റിസര്‍വ് ബാങ്കിന്‍െറ മാര്‍ഗഭ്രംശങ്ങള്‍

2016 നവംബര്‍ എട്ടിന്, പ്രധാനമന്ത്രി രാജ്യത്തോട് നടത്തിയ പ്രഖ്യാപനം സാമ്പത്തിക അടിയന്തരാവസ്ഥയില്‍ കുറഞ്ഞതൊന്നുമായിരുന്നില്ല. നോട്ടു പിന്‍വലിക്കല്‍ രാജ്യത്തിന് പുതിയ അനുഭവം ആയിരുന്നില്ളെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതുപോലുള്ള കടുത്ത നടപടി മുമ്പൊരിക്കലും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തതായിരുന്നു.

ജനങ്ങളെ അവരുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കാതിരുന്നത് ആദ്യമായായിരുന്നു. രാജ്യത്തെ ബാങ്കുകള്‍ ദീര്‍ഘകാല പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ച വിശ്വാസ്യതയെ പൊടുന്നനെ ഈ നടപടി ഇല്ലാതാക്കി. കറന്‍സികളിലൂടെ റിസര്‍വ് ബാങ്ക് നിയമപരമായി നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടു. ഈ ഉറപ്പ് വിശ്വസിച്ച ജനങ്ങളുടെ പ്രശ്നങ്ങള്‍ അല്‍പംപോലും പരിഗണിക്കാതെ ഉറപ്പുനല്‍കിയവരുടെ താല്‍പര്യം മാത്രം പരിഗണിക്കുന്നതായിരുന്നു നടപടി. കേന്ദ്ര സര്‍ക്കാര്‍തന്നെ രൂപം നല്‍കിയ -ഇന്ത്യന്‍ കോണ്‍ട്രാക്റ്റ് ആക്ട് സര്‍ക്കാര്‍ തന്നെ ലംഘിച്ചു. കൂടാതെ, ആസ്തി കൈവശംവെക്കാന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശവും കടന്നാക്രമിക്കപ്പെട്ടു.

ഒരു നയം എന്ന നിലക്ക് നോട്ട് അസാധുവാക്കലിന് പല ഗുണങ്ങളും അവകാശപ്പെടാം. സമ്പദ്വ്യവസ്ഥയില്‍ കള്ളപ്പണത്തിന്‍െറ സ്വാധീനംകുറക്കല്‍, വില സ്ഥിരത ആര്‍ജിക്കല്‍, ആദായ നികുതി വലയില്‍ വരുന്നവരുടെ എണ്ണം കൂട്ടലും. ഇതുവഴി നികുതി നിരക്ക് കുറക്കാന്‍ കഴിയലും, തീവ്രവാദികളുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കല്‍, വ്യാജ കറന്‍സി വിപണിയില്‍നിന്ന് തുടച്ചുമാറ്റല്‍ അങ്ങനെ അവകാശവാദങ്ങളുടെ ലിസ്റ്റ് നീളാം.

500, 1000 രൂപ നോട്ടിന്‍െറ അസാധുവാക്കല്‍ കള്ളപ്പണത്തിനെതിരായ മിന്നലാക്രമണമാണെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. അണുവിട പാളിച്ചയില്ലാതെ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതാണ് മിന്നലാക്രമണം. എന്നാല്‍, പിന്‍വലിച്ച നോട്ടുകള്‍ക്കുപകരം പുതിയ കറന്‍സി കൊണ്ടുവരാന്‍ എന്തു പദ്ധതിയായിരുന്നു ആര്‍.ബി.ഐ ആസൂത്രണം ചെയ്തിരുന്നത്? കേന്ദ്ര സര്‍ക്കാറോ ആര്‍.ബി.ഐയോ ഈ മിന്നലാക്രമണത്തിന്‍െറ പ്രത്യാഘാതം പഠിച്ചിരുന്നോ? ഇത്തരം മിന്നലാക്രമണങ്ങള്‍ സാധാരണക്കാര്‍ക്ക് ഉണ്ടാക്കുന്ന ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ എന്ത് പോംവഴിയാണ് ആസൂത്രണം ചെയ്തിരുന്നത്?

ഏതു നയവും നടപടിയും വിലയിരുത്തപ്പെടുക അത് നടപ്പാക്കുന്ന രീതിയും അതിന്‍െറ ലക്ഷ്യപ്രാപ്തിയും വിലയിരുത്തിയാണ്. നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ രീതിയില്‍ ആര്‍.ബി.ഐ അമ്പേ പരാജയപ്പെട്ടുവെന്ന് ഉറപ്പ്. സ്ഥാപിതമായശേഷം ആദ്യമായി റിസര്‍വ് ബാങ്കിന്‍െറ വിശ്വാസ്യത കുത്തിയൊലിച്ച് പോവുന്നതാണ് കണ്ടത്. അതേസമയം, നോട്ട് അസാധുവാക്കലിന്‍െറ നേട്ടം വിലയിരുത്താന്‍ ഇനിയും സമയം ആയിട്ടുമില്ല.

