നിരാശരുടെ വിധിയെഴുത്ത്

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഏതാണ്ട് പാതി പിന്നിടുകയാണ്. ഇന്നത്തെ മൂന്നാംഘട്ട വോട്ടെടുപ്പ് കഴിയുമ്പോള്‍ 403ല്‍ 209 സീറ്റിലെയും ജനവിധി വോട്ടുയന്ത്രത്തിനുള്ളിലായി. എങ്കിലും അധികാരം ആരു പിടിക്കാന്‍ പോകുന്നുവെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ സമയമായില്ല. വ്യത്യസ്തവും നിര്‍ണായകവുമായ സാഹചര്യങ്ങള്‍ വോട്ടര്‍മാരെ ത്രിശങ്കുവിലാക്കിയ തെരഞ്ഞെടുപ്പാണിത്. അതിന്‍െറ ഫലവും ത്രിശങ്കുവാകുമോ എന്നു വ്യക്തമല്ല. ഇതുവരെയുള്ള പ്രവണതകള്‍ ഒരു കാര്യം വിളിച്ചു പറയുന്നു. യു.പിയിലെ ത്രികോണ മത്സരത്തില്‍ തൂത്തുവാരാമെന്ന നെഞ്ചുറപ്പ് സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിനോ ബി.ജെ.പിക്കോ ബി.എസ്.പിക്കോ ഇപ്പോഴില്ല. മത്സരം കടുത്തു എന്നതിനൊപ്പം വോട്ടര്‍മാരില്‍ ആവേശവുമില്ല. ജാതി സമവാക്യങ്ങളും പ്രാദേശിക ഘടകങ്ങളും വിധിയെഴുത്തില്‍ നിര്‍ണായകം.

യു.പിയിലെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനും ജീവന്മരണ പോരാട്ടമാണ്. ബിഹാറിനു പിന്നാലെ യു.പിയിലെ തോല്‍വി സങ്കല്‍പിക്കുക വയ്യ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പത്തെ രണ്ടുമൂന്നാഴ്ചകള്‍ക്കിടയില്‍ ഡസനോളം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.പിയില്‍ പോയത്. പ്രധാന നേതാക്കളെല്ലാം അവിടെ തമ്പടിച്ചിരിക്കുന്നു. എന്നാല്‍, മോദിത്തിരയടിച്ച 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍നിന്ന് രണ്ടരവര്‍ഷം മുന്നോട്ടുപോയപ്പോഴത്തെ ചിത്രം വേറെയാണ്. അന്നത്തെ ആവേശം ഉണ്ടാക്കിയെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും വോട്ടര്‍മാര്‍ നിരാശരാണ്. മോദിയുടെ വാഗ്ദാനങ്ങള്‍ക്കൊത്ത് ഉയര്‍ന്ന അഭിലാഷങ്ങള്‍ കരിഞ്ഞു. നോട്ട് അസാധുവാക്കിയതിന്‍െറ നേട്ടം പ്രസംഗവേദികളില്‍ വിളമ്പുന്നുണ്ടാകാം. എന്നാല്‍, അതിന്‍െറ മരവിപ്പ് അനുഭവിക്കുന്ന വ്യാപാരിയും കര്‍ഷകനുമൊന്നും ആവേശംകൊള്ളുന്നില്ല. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ ഇരമ്പമാകുന്നില്ല. ആര്‍.എസ്.എസ്് ശൃംഖല വലിയൊരു കരുത്താണെങ്കില്‍ത്തന്നെ, മുഖ്യമന്ത്രി സ്ഥാനാര്‍ഥിപോലുമില്ലാത്ത പോരാട്ടമാണ് ബി.ജെ.പി യു.പിയില്‍ നടത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രയോജനപ്പെടുത്തിയ വര്‍ഗീയ ധ്രുവീകരണത്തിന്‍െറ സംഘര്‍ഷാത്മക അന്തരീക്ഷം അടങ്ങി. ഇതിനെല്ലാമിടയില്‍ 2014ലേക്കാള്‍ മികച്ച നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെടുന്നത് വെറും വായ്ത്താരി.

