ഡോ. വി.വി. വേലുക്കുട്ടി അരയൻ 

ഡോ. വി.വി. വേലുക്കുട്ടി അരയൻ എന്ന നവോത്ഥാന നായകനെ മറന്ന​തിൻെറ കാരണങ്ങൾ....

നമ്മിൽ എത്രപേർക്ക്​ ഡോ.വി.വി വേലുക്കുട്ടി അരയനെ അറിയാം. നവോത്ഥാന നായകനും സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻെറ ആദ്യകാല നേതാവും ബഹുമുഖ പ്രതിഭയുമായിരുന്ന ഡോ. വി.വി. വേലുക്കുട്ടി അരയൻെറ 52-ാം ചരമവാർഷിക ദിനം മേയ്​ 31 നാണ്​.  പക്ഷെ ഇന്നും ചരിത്രവും അക്കാദമിക്​ സമൂഹവും അവർണ്ണനായ ഇൗ മഹാപ്രതിഭയെ അവഗണിക്കുന്നു എന്നത്​ അതീവ ഖേദകരമാണ്​. കടൽത്തീരത്ത്​ അരയ സമുദായത്തിൽ ജനിച്ച്​ കേരളത്തിൻെറ സാമൂഹിക, ശാസ്​ത്ര, സാഹിത്യ രംഗങ്ങളിലേക്ക്​ ജ്വലിച്ചുയർന്ന ഡോ. വി.വി വേലുക്കുട്ടി അരയൻെറ ജീവിതരേഖകൾക്ക്​ മതിയായ പ്രാധാന്യം നൽകപ്പെടാത്തത്​ എന്ത്​ എന്ന ​േചാദ്യം, അദ്ദേഹത്തിൻെറ ഇൗ ചരമവാർഷിക ദിനത്തിലും ഉയരുന്നു.

1894 മാർച്ച് 11ന്​ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയ്ക്കടുത്ത ആലപ്പാട് എന്ന കടൽത്തീര ഗ്രാമത്തിലാണ്​ വേലായുധൻ വൈദ്യ​ൻെറയും വെളുത്തകുഞ്ഞമ്മയുടെയും മകനായി വേലുക്കുട്ടി അരയൻ ജനിച്ചത്​. ചെറുപ്രായത്തിൽ തന്നെ പിതാവിൽ നിന്ന്​ ആയുർവ്വേദവും സംസ്കൃതവും അഭ്യസിച്ചു. 18 വയസ്സാവുമ്പോഴേക്കും ആയുർവ്വേദത്തിലും സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധമായ അറിവ്​ സമ്പാദിച്ചു. തുടർന്ന് മദിരാശിയിൽ അലോപ്പതി വൈദ്യത്തിൽ പഠനം തുടർന്നു. അതോടൊപ്പം സ്വന്തം താല്പര്യത്തിനനുസരിച്ച്​ കടലറിവുകളും നിയമവും എല്ലാം പഠിച്ചെടുത്തു. അലോപ്പതി ബിരുദത്തിനു ശേഷം കൽക്കത്തയിലെ ഹോമിയോപ്പതിക്​ മെഡിക്കൽ കോളേജിൽനിന്നും ഹോമിയോ ചികിത്സയിലും ഒന്നാം റാങ്കോടെ ബിരുദം നേടി. എന്തും അന്വേഷിച്ചറിയുക, മനസിലാക്കുക, പ്രതികരിക്കുക എന്നിങ്ങനെയുള്ള ​സ്വഭാവ സവിശേഷതകളായിരുന്നു അദ്ദേഹത്തിന്​.

