കുരുതിയും ഉന്മൂലനവുമൊക്കെയാണ് ഫാഷിസത്തിന്റെ താക്കോൽ സൂത്രവാക്യങ്ങൾ. ദക്ഷിണേന്ത്യയിൽ ഹിന്ദുത്വയുടെ പരീക്ഷണശാലയായ കർണാടകയിൽ പാർട്ടി പുതിയൊരു അജണ്ടയിലേക്ക് കടന്നപ്പോഴുണ്ടായ ഒരു കുരുതി ഇങ്ങ് കേരളത്തിൽ വരെ അലയടിച്ചിരിക്കുന്നു. ഭരണം പോയെന്നു കരുതി കന്നട ദേശത്ത് തുടർന്നുവന്ന രാഷ്ട്രീയ പരീക്ഷണങ്ങൾ നിർത്താനൊക്കില്ലല്ലോ.
അതുകൊണ്ടാണ് ഇത്രയും കാലം ശത്രുപക്ഷത്തായിരുന്ന കുമരണ്ണയെന്ന എച്ച്.ഡി. കുമാരസ്വാമിയെ കൂട്ടുപിടിക്കാമെന്നു വെച്ചത്. കുമരണ്ണക്കു മാത്രമല്ല, മതേതര സഖ്യത്തിന്റെ ചെലവിൽ പണ്ട് പ്രധാനമന്ത്രിയായ അദ്ദേഹത്തിന്റെ പിതാവ് ദേവഗൗഡക്കും പൂർണസമ്മതം. ഉടക്കുവെച്ചത് ഒരേയൊരാൾ മാത്രം: സംസ്ഥാന അധ്യക്ഷൻ സി.എം. ഇബ്രാഹീം. കുരുതിയല്ലാതെ വേറെ മാർഗമില്ലായിരുന്നു; പാർട്ടി സംസ്ഥാന കമ്മിറ്റിതന്നെ പിരിച്ചുവിട്ടു,സി.എം ഔട്ട്!
കറങ്ങിത്തിരിഞ്ഞ് ജെ.ഡി.എസിലെത്തിയിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ. 2008 മുതൽ കോൺഗ്രസിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ആസൂത്രണ ബോർഡ് ഉപാധ്യക്ഷ പദവി നൽകി പാർട്ടി പുനരധിവസിപ്പിച്ചതാണ്. പക്ഷേ,നിയമ നിർമാണ കൗൺസിൽ പ്രതിപക്ഷ നേതൃസ്ഥാനം ജൂനിയറായ ബി.കെ. ഹരിപ്രസാദിന് നൽകിയതിൽ പ്രതിഷേധിച്ച് സോണിയക്ക് രാജിക്കത്ത് കൊടുത്ത് കക്ഷി കുമരണ്ണക്കൊപ്പം പോയി.
വിശാലഹൃദയനായ കുമരണ്ണ സംസ്ഥാന അധ്യക്ഷ പദവിയിൽനിന്ന് മാറി കസേര സി.എമ്മിനുനേരെ നീട്ടി. സംസ്ഥാനത്ത് കോൺഗ്രസിലും മുസ്ലിം സമുദായത്തിലും വലിയ സ്വാധീനമുള്ള ഇബ്രാഹീമിന്റെ ബലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടുകയായിരുന്നു കുമരണ്ണയുടെയും ഗൗഡയുടെയും ലക്ഷ്യം.
കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കിങ്മേക്കർ സ്ഥാനം ഉറപ്പായും കിട്ടുമെന്നും എം.എൽ.എമാരെ വെച്ച് വിലപേശണമെന്നുമൊക്കെയായിരുന്നു കണക്കുകൂട്ടൽ. അതെല്ലാം തട്ടിമറിച്ച്, സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറുമെല്ലാം ഒത്തുപിടിച്ച് സംസ്ഥാന ഭരണം കൈയിലൊതുക്കി.
