അമേരിക്കന്‍ ദേശീയ സുരക്ഷ, ഇന്‍റലിജന്‍സ് വിഷയങ്ങളില്‍ വിദഗ്ധനായ ‘ദ ന്യൂയോര്‍ക്കറി’ന്‍െറ സ്റ്റാഫ് ലേഖകന്‍ സ്റ്റീവ് കോള്‍ കഴിഞ്ഞയാഴ്ച ഇന്ത്യയിലുണ്ടായിരുന്നു. ഡോണള്‍ഡ് ട്രംപിന്‍െറ അരങ്ങേറ്റം കാത്തിരിക്കുന്ന അമേരിക്കയില്‍നിന്ന് ഇന്ത്യയിലെ മോദി ഭരണത്തെ വിലയിരുത്താനത്തെിയതായിരുന്നു അദ്ദേഹം. മോദിയും ട്രംപും തമ്മിലെന്ത് എന്ന ചോദ്യത്തിന് കോളിന് ഉത്തരമുണ്ട്. ഇരുവരും ലോകത്ത് സമീപകാലത്ത് അധികാരമേറ്റ് ജനകീയ, ദേശീയവാദി നേതാക്കള്‍, ഞെട്ടിക്കുന്ന തീരുമാനങ്ങളിലൂടെ ജനത്തെ വിരട്ടി, തന്നിഷ്ടം നടപ്പാക്കുന്ന പ്രകൃതക്കാര്‍. രണ്ടു നാടും മതപരവും വംശീയവുമായ വൈവിധ്യങ്ങളുള്ളതോടൊപ്പം ജനാധിപത്യസ്ഥാപനങ്ങളുടെയും ഏറക്കുറെ സംശുദ്ധമായ തെരഞ്ഞെടുപ്പുകളുടെയും സഹായത്തോടെ രാഷ്ട്രീയസ്ഥിരത നിലനിര്‍ത്തുന്ന രാജ്യങ്ങളാണ്.
എന്നാല്‍, രണ്ടു നാടുകളും ഇപ്പോള്‍ നയിക്കുന്നത് മാധ്യമങ്ങളെ സമ്മര്‍ദത്തിലാക്കുകയും എതിര്‍ശബ്ദങ്ങളോട് മോശമായി പ്രതികരിക്കുകയും ചെയ്യുന്ന സ്വേച്ഛാധികാരികളാണ്. രാഷ്ട്രത്തിന്‍െറ പരമ്പരാഗതമായ തുറസ്സിനെയും ബഹുസ്വരതയെയും ഭീഷണിപ്പെടുത്തുന്ന നയനിലപാടുകളും ഒച്ചവെപ്പുകളുമാണ് ഇരുവരുടെയും പൊതുസ്വഭാവം. എന്നിരിക്കെ മോദിയുടെ പ്രകടനം വിലയിരുത്തിയാല്‍ ട്രംപ് ഏതറ്റം വരെ പോകുമെന്നൊരു സാമാന്യധാരണയൊരുക്കാനായിരുന്നു കോളിന്‍െറ യാത്ര. അങ്ങനെ ‘നോട്ട് ബന്ദി’യുടെ ബാക്കിപത്രം തേടിയത്തെിയ അദ്ദേഹം ഖാദി കലണ്ടറില്‍ ഗാന്ധിയെ ഇറക്കി മോദിയെ കയറ്റിയതുകണ്ടാണ് സ്ഥലം വിട്ടത്. അദ്ദേഹത്തിന്‍െറ വാക്കുകളില്‍, പാവപ്പെട്ടവരെ കഷ്ടപ്പെടുത്തുകയും നിയമമനുസരിക്കുന്നവരാണെന്നു വരുത്തുന്ന മധ്യവര്‍ഗത്തെ നിസ്സംഗരാക്കുകയും ചെയ്ത നോട്ട് അസാധു പരിപാടിയെ ആരും അംഗീകരിച്ചില്ല.