വിദ്യാഭ്യാസത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ വേലുക്കുട്ടി അരയൻ സ്വന്തം നാട്ടിൽ ഡോക്ടർ ആയി പ്രാക്റ്റീസ് ആരംഭിച്ചു. മറ്റ്​ നഗരങ്ങളിലേക്ക്​ ഡോക്​ടറായി ജോലി ചെയ്യാനുള്ള ക്ഷണമെല്ലാം അദ്ദേഹം നിരസിച്ചു. സമ്പന്നയുടെ നടുവിലായിരുന്നിട്ടും അത്തരം സൗഹൃദങ്ങളിൽ ഒതുങ്ങാനും അദ്ദേഹം തയ്യാറായില്ല. മറിച്ച്​ തൻെറ മുന്നിലെത്തുന്ന അരയസമുദായത്തിൻെറ പ്രശ്​നങ്ങളും വേദനകളും സാമൂഹികമായ ചിന്തകളും ഡോ. വി.വി. വേലുക്കുട്ടി അരയൻ പഠിക്കാനും അവയുടെ പരിഹാരത്തിനായി മുന്നിട്ടിറങ്ങുകയും ​െചയ്​തു. ഇതിൻെറയെല്ലാം ഫലമായി 1908-ൽ അദ്ദേഹം സ്വന്തം ഗ്രാമത്തിൽ വിജ്ഞാനസന്ദായിനി എന്ന പേരിൽ ഒരു വായനശാലക്ക്​ തുടക്കമിട്ടു. അക്ഷരം പഠിക്കാനും അറിവ്​ നേടാനും അദ്ദേഹം സമുദായത്തോട്​ അഭ്യർത്ഥിച്ചു. 1936-ൽ ഗ്രാമത്തിൽ തന്നെ ഒരു സ്കൂളും സ്ഥാപിച്ചു. അങ്ങനെ വേലുക്കുട്ടി അരയൻെറ പിന്നിൽ സമുദായവും സമൂഹവും അറിവിനും സാമൂഹിക ക്ഷേമത്തിനായും അണിനിരക്കപ്പെടുന്ന കാഴ്​ചയാണ്​ കാണാൻ കഴിഞ്ഞത്​. സാമൂഹികമായ ഉച്ചനീചത്വങ്ങളെ ചെറുക്കാനും ജൻമിത്തത്തിൻെറ അതിക്രമങ്ങളെ ചെറുക്കാനും ജനങ്ങൾക്ക്​ ഡോ.വി.വി.വേലുക്കുട്ടി അരയൻ ഒരു അഭയമായിരുന്നു. അരയവംശപരിപാലനയോഗം, സമസ്തകേരളീയ അരയമഹാജനയോഗം, അരയ സർവീസ് സൊസൈറ്റി, അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം, തിരുവിതാംകൂർ മിനറൽ തൊഴിലാളി യൂണിയൻ, തുറമുഖ തൊഴിലാളി യൂണിയൻ തുടങ്ങി ഒട്ടനവധി സംഘടനകളും പ്രസ്ഥാനങ്ങളും അദ്ദേഹത്തിൻെറ സംഘാടനത്തിൽ നിർമ്മിക്കപ്പെട്ടു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻെറ ഉജ്ജ്വലനായ പോരാളി കൂടിയായിരുന്നു അരയൻ. വൈക്കം സത്യാഗ്രഹത്തിൻെറ നേതൃത്വത്തിൽ ഇദ്ദേഹം സജീവസാന്നിധ്യമായിരുന്നു. സ്വസമുദായത്തിൻെറ മാത്രമല്ല, ജാതിപരമായ വിവേചനം മൂലം കഷ്ടതയനുഭവിച്ച എല്ലാ വിഭാഗം ജനങ്ങൾക്കു വേണ്ടിയും പോരാടിയ അയിത്തോച്ചാടന പ്രക്ഷോഭ നേതാവ് എന്ന നിലയിലും ആ ജീവിതം തിളക്കമുള്ളതാക്കപ്പെട്ടു. എസ്​.എൻ.ഡി.പി യോഗം മുൻകൈ എടുത്തു കൊല്ലവർഷം 1100- ൽ മുതുകളത്തു വച്ചു സ്ഥാപിച്ച 'അവർണ്ണ ഹിന്ദു മഹാസഭ'യുടെ ജനറൽ സെക്രട്ടറി കൂടിയായ ഡോ. വി.വി വേലുക്കുട്ടി അരയൻെറ ജീവിതം പെ​െട്ടന്ന്​ പറഞ്ഞുതീർക്കാവുന്ന ഒന്നല്ല. 1917-ൽ തൻെറ 'അരയൻ' പത്രത്തിലൂടെ റഷ്യൻ വിപ്ലവത്തെ ആദ്യമായി റിപ്പോർട്ടു ചെയ്യുകയും സോഷ്യലിസ്റ്റ്‌- പുരോഗമന ആശയങ്ങളോട് ശക്തമായ ആഭിമുഖ്യം പുലർത്തുകയും അത് പത്രമാസികകളിലൂടെയും പ്രസംഗങ്ങളിലൂടെയും പിന്നീട് തൊഴിലാളി സംഘടകളിലൂടെയും കേരളത്തിലെമ്പാടും പ്രചരിപ്പിക്കുകയും ചെയ്തു അദ്ദേഹം. ശ്രീ നാരായണ ഗുരു, ചട്ടമ്പിസ്വാമികൾ തുടങ്ങിയവർക്കു തൊട്ടുപിന്നാലെ സാമൂഹിക പരിഷ്ക്കരണ രംഗത്ത് സജീവമാകുകയും മന്നത്തു പത്മനാഭൻ, അയ്യങ്കാളി, ടി.കെ. മാധവൻ, മഹാകവി കുമാരനാശാൻ, വാഗ്ഭടാനന്ദൻ, ഡോ. പൽപ്പു, പണ്ഡിറ്റ് കറുപ്പൻ, സി. കേശവൻ, പട്ടം താണുപിള്ള തുടങ്ങിയവരോടൊപ്പം സജീവമായി പ്രവർത്തിക്കുകയും എന്നാൽ ഇവർ സഞ്ചരിച്ച വഴിയിൽനിന്നുമാറി ഡോ. വി.വി. വേലുക്കുട്ടി അരയൻ കമ്മ്യൂണിസ്റ്റായി മാറിയ ഏക നവോത്ഥാന നായകൻ എന്ന നിലയിലും ശ്രദ്ധേയനായി.

