മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനെയും മകൻ നകുൽനാഥ് എം.പിയെയും ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ കോൺഗ്രസ് പാർട്ടി ആരോപിക്കുന്നതുപോലെ ഒരു ‘ഗൂഢാലോചന’ ആവാം. പക്ഷേ, ആ മുതിർന്ന നേതാവും അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നു. അച്ഛനും മകനും പൊടുന്നനെ ന്യൂഡൽഹിയിൽ വന്നിറങ്ങിയ ഫെബ്രുവരി 17 മുതൽ പ്രചരിക്കുന്ന കിംവദന്തികളെ അദ്ദേഹം അസന്ദിഗ്ധമായി തള്ളിക്കളഞ്ഞില്ല.
ഞാനോ മകനോ കോൺഗ്രസ് വിടാൻ പരിപാടിയില്ലെന്ന് കമൽനാഥ് പറഞ്ഞിരുന്നെങ്കിൽ സംഗതി അവിടെ തീരുമായിരുന്നു. പകരം അദ്ദേഹം കിംവദന്തികളെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് മുങ്ങിനടന്നു. നകുൽനാഥ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ വിവരങ്ങളിൽനിന്ന് കോൺഗ്രസിനെ ഒഴിവാക്കിയത് ഊഹാപോഹങ്ങൾക്ക് ആക്കംകൂട്ടി. കമൽനാഥിന്റെ ഉറച്ച അനുയായിയും മുൻമന്ത്രിയുമായ സജ്ജൻ സിങ് വർമയും ഇതേപോലെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്ന് കോൺഗ്രസ് ബന്ധം നീക്കിയിരുന്നു.
അച്ഛനും മകനും കൗതുകകരമായ നിസ്സംഗത പുലർത്തുന്നതിനിടയിൽ, ദിഗ്വിജയ് സിങ് മുതൽ ജിതു പട്വാരി വരെയുള്ള കോൺഗ്രസ് നേതാക്കൾ കൂറുമാറ്റ സാധ്യതയെ കണിശമായി നിഷേധിച്ചു. ദീർഘകാല സഹപ്രവർത്തകനായ ദിഗ്വിജയ് സിങ്ങായിരുന്നു നാഥിന്റെ ഒഴിഞ്ഞുപോക്ക് തടയാനുള്ള ശ്രമങ്ങളുടെ മുന്നിൽ. പ്രദേശ് കോൺഗ്രസ് അധ്യക്ഷനായ പട്വാരിയും കമൽനാഥിനെ പിന്തിരിപ്പിക്കാൻ കിണഞ്ഞുശ്രമിച്ചു.
‘‘മാധ്യമങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നതിന്റെ ഉദാഹരണമാണ് കമൽനാഥ് ബി.ജെ.പിയിലേക്കു പോകുമെന്ന അഭ്യൂഹങ്ങൾ. കമൽനാഥിനെതിരായ ഗൂഢാലോചനയാണിത്. ഞാൻ അദ്ദേഹത്തോട് സംസാരിച്ചു, എല്ലാം വെറും കിംവദന്തികളാണെന്നും അവസാന ശ്വാസംവരെ കോൺഗ്രസ് പ്രത്യയശാസ്ത്രത്തിൽതന്നെ തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു’’ -പട്വാരി പറഞ്ഞു.
എന്നിരുന്നാലും, തന്റെ നേതാവ് കോൺഗ്രസിൽ തുടരുമെന്ന് ഫെബ്രുവരി 19ന് കമൽനാഥുമായി കൂടിക്കാഴ്ചക്കുശേഷം സജ്ജൻ സിങ് വർമ ഉറപ്പിച്ചു പറയുന്നതുവരെ സസ്പെൻസ് തുടർന്നു. പിന്നാലെ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്, കമൽനാഥ് ബി.ജെ.പിയിലേക്കു പോകുന്നു എന്ന പ്രചാരണം തെറ്റായ വിവരമാണെന്നും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ അദ്ദേഹം പങ്കെടുക്കുമെന്നും ഉറപ്പിച്ചുപറഞ്ഞു.
കമൽനാഥും നകുൽനാഥും ഈ നിമിഷം കോൺഗ്രസിൽതന്നെയാണ്. എന്നിരുന്നാലും, ചിന്ദ് വാരയിൽനിന്ന് ഒമ്പതു തവണ എം.പിയായ അദ്ദേഹം ദുർബലമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിൽനിന്ന് മാറി രാഷ്ട്രീയ ഗതി രൂപപ്പെടുത്താനോ വാണിജ്യതാൽപര്യങ്ങൾ സംരക്ഷിക്കാനോ ഭാവിയിൽ ബി.ജെ.പിയിൽ ചേക്കേറാനുള്ള സാധ്യതയുണ്ടെന്ന ചിന്താഗതി വ്യാപകമായി പരന്നു.
