നൂർ ഹുസൈൻ തന്റെ ബാഗ് തുറന്ന് ഒരു കെട്ട് കടലാസുകളെടുത്ത് കാണിച്ചു- നോക്കൂ, ഞങ്ങൾ ഇന്ത്യക്കാരാണ്, അത് തെളിയിക്കാനുള്ള രേഖകളെല്ലാം ഞങ്ങളുടെ പക്കലുണ്ട്. അസം തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശമായ നരേംഗിയിലെ ഒറ്റമുറി തകരവീട്ടിലേക്ക് നൂർഹുസൈൻ-സഹീറ ബീഗം ദമ്പതികളും അവരുടെ എട്ടും ഒമ്പതും വയസ്സുള്ള കുഞ്ഞുങ്ങളും മടങ്ങിയെത്തിയിട്ട് ഒരു വർഷമാവുന്നതേയുള്ളൂ. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ എന്ന ആരോപണം പേറി 18 മാസക്കാലം ഗുവാഹതിയിൽനിന്ന് 134 കിലോമീറ്റർ അകലെയുള്ള ഗോൽപാര ജില്ലയിലെ തടങ്കൽപാളയത്തിൽ അടച്ചിരിക്കുകയായിരുന്നു അവരെ.
അറസ്റ്റിലായപ്പോൾ മക്കളെ ഒറ്റക്ക് വീട്ടിൽ വിട്ടേച്ചുപോകാൻ കഴിയാത്തതിനാൽ ഡിറ്റൻഷൻ ക്യാമ്പിലേക്ക് കൊണ്ടുപോവാൻ നിർബന്ധിതരാവുകയായിരുന്നുവെന്ന് സഹീറ പറയുന്നു.
നീണ്ട തടങ്കലിന്റെ ഭീതി കുടുംബത്തെ വിട്ടൊഴിഞ്ഞിട്ടില്ല. ഇപ്പോഴവർ ജീവിതം വീണ്ടും തുന്നിച്ചേർക്കാനുള്ള പെടാപ്പാടിലാണ്. മാതാപിതാക്കൾ അറസ്റ്റിലായതിനെ തുടർന്ന് സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ട മൂത്തമകന് വീണ്ടും പ്രവേശനം സംഘടിപ്പിക്കാൻപോലും കടുത്ത പ്രയാസം നേരിടുന്നു.
2019 ആഗസ്റ്റ് 19ന് ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) പ്രസിദ്ധീകരിച്ചപ്പോൾ 1.9 ദശലക്ഷം ആളുകളാണ് അനിശ്ചിതത്വത്തിലേക്ക് തള്ളപ്പെട്ടത്.
നിയമ പ്രക്രിയ നടത്താനുള്ള ശേഷിയില്ലാത്ത നിരവധി പേർ 'അനധികൃത കുടിയേറ്റക്കാർ' എന്ന ആരോപണത്തിന്റെ പേരിൽ അറസ്റ്റ് ഭീഷണിയിലാണ്. 2021 ഡിസംബർ 31 വരെ 1,43,466 ആളുകളെ ട്രൈബ്യൂണലുകൾ വിദേശികളായി പ്രഖ്യാപിച്ചിരിക്കുന്നു. നൂറ് ട്രൈബ്യൂണലുകളിലായി സംസ്ഥാനത്ത് 1,23,829 കേസുകൾ കെട്ടിക്കിടക്കുന്നു.
മാസങ്ങളായി തടവിൽ കഴിയേണ്ടിവന്ന നൂർ ഹുസൈനെയും സഹീറയെയും പോലുള്ള ആളുകൾക്ക് ഇന്ത്യക്കാരാണ് എന്ന് തെളിയിക്കപ്പെട്ട ശേഷവും ജീവിതം പുനരാരംഭിക്കാൻ വേണ്ട ഒരു പിന്തുണയും ലഭ്യമായിട്ടുമില്ല.