1921-ൽ അരയൻ പത്രം കണ്ടുകെട്ടി. ശ്രീമൂലം പ്രജാസഭയിൽ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യാനിരുന്നുവെങ്കിലും അത് അരയൻ പത്രം കണ്ടുകെട്ടി എന്ന കാരണത്താൽ റദ്ദ്​ ചെയ്​തു. എന്നാൽ അരയൻ പത്രം സാമൂഹിക പ്രസക്തവും ഭരണാധികാരികളെ ചോദ്യം ചെയ്യുന്നതുമായ വിഷയങ്ങൾ പ്രസിദ്ധീകരിച്ച്​ മുന്നോട്ട്​ പോയി. 1938-ൽ വീണ്ടും ദിവാൻ ഭരണത്തെ ചോദ്യം ചെയ്തു എന്ന പേരിൽ പ്രസ് കണ്ടുകെട്ടുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവർണ ജനവിഭാഗങ്ങലെ അനീതിക്കെതിരേ നിലകൊള്ളാൻ പ്രേരിപ്പിച്ച സഹോദരസംഘത്തിൻെറ 'കാവുകളിൽ പോകരുത്' എന്ന ലഘുലേഖ അരയൻ പത്രത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത് എന്നതും പ്രസക്തമായ വസ്​തുതയാണ്​. ശാസ്​ത്രബോധവും സാഹിത്യധിഷണതയും വേലുക്കുട്ടി അരയ​ൻെറ വ്യക്തിത്വത്തെ കൂടുതൽ പ്രകാശപൂരിതമാക്കി.

പതിറ്റാണ്ടുകൾക്ക്​ മുമ്പ്​ കടലാക്രമണ പ്രതിരോധ പദ്ധതിയായ 'ലാൻ്റ് റെക്ലമേഷൻ സ്കീം തയ്യാറാക്കി ഗവൺമെൻറിന്​ സമർപ്പിച്ച ഇൗ അസാധാരണ ധൈഷണിക പ്രതിഭയെ, വളരെക്കാലത്തിനുശേഷം അറിഞ്ഞോ അറിയാതെയോ മാതൃകയാക്കിയതാക​െട്ട ഒ​േട്ടറെ വിദേശ രാജ്യങ്ങളും. അരയ സമുദായത്തിൻെറ സമസ്​ത പുരോഗതിക്കു വേണ്ടി നിരന്തരം യത്നിച്ച സമുദായ പരിഷ്ക്കർത്താവ് എന്നുമാത്രമല്ല, ഒരു മനുഷ്യജീവിതത്തിന്​ സാധ്യമാകുന്നതും അതിന്​ അപ്പുറവും അദ്ദേഹം വിവിധ രംഗങ്ങളിൽ അടയാളപ്പെടുത്തി.

