കാമത്തിന്റെ അടിസ്ഥാന അഭിവാഞ്ഛ എല്ലാം വരുതിയിലാക്കുക എന്നതാണ്. ജർമനിയിൽ നാസി ചിന്തയുടെ ഗുരുവായി അവർ പ്രചരിപ്പിച്ചത് നീത്ഷേ എന്ന ചിന്തകനെയാണ്. നീത്ഷേയുടെ ചിന്തയുടെ അടിസ്ഥാനം അധികാരേച്ഛയാണ്. അദ്ദേഹം നാസി ആയിരുന്നോ എന്നതല്ല പ്രശ്നം. നാസികൾ അദ്ദേഹത്തെ എപ്രകാരം ഉപയോഗിച്ചുവെന്നതാണ്
1977ൽ ഫ്രാൻസിൽ പ്രസിദ്ധീകൃതമായ പുസ്തകമാണ് ആന്റി ഈഡിപ്പസ്. ദുലൂസ്, ഗുട്ടാരി എന്നീ ചിന്തകർ രചിച്ച ഈ പുസ്തകത്തിന് ആമുഖമെഴുതിയത് പ്രസിദ്ധ മനഃശാസ്ത്ര ചിന്തകൻ മിഷേൽ ഫുക്കോ ആണ്. ‘‘ഫാഷിസ്റ്റ് ജീവിതത്തിന് എതിരായ ജീവിതത്തിന് ആമുഖം’’ എന്നാണ് അദ്ദേഹം ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്. നമ്മുടെ മനസ്സുകളിൽ കയറി ഇടംപിടിച്ച് നമുക്ക് ഫാഷിസ്റ്റ് പ്രേരണകൾ നൽകുന്ന കഥാപാത്രമാണ് ഈഡിപ്പസ് എന്ന് പുസ്തകം പറഞ്ഞുവെക്കുന്നു. നാഗരികതയിലെ ഭ്രാന്തിന്റെ വ്യാഖ്യാനമെഴുതിയ ഫുക്കോ ഈ പുസ്തകത്തെ ‘‘ധാർമിക പുസ്തകം’’ എന്നാണ് വിളിച്ചത്.
എന്താണ് ഫാഷിസ്റ്റ് ജീവിതം എന്ന് ഈ പുസ്തകം അനാവരണം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത് ഫ്രോയിഡിനും അദ്ദേഹത്തിന്റെ മനഃശാസ്ത്ര വിശകലന ചികിത്സക്കും എതിരായ അതിശക്ത വിമർശനവുമാണ്. ഈഡിപ്പസ് എന്ന കഥാപാത്രവും അതിന്റെ ആശയവും ലോകപ്രസിദ്ധമാക്കിയത് സിഗ്മണ്ട് ഫ്രോയിഡ് എന്ന മനഃശാസ്ത്രജ്ഞനാണ്. ക്രിസ്തുവിന് 500 വർഷം മുമ്പ് ഗ്രീക്ക് നാടകകൃത്ത് സോഫോക്ലീസ് എഴുതിയ പ്രസിദ്ധ നാടകമാണ് ഈഡിപ്പസ് രാജാവ്. ആ നാടകം വ്യാഖ്യാനിച്ച് ഫ്രോയിഡ് സൃഷ്ടിച്ച മനഃശാസ്ത്ര സിദ്ധാന്തം ഈ പുസ്തകത്തിൽ ചോദ്യംചെയ്യപ്പെടുന്നു. ഫ്രോയിഡ് നാടകം വ്യാഖ്യാനിച്ച വിധമല്ല ഈ പുസ്തകം വിമർശന വിധേയമാക്കുന്നത്. സോഫോക്ലീസിന്റെ നാടകത്തിൽ ഈഡിപ്പസ് തന്റെ പിതാവിനെ കൊന്നുവെന്ന് അസന്നിഗ്ധമായി തെളിയിക്കപ്പെടുന്നില്ല. എങ്കിലും സാഹചര്യത്തിന്റെ സമ്മർദത്തിൽ ഈഡിപ്പസ് അങ്ങനെ കരുതുന്നു.
