ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിത കേന്ദ്ര ധനമന്ത്രിയായി നിർമല സീതാരാമനെ ഉയർത്ത ിക്കാണിക്കുന്നതിനിടയിലാണ് അവരുടെ മന്ത്രാലയത്തിൽ മാധ്യമപ്രവർത്തകർ കയറിപ്പേ ാകരുതെന്ന നിർദേശം പുറത്തുവന്നിരിക്കുന്നത്. കൊട്ടിഘോഷിച്ച നിർമലയുടെ പ്രഥമ ബജ റ്റിലെ അബദ്ധങ്ങൾ പുറത്ത് വന്നതിന് പിറകെയാണ് വിലക്ക്. ലോകസമ്പദ്ഘടനയെ കുറിച്ച് ധ നമന്ത്രിക്കുള്ള കാഴ്ചപ്പാട് എന്താണെന്നോ സർക്കാറിെൻറ സാമ്പത്തിക കാഴ്ചപ്പാട് എന്താ ണെന്നോ ഇന്ത്യൻ സമ്പദ്ഘടനയുടെ നിലവിലുള്ള അവസ്ഥ എന്താണെന്നോ പറയാൻ കഴിയാതെ പ്രഥമ ബജറ്റ് അവതരണത്തിലേ പരാജയം സമ്മതിച്ച ധനമന്ത്രിയാണ് നിർമല.
മാധ്യമപ്രവർത്തക രുടെ ചോദ്യങ്ങളെയും അന്വേഷണങ്ങളെയും അഭിമുഖീകരിക്കുന്നതിൽ പ്രധാനമന്ത്രി നരേന് ദ്ര മോദിക്ക് പിറകെ മന്ത്രിസഭയിലെ സഹപ്രവർത്തകരും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു . കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട ഒരു വകുപ്പിനെ കുറിച്ചുള്ള സർക്കാറിെൻറ അജ്ഞത പുറംലോകം അറിയുമെന്ന ഭീതി മാത്രമല്ല മോദിക്ക് പിറകെ നിർമലയെയും മാധ്യമ നിയന്ത്രണത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. അങ്ങനെയായിരുന്നുവെങ്കിൽ മന്ത്രിയെ കാണുന്നതിന് വിലക്ക് മതിയായിരുന്നു. മറിച്ച്, രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതിയുടെ യാഥാർഥ്യം പുറത്തുപോകുമെന്ന ഭയം കൂടിയാണ്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി മാധ്യമ പ്രവർത്തകർ സ്വന്തം നിലക്ക് സമ്പർക്കമുണ്ടാക്കുന്നത് തടയുന്ന തരത്തിൽ വിലക്ക് ഏർപ്പെടുത്തിയത് അതുകൊണ്ടാണ്. സർക്കാർ അംഗീകാരമുള്ള മാധ്യമപ്രവർത്തകർക്ക് പോലും വാർത്താശേഖരണത്തിനായി ഇനി ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പോകാനാവില്ല. അതിനു പകരം മാധ്യമ പ്രവർത്തകർക്കായി നിർണയിച്ച പ്രത്യേക സ്ഥലത്ത് ആവശ്യമുള്ള ഉദ്യോഗസ്ഥർ അവരെ വന്നു കാണണം. മാധ്യമപ്രവർത്തകരെ കാണുന്നവർ ആരൊക്കെയാണെന്ന് തങ്ങൾക്കൊന്ന് കാണണമെന്ന് സർക്കാർ തീരുമാനിച്ച സ്ഥിതിക്ക് ഇനിയൊരു ഉദ്യോഗസ്ഥനും അതിന് ധൈര്യപ്പെടില്ല.
