ഭൂമിയിലെ എല്ലാ വിഭവങ്ങളുടെയും ഉപഭോഗം കഴിഞ്ഞ 50 വർഷത്തിനിടയിൽ മൂന്നിരട്ടി വളർന്നിരിക്കുന്നു. 2017ൽ ലോകം 92 ശതകോടി മെട്രിക് ടൺ പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ചതായാണ് യു.എൻ കണ്ടെത്തൽ. മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ ഫലമായി ഏതാണ്ട് 80 ശതമാനത്തോളം വനഭൂമി നാശമടഞ്ഞു, ഇതിലേറെയും ഉഷ്ണമേഖലയിലാണ്.
2020ൽ ‘ദി ഗാർഡിയൻ‘ പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച്, ആഗോളമായി വന്യജീവി ജനസംഖ്യ ഭീതിദമാംവിധം താഴ്ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 40 വർഷങ്ങളായി മൃഗജനസംഖ്യ 68 ശതമാനം കുറഞ്ഞിട്ടുള്ളതായി 2020ലെ കണക്കുകൾ സൂചിപ്പിക്കുന്നു. പ്രകൃതിവിഭവങ്ങൾ കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ നാളെ എന്നൊന്നുണ്ടാകില്ല എന്നത് ഒരു യാഥാർഥ്യമായി അതിവേഗം നമ്മുടെ മുന്നിൽ വളരുകയാണ്.
സതേൺ കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ നിയമ അധ്യാപകനും പരിസ്ഥിതി നിയമ വിദഗ്ധനുമായിരുന്ന പ്രഫ. ക്രിസ്റ്റഫർ ഡി.സ്റ്റോൺ 1972ൽ എഴുതിയ ഒരു പ്രബന്ധത്തിലൂടെയാണ് പ്രകൃതിക്ക് അവകാശങ്ങളുണ്ടെന്ന ആശയം അമേരിക്കയിൽ വേരൂന്നിയത്.
വാൾട്ട് ഡിസ്നി കമ്പനി പൊതുസ്ഥലത്ത് റിസോർട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ നടന്ന ഘട്ടത്തിലാണ് സ്റ്റോൺ ഈ ആശയം മുന്നോട്ടുവെച്ചത്. കേസിൽ 4-3 എന്നനിലയിലായിരുന്നു വിധി നിർണയം. വിധിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച ജഡ്ജി തന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി: “പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സമകാലിക പൊതുസമൂഹത്തിന്റെ ആശങ്ക പ്രത്യേക പരിഗണന അർഹിക്കുന്നു.
പ്രകൃതിയിലെ വസ്തുക്കൾക്ക് അവരുടെ സംരക്ഷണം അവകാശപ്പെടാവുന്നതാണ്”. വനങ്ങൾക്കും, സമുദ്രത്തിനും,നദികൾക്കും, ചുരുക്കി പ്പറഞ്ഞാൽ പ്രകൃതിക്കു മുഴുവനായും നിയമപരമായ അവകാശങ്ങൾ കൊടുക്കേണ്ടതാണെന്ന് വിധിയിൽ രേഖപ്പെടുത്തിയ ജസ്റ്റിസ് ഡഗ്ലസിനെ സ്റ്റോണിന്റെ ആശയങ്ങൾ സ്വാധീനിച്ചിരിക്കാം. Should Trees Have Standing? Law, Morality, and the Environment” എന്ന പേരിൽ തന്റെ വാദങ്ങൾ പുസ്തകരൂപത്തിൽ സ്റ്റോൺ പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി.
ശബ്ദമില്ലാത്ത വൃക്ഷങ്ങൾക്കും, മൃഗങ്ങൾക്കും, കടലിനും പരിസ്ഥിതിക്കാകെയും അവരുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതാമെന്ന് നിയമത്തിന്റെ ചുവടുപിടിച്ച് സ്റ്റോൺ വാദിച്ചു. 2021-ൽ അദ്ദേഹം അന്തരിച്ചപ്പോൾ ന്യൂയോർക് ടൈംസ് എഴുതി: "നിയമത്തിന്റെ മുന്നിൽ കാടുകൾക്കും, നദികൾക്കുമെല്ലാം അവകാശങ്ങളുണ്ടെന്ന ആശയം പ്രചരിപ്പിച്ചയാളാണ് സ്റ്റോൺ.
വിചിത്രമെന്നു തോന്നിയേക്കാവുന്ന ഈ ആശയം ആഗോളജനതയെ ഉത്തേജിപ്പിക്കാൻ പര്യാപ്തമായിരുന്നു. ഒരു വ്യക്തിക്ക് എന്നതുപോലെ പ്രകൃതിക്കും നിയമപരമായ അവകാശമുണ്ടെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് സുന്ദർലാൽ ബഹുഗുണ നേതൃത്വം നൽകിയ ഇന്ത്യയിലെ പരിസ്ഥിതിസംരക്ഷണ സമരപ്രസ്ഥാനമായ ‘ചിപ്കോ’ ഉടലെടുത്തത്.
