അടിച്ചമർത്തലുകളുടെ നാളുകൾ അവസാനിക്കാൻ പോകുന്നില്ല എന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് സീസിയുടെ മൂന്നാം വിജയം. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾപോലും നിവർത്തിക്കാത്ത ഭരണകൂടം, ലോകബാങ്കിനും ഐ.എം.എഫിനും വഴങ്ങി സബ്സിഡികൾ പൂർണമായും പിൻവലിച്ചതോടെ അപ്പം മുതൽ കുടിവെള്ളം വരെ സകലതിനും വിലകൂടി. വൈദ്യുതി നിരക്കും കുത്തനെ കൂട്ടിയതോടെ ജനങ്ങൾ പ്രതിഷേധവുമായി ഇറങ്ങിയെങ്കിലും അടിച്ചമർത്തൽ നടപടികൾ തുടരുകയാണ്
ഏകാധിപതികൾ 98 ശതമാനം വരെ വോട്ടുകൾ നേടി അധികാരം നിലനിർത്തുന്ന തമാശയാണ് പശ്ചിമേഷ്യയിലെ ജനാധിപത്യം. ഈജിപ്തിൽ ഇപ്പോൾ ആവർത്തിച്ചിരിക്കുന്നതും അതുതന്നെ. മുൻ പട്ടാള മേധാവി അബ്ദുൽ ഫത്താഹ് അൽ സീസി തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്തി. 2014ലും 2018ലും 97 ശതമാനം വോട്ടുകൾ നേടിയ അൽ സീസി ഇത്തവണ ജയിച്ചത് 89.6 ശതമാനം വോട്ടുകൾക്കാണ്. രണ്ടാം സ്ഥാനത്തെത്തിയ സീസിയുടെ ‘സ്വന്തം സ്ഥാനാർഥി’ ഹാസിം ഉമറിന് കിട്ടിയത് 4.5 ശതമാനം വോട്ടുകൾ! ഈജിപ്തിന്റെ ജനാധിപത്യവാഴ്ചയിലെ നാഴികക്കല്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷനും ഭരണകൂട മാധ്യമങ്ങളും വിജയത്തെ വിശേഷിപ്പിച്ചത്. ആദ്യമായാണ് ‘തെരഞ്ഞെടുപ്പി’ലൂടെ രാജ്യത്ത് ഒരാൾ മൂന്നുവട്ടം പ്രസിഡന്റാവുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ യഥാക്രമം 41ഉം 47ഉം ശതമാനമായിരുന്നു പോളിങ്. ഇത്തവണ അത് 66.8 ശതമാനത്തിലേക്ക് ഉയർന്നു. ഇത് രണ്ടും അൽ സീസിയുടെ നേട്ടമാണത്രേ.
രാജ്യത്തെ പ്രഥമ ജനാധിപത്യ തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രസിഡന്റ് മുഹമ്മദ് മുർസിയെ 2013ൽ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയാണ് അൽ സീസി അധികാരം പിടിച്ചെടുത്തത്. മുൻ ഏകാധിപതി ഹുസ്നി മുബാറക്കിനുകീഴിൽ സൈനിക ജനറലായിരുന്ന അൽ സീസിയെ മുർസിയാണ് പ്രതിരോധ മന്ത്രി പദവിയിൽ ഉയർത്തിയത്. സൈന്യത്തിന്റെ നേതൃസ്ഥാനം വഹിച്ചിരുന്ന സീസി രാജിവെച്ച് 2014ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഒരേയൊരു എതിരാളി ഹംദീൻ സബാഹിക്ക് കിട്ടിയത് മൂന്നു ശതമാനം വോട്ടുകൾ മാത്രം. ആറു കോടി വോട്ടർമാരിൽ പകുതി പോലും വോട്ടുചെയ്യാതിരുന്ന 2018ൽ 97.08 ശതമാനം വോട്ടു നേടിയായിരുന്നു അൽ സീസിയുടെ വിജയം! സ്വന്തം അനുയായി മൂസ മുസ്തഫ മൂസയെ എതിർ സ്ഥാനാർഥിയാക്കിയാണ് 100 ശതമാനം വോട്ടിൽ സീസി വിജയം വേണ്ടെന്നുവെച്ചത്.
