ഉദ്യോഗസ്ഥരെ വലക്കുന്ന തെരഞ്ഞെടുപ്പ്​ താളപ്പിഴകൾ

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ഒരു പ്രധാന ഉത്സവമാണ്​ തെരഞ്ഞെടുപ്പ്. പ്രചാരണവും ഫലമറിഞ്ഞ ാൽ നടത്തുന്ന ആഘോഷവുമൊക്കെ ഉത്സവങ്ങൾതന്നെ. പക്ഷേ, തെരഞ്ഞെടുപ്പ്​ ദിവസത്തെ ഒരു ഉത്സവമായി കാണാൻ അതി​​െൻറ പണികൾ എടുക്കുന്ന ഉദ്യോഗസ്ഥർക്ക്​ ഒരിക്കലും സാധിക്കില്ല. ഇലക്​ഷൻ നടത്തുന്നത്​ ഇലക്​ഷൻ കമീഷനാണ്​ എന്നു പറയുമെങ്കിലും അതി​​െൻറ പല പണികളും നടത്തുന്നത്​ വിവിധ ഗവൺമ​െൻറ്​ ഒാഫിസുകളിൽനിന്ന്​ നിയോഗിക്കപ്പെടുന്നവരാണല്ലോ. ഇങ്ങനെ നിയോഗിക്കപ്പെടുന്നവരുടെ അവസ്ഥ എന്താണെന്ന്​ നാട്ടുകാരും ഭരണസാരഥികളും ഇലക്​ഷൻ കമീഷനും കൂടുതൽ ശ്രദ്ധയോടെ മനസ്സിലാക്കി പ്രവർത്തിക്കേണ്ടതുണ്ട്.

ദുരിതംപിടിച്ചതാണ്​ ഇൗ ഉദ്യോഗസ്ഥരെ സംബന്ധിച്ച്​ തെരഞ്ഞെടുപ്പി​​െൻറ ദിനങ്ങൾ. പ്രിസൈഡിങ്​ ഒാഫിസറും മൂന്നു പോളിങ്​​ ഒാഫിസർമാരും ചേർന്ന ടീം തെരഞ്ഞെടുപ്പ്​ ദിനത്തി​​െൻറ തലേദിവസം കലക്​ഷൻ സ​െൻററിൽ രാവിലെ എട്ടു മണിക്കെത്തിയാൽ പിറ്റേദിവസം രാത്രി 10 മണിയോ അതിൽ കൂടുതലോ കഴിഞ്ഞാണ്​ ഉത്തരവാദപ്പെട്ട ജോലിയിൽനിന്ന്​ മുക്തരാവുന്നത്​. ഇത്രയും ദൈർഘ്യമേറിയ നാൽപതോളം മണിക്കൂറുകൾ ഊണും ഉറക്കവും ശരിയാകാത്ത തരത്തിൽ ഡ്യൂട്ടിയിലായിരിക്കുക എന്നത്​ തീർത്തും അന്യായമായ അവസ്ഥതന്നെ. പ്രത്യേകിച്ചും സ്ത്രീകൾക്ക്​ ഇൗ ഡ്യൂട്ടി വളരെയധികം ഭാരമാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്​ എന്നത്​ നിയമപരമായിത്തന്നെ വിലയിരുത്തി വേണ്ട ഉത്തരവുകൾ ഗവൺമ​െൻറ്​ ഇറക്കേണ്ടതാണ്.

