മൂസിലില്‍ വിജയം അനിവാര്യമായ യുദ്ധം

ഇതെഴുതുമ്പോള്‍ ഇറാഖിലെ മൂസില്‍ ഐ.എസില്‍നിന്ന് തിരിച്ചുപിടിക്കാനുള്ള ശക്തമായ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്തെതന്നെ അറിയപ്പെട്ട കാര്‍ഷിക കേന്ദ്രമായിരുന്ന ഈ ഹരിതദേശം യുദ്ധപ്പുകയുടെ കാര്‍മേഘങ്ങളാല്‍ ഇരുണ്ട ദേശമായി മാറിയിരിക്കുന്നു. ഇരു വസന്തങ്ങളുടെ നാട് എന്ന ഖ്യാതിയുള്ള, പ്രവാചകന്മാരായ യൂനുസ് നബി, ഹിളര്‍ നബി തുടങ്ങി നാല്‍പതോളം പ്രവാചകന്മാര്‍ അന്തിയുറങ്ങുന്ന ദേശം. സിറിയ, തുര്‍ക്കി    എന്നിവിടങ്ങളില്‍നിന്നുപോലും മതകീയ പരിവേഷമുള്ള വിനോദയാത്രക്ക് ജനം തെരഞ്ഞെടുത്തിരുന്ന ഇറാഖിലെ ഏറ്റവും തിരക്കേറിയ ഈ പ്രദേശം ഇന്ന് ഐ.എസിന്‍െറ നിഷ്ഠുരവാഴ്ചയില്‍ എരിഞ്ഞമര്‍ന്ന്  ജനം ഭയപ്പെടുന്ന ഭാര്‍ഗവീനിലയമായി മാറി. ഇറാഖില്‍ ഐ.എസ് അവശേഷിക്കുന്ന ഏക മേഖലയും ഇവിടമാണ്. ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ മൂസില്‍ യുദ്ധം ആരംഭിച്ച് നാലു ദിവസത്തിനകം ഏഴോളം ഗ്രാമങ്ങള്‍ ഐ.എസില്‍നിന്ന് ഇറാഖി സേനയും കുര്‍ദിഷ് പെഷ്മര്‍ഗയും (കുര്‍ദിസ്താന്‍ പട്ടാളം) സ്വതന്ത്രമാക്കിക്കഴിഞ്ഞു.

വിജയം അനിവാര്യമായ ഒരു യുദ്ധമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. ഹീനമായ മനുഷ്യക്കുരുതികള്‍ നടത്തി ഏറെക്കാലം ഇറാഖി ജനതയെയും അന്താരാഷ്ട്ര സമൂഹത്തെ ഒന്നാകെയും  മുള്‍മുനയില്‍ നിര്‍ത്തിയ ഐ.എസിനെതിരായ യുദ്ധമായതിനാലാണത്. കിരാതമായ ആക്രമണങ്ങളാണ് ഐ.എസ് ഈ പ്രദേശവാസികള്‍ക്ക് സമ്മാനിച്ചത്. മൂസിലില്‍ അവരുടെ ക്രൂരതയാല്‍ ആയിരക്കണക്കിന് ആളുകള്‍ കൊലചെയ്യപ്പെട്ടു. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി. സ്ത്രീകളും കുട്ടികളുമെല്ലാം മര്‍ദിക്കപ്പെട്ടു. ചിലരുടെ വാസസ്ഥലങ്ങള്‍ക്ക് തീവെച്ചു.  അവരുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചു.  കുറേയാളുകളെ കൂട്ടത്തോടെ ആട്ടിയോടിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ ജീവനും കൊണ്ടോടി. സ്വന്തമായി മതകീയ നിയമങ്ങളുണ്ടാക്കുകയും അത് പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്തു.  എഴുതിയാല്‍ തീരാത്ത ഒട്ടേറെ ഹീനതകള്‍ വേറെയും.