എന്നാൽ, എല്ലാ ആൺകുട്ടികൾക്കും പിതാവിനെ കൊല്ലാനും അമ്മയെ വേളി ചെയ്യാനും അബോധ ആഗ്രഹമുണ്ട് എന്നാണ് ഫ്രോയിഡിന്റെ സിദ്ധാന്തം. ഈഡിപ്പസ് കോംപ്ലെക്സ് എന്നാണ് ഫ്രോയിഡ് അതിനെ വിശേഷിപ്പിക്കുന്നത്. അത് ബോധത്തിലാക്കി ചികിത്സിക്കുന്ന സൈക്കൊ അനാലിസിസിനെ ഈ പുസ്തകം വൈകൃതമായും മയക്കുമരുന്നായും ആക്ഷേപിക്കുന്നു. ഈ ഫ്രോയിഡിയൻ സിദ്ധാന്തം ലോകത്തെ അപകടത്തിലാക്കുന്നുവെന്നതാണ് പുസ്തകത്തിന്റെ സാരം. എല്ലാവരിലുമുണ്ട് എന്നുപറയുന്ന ഈ അഭിനിവേശം ബോധത്തിലല്ല, അബോധത്തിലാണ്. അബോധമാണ് മനുഷ്യന്റെ ജീവിതത്തെ നിർണയിക്കുന്നത്.
ഈഡിപ്പസ് എന്ന കഥാപാത്രം ഒരു ആശയമായി, വീക്ഷണമായി മനുഷ്യമനസ്സുകളിൽ വിഷം വിതക്കുന്നു എന്നതാണ് ഇവർ ഉന്നയിക്കുന്ന വിമർശനം. ഇവിടെ ഏറെ ചർച്ച ചെയ്യുന്നത് മനുഷ്യകാമത്തെക്കുറിച്ചുള്ള ഫ്രോയിഡിന്റെ വീക്ഷണമാണ്. മനുഷ്യനെ നിയന്ത്രിക്കുന്ന അബോധകാമം ലോകത്തിൽ സൃഷ്ടിച്ചത് ധർമത്തിന്റെ മരണവും ലൈംഗികവിപ്ലവവുമാണ്.
മനുഷ്യന്റെ കാമവിധിയിൽനിന്ന് ഓടിമാറാനാണ് ഈഡിപ്പസ് തന്റെ കഥയിൽ ശ്രമിക്കുന്നത്. അയാൾക്ക് ആ വിധി ചിന്തിക്കാൻപോലും സാധിക്കാത്ത അധർമമാണ്. ധർമവഴിയിലൂടെ നടക്കാൻ ബോധപൂർവം ശ്രമിക്കുന്നു. അതിൽ ദയനീയമായി പരാജയപ്പെടുന്നത് അറിയുന്ന ദുരന്തനാടകമാണ് ജീവിതം. കാമ അബോധത്തിന്റെ വഴിയാണ് സ്വാഭാവികം എന്നുവരുന്നു. അത് നിഷേധിച്ചാലും വിധിയിൽനിന്ന് രക്ഷയില്ലത്രേ.
ഈ പുസ്തകത്തിന്റെ അനന്യത അതിന്റെ ഉപശീർഷക ത്തിലുണ്ട് -ആൻറി ഈഡിപ്പസ്: മുതലാളിത്തവും ചിത്തഭ്രമവും. മുതലാളിത്തം ചിത്തഭ്രമം ഉണ്ടാക്കി മനുഷ്യനെ മാനസികരോഗിയാക്കുന്നു എന്നാണ് പറയുന്നത്. യാഥാർഥ്യബോധമാണ് മനുഷ്യന് നഷ്ടമാകുന്നത്. മുതലാളിത്ത വ്യവസ്ഥിതി ഉണ്ടാക്കുന്നത് ഉപഭോഗസംസ്കാരമാണ്. അത് ഭോഗിയുടെ ജീവിതമാണ് ഉണ്ടാക്കുന്നത്.
കാരണം മുതലാളിത്ത കമ്പോള സംസ്കാരം ഉണ്ടാക്കി മനുഷ്യനെ കാമയന്ത്രമാക്കുന്നു. അന്തമില്ലാത്ത കാമവും അറുതിയില്ലാത്ത ചരക്കുകളുടെ കമ്പോളവുമാണത്. കാമചരക്കുകൾ വർധിച്ച് ഉപഭോഗത്തിന്റെ ആസക്തി വർധിപ്പിക്കുന്നു. ആർത്തിയായി മനുഷ്യൻ മാറുന്നു. കമ്പോളം ഒരിടത്തല്ല, എല്ലായിടത്തുമായി അതു മനസ്സിനെ കീഴടക്കുന്നു. ഈഡിപ്പസ് ഒരു കഥാപാത്രമാകാതെ മനുഷ്യന്റെ ആർത്തിക്ക് അറുതിയില്ലാത്ത മനസ്സിന്റെ അടിസ്ഥാന വിഷയമാക്കുന്നു.