ഭരണസംവിധാനത്തിൽ ഒരു പദവി സ്ത്രീക്കു കൊടുക്കുന്നതിൽ ആയിരത്തിലധികം വട്ടം ചിന്തിക്കുന്നതും സ്ത്രീകൾക്ക്​ തുല്യ പ്രാതിനിധ്യം കൊടുക്കാതിരിക്കുന്നതുമായ ഗവൺമ​െൻറുകൾക്കും രാഷ്​ട്രീയ പാർട്ടികൾക്കും തെരഞ്ഞെടുപ്പ്​ ദിനങ്ങളിലെ പണികൾ എടുക്കുന്നതിനു സ്ത്രീകളെ നിയോഗിക്കുന്നതിന്​ ഒരു മടിയുമില്ല എന്നതാണ്​ വിരോധാഭാസം. തലേദിവസം രാത്രി താമസിക്കുന്നതിനോ അടിസ്ഥാന സൗകര്യങ്ങളോ -ടോയ്​ലെറ്റടക്കം- ഇല്ലാത്ത കെട്ടിടങ്ങളിൽ ബൂത്തുകൾ അനുവദിക്കുന്നതിനും അവിടങ്ങളിലേക്കു സ്ത്രീകളെ വിടുന്നതിനും നമ്മുടെ സംസ്​കാരത്തിനും രാഷ്​ട്രീയത്തിനുമൊന്നും ഒരു പ്രശ്നവുമില്ല. അന്നേരം വാതിലോ പൂട്ടോ ഇല്ലാത്ത ഇടങ്ങളിൽ സ്ത്രീപുരുഷന്മാർ ഒരുമിച്ചുറങ്ങിയാൽ സ്ത്രീകളുടെ ചാരിത്ര്യം നഷ്​ടമാവുമോ എന്ന സാമൂഹിക-സാംസ്​കാരിക-രാഷ്​ട്രീയ ഔത്സുക്യം പോലുമില്ല! കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വിരോധാഭാസമെന്നോണം ബഹുഭൂരിപക്ഷം വരുന്ന സ്ത്രീ പ്രിസൈഡിങ്​ ഒാഫിസർമാരെ ദൈവത്തെപ്പോലെ മാനിക്കുന്നതിനും ആർക്കും ഒട്ടും മടിയുമില്ല. എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പ്​ കാര്യങ്ങൾ ചെയ്തുകിട്ടണം എന്നേയുള്ളൂ രാഷ്​ട്രീയ പാർട്ടിക്കാർക്കന്നേരം.

തെരഞ്ഞെടുപ്പ്​ സാമഗ്രികൾ, പ്രത്യേകിച്ചും ഭാരിച്ച യന്ത്രങ്ങൾ ഏറ്റിക്കൊണ്ടുനടക്കുന്നതിനും തലേദിവസം രാത്രിതന്നെ പ്രി​െസെഡിങ്​ ഒാഫിസറും പോളിങ്​ ഒാഫിസർമാരുംകൂടി ചെന്നൊരുക്കുന്ന ബൂത്തിനു കാവൽകിടക്കാനും പ്രത്യേകം ആൾക്കാരെ/പൊലീസ്​ ഫോഴ്സിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവുകൾ ഇറക്കണം എന്നത്​ സത്വര ശ്രദ്ധ വേണ്ട കാര്യമാണ്. നിലവിൽ ഈ ടീമിന്​ കൂടെ നിയോഗിക്കുന്നത്​ ഒരു പൊലീസുകാരനോ ഒരു സ്​റ്റുഡൻറ്​ പൊലീസോ ആണ്​ എന്നതിനാൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രിസൈഡിങ്​ ഒാഫിസറും മറ്റു പോളിങ്​ ഒാഫിസർമാരും ബൂത്തിൽത്തന്നെ തങ്ങുന്ന രീതിയാണ്​ നിലവിലുള്ളത്. പ്രിസൈഡിങ്​ ഒാഫിസറുടെ അനുവാദത്തോടെ മറ്റുള്ളവർക്കു​ വേണമെങ്കിൽ രാത്രി കിടക്കാൻ വീട്ടിലോ അടുത്തുള്ള വീടുകളിലോ പോകാം എന്നു മാത്രം. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയിൽ മിക്ക പ്രിസൈഡിങ്​ ഒാഫിസർമാരും സ്ത്രീകളാണ്​ എന്നതിനാൽ ഇവർ ഉത്തരവാദിത്തപ്രശ്നത്താൽ അവിടെത്തന്നെ കഴിഞ്ഞുകൂടുന്നതാണ്​ രീതി.