ഇരുമ്പുമറക്കുള്ളിലെ പാർട്ടിയും ഭരണവും
ഇങ്ങനെയൊക്കെ വരുതിയിൽ നിർത്തിയ മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമാണെങ്കിൽപോലും സർക്കാറിനെയും ബി.ജെ.പിയെയും കുറിച്ചുള്ള വാർത്തകൾ സ്വന്തം നിലക്ക് എഴുതാനാവില്ല എന്നിടത്താണ് കാര്യങ്ങളെത്തിയിരിക്കുന്നത്. അവരെന്ത് കൊടുക്കണമെന്ന് ദീൻ ദയാൽ ഉപാധ്യായ മാർഗിൽ നിന്ന് നിർദേശം ലഭിക്കും. അതുകൊണ്ടാണ് അവർ പോലും ബി.ജെ.പിയുടെയും കേന്ദ്ര സർക്കാറിെൻറയും വാർത്തകൾ ലഭിക്കുന്നതിന് പ്രയാസം നേരിടുന്നത്. അവർ അനുഭവിക്കുന്ന പ്രയാസം എന്തു മാത്രം എന്നു കാണിക്കുന്നതായിരുന്നു രണ്ടാം മോദി സർക്കാർ അധികാരമേറ്റ ശേഷം നടന്ന ബി.ജെ.പിയുടെ ആദ്യ പാർലമെൻററി പാർട്ടി യോഗം. യോഗത്തിൽ ലോക്സഭയിലെയും രാജ്യസഭയിലെയും 380ഒാളം എം.പിമാർ പങ്കെടുത്തിട്ടും അവിടെ നടന്നത് എന്താണെന്നറിയാൻ ഒരാൾ പോലും തയാറായില്ല. ഒരാളെങ്കിലും മിണ്ടി കിട്ടാൻ ബി.ജെ.പി ബീറ്റ് ചെയ്യുന്ന മാധ്യമപ്രവർത്തകർ പാർലമെൻറിെൻറ ഇടനാഴികയിലൂടെ യോഗം കഴിഞ്ഞിറങ്ങിയ എം.പിമാർക്ക് പിറകെ മാറിമാറി ഓടിയ ഓട്ടം കാണേണ്ടതായിരുന്നു. ബി.ജെ.പി അംഗത്വ വിതരണത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന പാർലമെൻററി കാര്യ മന്ത്രി നൽകിയ വാർത്ത കൊണ്ട് എല്ലാവർക്കും തൃപ്തിപ്പെടേണ്ടി വന്നു.
മധ്യപ്രദേശിലെ മുനിസിപ്പൽ ഒാഫിസറെ ക്രിക്കറ്റ് ബാറ്റ് കൊണ്ടടിച്ച കൈലാസ് വിജയ വർഗീയയുടെ മകെൻറ നടപടി രൂക്ഷമായ ഭാഷയിൽ മോദി യോഗത്തിൽ വിമർശിച്ചുവെന്ന വിവരം വൈകീട്ട് രാജീവ് പ്രതാപ് റൂഡി എൻ.ഡി.ടി.വിയോട് പറഞ്ഞപ്പോഴാണ് പുറത്തറിഞ്ഞത്. ഗാന്ധിജിയെ നിന്ദിച്ച പ്രജ്ഞ സിങ്ങിനോട് പൊറുക്കില്ല എന്നത് പോലൊരു വെറും വർത്തമാനമാണെങ്കിലും അത് പുറത്ത് പറയാൻ പോലും ബി.ജെ.പിയിൽ ഒരാളും തയാറായില്ല. അമിത് ഷാ അധ്യക്ഷനായതോടെ പാർട്ടിയിൽ ഒതുക്കപ്പെട്ട രാജീവ് പ്രതാപ് റൂഡി വേണ്ടി വന്നു അതിന്. പാർട്ടി കാര്യങ്ങളിൽ അമിത് ഷായുടെ വലംകൈയാണ് വിജയ വർഗീയ. റൂഡി തന്നെ അധ്യക്ഷനോടുള്ള അമർഷത്താൽ പുറത്തുവിട്ടതാണോ അതല്ല, മോദിയുടെ മുഖം മിനുക്കാനുള്ള പി.ആർ വർക്കാേണാ ആ ചെയ്തതെന്ന് വ്യക്തമായിട്ടുമില്ല.
ബി.ജെ.പിയിടങ്ങളിൽ അപ്രത്യക്ഷരായവർ
ബി.ജെ.പിയുമായും കേന്ദ്ര സർക്കാറുമായും ബന്ധപ്പെട്ട വാർത്തകൾ ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്വന്തം നിലക്ക് വാർത്തകൾ ശേഖരിക്കുന്നതിന് അനുഭവിക്കുന്ന പ്രയാസം പ്രതിഫലിപ്പിക്കുന്നതായിരുന്നു ആ മറുപടി. നിർഭയമായി വാർത്തകൾ ചെയ്തിരുന്ന മാധ്യമപ്രവർത്തകരെയെല്ലാം നേരത്തേ തന്നെ ബി.ജെ.പി നേതൃത്വത്തിെൻറ കോപത്തിനിരയായ കാരണത്താൽ ബി.ജെ.പി ബീറ്റിൽ നിന്ന് മാധ്യമസ്ഥാപനങ്ങൾ തന്നെ മാറ്റി ക്കൊടുത്തതാണ്. ഒന്നാം എൻ.ഡി.എ കാലത്ത് എൽ.കെ. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും വാജ്പേയിക്കും മുന്നിൽ നിർഭയമായി ചോദ്യങ്ങൾ ഉന്നയിച്ചവർക്കൊന്നും മുഖ്യധാരാ മാധ്യമങ്ങളിൽ ഇന്ന് തൊഴിൽ പോലും കിട്ടില്ല. മറിച്ച്, സംഘ്പരിവാർ വിധേയത്വം മാധ്യമ സ്ഥാപനങ്ങളിൽ തൊഴിലിന് പരിഗണിക്കാനുള്ള അധിക യോഗ്യതയായി മാറുകയും ചെയ്തു.