രാഷ്ട്രീയത്തില്‍ കാര്യങ്ങളുടെ ഗതി തിരിയാന്‍ അധികനേരം വേണ്ട. എങ്കിലും ഇന്നത്തെ ചുറ്റുപാടില്‍ സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് ഒരളവില്‍ മേല്‍ക്കൈ അവകാശപ്പെടാം. അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡിംപ്ള്‍ യാദവ് എന്നിങ്ങനെ യുവനിരയുടെ സാന്നിധ്യവും ആവേശവുമാണ് അതിനാധാരം. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയിലുണ്ടായ വര്‍ഗീയകലാപങ്ങള്‍, മറ്റു പിഴവുകള്‍ എന്നിവയുടെ ഭാണ്ഡം അഖിലേഷ് ചുമക്കുമ്പോള്‍തന്നെയാണിത്. മെച്ചപ്പെട്ട ഒരു കൂട്ടായ്മ എന്ന നിലയില്‍ അഖിലേഷ്-രാഹുല്‍ സഖ്യത്തിന് യു.പിയില്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. പ്രധാന വോട്ടുബാങ്കായ യാദവരുടെയും ന്യൂനപക്ഷങ്ങളുടെയും മനോഭാവം ഒന്നുകൊണ്ടുമാത്രമല്ല അത്. ബി.ജെ.പിക്കും ബി.എസ്.പിക്കും ലഭിക്കുമായിരുന്ന വോട്ടുകളില്‍ ഒരു പങ്ക് സ്വാധീനിക്കാന്‍ യുവനേതാക്കള്‍ക്ക് സാധിക്കുമെന്ന വിലയിരുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മുലായം സിങ്ങിന്‍െറ പാരകള്‍ മകനുനേരെ ഉണ്ടായെന്നു വരില്ല. എന്നാല്‍, ഇളയച്ഛന്‍ ശിവ്പാല്‍ യാദവിന് സ്വാധീനമുള്ള ചില മണ്ഡലങ്ങളിലെങ്കിലും പാരവെപ്പ് ഈ സഖ്യം ഭയക്കണം. കോണ്‍ഗ്രസിനു സ്വാധീനമുള്ള അമത്തേി, റായ്ബറേലി തുടങ്ങിയ സ്ഥലങ്ങളില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് പരസ്പരം പൊരുത്തപ്പെട്ടുപോകാന്‍ സാധിക്കാത്തതും പ്രാദേശികമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