ഐ.എസ് നടത്തുന്ന മുഴുവന്‍ പേക്കൂത്തുകളും അവസാനിപ്പിക്കാനുള്ള ഉഗ്രമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. വ്യത്യസ്ത കാരണങ്ങളാല്‍ മേഖലയിലെ രാഷ്ട്രീയപരമായി വളരെ പ്രാധാന്യമര്‍ഹിക്കുന്ന പോരാട്ടമാണ് മൂസിലില്‍ നടക്കുന്നത്. മൂസിലിനെ ഐ.എസില്‍നിന്ന് മോചിപ്പിച്ച് പഴയതുപോലെ ഇറാഖിന്‍െറ ഭാഗമാക്കി നിര്‍ത്താനാണ് ഇറാഖി സേന മൂസില്‍ ലക്ഷ്യമാക്കി നീങ്ങിയത്. അതേസമയം മൂസില്‍ ഐ.എസിനെ തുരത്താന്‍ തങ്ങളുമുണ്ടെന്ന്  പ്രഖ്യാപിച്ച് തുര്‍ക്കിയും പട്ടാളത്തെ വിന്യസിച്ചു. മൂസില്‍ സ്വതന്ത്ര കുര്‍ദിസ്താന്‍െറ ഭാഗമായി നില്‍ക്കണമെന്ന്  അവരും ആഗ്രഹിക്കുന്നു. ഇതിനെല്ലാം പുറമെ ഒരു സ്വതന്ത്രരാജ്യമായി വേറിട്ടുനില്‍ക്കണമെന്ന വാദവും ഇപ്പോള്‍ ശക്തമാണ്. ബഗ്ദാദിനെ സഹായിക്കാന്‍ ഇറാന്‍ ആദ്യമേ മുന്നിലുണ്ട്. എന്നാല്‍, ഇറാഖിന് തങ്ങളുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമേരിക്കയുണ്ടാകുമെന്ന് ബറാക് ഒബാമയും പ്രഖ്യാപിക്കുകയുണ്ടായി. എന്തായാലും പെട്ടെന്നുണ്ടായ നിര്‍ണായകമായ ഈ പോരാട്ടം ഐ.എസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രണ്ടരവര്‍ഷമായി അവരുടെ ‘ഖിലാഫത്തി’ന്‍െറ  ആസ്ഥാനമായിരുന്ന മൂസില്‍ സ്വന്തമായ വാര്‍ത്താവിതരണ ചാനലുകളിലൂടെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിനെ വികലമായി അവതരിപ്പിച്ചിരുന്ന കേന്ദ്രവുമാണ്.

ഇറാഖിസേന ഇപ്പോള്‍ മൂസില്‍ നഗരാതിര്‍ത്തിക്കടുത്തത്തെിയിരിക്കുന്നു. യുദ്ധ ടാങ്കുകളും ഉരുണ്ടുനീങ്ങുന്ന പീരങ്കി വ്യൂഹങ്ങള്‍ ഉള്‍പ്പെടെ പടച്ചട്ടയണിഞ്ഞ നൂറുകണക്കിന് വാഹനങ്ങളിലായി വലിയ തോക്കുകളേന്തി സൈന്യം മുന്നേറുകയാണ്. സഹായിക്കാന്‍ യു.എസ്, യു.കെ സഹായത്തോടെയുള്ള ജെറ്റ് വിമാനങ്ങള്‍ ആകാശത്ത് റോന്തുചുറ്റുന്നുണ്ട്. കുര്‍ദിഷ് പെഷ്മര്‍ഗ സര്‍വസജ്ജരായി ബാഷിഖ മലനിരകളുടെ അടുത്തത്തെിയിട്ടുണ്ട്. ഓരോ ദിവസവും 20,000 പേര്‍ പെഷ്മര്‍ഗയുടെ പക്ഷത്തുനിന്ന് പോര്‍ക്കളത്തിലുണ്ട്.  ബ്രിട്ടീഷ്, അമേരിക്കന്‍ സേനയുടെ പ്രത്യേക വാഹനങ്ങളും 44 പിക്അപ് ട്രക്കുകളും പെട്ടെന്ന് കടന്നാക്രമിക്കുന്നതിനുവേണ്ടിയുള്ള മൈന്‍ സംരക്ഷിത വാഹനങ്ങളും കളത്തിലുണ്ട്. ഏതാണ്ട് 6000ത്തോളം പോരാളികള്‍ ഐ.എസിന്‍െറ ഭാഗത്തുനിന്ന് യുദ്ധസജ്ജരായി മൂസിലില്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2003ലെ അധിനിവേശശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് മൂസിലേത്. അതേസമയം ഐ.എസുമായുള്ള ഇറാഖിലെ കരാര്‍ അവസാനിച്ചുവെന്നും ഇനിയുള്ളത് സിറിയയിലാണെന്നും അതിനാല്‍ ഉടന്‍ സിറിയയിലേക്ക് കടക്കണമെന്നും ഐ.എസിന് നിര്‍ദേശങ്ങളുണ്ടെന്ന് ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