ഏതെങ്കിലും പോളിങ്​ ഉദ്യോഗസ്ഥർ ഉത്തരവാദിത്തം ഏറ്റാൽ സ്ത്രീകൾക്ക്​ വൈകുന്നേരത്തെ പണികൾക്കുശേഷം വീടുകളിൽ പോകാം. വേണമെങ്കിൽ പുരുഷന്മാർക്കും പോകാം. അതിരാവിലെ എത്താൻ സൗകര്യമുള്ള സ്ഥലങ്ങളിലാണ്​ ബൂത്തെങ്കിൽ അങ്ങനെ ചെയ്യാൻ സാധിച്ചേക്കും എന്നു മാത്രം. അഞ്ചു മണിക്കുമുമ്പായി മോക്​ പോളിനുള്ള സജ്ജീകരണങ്ങൾ ചെയ്യണമെന്നുള്ളതിനാൽ പലപ്പോഴും ഇത്​ പ്രാവർത്തികമാകാറില്ല എന്നു​ മാത്രമല്ല, തലേദിവസം രാത്രി വൈകുംവരെ ബൂത്ത്​ ഒരുക്കലും വേണ്ടുന്ന റെക്കോഡുകൾ തയാറാക്കലും ചെയ്തശേഷം അൽപം ഉറക്കംപോലും കിട്ടാറില്ല സാധാരണ മിക്ക ഓഫിസർമാർക്കും. ശാരീരികമായ പ്രത്യേക അസാഹചര്യങ്ങളിലുള്ള അവസ്ഥ സ്ത്രീകളെ സംബന്ധിച്ച്​ ഉണ്ടാകും എന്ന സാധ്യത പലപ്പോഴും നിയമപരമായ വ്യക്തത ഇല്ലാത്തതിനാൽ ഡ്യൂട്ടി കിട്ടുന്ന സ്ത്രീകൾ അതൊഴിവാക്കാൻ സാധിക്കാതെ അവശനിലയിലാകുന്ന സാഹചര്യങ്ങൾ വിരളമല്ല. ഇതൊഴിവാക്കി കാര്യക്ഷമമായ നടത്തിപ്പിന്, ഗർഭംധരിച്ചവരെയും മുലയൂട്ടുന്നവരെയും മാത്രമല്ല ആർത്തവസംബന്ധമായ അവശതകൾ ഉണ്ടാകുന്നവരെക്കൂടി ഡ്യൂട്ടിയിൽനിന്ന്​ ഒഴിവാക്കുന്നതിന്​ ഉത്തരവ്​ വേണ്ടതാണ്. മെൻസ്ട്രവൽ ടെൻഷൻ എന്നത്​ മെഡിക്കൽ ലീവ്​ കൊടുക്കാൻ തക്ക കാരണമായിത്തന്നെ എടുക്കണമെന്നുള്ള നിയമം ഉണ്ടാകേണ്ടതുണ്ട്.

ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ, പോളിങ്​ ഉദ്യോഗസ്ഥരുടെ പകുതിയും സ്ത്രീകൾതന്നെയാണ്​ എന്നു കാണാം. പ്രിസൈഡിങ്​ ഒാഫിസർമാരിൽ കൂടുതലും സ്ത്രീകളാണ്​ എന്നതിനു കാരണം, കേരളത്തിൽ സ്കൂളുകളിലേതുപോലെ കോളജുകളിലും കൂടുതലും സ്ത്രീകളാണ്​ അധ്യാപികമാർ എന്ന അവസ്ഥ സംജാതമായിത്തുടങ്ങിയിരിക്കുന്നു എന്നതാണ്. യൂനിവേഴ്സിറ്റിയിലേതു മാത്രമല്ല, കോളജുകളിലെയും അധ്യാപകരെ പോളിങ്​ ഡ്യൂട്ടിക്ക്​ നിവൃത്തിയില്ലാത്തപക്ഷം മാത്രമേ നിയോഗിക്കാവൂ എന്ന്​ ഇലക്​ഷൻ കമീഷ​​െൻറ ഉത്തരവ്​ ഉണ്ടായിട്ടും (EC letter No.464/INST/2009/EPS dtd 30-12-2009) കേരളത്തിൽ കോളജ്​ അധ്യാപകരെ ഡ്യൂട്ടിക്ക്​ നിയോഗിക്കുന്നുണ്ട്. ഇത്​ സ്​ത്രീകൾക്ക്​ കൂടുതൽ ഇലക്​ഷൻ ഡ്യൂട്ടി ലഭിക്കുന്നതിനു കാരണമാകുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ സ്ത്രീപുരുഷ അനുപാതത്തിന്​ തുല്യതയുടെയോ വിവേചനത്തി​​െൻറയോ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മാത്രമല്ല, മറിച്ചു ​െജൻഡർ സെൻസിറ്റിവിറ്റിയുടെയും