പലവട്ടം യു.പി ഭരിച്ച കരുത്തുണ്ടായിട്ടും ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റുപോലും കിട്ടാത്ത ഗതികേട് നേരിടേണ്ടിവന്ന പാര്‍ട്ടിയാണ് മായാവതിയുടെ ബി.എസ്.പി. വര്‍ഗീയ ചേരിതിരിവിന്‍െറയും മോദിത്തിരയുടെയും ഇളക്കത്തിലാണ് അതു സംഭവിച്ചത്. എന്നാല്‍, മായാവതിയെ കൈവിട്ട് മോദിക്കു പിന്നാലെ പോയ ജാദവരും മറ്റു അതിപിന്നാക്ക വിഭാഗക്കാരും വീണ്ടും ബി.എസ്.പിയിലേക്ക് മടങ്ങിയിട്ടുണ്ട്. മായാവതിയെ മുമ്പൊക്കെ അധികാരത്തിലേറ്റിയത് പിന്നാക്കക്കാര്‍ മാത്രമല്ല. മുമ്പ് സഹായിച്ചിട്ടുള്ള ബ്രാഹ്മണ, ബനിയ വിഭാഗങ്ങള്‍ക്ക് ബി.എസ്.പിയോട് വീണ്ടുമുള്ള താല്‍പര്യം പ്രകടമാണ്. ഇതൊക്കെയും മായാവതിക്ക് അനുകൂലമായ ഘടകങ്ങള്‍. എന്നാല്‍, ഇക്കുറി മായാവതി പ്രതീക്ഷവെച്ച മുസ്ലിം വോട്ടുകള്‍ പൂര്‍ണാര്‍ഥത്തില്‍ ബി.എസ്.പിയെ സഹായിച്ചെന്നു വരില്ല. 99 സീറ്റില്‍ മുസ്ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചുകൊണ്ട്, തന്ത്രപരമായൊരു ചുവട് മായാവതി മുന്നോട്ടുനീക്കിയതാണ്. സംസ്ഥാന ഭരണത്തിലിരിക്കുന്ന സമാജ്വാദി പാര്‍ട്ടിയോടുള്ള അമര്‍ഷം അതുവഴി മുതലാക്കാമെന്ന ധാരണ തെറ്റായിരുന്നില്ല. എന്നാല്‍, അതിനുശേഷം മുലായം സിങ്ങിനത്തെന്നെ മകന്‍ നിഷ്പ്രഭനാക്കിയതും രാഹുലും അഖിലേഷും തോളില്‍ കൈയിട്ടതും കണക്കുകൂട്ടിയതിന് അപ്പുറമായി. മാധ്യമങ്ങളിലെ തിളപ്പുകളില്‍ വലിയ ഇടം കിട്ടാതെതന്നെ, തീവ്രവും നിശ്ശബ്ദവുമായ പ്രചാരണത്തിലാണ് മായാവതി. അതിനിടയില്‍ ന്യൂനപക്ഷ വോട്ടുകള്‍ മണ്ഡല സാഹചര്യങ്ങള്‍ക്ക് അനുസൃതമായി എസ്.പിക്കും ബി.എസ്.പിക്കുമായി ഭിന്നിച്ചുപോകാന്‍ ഇടയുണ്ട്.