തുര്‍ക്കിയുടെ റോള്‍
തുര്‍ക്കിയുടെ റോള്‍ എന്താണെന്നാണ് പലരും ചോദിക്കുന്നത്. ഒറ്റയടിക്ക് സംശയിക്കാവുന്ന ചോദ്യവുമാണത്. രാഷ്ട്രീയമായി തുര്‍ക്കിയുടെ സാന്നിധ്യം തെല്ളൊന്നുമല്ല മൂസില്‍ ജനതക്ക് ആശ്വാസം നല്‍കുന്നത്. സുന്നി ഭൂരിപക്ഷമുള്ള മൂസിലെ ജനതയെ അവിടെനിന്ന് തുരത്തുകയും പ്രദേശം അവരുടെ വരുതിയില്‍ കൊണ്ടുവരണമെന്നും ശിയാ ഭൂരിപക്ഷ ഇറാഖ് മിലീഷ്യ കരുതുന്നു. ഈ ആവശ്യത്തിന് ഒരു വലിയ പട മൂസില്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുമുണ്ട്.       ഹുസൈനിന്‍െറ ചോരക്ക് പകരം ചോദിക്കാന്‍ ചെറുപ്പക്കാരായ കുറേപേര്‍ ബഗ്ദാദില്‍നിന്ന് മൂസിലിലേക്ക് പോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കര്‍ബലയിലെ യുദ്ധാനന്തരം മുആവിയക്ക് അഭയം നല്‍കിയ സ്ഥലമാണ് മൂസില്‍ എന്നാണതിന്‍െറ കാരണമായി പറയുന്നത്. ഇതിനുവേണ്ട എല്ലാ സഹായവും നല്‍കുന്നത് ഇറാനാണ്. ഇവരുടെ ലക്ഷ്യം ഐ.എസിനെ തുരത്തുകയല്ല;  പാവങ്ങളായ സിവിലിയന്മാരെ നാടുകടത്തുകയോ വകവരുത്തുകയോ ആണ്.  ഇതിനുവേണ്ടി രാസായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കിയ ഒരു കൂട്ടം വിഭാഗീയവാദികളുമുണ്ട് ഇറാഖിലെ ശിയാക്കളുടെ കൂട്ടത്തില്‍.

ഇവിടെയാണ് മൂസില്‍ ജനതയെ ചവിട്ടിമെതിക്കാന്‍ ആരെയും അനുവദിക്കില്ല, മൂസിലില്‍ വിമോചനത്തിന് ഞങ്ങളുമുണ്ടാകുമെന്നും ഉര്‍ദുഗാന്‍ ഉണര്‍ന്നുനിന്ന് ഉറക്കെ പറഞ്ഞത്. രാഷ്ട്രീയപരമായി ഇറാഖിനെതന്നെ വിറപ്പിച്ച പ്രഖ്യാപനമായിരുന്നു അത്. ഇറാനും കുര്‍ദുകളും ഇറാഖി ശിയാ പക്ഷവും ഒരു പ്രദേശത്തെ അന്യായമായി വളച്ചുകെട്ടിയാല്‍ അതിന് തങ്ങള്‍ അനുവദിക്കില്ളെന്നതാണ് തുര്‍ക്കിയുടെ പ്രഖ്യാപനം. പക്ഷേ, അത് ലോകമെമ്പാടും തെറ്റായിട്ടാണ് വ്യാഖ്യാനിക്കുന്നത്. ഇക്കാലമത്രയും ഐ.എസിനെ സഹായിക്കുകയായിരുന്നു തുര്‍ക്കിയെന്ന വാദങ്ങള്‍ക്ക് നല്ല മറുപടിയാണ് യുദ്ധത്തില്‍ ഇറാഖിനെ സഹായിക്കാന്‍ സജ്ജരായി വന്ന തുര്‍ക്കി നല്‍കിയത്. വര്‍ഷങ്ങളായി മൂസിനടുത്ത ബാഷിഖ താഴ്വാരങ്ങള്‍ക്കപ്പുറത്ത് തുര്‍ക്കിയുടെ പട്ടാള ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. എര്‍ബിലിനെ കൂടാതെ മൂസിലിനെ തുര്‍ക്കിക്ക് അവരുടെ ഭാഗമാക്കാനും കഴിയില്ല.  പ്രത്യേകിച്ചും അമേരിക്കയുടെ സഹായത്തോടെ കുര്‍ദിസ്താന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനിരിക്കെ അത്തരമൊരു ശ്രമത്തിന് എന്തായാലും തുര്‍ക്കി മുന്നോട്ടുവരാനും സാധ്യതയില്ല.  അതിനാല്‍ തുര്‍ക്കിയുടെ ഭൂമിശാസ്ത്രപരിധികള്‍ കൂട്ടാനാണ് ഈ വരവെന്ന വാദവും അസ്ഥാനത്താണ്.