യു.പി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വരെ കാത്തിരുന്നാലേ മോദി പരിഷ്കാരത്തിന്‍െറ വിധിയറിയാനാവൂ. എന്നാലും ട്രംപിനെപോലെ ഒരു കാര്യത്തില്‍ മോദി വിജയിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം കണ്ടത്തെിയത്. ഇന്ത്യയുടെ വിദൂരദിക്കുകളില്‍പോലും കഴിയുന്ന പാവങ്ങളായ സാധാരണക്കാര്‍ക്ക് ലോകനേതാക്കളെയോ, ഇന്ത്യന്‍ നേതാക്കളെപോലുമോ അറിയില്ല. എന്നാല്‍, ‘നോട്ട് അസാധുവാക്കലി’നു ശേഷം മോദിയാണ് പ്രധാനമന്ത്രിയെന്ന് രാജ്യത്തെ ഏതു കോണിലും ഏതു കുഞ്ഞിനുമറിയാമെന്ന നില വന്നു. വ്യക്തിപ്രഭാവത്തിലൂന്നി കള്‍ട്ട് ഫിഗറായി മാറാന്‍ നോക്കുന്നവര്‍ക്ക് ആനന്ദത്തിനിനിയെന്തു വേണം!
സമാനനാണ് ട്രംപ്. ട്വിറ്റര്‍ ഫീഡുകളിലാണ് ഇതുവരെയുള്ള ജീവിതം. മോദിയുടെ ‘മന്‍ കീ ബാത്തു’ം ‘മേരേ പ്യാരേ ദേശ്വാസിയോ’മും ഇന്ത്യക്കാരെ വിഹ്വലമാക്കുന്നപോലെ ഏത് വിതണ്ഡവാദവുമായാണ് ട്രംപിന്‍െറ വരവ് എന്ന ആശങ്കയോടെയാണ് അമേരിക്കക്കാര്‍ നാളു പുലരുന്നതത്രേ. എന്നാലുമെന്ത്, ജനങ്ങളോട്, അവരുടെ മൊബൈല്‍ ഫോണിനടുത്തുണ്ടല്ളോ എന്ന ചാരിതാര്‍ഥ്യമാണ് ട്രംപിന്. അദ്ദേഹത്തിന്‍െറ ഈ ആവേശം ഏറുന്തോറും അമേരിക്കക്കാര്‍ക്ക് ആധി വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ മാധ്യമങ്ങള്‍ക്കൊന്നും ഇനിയും അദ്ദേഹത്തെ പിടിച്ചിട്ടില്ല. എതിരാളികളോടും എതിരാശയങ്ങളോടും ഇന്നോളം തീവ്രവെറി സ്വീകരിച്ചു വന്ന ട്രംപ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സൈനികശക്തിയുടെ അധിപനായിത്തീരുമ്പോള്‍ ജനാധിപത്യ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ എവിടെയാവും എന്നതാണ് മാധ്യമലോകവും അമേരിക്കന്‍ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന ആഭ്യന്തര ബുദ്ധിജീവികേന്ദ്രങ്ങളും ആശങ്കയോടെ ഉറ്റുനോക്കുന്നത്. പ്രവൃത്തിയുമായി പൊരുത്തമില്ളെങ്കിലും മയമുള്ള വാക്കുകളിലൂടെ പട്ടില്‍പൊതിഞ്ഞ കറുത്തലോഹക്കൈ സൂക്ഷിച്ചു പോരുന്നവരാണ് അമേരിക്കന്‍ പ്രസിഡന്‍റുമാര്‍. അതില്‍നിന്നു മാറി പ്രതിയോഗികളോടുള്ള വിദ്വേഷവും ആക്രമണോത്സുകതയും മറയില്ലാതെ പ്രകടിപ്പിച്ച ട്രംപ് പ്രയോഗത്തില്‍ ഏതറ്റം വരെ എന്നാണ് ലോകത്തിന്‍െറയും നോട്ടം.
