ഭരണത്തിലെ അഴിമതിയെക്കുറിച്ച് ട്രാൻസ്പരൻസി ഇൻറർനാഷനൽ 2018 ഫെബ്രുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ അഴിമതിരാഹിത്യത്തില് സ്വീഡനും ഡെന്മാർക്കും ഒന്നാം സ്ഥാനത്തുനിൽക്കുന്നു. ആ റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം 81 ആണ്. ഏഷ്യ-പസഫിക്കിലെ 16 രാജ്യങ്ങളിൽ കൈക്കൂലിയുടെ കാര്യത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്നാണ് റിപ്പോർട്ട് പറയുന്നത്. ഭരണകർത്താക്കൾക്കിടയിൽ വാചാലതയിൽ ഒരു മത്സരമുണ്ടെങ്കിൽ അതിൽ നരേന്ദ്ര മോദി എ പ്ലസിനും മുകളിലായിരിക്കും. വാക്പ്രയോഗത്തിലെ മികവ് അദ്ദേഹം എന്നും എവിടെയും തെളിയിച്ചിട്ടുണ്ട്. പൊതുവേ അതിവാചാലത ശീലമാക്കിയ അദ്ദേഹം ചിലപ്പോൾ അത്ഭുതകരമായ മൗനം കൊണ്ടും അതിശയിപ്പിക്കും. അതും യാദൃച്ഛികമല്ല. തികഞ്ഞ കൗശലത്തോടെ, കൃത്യമായ കണക്കുകൂട്ടലോടെയുള്ളതാണ്. അപ്പോൾ ലോകം മുഴുവൻ കണ്ടത് അദ്ദേഹം കാണില്ല. എല്ലാവരും കേട്ട കാര്യങ്ങൾ മോദിയുടെ കാതിൽ പതിയില്ല.
ജനുവരി 23ന് ദാവോസിൽ ആഗോള സാമ്പത്തിക ഫോറത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുമ്പോൾ അദ്ദേഹം വാചാലനായി. തെൻറ ഭരണത്തിൽ ഇന്ത്യ ആർജിച്ച നേട്ടങ്ങളുടെ പട്ടികയുടെ ചുരുൾ നിവർത്തി അദ്ദേഹം. ലോകത്തിൽതന്നെ അതിവേഗം വളരുന്ന സമ്പദ്ഘടനയുടെ നായകനായി സ്വയം പരിചയപ്പെടുത്താനായിരുന്നു പ്രധാനമന്ത്രിയുടെ പരിശ്രമം. എന്നാൽ, പ്രസംഗത്തിെൻറ തൊട്ടു തലേന്നാൾ പ്രസിദ്ധീകരിക്കപ്പെട്ട ഓക്സ്ഫാം റിപ്പോർട്ട് അദ്ദേഹം കണ്ടില്ല; കേട്ടില്ല. അതാണ് മോദി. അസൗകര്യം ഉണ്ടാക്കുന്നതൊന്നും കാണാനും കേൾക്കാനും അദ്ദേഹംകൂട്ടാക്കാറില്ല. ഇന്ത്യയുടെ സാമ്പത്തിക വിതരണത്തിലെ കൊടിയ അനീതിയെക്കുറിച്ചാണ് ഓക്സ്ഫാം റിപ്പോർട്ട് പറഞ്ഞത്. ദേശീയ സമ്പത്തിെൻറ 73 ശതമാനവും ജനസംഖ്യയുടെ മുകൾപരപ്പിലുള്ള ഒരു ശതമാനം വരുന്ന അതിസമ്പന്നർ കൈക്കലാക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ ഒരു സാധാരണ തൊഴിലാളി 941 വര്‍ഷം പണിയെടുത്താലേ ഇവിടത്തെ പ്രമുഖ വസ്ത്രനിര്‍മാണ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ക്കു ഒരുവർഷം ലഭിക്കുന്ന ശമ്പളം കിട്ടൂ എന്നാണീ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