യുദ്ധം ഒരുഭാഗത്ത് കൊടുമ്പിരിക്കൊള്ളുമ്പോള്‍ മറുഭാഗത്ത് അവശ്യ സേവനങ്ങളുമായി യു.എന്‍ പോലുള്ള സന്നദ്ധ സംഘടനകള്‍ സര്‍വസജ്ജരായി രംഗത്തുണ്ട്. ഐ.എസിന് മുമ്പ് മുപ്പതു ലക്ഷം ജനങ്ങളുണ്ടായിരുന്ന മൂസിലില്‍ 15  ലക്ഷത്തോളം പേര്‍ ഇപ്പോഴും ജീവിക്കുന്നു. അതില്‍ പകുതിയും കുട്ടികളും കുടുംബങ്ങളുമാണ്. അവരെ എത്രയും പെട്ടെന്ന് അവിടെനിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. സ്ഥിതിഗതികള്‍ അത്ര രൂക്ഷമാണെന്നും  12 ലക്ഷത്തോളം ആളുകള്‍ അടിയന്തര സഹായം ആവശ്യമുള്ളവരാണെന്നും അവരിലേക്ക് മുഴുവനത്തൊന്‍ സാധിച്ചിട്ടില്ളെന്നും യു.എന്‍ അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തരശ്രദ്ധ കിട്ടേണ്ട ആയിരങ്ങളെ മൂസിലില്‍നിന്ന് നീക്കിവരുകയാണ്. എന്നാല്‍, ഐ.എസിന്‍െറ നിയന്ത്രണത്തിലാണ് മേഖലകളധികവും. ഈ ഭാഗങ്ങളിലേക്കുള്ള വഴികളില്‍ കലാപങ്ങളും എമ്പാടും മറ്റ് മാര്‍ഗതടസ്സങ്ങളുമുണ്ട്. മൂസില്‍ യുദ്ധത്തില്‍ മുറിവേറ്റവരെ സഹായിക്കാന്‍ 275 ദശലക്ഷം ഡോളറാണ് യു.എന്‍ കരുതുന്നത്. നിലവിലുള്ള 761 ദശലക്ഷം ഡോളറിന് പുറമെയാണിത്.  