1948-ലെ പൊതു തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി ഡോ. വേലുക്കുട്ടി അരയൻ മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. എന്നാൽ ഇൗ മത്​സരത്തിലൂടെ ഡോ. വേലുക്കുട്ടി അരയൻ മത്സരിച്ചപ്പോൾ പിന്നാക്ക വിഭാഗക്കാരായ ജനവിഭാഗങ്ങളെയും ഉത്പതിഷ്ണുക്കളെയും അദ്ദേഹം ഇടതുപക്ഷത്തേക്കും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലേക്കും നയിച്ചുവെന്ന്, ഇ.എം.എസ് പില്ക്കാലത്ത് വിലയിരുത്തി. സാമൂഹിക പോരാട്ടങ്ങൾക്കായി സ്വജീവിതം സമർപ്പിച്ച അദ്ദേഹത്തിന്​ പലപ്പോഴും വ്യക്തിപരമായ നഷ്​ടങ്ങളുണ്ടായി എങ്കിലും അതൊന്നും തെല്ലും വകവച്ചില്ല.

പക്ഷെ ചരിത്രകാരൻമാർ, ഇൗ ശ്രദ്ധേയ ജീവിതം കാര്യമായി പരാമർശിക്കപ്പെടാതെ പോകുകയായിരുന്നു.

ഹോമിയോ, അലോപ്പതി, ആയുർവേദം തുടങ്ങിയ വൈദ്യശാസ്ത്രങ്ങളിൽ ഉന്നത വിജയം നേടുകയും ചികിത്സ ജനങ്ങൾക്കായി സേവനമാക്കുകയും ചെയ്ത അസാധാരണ ഭിഷഗ്വരനായ ഡോ. വി.വി വേലുക്കുട്ടി അരയൻ ഗദ്യത്തിലും പദ്യത്തിലും കൃതഹസ്തനായ സാഹിത്യകാരനായിരുന്നു.

കിരാതാർജ്ജുനീയം ഓട്ടൻതുള്ളൽ, ഓണം ഡേ, ദീനയായ ദമയന്തി, പദ്യ കുസുമാഞ്ജലി, ശ്രീചൈത്ര ബുദ്ധൻ, അച്ചനും കുട്ടിയാനും, സത്യഗീത, മാതംഗി, ക്ലാവുദിയ, ചിരിക്കുന്ന കവിതകൾ, കേരള ഗീതം, തീക്കുടുക്ക, സ്വർഗ്ഗ സോപാനം, സൂക്ത മുത്തുമാല, ചിന്തിപ്പിക്കുന്ന കവിതകൾ (പദ്യ കൃതികൾ), രഘുവംശം തർജ്ജമ, വാസവദത്താനിർവാണം ആട്ടക്കഥ, രസ ലക്ഷണ സമുച്ചയം (രസ പഠനം), മാധവി, ശാകുന്തളവും തർജ്ജമകളും, തകഴിയുടെ ചെമ്മീൻ- ഒരു നിരൂപണം, സൗന്ദര്യം ( നിരൂപണങ്ങൾ). കുറുക്കൻ കഥകൾ, ബാലസാഹിത്യ കഥകൾ (ബാലസാഹിത്യം),ലഘുകഥാ കൗമുദി, മാറ്റങ്ങൾ, തെരഞ്ഞെടുത്ത കഥകൾ (കഥകൾ), ഭാഗ്യപരീക്ഷകൾ, തിരുവിതാംകൂർ അരയമഹാ ജന യോഗം, കടലി​െൻറ മക്കൾ (നോവൽ), ശർമ്മദ (ഇംഗ്ലീഷ് നോവലി​െൻറ സ്വതന്ത്ര വിവർത്തനം), മത്സ്യവും മതവും, തിരുവിതാംകൂറിലെ മത്സ്യ വ്യവസായം, കടലാക്രമണത്തെ തടയാൻ, അദ്ധ്യക്ഷപ്രസംഗം, മലയാള സാഹിത്യത്തിൽ ഭാഷാപരമായി വരുത്തേണ്ട മാറ്റങ്ങൾ (പ്രബന്ധങ്ങൾ, ലേഖനങ്ങൾ), പിന്തിരിഞ്ഞു നോക്കുമ്പോൾ (ആത്മകഥാപരമായ ലേഖന സമാഹാരം), ബലേ ഭേഷ്, ആൾമാറാട്ടം, ലോക ദാസൻ, നന്ദകുമാരൻ, ഇരുട്ടടി, മാടൻ സൈമൺ (ആക്ഷേപഹാസ്യ നാടകങ്ങൾ) എന്നിവ പ്രധാനകൃതികളാണ്​.