വനവൃക്ഷങ്ങൾ യഥേഷ്ടം മുറിക്കാൻ കരാറുകാർക്ക് അനുവാദം നൽകിയ ഉത്തർപ്രദേശ് സർക്കാറിന്റെ നയത്തിനെതിരെ ‘ആവാസവ്യവസ്ഥയാണ് സ്ഥിരസമ്പത്ത്' എന്ന മുദ്രാവാക്യമുയർത്തി കർഷകരും ഗ്രാമീണ ജനങ്ങളും ഒത്തുചേർന്നു നടത്തിയ സമാധാനപരമായ സമരമായിരുന്നു അത്.
1973 മാർച്ച് 26ന് ഇപ്പോഴത്തെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മരംമുറി തടയാൻ മരങ്ങളെ മുറുകെപ്പുണർന്ന് ഗ്രാമീണ വനിതകൾ നടത്തിയസമരം ആഗോളശ്രദ്ധ പിടിച്ചുപറ്റി. പത്മഭൂഷൺ തുടങ്ങി അനേകം ബഹുമതികൾ നൽകി രാജ്യം ബഹുഗുണയെ ആദരിച്ചെങ്കിലും അദ്ദേഹത്തിന്റെ സന്ദേശം ഉൾക്കൊള്ളാൻ എത്രമാത്രം സാധിച്ചു എന്നത് നാം ആലോചിക്കേണ്ടതാണ്.
ഉത്തരാഖണ്ഡിലെ പർവതങ്ങളെ തുരന്നും, വെട്ടിമാറ്റിയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർമാണപ്രവർത്തനങ്ങൾ പർവതങ്ങളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്. പ്രകൃതിയുടെ അവകാശങ്ങൾ അംഗീകരിച്ചാൽ മാത്രമേ ആഗോള പാരിസ്ഥിതിക ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ എന്ന വാദഗതിയും വിദഗ്ധർ ഉന്നയിക്കുന്നു.
യു.എൻ ജനറൽ അസംബ്ലി 1992ൽ അവതരിപ്പിച്ച പ്രമേയത്തിൽ ‘പ്രകൃതിയുടെ അവകാശങ്ങൾ’ അംഗീകരിക്കുകയുണ്ടായി. ഒരു രാജ്യത്തെ പൗരർക്ക് മൗലികാവകാശങ്ങൾ ഉള്ളതുപോലെ അവിടത്തെ ആവാസവ്യവസ്ഥക്കും അവിടെ വളരുന്ന ജീവജാലങ്ങൾക്കും അവകാശങ്ങൾ ഉണ്ടെന്നതാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം.
ഭൂമിയിലെ വിഭവങ്ങളെല്ലാം സ്വന്തമാക്കാനും, യഥേഷ്ടം ഉപയോഗിക്കാനും, മനുഷ്യന് പരിപൂർണ അവകാശമുണ്ടെന്ന ഇരുപതാം നൂറ്റാണ്ടിലെ വാദത്തെ ചോദ്യംചെയ്യുന്നതാണ് പ്രകൃതിയുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ നിയമങ്ങൾ. ഒരു നിയമം എന്ന രീതിയിൽ ഇത് അംഗീകരിക്കുമ്പോൾ രണ്ട് അടിസ്ഥാനപരമായ ആശയങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
ഒന്നാമതായി മനുഷ്യന്റെ അവകാശങ്ങൾ അവന്റെ നിലനിൽപിനെ ആസ്പദമാക്കിയാണെന്ന തിരിച്ചറിവ്. യുക്തിപരമായി ചിന്തിച്ചാൽ പ്രകൃതിയില്ലെങ്കിൽ മനുഷ്യവംശത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകും എന്ന് മനസ്സിലാക്കാൻ വലിയ പ്രയാസമില്ല.
രണ്ടാമത്തേതും, കൂടുതൽ പ്രായോഗികവുമായ മറ്റൊരു വാദഗതി പ്രകൃതിയിലെ ആവാസവ്യവസ്ഥയെക്കുറിച്ചാണ്. മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ ഭൂമിയിലെ ആവാസവ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് അത് നിലനിർത്തുക എന്നത് പ്രാഥമികമായും, മനുഷ്യന്റെ ആവശ്യമാണ്.
ഇരുപതാം നൂറ്റാണ്ടിലെ പല പാരിസ്ഥിതിക നിയമങ്ങളും കാലഹരണപ്പെട്ടവയാണെന്ന് പരിസ്ഥിതി നിയമവിദഗ്ധർ വാദിക്കുന്നു. പ്രകൃതിയെ അതിന്റെ പൂർണതയിൽ പരിഗണിക്കാതെ വേറിട്ടുനിൽക്കുന്ന, നിയമങ്ങൾ പരിഷ്കരിക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു.