സീസിയടക്കം നാലുപേരാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. വഫ്ദ് പാർട്ടി പ്രസിഡന്റ് കൂടിയായ അബ്ദുസ്സലാം യമാമയായിരുന്നു പേരിനെങ്കിലും പ്രതിപക്ഷ സ്ഥാനാർഥി. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയായ വഫ്ദ് 2011നു ശേഷം ആദ്യമായാണ് മത്സരിച്ചത്. മറ്റു രണ്ടു സ്ഥാനാർഥികളും അൽ സീസിയുടെ പാവകൾ മാത്രമായിരുന്നു. കോടീശ്വരനും ടൂറിസം കമ്പനി മേധാവിയുമായ ഹാസിം ഉമർ റിപ്പബ്ലിക്കൻ പീപ്ൾസ് പാർട്ടിയുടെ ബാനറിൽ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. സെനറ്റിലെ ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാൻ പദവി വഹിച്ചിരുന്ന ഉമർ, അൽ സീസി അനുകൂലിയായിരുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഒരിക്കൽ പോലും സീസിയുടെ നയങ്ങളെ വിമർശിക്കാത്തയാൾ. മറ്റേയാൾ ഈജിപ്ഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഫരീദ് സഹ്റാൻ. എഴുപതുകളിൽ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന സഹ്റാൻ, അൽ സീസിയുടെ വലംകൈയും സുരക്ഷാ വകുപ്പുകളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയുമാണ്. മുർസിയെ അട്ടിമറിച്ച ശേഷം അൽ സീസിക്ക് കാബിനറ്റ് രൂപവത്കരിക്കാൻ ഒത്താശ ചെയ്തുകൊടുത്തത് ഫരീദായിരുന്നു.
ഇടതുപക്ഷ ആശയക്കാരനായ അഹ്മദ് തൻതാവി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചെങ്കിലും പട്ടാളം ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചു. ഈജിപ്ഷ്യൻ നിയമപ്രകാരം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 15 പ്രവിശ്യകളിൽനിന്ന് കാൽ ലക്ഷം ഒപ്പുകളോ (ഒരു പ്രവിശ്യയിൽനിന്ന് ചുരുങ്ങിയത് 1000 ഒപ്പുകൾ നിർബന്ധം) 20 പാർലമെന്റ് അംഗങ്ങളുടെ അംഗീകാരമോ വേണം. അതിന് ശ്രമിക്കുമ്പോഴാണ് സൈന്യം ഇടപെട്ടത്. സീസിക്കുവേണ്ടി രംഗമൊരുക്കിയ തെരഞ്ഞെടുപ്പിൽ മുൻ എം.പിയും മാധ്യമ പ്രവർത്തകനുമായ തൻതാവി വിജയിക്കില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം സീസി വിരുദ്ധരായ ലക്ഷക്കണക്കിന് വോട്ടർമാർക്ക് ആവേശമേകിയേനെ. ദസ്തൂർ പാർട്ടി നേതാവും മുൻ മാധ്യമ പ്രവർത്തകയുമായ ജമീല ഇസ്മാഈലും മത്സരരംഗത്തുനിന്ന് പിന്മാറി.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കൃത്രിമത്വം കാണിച്ചെന്ന് ആരോപിച്ച് ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട തൻതാവി വിചാരണ നേരിടുകയാണ്. അദ്ദേഹത്തിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചയാൾ ഉൾപ്പെടെ 21 പേരെ നേരത്തെ ജയിലിലടച്ചിരുന്നു. സൈന്യവും ജുഡീഷ്യറിയും ഇലക്ഷൻ കമീഷനും ആഭ്യന്തര മന്ത്രാലയവും ഉൾപ്പെടെ സ്റ്റേറ്റ് മെഷിനറികളുടെ മുഴുവൻ പിന്തുണയുമുള്ള സീസി അല്ലാതെ മറ്റാർക്കും ഈജിപ്തിൽ വിജയിക്കാനാവില്ല. മുഹമ്മദ് മുർസി രൂപം കൊടുത്ത ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയെ (എഫ്.ജെ.പി) നേരത്തെ നിരോധിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച നാലു രാഷ്ട്രീയ പാർട്ടികൾക്കേ മത്സരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അവശേഷിക്കുന്ന പകുതി സീറ്റുകളിൽ വ്യക്തികൾക്ക് സ്വതന്ത്രരായി നിൽക്കാം. സ്വതന്ത്രരായി ഇറങ്ങിയ പലരുടെയും നാമനിർദേശ പത്രികകൾ തള്ളി. അൽ സീസിയെ പിന്തുണക്കുന്ന മുസ്തഖ്ബൽ വത്വൻ പാർട്ടിയാണ് ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചത്. വ്യാപക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിരവധി സ്ഥാനാർഥികൾ കമീഷനെ സമീപിച്ചെങ്കിലും പരാതികൾ തള്ളി.