ജെ.ഡി.എസ് വെറും 19 സീറ്റിലൊതുങ്ങി. തുടർഭരണം ഉറച്ചമട്ടിൽ നടന്നിരുന്ന ബി.ജെ.പിക്കും വൻ നഷ്ടമുണ്ടായി. 42 ശതമാനം വോട്ട് നേടിയാണ് കോൺഗ്രസ് ഭരണം പിടിച്ചിരിക്കുന്നത്. ഈ നിലയിൽ പോയാൽ ലോക്സഭ തെരഞ്ഞെടുപ്പിലും അത്ര വെടിപ്പാവില്ലെന്ന് ഇരുകൂട്ടർക്കുമറിയാം. അങ്ങനെയാണ് സഖ്യ ചർച്ചക്ക് തുടക്കമാകുന്നത്. ഇങ്ങനെയൊരു സഖ്യം സാധ്യമാണോ എന്നൊന്നും ചോദിക്കുന്നതിൽ അർഥമില്ല.
അധികാരമാണ് മുഖ്യം. അതിനുവേണ്ടി ഏത് ഒത്തുതീർപ്പിനും പണ്ടേ ഒരുക്കമാണ് കുമാരസ്വാമി. 2004ൽ, കന്നട ദേശത്ത് ബി.ജെ.പിക്ക് ആദ്യമായി ഭരണം സമ്മാനിച്ചതുതന്നെ കുമരണ്ണയുടെ മഹാമനസ്കതയിലായിരുന്നല്ലോ. 2004ൽ ആകാമെങ്കിൽ 2024ലുമാകാം. പിന്നെയുള്ളത്, കേരളത്തിലെയും തമിഴ്നാട്ടിലെയും പാർട്ടിയുടെ സംസ്ഥാന ഘടകങ്ങളാണ്.
തൽക്കാലം അവർ അവിടെ നിലവിലുള്ള മുന്നണികളിൽ തുടരട്ടെ; ഇവിടെ തങ്ങൾ പുതിയ മുന്നണിയിൽ നിന്നോളാം. ഇങ്ങനെ കാര്യങ്ങൾ സെറ്റാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ കേറിവന്ന അധ്യക്ഷൻ ഇടങ്കോലിടുന്നത്. അയാളെ പിടിച്ചു പുറത്താക്കാതെ വേറെന്തു ചെയ്യാൻ.
എന്നുവെച്ച്, സി.എം. ഇബ്രാഹീം രാഷ്ട്രീയ വനവാസത്തിനു പോകുമെന്നൊന്നും കരുതാൻ വയ്യ. പാർട്ടിക്കുള്ളിൽ ഒരു വിമതപ്പട ഒരുങ്ങാനുള്ള സാധ്യത തെളിയുന്നുണ്ട്. യഥാർഥ ജെ.ഡി.എസ് താനാണെന്ന് ഇടക്കിടെ വിളിച്ചുപറയുന്നത് അതിന്റെ സൂചനയാണ്. പാർട്ടിയുടെ 19 എം.എൽ.എമാർ ഒന്നിച്ച് കുമാരസ്വാമി-ഗൗഡ സംഘത്തോടൊപ്പം നിലയുറപ്പിക്കുമെന്ന് ഉറപ്പില്ല. ഇനി അങ്ങനെ സംഭവിച്ചാലും സി.എം നാലു കാലിൽത്തന്നെ വീഴും.
ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എക്കാലത്തും രാഷ്ട്രീയ ജീവിതം. കോൺഗ്രസിൽനിന്ന് ജനത പാർട്ടിയിലേക്കും തിരിച്ചു കോൺഗ്രസിലേക്കും പിന്നെ ജനതാദളിലേക്കും അതുകഴിഞ്ഞ് വീണ്ടും കോൺഗ്രസിലേക്കും പിന്നെ സെക്കുലർ ദളിലേക്കും മാറിക്കയറി ഇപ്പോൾ അടുത്ത ബസിനായി കാത്തുനിൽക്കുകയാണ്.