നിരവധി പത്ര-മാസികകളുടെ പത്രാധിപർ ആയിരുന്നു അദ്ദേഹം. അരയൻ പത്രം (1917), അരയസ്ത്രീജന മാസിക (1922), ചിരി മാസിക, ധർമ്മപോഷിണി പത്രം(1942), രാജ്യാഭിമാനി പത്രം (1943), ഫിഷറീസ് മാഗസിൻ (1948), സമാധാനം മാസിക (1950), കലാകേരളം മാസിക (1953), തീരദേശം വാരിക(1953), ഫിലിം ഫാൻ (1961) എന്നിവയാണവ.

കേരളത്തിലെ ആദ്യകാല പ്രൊഫഷണൽ അച്ചുക്കൂടങ്ങളിലൊന്നായ 'അരയൻ പ്രസ്' സ്ഥാപിച്ച പത്രസ്ഥാപനമുടമ കൂടിയാണ്​ അദ്ദേഹം. 1918-ൽ ടി.കെ.മാധവനൊപ്പം ക്ഷേത്രപ്രവേശന വാദം ആദ്യമായി ഉന്നയിച്ച നേതാവ്. ( ടി.കെ.മാധവൻ തൻെറ 'ദേശാഭിമാനി' പത്രത്തിലൂടെ, ഈഴവർക്കും മറ്റും ക്ഷേത്രപ്രവേശനത്തിന് അവകാശമുണ്ടെന്നു വാദിച്ചപ്പോൾ, തൊട്ടടുത്ത ലക്കം 'ദേശാഭിമാനി'യിലൂടെയും 'അരയൻ' പത്രത്തിലൂടെയും, അരയന്മാർക്കും ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട മറ്റുള്ളവർക്കും ക്ഷേത്രപ്രവേശനം ലഭിച്ചേ മതിയാകൂ എന്ന് വേലുക്കുട്ടി അരയനും വാദിച്ചു. കേരളത്തിലെ ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങൾക്കു നാന്ദിയും ചരിത്രവും കുറിച്ച പ്രഖ്യാപനങ്ങളാണ് ഇരുവരും തങ്ങളുടെ പത്രങ്ങളിലൂടെ നടത്തിയത്.) കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയനുകളായ 'തിരുവിതാംകൂർ നാവികത്തൊഴിലാളി സംഘം', തിരുവിതാംകൂർ മത്സ്യത്തൊഴിലാളി യൂണിയൻ, കയർ വർക്കേഴ്സ് യൂണിയൻ, തിരുവിതാംകൂർ മിനറൽ വർക്കേഴ്സ് യൂണിയൻ തുടങ്ങിയവയുടെ സ്ഥാപകൻ കൂടിയായിരുന്നു വേലുക്കുട്ടി അരയൻ.

917-ൽ 'അരയൻ' പത്രത്തിലൂടെ റഷ്യൻ വിപ്ലവത്തെ ആദ്യമായി റിപ്പോർട്ടു ചെയ്യുകയും സോഷ്യലിസ്റ്റ്‌- പുരോഗമന ആശയങ്ങളോട് ശക്തമായ ആഭിമുഖ്യം പുലർത്തുകയും അത് പത്രമാസികകളിലൂടെയും പ്രസംഗങ്ങളിലൂടെയും പിന്നീട് തൊഴിലാളി സംഘടകളിലൂടെയും കേരളത്തിലെമ്പാടും പ്രചരിപ്പിക്കുകയും ചെയ്തു.