ഏഴില്‍ നാലു ഘട്ടങ്ങളിലെ വോട്ടെടുപ്പാണ് ഇനി ബാക്കി. കഴിഞ്ഞതില്‍ പ്രധാനം പശ്ചിമ യു.പിയാണ്. ഇവിടെ അജിത് സിങ്ങിന്‍െറ രാഷ്ട്രീയ ലോക്ദളിനും മായാവതിയുടെ ബി.എസ്.പിക്കുമാണ് നേട്ടം പ്രതീക്ഷിക്കപ്പെടുന്നത്. മുസഫര്‍നഗറിലെ കലാപത്തീ കൊണ്ട് കളിച്ച് ജാട്ട് വോട്ട് തൂത്തുവാരുകയാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചെയ്തത്. എന്നാല്‍, ബി.ജെ.പിയോട് ഇക്കുറി അവര്‍ക്ക് കലിപ്പാണ്. നോട്ട് അസാധുവാക്കിയതിന്‍െറ മേനിപറച്ചിലല്ല, കെടുതികളാണ് ജനത്തെ സ്വാധീനിച്ചത്. ജാട്ട് സംവരണത്തിലടക്കം മോദി നല്‍കി പ്രതീക്ഷകള്‍ നിരാശക്ക് വഴിമാറുകയാണ് ചെയ്തത്. എന്നാല്‍, അഖിലേഷ്-കോണ്‍ഗ്രസ് സഖ്യത്തെ പിന്താങ്ങാന്‍ അവര്‍ തയാറായില്ല. അതാണ് പശ്ചിമ യു.പിയില്‍ അജിത് സിങ്ങിനും മായാവതിക്കും പ്രയോജനപ്പെട്ടത്. കിഴക്കന്‍ യു.പിയിലേക്ക് എത്തുമ്പോള്‍ ആഭ്യന്തരക്കുഴപ്പങ്ങള്‍ ബി.ജെ.പിയെ കാത്തിരിക്കുന്നു. 80ല്‍ 72 സീറ്റും വെട്ടിപ്പിടിക്കാന്‍ പാകത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായിവന്ന ഹൈന്ദവ/ഹിന്ദുത്വ വോട്ട് ഏകീകരണം ശിഥിലമാകുന്നു. പ്രസംഗവേദികളില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ രണ്ടരവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമിക്കുമ്പോള്‍, നോട്ട് അസാധുവാക്കലിന്‍െറ പ്രയാസം തികട്ടുന്ന വോട്ടറോട് നോട്ടിടപാടിന്‍െറ മഹത്ത്വം പറയാന്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ഭയക്കുന്നു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് യു.പിയില്‍ കിട്ടിയത് 42 ശതമാനം വോട്ടാണ്. അതില്‍ ഒരു പങ്ക് നഷ്ടപ്പെട്ടാല്‍കൂടി അധികാരം പിടിക്കാമെന്ന അവകാശവാദമാണ് ബി.ജെ.പിക്കാര്‍ പുറമേക്ക് പങ്കുവെക്കുന്നത്. കശ്യപ്, കുര്‍മി, സെയ്നി തുടങ്ങിയ യാദവേതര ഒ.ബി.സി വോട്ടുകള്‍ ഇപ്പോഴും തങ്ങള്‍ക്കൊപ്പമാണെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. എന്നാല്‍, ഓരോ മണ്ഡലത്തിലെയും നേരിയ വോട്ടുചോര്‍ച്ചപോലും ജയപരാജയങ്ങള്‍ മാറ്റിയെഴുതിയെന്നു വരാം. അത് ബി.ജെ.പിയുടെ കണക്കിന് അനുസൃതമാകണമെന്നില്ല. മുന്നോട്ടുവെക്കാനാഞ്ഞ ചുവട് പിന്നാക്കം വലിക്കേണ്ടിവരുന്നതിനിടയില്‍, എതിര്‍പാളയങ്ങളില്‍ വിള്ളലുണ്ടാക്കാന്‍ ചില ഉപായങ്ങളില്‍ ബി.ജെ.പി ശ്രദ്ധവെക്കുന്നുണ്ട്. എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനും ബി.എസ്.പിക്കുമിടയില്‍ മുസ്ലിം വോട്ട് ഭിന്നിച്ചുപോകാനുള്ള പ്രാദേശിക കൗശലങ്ങളാണ് ഒരു വശത്ത്. പിന്നാക്ക, ന്യൂനപക്ഷ വോട്ട് ഏകീകരണത്തിലേക്ക് വിരല്‍ചൂണ്ടി മുന്നാക്ക, ഹൈന്ദവ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയെന്ന ഉപായമാണ് മറ്റൊന്ന്. രണ്ടും നിസ്സാരമല്ല. എന്നാല്‍, കേന്ദ്രഭരണവും മോദിയും സൃഷ്ടിച്ച നിരാശയെ കടത്തിവെട്ടാന്‍ ഇത്തരം ഉപായങ്ങള്‍ മാത്രം മതിയാകില്ല.

ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമെങ്കില്‍ അതൊരു മഹാദ്ഭുതം തന്നെ. എന്നാല്‍, തോറ്റാലോ? മോദി-അമിത് ഷാ അച്ചുതണ്ടിനെതിരായ ആഭ്യന്തര കലാപത്തിലേക്കാണ് അത് ബി.ജെ.പിയെ നയിക്കുക. ബിഹാറിനു പിന്നാലെ യു.പിയും ഭരണകക്ഷിയെ പുറന്തള്ളിയാല്‍, പ്രതിപക്ഷത്തിന്‍െറ വീര്യം പതിന്മടങ്ങ് വര്‍ധിക്കും. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിക്ക് പേടിസ്വപ്നമായി മാറും.

Tags:    
News Summary - up elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.