''ഡോക്യുമെന്റേഷനെ കൂടുതലായി ആശ്രയിക്കുകയും ന്യൂനപക്ഷങ്ങളോട് ശത്രുത പുലർത്തുകയും ചെയ്യുന്ന ഒരു രാജ്യത്ത്, പൗരത്വമാണ് നിലനിൽപിന്റെ അടിസ്ഥാനം' അനധികൃത കുടിയേറ്റ ആരോപണം നേരിടുന്ന നിരവധി പേരുടെ അഭിഭാഷകനും ഫുൾബ്രൈറ്റ് സ്കോളറുമായ അമൻ വദൂദ് പറയുന്നു. ഏതെങ്കിലും ഒരു അഭിഭാഷകൻ സ്വമേധയാ കേസ് ഏറ്റെടുക്കാത്തപക്ഷം ഉന്നത കോടതികളിൽ നിയമപോരാട്ടം താങ്ങാൻ കഴിഞ്ഞെന്നു വരില്ല. പൗരത്വമില്ലാത്തപക്ഷം മറ്റെല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടും. ഒരു ട്രൈബ്യൂണൽ വിദേശിയായി പ്രഖ്യാപിച്ചാലുടൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭീതിയുമുണ്ട്.''
വടക്കൻ അസമിലെ ഉദൽഗുരിയാണ് നൂർ ഹുസൈന്റെ സ്വദേശം. റിക്ഷാവലിക്കാരനാണ്. 2017ന്റെ തുടക്കത്തിലാണ് സദ്ഗാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ റിക്ഷാവലിക്കാരനായ നൂറിനെയും സഹീറയെയും തേടിവരാൻ തുടങ്ങിയത്. കുടുംബപശ്ചാത്തലവും വിവരങ്ങളുമൊക്കെയാണ് തിരക്കിയത്. സ്വന്തം ഗ്രാമത്തിൽനിന്ന് ആരെങ്കിലും ഉദൽഗുരി പൊലീസ് സ്റ്റേഷനിൽ എത്തി സാക്ഷ്യപ്പെടുത്തണമെന്ന് പിന്നീട് വന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
മൂന്നാം തവണ പൊലീസുകാർ എത്തിയത് ഹുസൈന്റെയും സഹീറയുടെയും കേസുകൾ വിദേശ ട്രൈബ്യൂണലിലേക്ക് കൈമാറിയെന്ന് അറിയിക്കാനായിരുന്നു. ആറായിരം രൂപയാണ് ഹുസൈന്റെ മാസവരുമാനം. അതിൽ 2500 രൂപ വീട്ടുവാടക നൽകണം. 4000 രൂപ നൽകി ഒരു വക്കീലിനെ ഏർപ്പാടാക്കാൻ ഹുസൈന് സാധിച്ചു, എന്നാൽ, 20,000 രൂപ വേണമെന്നാവശ്യപ്പെട്ട് അഭിഭാഷക വക്കാലത്ത് ഒഴിഞ്ഞു. സഹീറക്ക് നിയമപ്രതിനിധിയെ കിട്ടിയതുമില്ല.
അങ്ങനെ ട്രൈബ്യൂണലിന് മുന്നിൽ പ്രതിനിധാനം ചെയ്യാൻ അഭിഭാഷകരില്ലാഞ്ഞതിന് പുറമെ ചില വാദംകേൾക്കലുകളിൽ ഹാജരാവാനും ഇവർക്ക് കഴിഞ്ഞില്ല. ഫോറിനേഴ്സ് ആക്ട് പ്രകാരം പൗരത്വം തെളിയിക്കേണ്ടത് വ്യക്തികളുടെ ബാധ്യതയാണ്. ട്രൈബ്യൂണലിൽ ഹാജരായില്ലെങ്കിൽ ഏകപക്ഷീയമായ തീർപ്പുമുണ്ടാവും. 2018 മേയ് മാസം നൂർ ഹുസൈനെയും 2019 മാർച്ചിൽ സഹീറയെയും ട്രൈബ്യൂണൽ വിദേശികളെന്ന് വിധിച്ചു. 2019 ജൂണിൽ ഇവരെ അറസ്റ്റ് ചെയ്ത് തടങ്കൽപാളയത്തിലേക്കയച്ചു.