12ാം വയസ്സിൽ തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ്. 1967ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എസ്. നിജലിംഗപ്പയുടെ രാഷ്ട്രീയ പ്രചാരണ വേദികളിൽ കത്തിക്കയറുന്ന ആ ചെക്കനെ നോക്കി ആളുകൾ മൂക്കത്ത് വിരൽ വെച്ചു. അന്നേ വലിയ വാഗ്മിയാണ്. ഭദ്രാവതിയായിരുന്നു അക്കാലത്തെ രാഷ്ട്രീയ തട്ടകം; പാർട്ടി കോൺഗ്രസും.
രാഷ്ട്രീയ ഗുരു വീരേന്ദ്ര പാട്ടീൽ ആയിരുന്നു. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനതാപരിവാർ സഖ്യത്തിൽ ചേർന്ന് എം.എൽ.എ ആയതോടെ പാർലമെന്ററി രാഷ്ട്രീയ ജീവിതത്തിനും തുടക്കമായി. പിന്നീടങ്ങോട്ട് സമാനതകളില്ലാത്ത രാഷ്ട്രീയ പരീക്ഷണങ്ങളുടെ കാലമായിരുന്നു. ’79ൽ പാട്ടീൽ പരിവാർ വിട്ട് കോൺഗ്രസിലെത്തിയപ്പോൾ ശിഷ്യനും അനുഗമിച്ചു.
ആ വകയിൽ സ്വന്തമായ മന്ത്രിസ്ഥാനം പക്ഷേ, അധികം വൈകാതെ സഹോദരന്റെ പേരിലുണ്ടായ ആരോപണത്തിന്റെ പേരിൽ നഷ്ടമായി. പിന്നീട് ആ സഹോദരൻ കൊല്ലപ്പെടുകയും ചെയ്തു. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ തോറ്റതോടെ സജീവ രാഷ്ട്രീയത്തിൽനിന്ന് തൽക്കാലം പിൻവാങ്ങി.
പിന്നീട് മടങ്ങിയെത്തുന്നത് ’94ലാണ്; ജനതാദൾ വഴി. ദേവഗൗഡ നല്ല മനസ്സോടെ സ്വീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ സംസ്ഥാന അധ്യക്ഷ പദവിയും പിന്നീട് പ്രധാനമന്ത്രിയായപ്പോൾ കേന്ദ്രമന്ത്രി സ്ഥാനവും നൽകി. ഗൗഡ, ഗുജ്റാൽ സർക്കാറുകളുടെ കാലത്ത് വ്യോമയാനവും ടൂറിസവും വാർത്തവിനിമയവുമെല്ലാം കൈകാര്യം ചെയ്തു.
പതിറ്റാണ്ടുകൾക്കുശേഷം യാഥാർഥ്യമായ കണ്ണൂർ വിമാനത്താവളം എന്ന ആശയം മുന്നോട്ടുവെച്ചത് അക്കാലത്താണ്. വിദേശ പങ്കാളിത്തത്തോടെ ആഭ്യന്തര വിമാന സർവിസ് നടത്താനുള്ള ടാറ്റയുടെയും ഡി.ടി.എച്ച് സേവനം തുടങ്ങാനുള്ള സ്റ്റാർ ടി.വിയുടെയും നീക്കങ്ങൾക്ക് അള്ളുവെച്ചതിന് കടുത്ത ആരോപണങ്ങൾ നേരിടേണ്ടിവന്നു.
പഴയ കോൺഗ്രസുകാരൻ കൂടിയായ മലയാളി എന്ന വിലാസത്തിൽ ’99ൽ കോഴിക്കോട്ട് മത്സരിക്കാനെത്തിയെങ്കിലും കെ. മുരളീധരനോട് മുപ്പതിനായിരത്തിൽപരം വോട്ടുകൾക്ക് തോറ്റു. പിന്നെയും നാലഞ്ചു വർഷം ദളിൽ നിന്നു; സിദ്ധരാമയ്യക്കൊപ്പം പാർട്ടിവിട്ട് 2008ൽ വീണ്ടും കോൺഗ്രസിൽ ചേർന്നു.