കാമത്തിന്റെ അടിസ്ഥാന അഭിവാഞ്ഛ എല്ലാം വരുതിയിലാക്കുക എന്നതാണ്. ജർമനിയിൽ നാസി ചിന്തയുടെ ഗുരുവായി അവർ പ്രചരിപ്പിച്ചത് ഫ്രെഡറിക് നീത്ഷേ എന്ന ചിന്തകനെയാണ്. നീത്ഷേയുടെ ചിന്തയുടെ അടിസ്ഥാനം അധികാരേച്ഛയാണ്. എല്ലാം അഹത്തിന്റെ ആധിപത്യത്തിലാക്കുക (The will to power). അദ്ദേഹം നാസി ആയിരുന്നോ എന്നതല്ല പ്രശ്നം. നാസികൾ അദ്ദേഹത്തെ എപ്രകാരം ഉപയോഗിച്ചുവെന്നതാണ്. ഏതു ഫാഷിസവും പ്രകൃതിയിലേക്ക് മടങ്ങലാണ്. ഗോത്രം, ജാതി, ദേശം എന്നീ ജന്മത്തിന്റെ പ്രത്യേകതയുടെ വിധിയിലേക്ക് മടങ്ങുക. അതു മാംസത്തിന്റെ വികാരവിധികൾ അനുസരിച്ച് ജീവിക്കലാണ്.
അഹത്തിന്റെ ആധിപത്യമാണ് അടിസ്ഥാന വികാരം. ഈ വിധിയിൽനിന്ന് കുതറി മാറുന്നത് മിഥ്യയാണ്. അധികാര കാമത്തിന്റെ മത്സരക്കളരിയായി ലോകത്തെ കമ്പോള സംസ്കാരം മാറ്റുന്നു. ഈ ചിന്തയോടാണ് ഇവിടെ അടിസ്ഥാന വിയോജിപ്പ്. ജീവിതനിഷേധമാണ് ഇത്തരം ചിന്ത, അതു മരണമാണ് കൊണ്ടുവരുന്നത്. ഇതുണ്ടാക്കുന്നത് രണ്ട് പ്രതിസന്ധികളാണ്. 1). സാമൂഹികതലത്തിൽ നിരന്തരമായ ചൂഷണം 2). മാനസികമായി നടക്കുന്ന അടിച്ചമർത്തൽ. കാമത്തെ അടിച്ചമർത്തി വന്ധീകരിക്കുകയോ ചൂഷണം ചെയ്യുകയോ അല്ല വേണ്ടത്. അതു സർഗാത്മകമായി രൂപാന്തരപ്പെടുത്തുകയാണ് മാനുഷികം. ധർമം മനുഷ്യകാമത്തെ രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയാണ്. 1844ലെ കൈയെഴുത്തു പ്രതിയിൽ മാർക്സ് എഴുതി: മനുഷ്യൻ ‘പ്രകൃതിയുടെ പുനരുത്ഥാന’ (Resurrection) മാണ്. മനുഷ്യൻ പ്രകൃതിയല്ല, പ്രകൃതിയുടെ പ്രചോദനങ്ങളല്ല മനുഷ്യനെ നയിക്കേണ്ടത്.
പ്രകൃതിയുടെ പ്രചോദനങ്ങളെ അടിച്ചമർത്തുകയോ വൃഷ്ണേച്ഛദമോ അല്ല നടത്തേണ്ടത്. വാസനകളുടെ രൂപാന്തരീകരണമാണ്. അഹത്തിന്റെ അധികാരകാമത്തെ അപരനെ സ്നേഹിക്കുന്ന വികാരമാക്കി രൂപാന്തരീകരണം നടത്തുന്നതിന്റെ യഹൂദ-ക്രൈസ്തവ പാരമ്പര്യത്തിന്റെ ഒരു പദമാണ് മാർക്സ് ഉപയോഗിച്ചത്. അത് ധാർമികവും ആത്മീയവുമായ ജീവിതസപര്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.