ഐ.എസാനന്തര മൂസില്‍
ഇരുട്ട് തെളിഞ്ഞ് വെളിച്ചം വീശുന്ന ഒരു കാലം അധികം അകലെയല്ളെന്ന് ബാക്കിയായ മൂസില്‍ നിവാസികള്‍ കരുതുന്നുണ്ട്. അന്ന് തങ്ങളുടെ നാടും നഗരവും തങ്ങള്‍ക്ക് തിരിച്ചുലഭിക്കുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. അതേസമയം ഐ.എസില്‍നിന്ന് വിമോചനം ലഭിച്ചാല്‍ മൂസിലിന്‍െറ ചിത്രമെന്താവുമെന്ന് ഇപ്പോള്‍ പ്രവചനാതീതമാണ്. യുദ്ധാന്തരം കടുത്ത വിഭാഗീയത മറനീക്കി വരുമെന്നും സുന്നി -ശിയാ -കുര്‍ദി പ്രശ്നങ്ങള്‍ മുമ്പത്തെക്കാളും വര്‍ധിക്കുമെന്നും വിലയിരുത്തുന്നുണ്ട്. ഐ.എസ് രാജ്യത്തുനിന്ന് നീങ്ങുമ്പോള്‍ വിഭാഗീയ ചിന്തകള്‍ക്കും വിവിധ പ്രവിശ്യകളിലെ അധികാര വടംവലികള്‍ക്കും സാധ്യതയേറെയാണ്. കുര്‍ദിസ്താനും ബഗ്ദാദിനും ഇടക്കുള്ള കിര്‍ക്കൂക്കിനെ ചൊല്ലിയുള്ള പ്രശ്നങ്ങളും രൂക്ഷമായേക്കും. കഴിഞ്ഞവര്‍ഷങ്ങളില്‍ നിഷ്ഠുരവാഴ്ച നടത്തിയ ഒരു നാടിനെ എങ്ങനെ തിരിച്ചുകൊണ്ടുവരുമെന്നതില്‍ നിലവിലുള്ള ഭരണകൂടത്തിന് കൃത്യമായ ധാരണ ഇനിയുമുണ്ടായിട്ടില്ല. ബഗ്ദാദ് കേന്ദ്രീകരിച്ച ഭരണമാകട്ടെ ശിയാ വിഭാഗത്തിന് മേല്‍കൈ ഉള്ളതുമാണ്.  പതിനഞ്ച് ലക്ഷത്തോളമുള്ള അഭയാര്‍ഥികളെ നിയന്ത്രിക്കുന്നതുള്‍പ്പെടെ മൂന്ന് ദശലക്ഷത്തോളം വരുന്ന മൂസില്‍ നിവാസികളുടെ പുനരധിവാസമായിരിക്കും യുദ്ധം വിജയിച്ചാല്‍ ഒരു രാജ്യമെന്ന നിലയില്‍ ഇറാഖിന് മുന്നിലുള്ള വലിയ വെല്ലുവിളി.

ഇറാഖിന്‍െറ ഭാവി
2003 മുതല്‍ നിരന്തരമായ യുദ്ധങ്ങളുടെ ഇരയായതിനാല്‍ സുസ്ഥിരവും സുരക്ഷിതവുമായ ഐക്യ ഇറാഖിന് ഇനിയും കാലങ്ങള്‍ കാത്തിരിക്കേണ്ടിവരും. തങ്ങളുടെ രാഷ്ട്രീയലാഭം പരിഗണിച്ച് ഇറാഖിനെ മൂന്നായി മുറിച്ചുകൊണ്ടുള്ള പരിഹാരമാണ് പടിഞ്ഞാറ്  നിര്‍ദേശിക്കുന്നത്. അത് അവരെ വീണ്ടും ഭിന്നിപ്പിക്കാനേ ഉതകൂ. നിലവിലെ ശിയാ സുന്നി വിഭാഗീയതകളെ കൃത്യമായി അഭിസംബോധന ചെയ്യുന്ന ഒരു രാഷ്ട്രീയ പരിഹാരമുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കര്‍ക്കശമായ നിബന്ധനകളുടെയും അന്യായമായ നിയമങ്ങളുടെയും പിന്‍ബലത്തിലുള്ള ഒരു പട്ടാള ഭരണകൂടമല്ല, ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിലനല്‍കുന്ന, അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും  ഇറാഖ് വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോന്ന സംസ്കാരവുമായി യോജിക്കുന്ന സിവില്‍ ഭരണകൂടം ഉണ്ടാകണമെന്നാണ് ഇറാഖിലെ ജനത ഇപ്പോള്‍ ആഗ്രഹിക്കുന്നത്. രാഷ്ട്രീയ സ്ഥിരത കൈവരുന്നതോടൊപ്പം അഴിമതി പൂര്‍ണമായും തുടച്ചുനീക്കിക്കൊണ്ട് പൊതുജനങ്ങളുടെ ആവശ്യങ്ങളെ പരിഗണിക്കുന്ന സാധാരണ പൗരന്‍െറ ഭാവിക്ക് പ്രതീക്ഷ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയപക്ഷത്തുനിന്ന് ഉണ്ടാവണം. ഐ.എസിനെതിരെയുള്ള പോരാട്ടങ്ങള്‍ വിഭാഗീയ ചിന്തക്കതീതമാകണം. ഇറാഖില്‍നിന്ന് പലായനം ചെയ്ത ലക്ഷ ക്കണക്കിന് ഇറാഖികളെ സുരക്ഷിതമായി തങ്ങളുടെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഭരണകൂടത്തിന് കഴിയണം.
(കുര്‍ദിസ്താനിലെ എര്‍ബിലില്‍ ജോലി ചെയ്യുകയാണ് ലേഖകന്‍)

Tags:    
News Summary - fight against is mosul in iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT