൽകുന്ന വിശുദ്ധമായ ഈ അംഗീകാരം തന്നെയാണ് ആ നീതിപീഠത്തിനുള്ള വർധമാനമായ യശസ്സും!
ഗാന്ധിജിയും ശ്രീനാരായണഗുരുവും വിചാരിച്ചിട്ട് നടക്കാത്തതാണോ പ്രാദേശിക ഗാന്ധിയന്മാർക്ക് കഴിയുന്നത് എന്ന ചോദ്യത്തിലൂടെ ആചാര്യന്മാരെയും അനുഗാമികളെയും ഇൗയിടെ ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ പരിഹസിക്കുകയുണ്ടായി. ഈ ചോദ്യം മദ്യമുതലാളിമാരിൽനിന്നും മദ്യരാഷ്ട്രീയക്കാരിൽനിന്നും മദ്യത്തൊഴിലാളികളിൽനിന്നും മദ്യപന്മാരിൽനിന്നും ഏറെക്കാലമായി കേട്ടുവരുന്നതാണ്.
ഗാന്ധിജി പറഞ്ഞത്, മദ്യത്തിനെതിരെ മൃദുനയങ്ങളൊന്നും പോരാ, കർശന നിയമങ്ങൾതന്നെ വേണമെന്നാണ്. ലഭ്യതയാണ് ഉപഭോഗത്തിെൻറ മുഖ്യകാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രായോഗികമല്ലാത്ത ഒന്നുകൂടി അദ്ദേഹം പറഞ്ഞിരുന്നു: ‘ഞാൻ ഈ രാജ്യത്തിെൻറ പ്രധാന ഭരണാധികാരിയായാൽ ഒരു നഷ്ടപരിഹാരവും നൽകാതെ 24 മണിക്കൂർകൊണ്ട് എല്ലാ മദ്യശാലകളും അടച്ചുപൂട്ടും!’ പിന്നെ ഗുരുവിെൻറ കാര്യം. മദ്യം വിഷമാണെന്നു പറഞ്ഞ ഗുരുദേവൻ ‘മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന’ സർക്കാർ ബോധവത്കരണംപോലെ അവിടെ നിർത്തിയില്ല. അതുണ്ടാക്കരുത് (ഉണ്ടാക്കിയാൽ വിൽക്കും), വിൽക്കരുത് (വിറ്റാൽ കുടിക്കും), കുടിക്കരുത് (കുടിച്ചാൽ നശിക്കും) എന്ന ത്രിതല നിരോധനവും നിർദേശിച്ചു! ഇതാണ് സാർ, നൂറുകൊല്ലം കഴിഞ്ഞപ്പോൾ ഡബ്ല്യു.എച്ച്.ഒ കൽപിച്ചിരിക്കുന്ന മൂന്ന് റിഡക്ഷനുകൾ. തൊഴിലാളികൾ കഷ്ടപ്പെടാതിരിക്കാൻ ഗുരുദേവൻ ഒരു നിർദേശവും വെച്ചു. മദ്യത്തിെൻറ ദോഷങ്ങൾ വിശദീകരിച്ച ഗുരു ആരും ചെത്തരുത് എന്ന് കൽപിച്ചപ്പോൾ, ഗുരുദേവരേ, അത് പറയരുത്, കുടുംബം പട്ടിണിയാവും, ഞങ്ങളുടെ കുലത്തൊഴിലാണ് എന്നുപറഞ്ഞ അനുയായികളോട് ഒരു പ്രതിവിധി ഉപദേശിച്ചിരുന്നുവല്ലോ. അതും പ്രായോഗികമാണെന്ന് ജസ്റ്റിസിന് ഈഹിക്കാം.
പ്രായോഗികതയുടെ പേരിലാണെങ്കിൽ പറയട്ടെ, കണക്കു പഠിച്ച് നല്ല മാർക്ക് വാങ്ങൽ ഭൂരിപക്ഷം വിദ്യാർഥികളെ അപേക്ഷിച്ചും പ്രായോഗികമല്ല. അതുകൊണ്ട് ‘സിലബസിൽനിന്ന് ഗണിതശാസ്ത്രം നീക്കംചെയ്യണം, ആവശ്യമുള്ളവർ പഠിച്ചാൽ മതി’ എന്നുപറഞ്ഞ് ഒരു ഹരജി കോടതിയിൽ വന്നാൽ, പരാതിക്കാർക്ക് അനുകൂലമായി വിധിക്കാൻ പറ്റുമോ? ബാലികാവിവാഹ നിരോധന നിയമം, സ്ത്രീപീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്തിനേറെ, കഞ്ചാവ് നിരോധന നിയമംവരെ നിലവിലുണ്ട്. എന്നിട്ടും നാമുദ്ദേശിക്കുന്നത്ര പ്രായോഗികമാവുന്നില്ല. എന്നുവെച്ച് അപ്രായോഗികതയുടെ പേരുപറഞ്ഞ് ഈ ‘നിഷ്ഫല’ നിയമങ്ങളൊക്കെ വേണ്ടെന്നുവെച്ചാൽ എന്തായിരിക്കും സ്ഥിതി!
ജസ്റ്റിസ് ചേറ്റൂർ പറയുംപോലെ, ദേശീയപാതയിൽനിന്ന് മദ്യശാലകൾ നാട്ടിൻപുറങ്ങളിലേക്കും െറസിഡൻഷ്യൽ കോളനികളിക്കെുമൊന്നും മാറ്റാൻ സുപ്രീംകോടതി പറഞ്ഞിട്ടില്ല ^നിർദിഷ്ട ദൂരപരിധിയിൽ ഉണ്ടാവരുതെന്നേ വിധിച്ചിട്ടുള്ളൂ. ഒരു കോടതിവിധിയെ ജസ്റ്റിസുമാർ പോലും അതിെൻറ ഉദ്ദേശ്യശുദ്ധിക്കപ്പുറം വ്യാഖ്യാനിക്കാൻ തുടങ്ങുന്നത് അത്ര േശ്രയസ്കരമാണെന്ന് തോന്നുന്നില്ല.
അവസാനമായി ഒരു വാചകം: അവിനയമേശാതെതന്നെ സൂചിപ്പിക്കട്ടെ. വക്കീലന്മാരെയും കോടതികളെയും കുറിച്ച് ഗാന്ധിജി ഹിന്ദ് സ്വരാജിൽ പറയുന്ന ഒരു ഭാഗമുണ്ട്, പതിനൊന്നാം അധ്യായത്തിനൊടുവിൽ. വക്കീലന്മാരുടെ കൊള്ളരുതായ്മകളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം എഴുതി: ‘‘വക്കീലന്മാരെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ജഡ്ജിമാർക്കും ബാധകമാണ്. മച്ചുനന്മാരാണ് അവർ, ഒരുത്തൻ മറ്റൊരുത്തന് ശക്തി നൽകുന്നു’’ (ഹിന്ദ് സ്വരാജ് ഇന്ത്യയിൽ നിരോധിക്കാത്തതുകൊണ്ട് ഈ ഉദ്ധരണി കോർട്ട് അലക്ഷ്യമാവില്ലെന്ന് കരുതട്ടെ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.