നോട്ട് അസാധുവാക്കലോടെ കള്ളപ്പണത്തില്‍ ഏറിയ പങ്കും സമ്പദ്വ്യവസ്ഥയിലേക്ക് തിരികെ വരില്ളെന്നും കരുതിയിരുന്നു. ഇത് ഉറപ്പാക്കാനാണ് അക്കൗണ്ടുകളില്‍നിന്ന് നേരിട്ടും എ.ടി.എമ്മുകള്‍ വഴിയും പണം പിന്‍വലിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയതും സഹകരണ മേഖലയെ കറന്‍സി മാറ്റിയെടുക്കുന്ന നടപടിക്രമങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തിയതും. എന്നാല്‍, സാമ്പത്തിക ഇടപാടുകള്‍ ഭൂരിഭാഗവും കറന്‍സി കൈമാറ്റം വഴി നടത്തുന്ന ഒരു രാജ്യത്ത് ഈ നിയന്ത്രണങ്ങള്‍ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ജന ജീവിതം നിശ്ചലമാക്കുകയും ചെയ്തു. കേരളത്തിലെ ഒരു സാധാരണ ഇതര സംസ്ഥാന കൂലിത്തൊഴിലാളി മുതല്‍ സൂറത്തിലെ രത്നവ്യാപാരി വരെയുള്ള സകല ഇന്ത്യക്കാരും തീര്‍ത്തും മോശമായി ആസൂത്രണം ചെയ്ത പരിഷ്കാരത്തിന്‍െറ ചൂടില്‍ പൊരിഞ്ഞു.

ഈ പ്രയാസങ്ങള്‍ താല്‍ക്കാലികമാണെന്നാണ് അന്ന് പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം. എന്നാല്‍, വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ ഈ വാഗ്ദാനവും പൊള്ളയാണെന്നാണ് വ്യക്തമാകുന്നത്.

ഇന്ത്യയില്‍ നിലനിന്നിരുന്ന കറന്‍സി മൂല്യത്തിന്‍െറ 86 ശതമാനമാണ് ഒറ്റയടിക്ക് പിന്‍വലിക്കപ്പെട്ടത്. ഇത് രാജ്യത്താകമാനം കടുത്ത പണദൗര്‍ലഭ്യത്തിന് വഴിയൊരുക്കി. ചരിത്രത്തിലെ ഏറ്റവും വലിയ കറന്‍സി ദുരന്തത്തിന് രാജ്യം സാക്ഷ്യംവഹിച്ചു. ബാങ്ക് ശാഖകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ജനം ദിവസങ്ങളോളം വരിനിന്ന് വലഞ്ഞു. അതേസമയം, മിന്നലാക്രമണത്തില്‍ ലക്ഷ്യമാക്കപ്പെട്ട അഴിമതിക്കാര്‍ പുറത്ത് സര്‍ക്കാര്‍നീക്കത്തെ സ്വാഗതംചെയ്യുകയും ഒളിഞ്ഞിരുന്ന് പദ്ധതി തകര്‍ക്കാന്‍ കരുക്കള്‍ നീക്കുകയും ചെയ്തു.

പണദൗര്‍ലഭ്യം രാജ്യത്തുടനീളം പരിഭ്രാന്തി പരത്തി. നാളുകളായി ഇന്ത്യയില്‍ നിലനിന്നിരുന്ന സുരക്ഷിതമായ സാമ്പത്തിക സമവാക്യങ്ങള്‍ പൊടുന്നനെ മാറിമറിഞ്ഞു. ഏറെ പണം കുറച്ചു വസ്തുക്കളെ പിന്തുടരുന്ന അവസ്ഥയില്‍നിന്ന് വളരെയേറെ ഉല്‍പന്നങ്ങളും കുറച്ച് ഉപഭോക്താക്കളും എന്ന നിലയിലേക്ക് ഒരു രാത്രികൊണ്ട് കാര്യങ്ങള്‍ മാറി. ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞതോടെ ഉല്‍പാദകര്‍ ഉല്‍പാദനം വന്‍തോതില്‍ വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരായി. ഇത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. കാര്‍ഷിക മേഖലയാണ് ഏറ്റവും രൂക്ഷമായ ദുരിതം അനുഭവിക്കുന്നത്. സീസണിലെ കൃഷി ജോലികള്‍ വിവിധ ഘട്ടങ്ങളില്‍ എത്തിനില്‍ക്കുമ്പോഴാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കപ്പെടുന്നത്. തുടര്‍ന്ന് പണദൗര്‍ലഭ്യം രൂക്ഷമായതോടെ കൃഷിജോലികള്‍ മുന്നോട്ട് കൊണ്ടുപോകാനാകാതെ കര്‍ഷകര്‍ വലഞ്ഞു. ഇത്തരമൊരു സാഹചര്യം വിദൂരമല്ലാത്ത ഭാവിയില്‍ രാജ്യത്തിന് വിനാശകരമാകും.