ശ്രീ നാരായണ ഗുരു, ചട്ടമ്പിസ്വാമികൾ തുടങ്ങിയവർക്കു തൊട്ടുപിന്നാലെ സാമൂഹിക പരിഷ്ക്കരണ രംഗത്ത് സജീവമാകുകയും മന്നത്തു പത്മനാഭൻ, അയ്യങ്കാളി, ടി.കെ. മാധവൻ, മഹാകവി കുമാരനാശാൻ, വാഗ്ഭടാനന്ദൻ, ഡോ. പൽപ്പു, പണ്ഡിറ്റ് കറുപ്പൻ, സി. കേശവൻ, പട്ടം താണുപിള്ള തുടങ്ങിയവരോടൊപ്പം സജീവമായി പ്രവർത്തിക്കുകയും ചെയ്ത, ഡോ. വി.വി. വേലുക്കുട്ടി അരയനാണ് ആ ശ്രേണിയിൽ നിന്നും കമ്മ്യൂണിസ്റ്റായി മാറിയ ഏക നവോത്ഥാന നായകൻ. 1948-ലെ പൊതു തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി ഡോ. വേലുക്കുട്ടി അരയൻ മത്സരിച്ചപ്പോൾ പിന്നാക്ക വിഭാഗക്കാരായ ജനവിഭാഗങ്ങളെയും ഉത്പതിഷ്ണുക്കളെയും അദ്ദേഹം ഇടതുപക്ഷത്തേക്കും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലേക്കും നയിച്ചുവെന്ന്, ഇ.എം.എസ് പില്ക്കാലത്ത് വിലയിരുത്തുകയുണ്ടായി.)

ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങൾക്കു നേതൃത്വം കൊടുക്കുമ്പോഴും വ്യക്തിപരമായി തനിക്ക് ക്ഷേത്രപ്രവേശനം ആവശ്യമില്ലെന്നു പ്രഖ്യാപിച്ച യുക്തിവാദിയായിരുന്നു ഡോ. വേലുക്കുട്ടി അരയൻ എന്നതും കൂട്ടിവായിക്കണം. ജാതി-മത വിവേചനങ്ങളും സാമൂഹിക അസമത്വങ്ങളുമായിരിക്കണം അദ്ദേഹത്തെ യുക്തിവാദിയായി രൂപപ്പെടുത്തിയത്​.

പക്ഷെ ചരിത്രകാരൻമാർ, ഇൗ ശ്രദ്ധേയ ജീവിതം കാര്യമായി പരാമർശിക്കപ്പെടാതെ പോകുകയായിരുന്നു. ഒരുപക്ഷെ കമ്യൂണിസ്​റ്റായി രൂപാന്തരപ്പെട്ടതാകണം, ചരി​ത്രത്തിൻെറ മുഖ്യധാരയിൽനിന്നും അദ്ദേഹത്തെ മാറ്റിനിർത്താൻ ചിലർ ശ്രമിച്ചത്​. എന്നാൽ കമ്യൂണിസ്​റ്റ്​ ചരിത്രകാരൻമാരും അർഹമായ പരിഗണന അദ്ദേഹത്തിന്​ നൽകുന്നതിൽ ശ്രദ്ധ കാണിച്ചതുമില്ല. ഇടതുപക്ഷം തുടർച്ചയായ ഭരണം കയ്യാളുന്ന ഇൗ സന്ദർഭത്തിൽ, ആദ്യകാല കമ്യൂണിസ്​റ്റ്​ കൂടിയായ ഡോ. വേലുക്കുട്ടി അരയ​ന്​ അക്കാദമിക്​, സാമൂഹിക രംഗങ്ങളിൽ സ്​മൃതികുടീരങ്ങൾ ഉണ്ടാക്കാൻ മുന്നിട്ടിറങ്ങാൻ ഗവൺമെൻറ്​ തയ്യാറാകണമെന്നുള്ളതും ഒരു പ്രസക്തമായ ആവശ്യമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.