നല്ല ദിനങ്ങളിലേക്ക് അതിവേഗം കുതിക്കുന്ന ഇന്ത്യയുടെ വർണോജ്ജ്വല ചിത്രം വരക്കുമ്പോൾ സമൂഹത്തില്‍ ഏറ്റവും പാവപ്പെട്ട 67 ശതമാനം പേരുടെ വരുമാനം ഒരു ശതമാനംപോലും വർധിക്കുന്നില്ല. ഈ സത്യം കണ്ടില്ലെന്നു നടിക്കാന്‍ നരേന്ദ്ര മോദിയെ ആരും പഠിപ്പിക്കേണ്ടതില്ല. മുൻ ഭരണക്കാരെല്ലാം ചുവപ്പുനാട കൊണ്ടുനടന്നപ്പോൾ താൻ വിരിക്കുന്നത് വൻകിട നിക്ഷേപകർക്കുവേണ്ടിയുള്ള ചുവപ്പു പരവതാനിയാണെന്ന് സ്ഥാപിക്കലായിരുന്നു അദ്ദേഹത്തിെൻറ ലക്ഷ്യം. അതുകൊണ്ട് 2017 ഒക്ടോബറിൽ പുറത്തുവന്ന വേൾഡ് ഹംഗർ ഇൻഡക്സ് (ആഗോള വിശപ്പ് സൂചിക) ഇത്ര മാസങ്ങൾ കഴിഞ്ഞിട്ടും പ്രധാനമന്ത്രി അറിഞ്ഞ ലക്ഷണമില്ല. 118 രാജ്യങ്ങളിലെ വിശപ്പിെൻറ കഥ പറയുമ്പോൾ ആ റിപ്പോർട്ട് പ്രകാരം ഇന്ത്യ നിൽക്കുന്നത് 100 ാം സ്ഥാനത്താണ്. ലോകത്തെ ഏറ്റവും അധികം പട്ടിണിക്കാർ ജീവിക്കുന്നത് ഇന്ത്യയിലാണെന്ന സത്യം നരേന്ദ്ര മോദിയെപ്പോലൊരാൾക്ക് ഓർക്കാൻ ഇഷ്ടമായിരിക്കുകയില്ലല്ലോ. ഒരു വർഷം മുമ്പ് 95ാം സ്ഥാനത്തായിരുന്ന ഇന്ത്യ മോദി ഭരണത്തിൻ കീഴിലാണ് നൂറാം സ്ഥാനത്ത് എത്തിയത്. ഇത്തരം സത്യങ്ങൾക്കു മുന്നിൽ നിന്നുകൊണ്ടാണ് എന്തെല്ലാം പ്രസംഗിക്കണമെന്നും തമസ്കരിക്കണമെന്നും പ്രധാനമന്ത്രി തീരുമാനിക്കുന്നത്.
സ്വദേശി രാഷ്ട്രീയത്തിെൻറ അപ്പോസ്തലൻ ആയിരിക്കുമ്പോൾതന്നെ വിദേശ നിക്ഷേപകർക്കു മുന്നിൽ സമ്പദ്ഘടനയുടെ കവാടങ്ങളത്രയും തുറന്നുവെക്കുന്നതിൽ അദ്ദേഹത്തിന് ചാഞ്ചല്യമില്ല. കടിഞ്ഞാണില്ലാത്ത വിദേശനിക്ഷേപം എല്ലാ രംഗത്തും പിടിമുറുക്കുമ്പോൾ, സ്റ്റാർട്ടപ് -മേക് ഇൻ-ഡിജിറ്റൽ-സ്കിൽ ഇന്ത്യക്ക് എന്തു പറ്റുമെന്നു ചിന്തിക്കാൻ അദ്ദേഹത്തിന് ഒട്ടും സമയമില്ല. അഴിമതി തീണ്ടാത്ത പാർട്ടിയും ഭരണവുമാണ് തേൻറതെന്ന് നിരന്തരം പറയാൻ നരേന്ദ്ര മോദിക്ക് തെല്ലും മനസ്സാക്ഷിക്കുത്ത് ഉണ്ടാകുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ബിർള-സഹാറ ഗ്രൂപ്പുകളിൽനിന്ന് നരേന്ദ്ര മോദി കൈപ്പറ്റിയ അഴിമതിപ്പണത്തെപ്പറ്റി രാജ്യം ചർച്ചചെയ്യാതിരിക്കാൻ അദ്ദേഹം സമർഥമായി കരുക്കൾ നീക്കി. നരേന്ദ്ര മോദിയുടെ വലംകൈയും ബി.ജെ .പി പ്രസിഡൻറുമായ അമിത് ഷായുടെ പുത്രൻ 50,000 രൂപയിൽനിന്ന് 80.5 കോടിയിലേക്ക് തെൻറ ബിസിനസ് വളർത്തിയത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്. 16,000 മടങ്ങ് വളർച്ച സാധ്യമാക്കിയ ഈ ജാലവിദ്യയുടെ ഉള്ളുകള്ളികളെപ്പറ്റി ചോദ്യങ്ങൾ ഉണ്ടാകാതിരിക്കാൻ അവർ ജാഗ്രത കാണിച്ചു.