മാനുഷികതയുടെതന്നെയും മറ്റൊരു ഉയർന്ന തലത്തിലേക്കു ചർച്ച നയിക്കാൻ വേണ്ടിയാണ്​ ചൂണ്ടിക്കാണിക്കുന്നത്. ഡ്യൂട്ടി കിട്ടിയവരെ വന്നില്ലെങ്കിൽ നടപടിയെടുക്കും എന്ന്​ ഭീഷണിപ്പെടുത്തുന്നത്​ സാധ്യമല്ല എന്നതു മാത്രമല്ല, കോളജ്​ അധ്യാപകരുടെ കാര്യത്തിൽ അവരെ ഡ്യൂട്ടിക്ക്​ നിയോഗിക്കാൻ പ്രോട്ടോകോൾ അനുസരിച്ച്​ പേസ്കെയിലിൽ താഴ്ന്ന കേഡറിൽവരുന്ന ജില്ല ഇലക്​ഷൻ ഓഫിസർമാർ, ഡെപ്യൂട്ടി കലക്ടർമാർ, പുതിയതായി നിയമിക്കപ്പെട്ട കലക്​ടർമാർ എന്നിവർക്ക്​ അധികാരമില്ല എന്ന ചർച്ചയും കേസുകളും മറ്റു സംസ്ഥാനങ്ങളിൽ യൂനിവേഴ്സിറ്റി തലത്തിൽ നടക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ്​ ഡ്യൂട്ടി അധിക്ഷേപമാകരുത്
ഇലക്​ഷൻ ഡ്യൂട്ടി കിട്ടുന്നത്​ ഒരു അധിക്ഷേപമായി ഉദ്യോഗസ്ഥർക്ക്​ തോന്നാതിരിക്കണമെങ്കിൽ തെരഞ്ഞെടുപ്പിനുവേണ്ടി ചെലവിടുന്ന പണത്തിൽനിന്ന്​ പണികൾ എടുക്കുന്ന ഉദ്യോഗസ്ഥർക്ക്​ മാന്യമായ പ്രതിഫലം കൊടുക്കാനോ താമസസൗകര്യം, ഭക്ഷണം എന്നിവ ഒരുക്കാനോ ഒരുതുക മാറ്റിവെക്കുകതന്നെ വേണം. ഇന്ത്യയെപ്പോലെ ഇത്രയധികം ജനസംഖ്യയുള്ള രാജ്യത്ത്​ മാന്യമായ രീതിയിൽ ഇലക്​ഷൻ നടത്തുക എന്നത്​ ഏറെ പണവും പണിയും ആവശ്യമുള്ള കാര്യമാണ്. കേരളത്തിൽ പലയിടങ്ങളിലും ഇപ്രാവശ്യം ഇലക്​ഷൻ ദിവസം അതതിടങ്ങളിലെ കുടുംബശ്രീക്കാർ ഭക്ഷണം കൊണ്ടുവന്നുതരും ബൂത്തുകളിൽ എന്ന്​ അറിയിച്ചു. ഇലക്​ഷൻ ഓഫിസി​​െൻറ ചെലവിൽ ഏർപ്പാടാക്കിയതാണ്​ എന്ന്​ ഉദ്യോഗസ്ഥർ കരുതിയെങ്കിലും പോളിങ്സമയം കഴിഞ്ഞ്​ വൈകുന്നേരത്തെ തിരക്കിട്ട പണികൾക്കിടെ കുടുംബശ്രീക്കാർ ബില്ലും കൊണ്ടുവന്ന്​ പണം കൈപ്പറ്റുകയാണുണ്ടായത്. മുമ്പത്തേതിൽനിന്ന്​ വ്യത്യസ്തമായി ഇപ്രാവശ്യം വൈകിയാലും തിരിച്ചുപോകുന്നതിനായി പല റൂട്ടുകളിൽ ബസുകൾ കലക്​ഷൻ സ​െൻററുകളിൽനിന്ന്​ ഏർപ്പാടാക്കിയിരു​െന്നങ്കിലും പലയിടത്തും പോളിങ്​ സമയം അർധരാത്രിയും കഴിഞ്ഞു വൈകിയതിനാൽ വലഞ്ഞതായുള്ള പരാതികളും ഉയർന്നിട്ടുണ്ട്. കൂടുതൽ ബൂത്തുകൾ ഒരുക്കുക, ഒരു ബൂത്തിലെ വോട്ടർമാരുടെ എണ്ണം ആയിരത്തിൽ കവിയാത്തതായി നിശ്ചയിക്കുക, വേണ്ടിവന്നാൽ പല ദിവസങ്ങളിലായി/ഘട്ടങ്ങളിലായി ഇലക്​ഷൻ നടത്തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ കേരളത്തിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന്​ ഇപ്രാവശ്യത്തെ ഇലക്​ഷൻ പ്രത്യേകിച്ചും തെളിയിക്കുന്നു.