മതിയായ കാരണങ്ങൾ ഇല്ലാതെ വോട്ടു ചെയ്യാത്തവർക്ക് 500 ഈജിപ്ഷ്യൻ പൗണ്ട് പിഴയിടുമെന്ന് ഇലക്ഷൻ കമീഷൻ ഭീഷണി മുഴക്കിയിട്ടും വോട്ടർമാർ വേണ്ടത്ര ഗൗനിച്ചില്ല. വോട്ടർമാർ കൂടുതൽ പാവങ്ങളും അൽ സീസി കൂടുതൽ ജനവിരുദ്ധനുമാകുന്ന കാഴ്ചയാണ് ഓരോ ഇലക്ഷനിലും കാണുന്നതെന്ന് തഹ്രീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിഡിലീസ്റ്റ് പോളിസി ഫെലോ തിമോത്തി ഇ കൽദാസ് ചൂണ്ടിക്കാട്ടുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം. വാർഷിക പണപ്പെരുപ്പം 36.4 ശതമാനമായി ഉയർന്നു. അടുത്ത സാമ്പത്തിക വർഷം 4150 കോടി ഡോളറിന്റെ വിദേശ വായ്പ കണ്ടെത്താനുള്ള നീക്കത്തിലാണെന്ന് കാർണഗി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷനൽ പീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
അപ്പം ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ സബ്സിഡി പോലും എടുത്തുകളഞ്ഞ സീസി ഭരണകൂടം പുതിയ തലസ്ഥാന നഗരിക്കുവേണ്ടി ചെലവിട്ടത് 5800 കോടി ഡോളറാണ്. ജനങ്ങളിൽ മൂന്നിൽ രണ്ടും ദാരിദ്യ്ര രേഖയിലോ അതിനു താഴെയോ ജീവിക്കുന്ന രാജ്യത്താണ് ഈ ധൂർത്ത്. ഭാവി സുരക്ഷിതമാക്കാനായി ഇപ്പോൾ ത്യാഗം അനുഷ്ഠിക്കണമെന്നാണ് ജനങ്ങളോട് സീസിയുടെ ആഹ്വാനം.
മുഹമ്മദ് മുർസിയെ മാറ്റിനിർത്തിയാൽ, സീസി ഉൾപ്പെടെ 1952നുശേഷം അധികാരം കൈയാളിയ അഞ്ചുപേരും സൈനിക ഓഫിസർമാരായിരുന്നു. പട്ടാള അട്ടിമറിയിലൂടെ മുർസിയെ പുറത്താക്കി ജയിലിലടക്കുകയും മരണത്തിലേക്ക് തള്ളിവിടുകയുമായിരുന്നു അൽ സീസി. ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച സൈനിക നേതൃത്വത്തിനെതിരെ തെരുവിൽ പ്രക്ഷോഭം നയിച്ച ജനങ്ങളെ പട്ടാളം ഭീകരമായി അടിച്ചമർത്തി. ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും കിരാതമായ 2013 ആഗസ്റ്റിലെ റാബിയ അൽ അദവിയ-അൽ നഹ്ദ സ്ക്വയർ കൂട്ടക്കൊലകളിൽ 2600ലേറെ പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആഗസ്റ്റ് 14നുമാത്രം 900ത്തിലേറെ പേരെ സൈന്യം വെടിവെച്ചുകൊന്നു. ഒരൊറ്റ സൈനികൻ പോലും ശിക്ഷിക്കപ്പെട്ടില്ല. സീസിയുടെ അടിച്ചമർത്തലുകൾക്ക് സർവ പിന്തുണയും നൽകിയത് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളാണ്.
അടിച്ചമർത്തലുകളുടെ നാളുകൾ അവസാനിക്കാൻ പോകുന്നില്ല എന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് സീസിയുടെ മൂന്നാം വിജയം. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ പോലും നിവർത്തിക്കാത്ത ഭരണകൂടം, ലോകബാങ്കിനും ഐ.എം.എഫിനും വഴങ്ങി സബ്സിഡികൾ പൂർണമായും പിൻവലിച്ചതോടെ അപ്പം മുതൽ കുടിവെള്ളം വരെ സകലതിനും വിലകൂടി. വൈദ്യുതി നിരക്കും കുത്തനെ കൂട്ടിയതോടെ ജനങ്ങൾ പ്രതിഷേധവുമായി ഇറങ്ങിയെങ്കിലും അടിച്ചമർത്തൽ നടപടികൾ തുടരുകയാണ്.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നിഷ്ഠുരമായ യുദ്ധം ഏറ്റവും അങ്കലാപ്പിലാക്കിയിരിക്കുന്നത് ഈജിപ്തിനെയാണ്. ഗസ്സയിൽ നിന്നുള്ള അഭയാർഥികളെ തടയാൻ റഫ അതിർത്തിയിൽ സുരക്ഷ ശക്തിപ്പെടുത്തിയിരിക്കുകയാണ് അൽ സീസി ഭരണകൂടം. ഇസ്രായേലുമായി ആദ്യമായി നയതന്ത്ര ബന്ധം സ്ഥാപിച്ച അറബ് രാജ്യമായ ഈജിപ്ത് ഫലസ്തീനികളോട് വലിയ അനുഭാവം കാണിക്കുന്നില്ല. 90 ലക്ഷം അഭയാർഥികൾ ഇപ്പോൾ തന്നെ രാജ്യത്തുണ്ടെന്നും ഇനിയും ഫലസ്തീനികളെ ഉൾക്കൊള്ളാനാവില്ലെന്നും ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.