ജി.ഡി.പിയിലെ ഉയർച്ച താഴ്ചകൾ പ്രധാനമന്ത്രിയുടെ വാഗ്വിലാസത്തിൽ ഉണ്ടാക്കുന്ന പ്രതികരണങ്ങൾ പഠന വിധേയമാക്കേണ്ടതാണ്. നടപ്പു സാമ്പത്തിക വർഷത്തിെൻറ മൂന്നാം ത്രൈമാസികത്തിൽ ജി.ഡി.പി വളർച്ച നിരക്ക് 7.2 ശതമാനമാണെന്ന സ്ഥിതിവിവര കണക്ക് പുറത്ത് വന്നിരിക്കുന്നു. അതേ ചൊല്ലി പ്രധാനമന്ത്രി പടുത്തുയർത്താൻ പോകുന്ന അവകാശ വാദങ്ങളുടെ ചില്ലു മാളികകൾക്ക് എത്ര ഉയരമായിരിക്കും! ജി.ഡി.പി വളർച്ച നിരക്ക് 5.7 ശതമാനമായപ്പോൾ അതറിയാത്ത ഭാവത്തിൽ മാനം നോക്കിയിരുന്ന ആളാണ് മോദി. നടപ്പു സാമ്പത്തിക വർഷത്തിലെ ആകെ വളർച്ച നിരക്ക് 6.2 ശതമാനമാണെന്ന റിപ്പോർട്ടുകളും മോദിയും കൂട്ടരും കണ്ടതായി ഭാവിക്കില്ല. ദേശീയ വളർച്ച നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന നിരീക്ഷണത്തെക്കുറിച്ചും അർഥഗർഭമായ നിശ്ശബ്ദതയാണ് അവരിൽനിന്നുണ്ടാവുക.
ജി.ഡി.പി വളർച്ച നിരക്ക് ഇരട്ട അക്കത്തിലേക്ക് എത്തിക്കാൻ അവതരിച്ച ആളാണ് പ്രധാനമന്ത്രി മോദി. 10 ആയില്ലെങ്കിലും അത് ഒമ്പത് എങ്കിലും ആക്കുമെന്ന് അദ്ദേഹം കട്ടായം പറഞ്ഞതാണ്. റേറ്റിങ് ഏജൻസികൾ ഒരു പോയൻറ് വർധിച്ചതായി അറിയിച്ചാൽ പുരമുകളിൽ കയറി നരേന്ദ്ര മോദി അതാഘോഷമാക്കും. എന്നാൽ അത് അനവധി പോയൻറുകൾ താഴേക്ക് ഇടിഞ്ഞുവീണാൽ പ്രധാനമന്ത്രി കണ്ണും കാതും വായും പൊത്തിപ്പിടിച്ചിരിക്കും.
ധന മൂലധനത്തിെൻറ താൽപര്യങ്ങളും മാധ്യമങ്ങളുടെ കോർപറേറ്റ് ആധിപത്യവും തമ്മിൽ അഗാധമായ ഒരുതരം പാരസ്പര്യമാണുള്ളത്. അവർ പരസ്പരം സഹായിക്കാൻ ഒരുങ്ങിയവരാണ്. ഫിനാൻസ് മൂലധനവും വംശ മേധാവിത്വ വാഞ്ഛയും തമ്മിൽ ഇണ ചേരുന്നതിലൂടെയാണ് ഫാഷിസം പിറക്കുന്നത്. നുണയിൽ ജനിച്ച് നുണയിൽ വളർന്ന് നുണയിൽതന്നെ മരിക്കുന്നതാണ് ലോകത്തെവിടെയും ഫാഷിസത്തിെൻറ ചരിത്രം. ജനാധിപത്യത്തിെൻറ കാവൽ നായ്ക്കളായി വിവക്ഷിക്കപ്പെടുന്ന മാധ്യമങ്ങൾ അപ്പോൾ ജനദ്രോഹശക്തികളുടെ മടിയില്‍ ജീവിക്കുന്ന വളർത്തു പട്ടികളായി മാറും. നരേന്ദ്ര മോദി ഭരണത്തിൻ കീഴിൽ ഇന്ത്യൻ മാധ്യമങ്ങൾക്കുണ്ടായ ഭാവതകർച്ചകൾ അപഗ്രഥിച്ചാൽ ഇത് വ്യക്തമാകും. സമ്മതിയുടെ നിർമിതി (Manufacture of Consent) എന്നത് ഭരണവർഗത്തിെൻറ അതിജീവന തന്ത്രങ്ങളിൽ പ്രധാനമാണ്. ഭരണം വാരിയെറിയുന്നതെല്ലാം തിന്നുകൊഴുക്കുന്ന മാധ്യമങ്ങൾ ഈ സമ്മതി നിർമിച്ചെടുക്കുന്നതിൽ പരസ്പരം മത്സരിക്കും.
അധികാര രാഷ്ട്രീയവും കോർപറേറ്റ് ലാഭക്കൊതിയും തമ്മിലുള്ള അവിഹിത ബന്ധത്തിെൻറ സ്വാധീനത്താൽ മാധ്യമങ്ങൾ ഇവിടെ സ്വന്തം കടമ മറന്നിരിക്കുന്നു. സ്വന്തം രാഷ്ട്രീയ മോഹങ്ങൾ കൈയെത്തിപ്പിടിക്കാൻ ആവശ്യമായത് മാത്രം കാണുകയും കേൾക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയുടെ ഇംഗിതങ്ങൾക്കൊപ്പമാണ് ഇന്ത്യൻ മാധ്യമങ്ങൾ ഇന്ന് ചുവടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.