പലപ്പോഴും കലക്​ഷൻ സ​െൻററുകളിൽ ഓരോ കൗണ്ടറുകൾക്കു മുന്നിലുമുള്ള നീണ്ട ക്യൂ വലിയൊരു പ്രശ്​നംതന്നെയാണ്​ ഉദ്യോഗസ്ഥർക്ക്. തലേദിവസം രാവിലെ എട്ടു മണിക്കു വന്ന്​ ഉദ്യോഗസ്ഥർ ഒരു ഇൻഫർമേഷൻ ബോർഡിനു മുന്നിൽനിന്ന്​ തിക്കും തിരക്കും കൂട്ടേണ്ടിവരുന്നത്​ ഒഴിവാക്കാൻ ഓരോരുത്തർക്കും രജിസ്​റ്റർ ചെയ്യാൻ വ്യത്യസ്ത സമയങ്ങളോ കൗണ്ടർ നമ്പറുകളോ മുൻകൂട്ടി അറിയിച്ചാൽ മതിയാകും. ഇതേ അവസ്ഥതന്നെയാണ്​ ഇലക്​ഷൻ സമയം കഴിഞ്ഞ്​ മെഷീനുകൾ സീൽചെയ്ത്​ പ്രിസൈഡിങ്​ ഒാഫിസർ തയാറാക്കേണ്ട പലവിധ ഫോറങ്ങളും പൂരിപ്പിച്ച്​ കവറിലാക്കി സീൽചെയ്ത്​ കലക്​ഷൻ സ​െൻററിൽ തിരിച്ചേൽപിക്കാൻ ചെല്ലുമ്പോഴും ഉണ്ടാകുന്നത്. നാലഞ്ചു ബൂത്തുകളിൽനിന്നുള്ളതു മാത്രം ഒരു കൗണ്ടറിൽ കൊടുക്കുകയും തിരിച്ചു വാങ്ങിക്കുകയും ചെയ്താൽ ഇത്​ പരിഹരിക്കാവുന്നതേയുള്ളൂ. കലക്​ഷൻ സ​െൻററിൽ ഉദ്യോഗസ്ഥർക്ക്​ ഇരിക്കാനോ വിശ്രമിക്കാനോ സ്ഥലമോ സൗകര്യമോ ഇല്ല എന്നതും ഏറ്റവും ഖേദകരമായ അവസ്ഥയാണ്. ഇത്​ മിക്കവാറും ഏതെങ്കിലും സ്കൂളാകുമെങ്കിലും ഇലക്​ഷൻ സാമഗ്രികളുംകൊണ്ട്​ വരുന്നതിൽ പകുതി പേർ​ക്കെങ്കിലും ഇരിക്കാൻ ക്ലാസ്​ മുറികൾ തികയില്ല പലപ്പോഴും. വൃത്തിയുള്ള ടോയ്​ലെറ്റ്​ സൗകര്യങ്ങളോ ഇരിപ്പിടങ്ങളോ ഇല്ലാത്തത്​ സ്ത്രീകൾക്കും അതുപോലെ പലപ്പോഴും പുരുഷന്മാർക്കും ബുദ്ധിമുട്ടുളവാക്കുന്നതാണ്. ഇക്കാര്യങ്ങൾ ഇലക്​ഷൻ കമീഷൻ കണക്കിലെടുക്കുകയും പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും ഇതിലേക്കായി വേണ്ടത്ര ശ്രദ്ധകൊടുക്കുകയും ചെയ്യാത്തപക്ഷം അസ്വസ്ഥരായ ഉദ്യോഗസ്ഥരുടെ അടിമമനോഭാവം കൈവെടിഞ്ഞ പ്രതികരണം അനിവാര്യമാണ്.

Tags:    
News Summary - Election Officers -Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.