ഇവയെല്ലാം തന്നെ പ്രകൃതി സംരക്ഷണത്തിനല്ല മറിച്ച് സാമ്പത്തിക വളർച്ചക്കാണ് ഊന്നൽ കൊടുക്കുന്നത് എന്നതാണ് മറ്റൊരു വിഷയം. ഈ വിമർശനം ഗൗരവമുള്ളതാണെന്നും, കാലാവസ്ഥാവ്യതിയാനം സംബന്ധിയായ നിയമ നിർമാണങ്ങളിൽ പരിഗണിക്കപ്പെടേണ്ടതാണെന്നും ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സ്റ്റോൺ മുന്നോട്ടുവെച്ച ‘പ്രകൃതിയുടെ അവകാശങ്ങൾ’ എന്ന ആശയം ഇപ്പോൾ പാശ്ചാത്യസംസ്കാരത്തിന്റെ നിയമവ്യവസ്ഥിതിയുടെ ഒരു പുതിയ മാതൃകയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ വാദം ശക്തിപ്പെട്ടതോടെ വ്യവസായ സ്ഥാപനങ്ങളുടെയും, ജീവനില്ലാത്ത മറ്റുപല പ്രസ്ഥാനങ്ങളുടെയും അവകാശങ്ങൾ പോലെതന്നെ പ്രകൃതിക്കും അവകാശങ്ങളുണ്ടെന്ന ആശയമാണ് ശക്തി പ്രാപിച്ചത്.
സ്റ്റോണിന്റെ അഭിപ്രായത്തിൽ അത്തരമൊരു നിയമവ്യവസ്ഥയില്ലെങ്കിൽ പരിസ്ഥിതി പ്രവർത്തകർക്കോ, പ്രകൃതി സംരക്ഷകർക്കോ അവരുടെ ആവശ്യങ്ങളുമായി കോടതിയെ സമീപിക്കാൻ പ്രയാസമാണ്. ഇവിടെ വാദിയായി നിൽക്കുന്നത് അവകാശലംഘനം നേരിടുന്ന പ്രകൃതിയാണ്.
പുതിയ ചട്ടക്കൂടിലൂടെ നോക്കുമ്പോൾ പ്രകൃതി തന്റേതായ അവകാശങ്ങളുള്ള ഒരു പ്രസ്ഥാനം അഥവാ നിയമസാധുതയുള്ള ഒരു വ്യക്തിക്ക് സമമാകുന്നു. അവകാശങ്ങൾക്ക് നിയമസാധുത ലഭിക്കുമ്പോൾ പരാതികൾ കോടതികൾ പരിഗണിക്കേണ്ടതാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ഇത്തരമൊരു നിയമത്തിന്റെ പരിരക്ഷയുണ്ടെങ്കിൽ പ്രകൃതിയുടെ അവകാശങ്ങൾ നിയമപരമായി സംരക്ഷിക്കപ്പെടുക എന്നചുമതല ജനങ്ങളുടെതന്നെ ഉത്തരവാദിത്തമാകുന്നു.
ഏതാനും വർഷങ്ങളായി പലരാജ്യങ്ങളും പ്രകൃതിയുടെ അവകാശങ്ങൾ നിയമപരമായി സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ട്. പ്രാദേശിക ജനത, പൊതുസമൂഹം, നിയമവിദഗ്ധർ, യുവജനങ്ങൾ അങ്ങനെ പല വിഭാഗത്തിൽപെട്ട ജനങ്ങളും ഇതിൽ പങ്കാളികളാകുന്നുണ്ട്.
പ്രകൃതിയെ പരിരക്ഷിക്കാൻ നിയമവ്യവസ്ഥകൾ സമുചിതമായി പരിഷ്കരിക്കേണ്ടതുണ്ട് എന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. ഒരു പതിറ്റാണ്ടുമുമ്പ് കേട്ടിട്ടില്ലാത്ത ഈ വിഷയങ്ങൾ ഇന്ന് വിദ്യാലയങ്ങളിൽ പാഠ്യവിഷയമാക്കുന്നു. എഴുത്തുകാരും, കലാകാരന്മാരും, ചലച്ചിത്ര പ്രവർത്തകരുമെല്ലാം അവ ചർച്ച ചെയ്യുന്നു.
പ്രകൃതിനിയമം ഗൗരവമുള്ള വിഷയമായി ഇന്ത്യയിൽ എത്രയിടങ്ങളിൽ പഠിപ്പിക്കുകയും ചർച്ച ചെയ്യുന്നുമുണ്ടെന്നത് ആലോചിക്കേണ്ട വിഷയമാണ്. വികസ്വര രാഷ്ട്രങ്ങൾ ഈ വിഷയങ്ങളിൽ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.