ടി.എൻ. ശേഷൻ    അരുൺ​​​ ഗോയൽ

പ്രഹസനമായി മാറരുത് തെരഞ്ഞെടുപ്പ് കമീഷൻ

ഇന്ത്യൻ ഭരണഘടനയിൽ തെരഞ്ഞെടുപ്പുകളെപ്പറ്റി ഒരു പ്രത്യേക അധ്യായമുണ്ട്. ആർട്ടിക്കിൾ 324 അനുസരിച്ച് തെരഞ്ഞെടുപ്പുകളുടെ മേൽനോട്ടവും മാർഗനിർദേശം നൽകലും തെരഞ്ഞെടുപ്പ് കമീഷനിൽ നിക്ഷിപ്തമാണ്. കേന്ദ്ര-സംസ്ഥാന നിയമസഭകളിലേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ പറ്റിയവിധം സ്വതന്ത്രവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് നടത്തുക എന്നത് യഥാർഥ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമാണ്.

324ാം വകുപ്പ് മൂന്ന് അംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമീഷൻ എന്ന സ്വതന്ത്ര സമിതിക്ക് തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കാനും അതിനുവേണ്ട നിർദേശം നൽകാനും മേൽനോട്ടംവഹിക്കാനുമുള്ള അധികാരം നൽകിയിരിക്കുന്നു.

തെരഞ്ഞെടുപ്പ് കമീഷൻ തികച്ചും സ്വതന്ത്രമായ ഒരു സമിതിയായിരിക്കണമെന്ന ഭരണഘടന സ്പിരിറ്റ് ഒരു പഴങ്കഥയായി മാറിയിരിക്കുകയാണ്. ഈ ദുഃസ്ഥിതിക്ക് പരിഹാരംകാണാനുള്ള ശ്രമങ്ങൾ പല കേന്ദ്രങ്ങളിൽനിന്ന് നേരത്തെ തുടങ്ങിയെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ പരമോന്നത കോടതിതന്നെ ഇടപെട്ടിരിക്കുന്നത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറായി അരുൺ ഗോയലിനെ നിയമിച്ച കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമർശിച്ചത്. തെരഞ്ഞെടുപ്പ് കമീഷൻ നിയമനത്തിന് സുതാര്യവും സ്വതന്ത്രവുമായ സംവിധാനമാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഫയലുകൾ പരിഗണിക്കവെയാണ് ഗോയലിന്റെ നിയമനവും ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിന് മുമ്പാകെ എത്തിയത്.

കേസ് വീണ്ടും പരിഗണിച്ചപ്പോൾ ഫയലുകൾ പരിശോധിച്ച കോടതി ഗോയലിനെ നിയമിക്കാൻ 24 മണിക്കൂർപോലും വേണ്ടിവന്നില്ലെന്ന് കണ്ടെത്തി. അരുൺ ഗോയൽ കേന്ദ്ര ഖനവ്യവസായ മന്ത്രാലയത്തിൽനിന്ന് കഴിഞ്ഞ 18നാണ് സ്വയം വിരമിച്ചത്. പിറ്റേദിവസം അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കപ്പെട്ടതായും 21ന് ചുമതലയേറ്റതായും ഹരജിക്കാർക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു.

കമീഷണർ സ്ഥാനത്തേക്ക് നാലുപേരുടെ പട്ടികയാണ് നിയമ മന്ത്രി തയാറാക്കിയതെന്നും പേഴ്സനൽ മന്ത്രാലയത്തിന്റെ പക്കലുള്ള എല്ലാ വിവരങ്ങളും പരിശോധിച്ച് അതിൽനിന്ന് ഒരാളിലേക്ക് എത്തിയതെങ്ങനെയെന്നും കോടതി ചോദിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്കും രണ്ടു കമീഷണർമാർക്കും ആറു വർഷം വീതമാണ് നിയമപ്രകാരം സേവനകാലാവധി. എന്നാൽ, ആരെയും കാലാവധി തികക്കാൻ സർക്കാർ അനുവദിക്കാറില്ല.

മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ആറു വർഷവും സ്വതന്ത്രമായി പ്രവർത്തിക്കണമെന്നാണ് ഭരണഘടനാശില്പികൾ വിഭാവനംചെയ്തതെന്നും അതൊരു സ്ഥാനക്കയറ്റ തസ്തികയല്ലെന്നും കോടതി ഓർമിപ്പിച്ചു. പ്രധാനമന്ത്രിക്കെതിരെ ആരോപണമുയർന്നാൽ തെരഞ്ഞെടുപ്പ് കമീഷണർ ഇടപെടണം. അല്ലെങ്കിൽ, ഈ ഭരണഘടനാസ്ഥാപനം ദുർബലമാണെന്ന സന്ദേശമാകും ജനങ്ങൾക്ക് ലഭിക്കുക -ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

അന്തരിച്ച ടി.എൻ. ശേഷനെപ്പോലെ ശക്തനായ ഒരാളെയാണ് ചീഫ് ഇലക്ഷൻ കമീഷണറായി വേണ്ടതെന്ന് പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാറിൽ കാബിനറ്റ് സെക്രട്ടറിയായിരുന്ന ശേഷൻ 1990 ഡിസംബർ 12നാണ് തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റത്. ആറു വർഷ ത്തിനുശേഷം 1996 ഡിസംബർ 11ന് അദ്ദേഹം പടിയിറങ്ങി. തെരഞ്ഞെടുപ്പ് കമീഷന്റെ അധികാരം എന്താണെന്ന് അദ്ദേഹം തെളിയിച്ചു.

ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിലും അതിന്റെ ഭാഗമായിട്ടുള്ള തെരഞ്ഞെടുപ്പ് കമീഷനിലുമെല്ലാം ഭാഗികമായെങ്കിലും വിശ്വാസമുള്ളവരാണ് രാജ്യത്തെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും. നിർഭാഗ്യവശാൽ ഈ വിശ്വാസത്തിന് ഭംഗമേൽക്കുന്ന നടപടികളാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മാത്രമേ അരുൺ ഗോയലിന്റെ തെരഞ്ഞെടുപ്പ് കമീഷണർ നിയമനത്തേയും കാണാൻ കഴിയുകയുള്ളൂ. എന്തായാലും ഭരണഘടനയെ താങ്ങിനിർത്താൻ പ്രതിജ്ഞാബദ്ധമായ പരമോന്നത കോടതിതന്നെ ഈ അനീതിക്കെതിരായി ശബ്ദിക്കാൻ തയാറായത് വളരെ സ്വാഗതാർഹമാണ്.

Tags:    
News Summary - Election Commission should not become a farce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.