വർഷങ്ങളായി ബി.ജെ.പി രാഷ്ട്രീയത്തെ പിന്തുടർന്ന് പ്രധാനപ്പെട്ട പല രാഷ്ട്രീയ വാർത്തകളും പുറത്തുവിട്ട പ്രമുഖ ഇംഗ്ലീഷ് പത്രത്തിലെ മാധ്യമ പ്രവർത്തകൻ കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധിയുടെ രാജിയുമായി ബന്ധപ്പെട്ട കോൺഗ്രസ് വാർത്ത പുറത്തുവിട്ടപ്പോൾ തൊല്ലൊരമ്പരപ്പ് തോന്നി. ബി.ജെ.പിയുടെ ‘ബീറ്റ് റിപ്പോർട്ടിങ് നടത്തുന്ന ലേഖകേൻറതായി ശ്രദ്ധയിൽപ്പെട്ട ആദ്യ കോൺഗ്രസ് വാർത്തയായിരുന്നു അത്. ഒാരോ പാർട്ടിയും കൈകാര്യം ചെയ്യുന്ന ലേഖകർ അതത് പാർട്ടിയുമായി ബന്ധപ്പെട്ട വാർത്തകളാണ് െപാതുവായി നൽകാറുള്ളത്. മറ്റൊരു പാർട്ടിയുടെ വാർത്ത അവർ നൽകി തുടങ്ങുേമ്പാഴാണ് ‘ബീറ്റ്’ മാറിയെന്ന വിവരം പലപ്പോഴുമറിയുക. വസ്തുതാപരമായ വാർത്തകളെഴുതാറുള്ള സുഹൃത്തും ബി.െജ.പി ബീറ്റ് റിപ്പോർട്ടിങ്ങിൽനിന്ന് മാറിയല്ലോ എന്ന വിഷമത്തോടെയാണ് പിറ്റേന്ന് കണ്ടപ്പോൾ അക്കാര്യം അന്വേഷിച്ചത്. ‘ബീറ്റൊന്നും മാറിയിട്ടില്ല, ബി.ജെ.പിയിൽ നിന്ന് വാർത്തകൾ കിട്ടാതായാൽ പിന്നെന്തു ചെയ്യും’ എന്നായിരുന്നു ആ പാർട്ടിയിൽ ഏറെ വാർത്താ ഉറവിടങ്ങളുണ്ടായിരുന്ന ലേഖകെൻറ മറുചോദ്യം. ഏറെ ദിവസമായി സ്വന്തം നിലക്ക് ഒരു വാർത്തയും കിട്ടാതിരുന്നപ്പോൾ എന്തെങ്കി ലുമൊക്കെ ചെയ്യേണ്ടേ, കോൺഗ്രസിെൻറ വാർത്തയെങ്കിലും ആകട്ടെ എന്ന് കരുതി കോൺഗ്രസ് മുഖ്യമന്ത്രിമാർ രാഹുലിനെ കാണാൻ വന്ന ദിവസം അക്ബർ റോഡിൽ പോയപ്പോൾ കിട്ടിയ വാർത്തയാണെന്നും അതിെൻറ ഉറവിടമേതെന്നും സുഹൃത്ത് വെളിപ്പെടുത്തി.
രാജ്യഭരണത്തെ കുറിച്ചും രാജ്യം ഭരിക്കുന്ന പാർട്ടിയെ കുറിച്ചും വാർത്തകളൊന്നും കിട്ടാതെ പ്രയാസപ്പെടുമ്പോഴാണ് അങ്കം തോറ്റ് അന്തഃഛിദ്രത്തിലായ പ്രതിപക്ഷ കക്ഷികളെ വാർത്തയാക്കുക എന്ന എളുപ്പവഴി മാധ്യമ പ്രവർത്തകർക്ക് തേടേണ്ടിവരുന്നത്. ‘‘മുകളിലുള്ളവൻ എല്ലാം കാണുന്നുണ്ട്’’ എന്ന പരസ്യവാചകം പോലെ മോദിയുടെയും അമിത് ഷായുടെയും നിരീക്ഷണ കാമറകൾക്ക് താഴെ മാധ്യമപ്രവർത്തകരോട് മിണ്ടാൻ ഒരു നേതാവും മന്ത്രിയും മാത്രമല്ല, ഒരു മന്ത്രാലയത്തിലെയും ആരും തയാറല്ല.