തലശ്ശേരിക്കാരനാണ്. കർണാടകയിൽ ബിസിനസ് ചെയ്തിരുന്ന കോട്ടയംപൊയിലിൽ കിണവക്കൽ കുഞ്ഞുട്ടി അലിയുടെയും സാറയുടെയും ആറു മക്കളിൽ മൂത്തയാൾ. ബാല്യകാലവും പഠനവുമെല്ലാം കർണാടകയിലായിരുന്നെങ്കിലും വിവാഹം കഴിച്ചത് ജന്മനാട്ടിൽനിന്നാണ്. 1978ൽ, എം.എൽ.എ ആയിരിക്കെയാണ് ഇബ്രാഹീം കൂത്തുപറമ്പ് സ്വദേശി ഷഹീലയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇവർക്ക് അഞ്ചു മക്കൾ. ഇളയ മകൻ ഇസ്ഹാഖ് ’95ൽ മരണപ്പെട്ടു. അതൊരു വലിയ വേദനയായി.
അതോടെയാണ് ജന്മനാട്ടിലേക്കുള്ള വരവു കുറച്ചത്. എന്നുവെച്ച് കേരളത്തോടും മലയാളത്തോടുമുള്ള പ്രിയം കുറഞ്ഞില്ല. കന്നട ദേശത്ത് മലയാളികളുടെ ആശാകേന്ദ്രമായി എക്കാലത്തും നിലകൊണ്ടു. വീരപ്പമൊയ്ലിയുടെ നേതൃത്വത്തിൽ ഭാഷാപക്ഷപാതിത്വ നിയമം കൊണ്ടുവന്നപ്പോൾ അതിനെതിരായ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. അതിന്റെ പേരിൽ വധഭീഷണി വരെയുണ്ടായി.
ഖുർആൻ ഹൃദിസ്ഥം. മുസ്ലിം വിരോധം വിളമ്പി മഹാരാഷ്ട്രയിൽ കലാപങ്ങൾ സൃഷ്ടിച്ച ബാൽ താക്കറെക്ക് മുംബൈയിലെ വസതിയിൽ കയറിച്ചെന്ന് ഇസ്ലാമിനെക്കുറിച്ച് വിശദീകരിച്ചു കൊടുത്തിട്ടുണ്ട്. ഖുർആനു പുറമെ രാമായണവും മഹാഭാരതവും വേദങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന പാക്കേജാണ് സി.എമ്മിന്റെ പ്രസംഗങ്ങൾ.
‘‘അവരെ കാത്തിരിക്കുന്നത് മഹാഭാരതത്തിൽ ദുര്യോധനന് സംഭവിച്ചതു പോലുള്ള വിധിയാണെ’’ന്നാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെക്കുറിച്ച് നടത്തിയ പ്രതികരണം. പിതൃതുല്യനായി കരുതിയിരുന്ന ഗൗഡാജിയുടെ സർക്കാറിനെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ ചെലുത്തിയതുകൊണ്ടാണ് തനിക്ക് മകനെ നഷ്ടമായതെന്നും പറഞ്ഞുവെക്കുന്നു.
ചാന്ദ് മഹൽ എന്നതിന്റെ ചുരുക്കെഴുത്താണ് സി.എം. പ്രശ്നപരിഹാരത്തിലും പണം കണ്ടെത്തുന്നതിലുമുള്ള മിടുക്കുകൊണ്ട് ക്രൈസിസ് മാനേജർ എന്ന പര്യായവുമുണ്ട്. പഴയ മിടുക്കുകൾ എഴുപത്തഞ്ചാം വയസ്സിലും ഫലിക്കുമോ എന്നു സംശയിക്കുന്നവരോട്, കാത്തിരുന്നോളൂ കാണിച്ചുതരാമെന്ന് മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.