എന്നാല്‍, ഇവിടെ അവസാനിക്കുന്നതല്ല പ്രശ്നങ്ങള്‍. ഇന്ത്യയിലെ പണ വിനിമയ സംവിധാനത്തിന്‍െറ ചുമതലക്കാരനായ റിസര്‍വ് ബാങ്കാണ് പണ വിനിമയം തടഞ്ഞത്. പണവിപണിയില്‍ ഇടപെടുന്നതിന് നിലവിലുള്ള എല്ലാ നയങ്ങള്‍ക്കും പാടെ വിരുദ്ധമായാണ് ഈ നടപടിയെന്നും ഓര്‍ക്കണം.

വിപണിയില്‍ പണലഭ്യത അമിതമാകുമ്പോള്‍ കരുതല്‍ ധന അനുപാതംപോലുള്ള ബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിച്ചും വിപണിയില്‍ നേരിട്ട് ഇടപെട്ടും റിസര്‍വ് ബാങ്ക് പണം വിപണിയില്‍നിന്ന് ഒഴിവാക്കാറാണ് പതിവ്. അതേസമയം, വിപണിയില്‍ പണലഭ്യത കുറയുമ്പോള്‍ നേരെ എതിര്‍ നടപടികളാണ് സ്വീകരിക്കുക. വിരോധാഭാസമെന്നു പറയട്ടെ, ഇപ്പോള്‍ സമ്പദ്വ്യവസ്ഥയെ ആകെ തളര്‍ത്തിയ വന്‍ പണദൗര്‍ലഭ്യം റിസര്‍വ് ബാങ്ക് തന്നെയാണ് ഉണ്ടാക്കിയത്.

രാജ്യത്ത് സാമ്പത്തിക ബന്ദ് പ്രഖ്യാപിക്കാന്‍ ആരാണ് റിസര്‍വ് ബാങ്കിന് അനുമതി നല്‍കിയത്. കറന്‍സി ശേഖരത്തിന്‍െറ 14 ശതമാനം മാത്രം ഉപയോഗിച്ച് രാജ്യം ചലിക്കണമെന്നായിരുന്നു ആര്‍.ബി.ഐ നിലപാട്. ഇത് വിപണിയല്‍ കറന്‍സി ചംക്രമണം വളരെയേറെ കുറച്ചു. മഹാ മാന്ദ്യ കാലത്താണ് (ഗ്രേറ്റ് ഡിപ്രഷന്‍) കറന്‍സിയുടെ ചംക്രമണം ഏറ്റവും കുറഞ്ഞ അവസ്ഥയില്‍ എത്തിയതെന്ന് പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.

അതുകൊണ്ടാണ് ഇതിനെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ ‘മഹാ ചുരുങ്ങല്‍’ (ഗ്രേറ്റ് കോണ്‍ട്രാക്ഷന്‍) എന്ന് വിശേഷിപ്പിച്ചത്.
മുന്‍കാല അനുഭവങ്ങള്‍ പരിശോധിച്ചാല്‍ സാമ്പത്തിക മാന്ദ്യമാവും ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാറിന്‍െറ നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഫലം എന്ന് സുവ്യക്തമാണ്. സമൂഹത്തിലെ പാവപ്പെട്ടവരും പീഡിതരും ആവും ഇത്തരം സാഹചര്യങ്ങളുടെ പ്രധാന ഇരകള്‍.

മിന്നലാക്രമണത്തിന്‍െറ തിരിച്ചടി നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായി ഒതുക്കാന്‍ നിലവില്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞേക്കില്ല. വരുന്ന കുറെയേറെ നാളുകളിലും അതിന്‍െറ അലയൊലികള്‍ തുടരും. ഈ ദുരന്തം ഒഴിവാക്കണമെങ്കില്‍ സമയം ഒട്ടും പാഴാക്കാതെ സാമ്പത്തിക മാന്ദ്യം അകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി മിന്നലാക്രമണങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഇതിന് നീക്കിവെക്കുന്ന പണമാവും നോട്ട് അസാധുവാക്കലിന്‍െറ കണക്കുപുസ്തകത്തിലെ ചുവന്ന അക്കങ്ങളുടെ അളവ് നിര്‍ണയിക്കുക.

Tags:    
News Summary - failure of reserv bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.