റഷ്യയുമായി തെരഞ്ഞെടുപ്പില്‍ വരെ ഒത്തുകളിച്ചെന്ന സംശയത്തിന്‍െറ നിഴലിലാണ്. ജപ്പാനില്‍ ആബെയുമായി വ്യാപാര, സൈനികബന്ധങ്ങള്‍ വിപുലീകരിക്കുന്നുണ്ട്. മെക്സികോക്ക് കുടിയേറ്റത്തിന്‍െറയും കയറ്റിറക്കുമതികളുടെയും കാര്യത്തില്‍ താക്കീതുണ്ട്. മുസ്ലിംകളാദി കുടിയേറ്റക്കാര്‍ക്കെതിരെ വംശവെറി പൂണ്ട മുന്നറിയിപ്പുണ്ട്. പശ്ചിമേഷ്യയില്‍ ഇസ്രായേലിനെ കയറൂരി വിടാനുള്ള എല്ലാ ഒത്താശയുമുണ്ട്. ട്രംപിനെ കൈയേല്‍പിച്ചു കൊടുക്കുന്ന അമേരിക്കയെക്കുറിച്ച് ‘എല്ലാം ശരിയാകും’ എന്ന് പദവിയൊഴിയുന്ന വാര്‍ത്താസമ്മേളനത്തില്‍ ബറാക് ഒബാമ പറഞ്ഞത് ഇതെല്ലാം മുന്നില്‍വെച്ചാണാവോ?
നാറ്റോയെയും യൂറോപ്യന്‍ യൂനിയനെയും പരസ്യമായി അധിക്ഷേപിച്ചും ഇസ്രായേലിന്‍െറ ഫലസ്തീന്‍ അധിനിവേശത്തെ ന്യായീകരിച്ചും അധികാരമേറുന്ന ട്രംപ് നാട്ടിലെ മാധ്യമങ്ങളെ മുഴുവന്‍ വെറുപ്പിച്ച് അകറ്റിനിര്‍ത്തിയിരിക്കുകയാണ്. തിരിച്ചടിയെന്നോണം പുതിയ പ്രസിഡന്‍റിന്‍െറ അധികാരാരോഹണത്തെ ദോഷൈകദൃഷ്ടിയോടെയാണ് ഏതാണ്ടെല്ലാ മാധ്യമങ്ങളും കാണുന്നത്.
ലോകം മുഴുക്കെ ആശങ്കയോടെ വീക്ഷിക്കുമ്പോഴും റഷ്യയില്‍ വ്ളാദിമിര്‍ പുടിനും സിറിയയില്‍ ബശ്ശാര്‍ അല്‍അസദും ഫിലിപ്പീന്‍സ്, തുര്‍ക്കി നേതാക്കളുമൊക്കെ ട്രംപിന്‍െറ വരവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. എല്ലാം സ്വന്തം നില്‍ക്കക്കള്ളി മാത്രം ലാക്കാക്കിയുള്ളത്. 2011ല്‍ പശ്ചിമേഷ്യയിലുണ്ടായ അറബ് വസന്തത്തിന്‍െറ ആദിനാളുകളില്‍ സിറിയയിലടക്കം പ്രക്ഷോഭകാരികള്‍ക്കൊപ്പം നിന്ന ഒബാമ ഭരണകൂടം പിന്നീട് അവരെ കൈയൊഴിയുകയായിരുന്നുവെന്നും ബശ്ശാറിനെതിരായ നീക്കത്തിന് മുന്‍കൈയെടുക്കാന്‍ അമേരിക്കക്ക് അവസരം കൈവന്നിട്ടും ഒബാമ അത് ഉപയോഗപ്പെടുത്തിയില്ളെന്നും തുര്‍ക്കിക്ക് പരാതിയുണ്ട്. സിറിയയില്‍ ഐ.എസ് ഭീകരത വളര്‍ത്തുന്നതില്‍ വാഷിങ്ടണ്‍ പങ്കുവഹിച്ചതായി കാണുന്ന അങ്കാറ, അന്നാട്ടിലെ കാലുഷ്യം വഴി അഭയാര്‍ഥി പ്രവാഹവും ഭീകരാക്രമണങ്ങളും തുര്‍ക്കിയില്‍ പതിവായതിന് ഒബാമയെ പഴിക്കുന്നു. തുര്‍ക്കി, റഷ്യന്‍, ഇറാന്‍ നേതാക്കളുമായി കസാഖ്സ്താനിലെ അസ്താനയില്‍ ഒത്തുചേരാനിരിക്കുന്ന ട്രംപിന്‍െറ മേല്‍ക്കൈയില്‍ സിറിയന്‍ പ്രതിസന്ധിക്കും തങ്ങളുടെ ദുരിതങ്ങള്‍ക്കും പരിഹാരമാവുമെന്നാണ് തുര്‍ക്കിയുടെ പ്രതീക്ഷ.