പ്രതിപക്ഷത്താകട്ടെ, കത്തുന്ന പുരയിൽ നിന്ന് ഊരുന്ന കഴുക്കോൽ ലാഭം എന്ന മട്ടിൽ സ്വന്തം നിലനിൽപിനായി എല്ലാ നേതാക്കളും വാർത്ത ഉറവിടങ്ങളാകാൻ മത്സരിക്കുകയാണ്. ഇതൊന്നുമറിയാത്ത ജനം പ്രശ്നങ്ങളെല്ലാം പ്രതിപക്ഷത്താണെന്നും രാജ്യഭരണത്തിലും രാജ്യം ഭരിക്കുന്ന പാർട്ടിയിലും കാര്യങ്ങളെല്ലാം ശുഭം, മംഗളം എന്ന് സമാധാനപ്പെടുകയും ചെയ്യും.
വാർത്തക്ക് വിശന്നാൽ വേവിച്ചു തരുന്നത്
തങ്ങളുടേത് മാത്രമായ പ്രത്യേക വാർത്തകൾക്കായി മന്ത്രാലയങ്ങൾ കയറിയിറങ്ങുന്ന മാധ്യമപ്രവർത്തകർ രണ്ടാം യു.പി.എ സർക്കാറിെൻറ അവസാന നാളുകൾ വരെ ല്യൂട്ടൻസ് ഡൽഹിയിലെ പതിവ് കാഴ്ചയായിരുന്നു. മന്ത്രിമാരിൽ നിന്നായിരുന്നില്ല, സത്യസന്ധരായ ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചായിരുന്നു അവർ വസ്തുതകൾ ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്. ഒന്നാം മോദി സർക്കാർ അധികാരമേറ്റതോടെ തന്നെ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി മാധ്യമപ്രവർത്തകരിൽനിന്ന് അകറ്റാനുള്ള നീക്കങ്ങൾ നടന്നിരുന്നു. എന്നാൽ, അതെല്ലാം മറികടന്ന് റഫാലിലെ അഴിമതിക്കഥകളും സാമ്പത്തിക മേഖലയിലെ മുരടിപ്പുകളും ഞെട്ടിപ്പിക്കുന്ന തൊഴിലില്ലായ്മയും മന്ത്രാലയങ്ങളിലെ ഉറവിടങ്ങൾ വഴി തന്നെ പല മാധ്യമങ്ങളും ചോർത്തിയെടുത്തു. പുറത്തുവന്ന സ്ഥിതിവിവരങ്ങളും വസ്തുതകളും ഒന്നാം മോദി സർക്കാറിനെ അവസാന നാളുകളിൽ പിടിച്ചുലക്കുകതന്നെ ചെയ്തു. അഹിതകരമായ ഇത്തരം വിവരങ്ങളൊന്നും മേലിൽ പുറത്തുപോകാതിരിക്കാനുള്ള മാർഗങ്ങൾ ആരായുകയാണ് രണ്ടാം മോദി സർക്കാർ.
അതുകൊണ്ടാണ് സർക്കാർ വിളമ്പിത്തരുന്ന വാർത്തകൾകൊണ്ട് മാധ്യമ പ്രവർത്തകർ തൃപ്തിപ്പെട്ടുകൊള്ളണമെന്ന് ധനമന്ത്രി പറയുന്നത്. ധനമന്ത്രാലയത്തിെൻറ അടുക്കളയിൽ അമിത് ഷാക്കും മോദിക്കുമായി നിർമല േവവിച്ചു വിളമ്പുന്ന വാർത്തകൾ കൊണ്ട് മാത്രം വിശപ്പുമാറ്റേണ്ടി വരുന്നത് മാധ്യമ പ്രവർത്തകരെ ആശങ്കാകുലരാക്കിയിട്ടുണ്ട്. ഇത്തവണ ബജറ്റിനു ശേഷമുള്ള ധനമന്ത്രിയുടെ അത്താഴവിരുന്ന് ബഹിഷ്കരിക്കുമെന്ന് നൂറ് മാധ്യമപ്രവർത്തകർ പ്രഖ്യാപിച്ചു. ബി.ജെ.പിയുടെ അടുക്കളയിൽ വേവിച്ചു വിളമ്പുന്ന അത്താഴം പോലെ ആവശ്യമെന്ന് തോന്നുന്ന വാർത്തയും വേവിച്ച് തരുന്ന രീതി സ്വീകാര്യമല്ലെന്നു പറയാൻ ഒരു നൂറു പേരെങ്കിലും തയാറായിരിക്കുന്നു. ബി.ജെ.പി വിളമ്പുന്ന അത്താഴംകൊണ്ട് തങ്ങളുടെ ഒരു രാത്രിയിലെ വിശപ്പടങ്ങുമെങ്കിലും എന്നും കുടുംബത്തിെൻറ വിശപ്പടക്കണമെങ്കിൽ മാധ്യമപ്രവർത്തനമെന്ന തൊഴിൽ നിലനിേന്ന പറ്റൂ എന്ന് അവരെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.