തുടർന്ന് ബന്ധുക്കളും സാമൂഹിക പ്രവർത്തകരും പൗരാവകാശ അഭിഭാഷകനായ അമൻ വദൂദിനെ ബന്ധപ്പെടുകയും സയ്യദ് ബുർഹാനുർറഹ്മാൻ, സക്കീർ ഹുസൈൻ എന്നിവർക്കൊപ്പം അദ്ദേഹം ഗുവാഹതി ഹൈകോടതിയിലും വിദേശ ട്രൈബ്യൂണലിലും ഇവർക്കായി ഹാജരാവുകയുമായിരുന്നു.
അന്വേഷണത്തിന്റെ സാധുതയെയും രീതിയെയും ഹൈകോടതിയിൽ ചോദ്യം ചെയ്യുകയും രേഖകൾ ഹാജരാക്കുകയും ചെയ്തപ്പോൾ ഇരുവർക്കും ജാമ്യം ലഭിച്ചു, ഡിസംബർ 2020ൽ അവർ ഇന്ത്യക്കാരാണെന്നും വിദേശ ട്രൈബ്യൂണൽ വിധിച്ചു.
ഹുസൈന്റെ പിതൃവ്യരുടെ പേരുകൾ 1951ൽ പുറത്തിറങ്ങിയ പൗരത്വപ്പട്ടികയിലുണ്ടായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. പിതാവിന്റെ പേര് 1965ലെ വോട്ടർപ്പട്ടികയിലുമുണ്ടായിരുന്നു. സഹീറയുടെ പിതാവിന്റെ പേരും പൗരത്വ വോട്ടർപ്പട്ടികകളിലുണ്ടായിരുന്നു. 1958-59 കാലയളവിലെ ഭൂരേഖകളും അവർക്കുണ്ടായിരുന്നു.
ഡിറ്റൻഷൻ ക്യാമ്പ് എന്ന വിളിപ്പേരുള്ള സംവിധാനത്തിന്റെ പേര് ട്രാൻസിറ്റ് ക്യാമ്പ് എന്നാക്കാൻ പോകുന്നതായി റിപ്പോർട്ടുകളുണ്ട്. പക്ഷേ, ഉള്ളിലെ അവസ്ഥ ജയിൽ സമാനമാണ്. 14 പേരെങ്കിലുമുണ്ടാവും ഓരോ മുറിയിലും. ഭക്ഷണം പരിതാപകരം. ഹുസൈനെ പാർപ്പിച്ചതിൽനിന്ന് മാറി കൂറ്റൻ മതിലും ഇരുമ്പുവേലികളും കഴിഞ്ഞ് ഒരു കെട്ടിടത്തിലാണ് ഭാര്യയെയും കുഞ്ഞുങ്ങളെയും താമസിപ്പിച്ചിരുന്നത്. വല്ലപ്പോഴും ബന്ധുക്കൾ ആരെങ്കിലും കാണാൻ വരുമ്പോൾ മാത്രമാണ് ഹുസൈൻ മക്കളെ കണ്ടിരുന്നത്.
നിർബന്ധമായി പാലിക്കപ്പെടേണ്ട ബാലനീതി നിയമങ്ങളൊന്നുംതന്നെ ഈ കുഞ്ഞുങ്ങളുടെ കാര്യത്തിൽ പാലിക്കപ്പെട്ടില്ലെന്ന് ബാലാവകാശ പ്രവർത്തകൻ റഫീഖുൽ ഇസ്‍ലാം ചൂണ്ടിക്കാട്ടുന്നു. ഇത് ഒറ്റപ്പെട്ട ഒരു കഥയല്ല. പൗരത്വ വിഷയം മൂലം അസമിലെ ആയിരക്കണക്കിന് മനുഷ്യർ നേരിടുന്ന യാഥാർഥ്യമാണ്.
സ്വതന്ത്ര മാധ്യമ പ്രവർത്തകയും ഏഷ്യാസ്പീക്സ് ഫെല്ലോയുമാണ് ലേഖിക
(കടപ്പാട്: article-14.com)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.