നാറ്റോയെ ‘പഴകിപ്പുളിച്ചത്’ എന്നും യൂറോപ്യന്‍ യൂനിയനെ ജര്‍മന്‍ ഗൂഢപദ്ധതിയെന്നും വിശേഷിപ്പിച്ച ട്രംപ് അമേരിക്കക്കാരെ ഞെട്ടിച്ചുകളഞ്ഞു. നാല്‍പതുകളില്‍ അമേരിക്ക പടിഞ്ഞാറിനെ നയിക്കാന്‍ രൂപപ്പെടുത്തിയ പൊതുവേദികളെ പുതിയ പ്രസിഡന്‍റ് തള്ളിപ്പറഞ്ഞത് ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. റഷ്യയിലെ പുടിനെയും ജര്‍മനിയിലെ അംഗലാ മെര്‍കലിനെയും വിശ്വാസമാണെന്നു പറയുമ്പോഴും ‘എത്രകാലം മുന്നോട്ടു പോകും ഈ വിശ്വാസം എന്നു നോക്കട്ടെ’ എന്നു ഭീഷണി മുഴക്കുന്നുമുണ്ട് അദ്ദേഹം. എന്നാല്‍, ഇതു കേട്ടൊന്നും കുലുങ്ങാതെ, അധികാരം കൈയാളിത്തുടങ്ങട്ടെ, എല്ലാം ശരിയായിക്കൊള്ളും എന്ന അയഞ്ഞ മട്ടാണ് മെര്‍കലിനുള്ളത്. ഭരണത്തിലേറും മുമ്പേ രണ്ടാം വട്ട കാമ്പയിനിന്‍െറ മുദ്രാവാക്യത്തിനു വട്ടംകൂട്ടുന്ന ട്രംപിന്‍േറത് സ്ഥാനലബ്ധിയുടെ ഉന്മാദാതിരേകമാകുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. എന്നാല്‍, അത് അമേരിക്കയെയും ലോകത്തെയും എങ്ങനെ ബാധിക്കുമെന്നതാണ് ചോദ്യം. ഫ്രാന്‍സില്‍ നെപ്പോളിയന്‍ മൂന്നാമന്‍, മുസോളിനി, ഹിറ്റ്ലര്‍ എന്നിവര്‍ക്ക് ജന്മം നല്‍കിയ ‘സിസേറിയന്‍ ഡെമോക്രസി’യെക്കുറിച്ച് ബ്രിട്ടീഷ് ചരിത്രകാരനായ ലൂയി നാമിര്‍ എഴുപത് വര്‍ഷം മുമ്പ് എഴുതിയതെല്ലാം ട്രംപില്‍ ഒത്തുവരുന്നുണ്ടെന്നാണ്
സാമ്രാജ്യത്വവിരുദ്ധ ആക്ടിവിസ്റ്റായ പാട്രിക് കോക്ബണ്‍ പറയുന്നത്. ജനവികാരമിളക്കുന്ന മുദ്രാവാക്യങ്ങള്‍, നിയമപാലനം കൈവശമുണ്ടായിരിക്കെതന്നെ നിയമാനുസൃതസംവിധാനങ്ങളോട് വിമുഖത, രാഷ്ട്രീയപാര്‍ട്ടികളോടും പാര്‍ലമെന്‍ററി സംവിധാനങ്ങളോടും പുച്ഛം, സൈനികവാദം, കൂറ്റന്‍ കട്ടൗട്ടുകളും ഡിസ്പ്ളേകളും, അഴിമതി, പ്രീണനം എന്നിവയൊക്കെയാണ് ‘സിസേറിയന്‍ ജനാധിപത്യ’ത്തിന്‍െറ ലക്ഷണങ്ങള്‍. അതിന്‍െറ അന്തിമഫലവും നാമിര്‍ കുറിക്കുന്നുണ്ട്; വിനാശം തന്നെ. അതിനാല്‍, ട്രംപിന്‍െറ ഓരോ ചുവടും കരുതലോടെ കാത്തിരിക്കുകയാണ് അമേരിക്കയും ലോകവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.