നിരപരാധിത്വം അവകാശപ്പെടുമ്പോഴും 1984ലെ സിഖ് വിരുദ്ധ വംശഹത്യയിലെ പങ്കാളിത്തം സംബന്ധിച്ച ആരോപണം ഇല്ലാതായിട്ടില്ലെന്ന് അദ്ദേഹത്തിന് നന്നായറിയാം, വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുമായി ചേർന്നുനിന്നാൽ മാത്രമേ സി.ബി.ഐ, ഐ.ടി, ഇ.ഡി എന്നിവയുടെ ഒളികണ്ണുകളിൽനിന്ന് തന്റെ ബിസിനസ് താൽപര്യങ്ങൾ എളുപ്പത്തിൽ സംരക്ഷിച്ചുനിർത്താൻ കഴിയൂ എന്നും അദ്ദേഹത്തിന് അറിയാം.
സ്വന്തം കാര്യത്തേക്കാളേറെ മകന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ് അദ്ദേഹം കൂടുതൽ ആശങ്കപ്പെടുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ഗണ്യമായി കുറഞ്ഞ മാർജിനിൽ കോൺഗ്രസിനുവേണ്ടി പിതാവിന്റെ മണ്ഡലമായ ചിന്ദ്വാര നിലനിർത്താൻ നകുൽനാഥിന് എങ്ങനെയോ കഴിഞ്ഞു. നകുൽനാഥ് മാത്രമാണ് സംസ്ഥാനത്തെ ഏക കോൺഗ്രസ് ലോക്സഭാംഗം. ബാക്കി 28 ലോക്സഭ സീറ്റുകളും സ്വന്തമാക്കിയ ബി.ജെ.പി വരുന്ന തെരഞ്ഞെടുപ്പിൽ ചിന്ദ്വാരയും പിടിച്ചെടുക്കാനാണ് ഒരുക്കംകൂട്ടുന്നത്. ചിന്ദ്വാര മണ്ഡലത്തിലെ ഏഴു നിയമസഭ സീറ്റിലും വിജയിച്ചത് തന്റെ ഉറ്റ അനുയായികളായ കോൺഗ്രസുകാരാണെങ്കിലും കമൽനാഥിന് ഉറപ്പുപോരാ.
സംസ്ഥാന കോൺഗ്രസിലെ തന്റെ ആധിപത്യത്തിന് ഊനംതട്ടിയില്ലായിരുന്നുവെങ്കിൽ ചിന്ദ്വാര പിടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം കണ്ട് കമൽനാഥ് ഭ്രമിക്കില്ലായിരുന്നു. എന്നാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയം അദ്ദേഹത്തിന്റെ സ്വാധീനം ഇടിച്ചുകളഞ്ഞു, പട്വാരിയെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയമിക്കുന്നതിനെക്കുറിച്ച് നേതൃത്വം കമൽനാഥിനോട് കൂടിയാലോചിച്ചതുപോലുമില്ല. ഉത്തരവാദിത്തം ഏറ്റെടുത്തശേഷം പട്വാരി കമൽനാഥിനോട് മുൻതൂക്കം കാണിക്കുന്നുണ്ടെങ്കിലും, മുൻ മേധാവിയുടെ നിഴലിൽനിന്ന് വിചാരിച്ചതിലും വേഗത്തിൽ സംസ്ഥാന കോൺഗ്രസ് പുറത്തുവന്നു. ബാനറുകളിലും പോസ്റ്ററുകളിലും കമൽനാഥിന്റെയും ദിഗ്വിജയ് സിങ്ങിന്റെയും ചിത്രങ്ങൾക്ക് വലുപ്പമില്ല.
കമൽനാഥിന്റെ നിരവധി ഉയർച്ചതാഴ്ചകൾക്ക് സാക്ഷിയായി ഇക്കഴിഞ്ഞ ആറു വർഷങ്ങൾ. 2018ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസിനെ വിജയത്തിലേക്കു നയിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യ കലാപക്കൊടിയുയർത്തിയതോടെ 15 മാസംകൊണ്ട് ഭരണം വീണു. ഞെട്ടിക്കുന്ന തോൽവി നേരിട്ട 2023ലെ തെരഞ്ഞെടുപ്പിൽ സീറ്റ് 66 ആയി കുറഞ്ഞു. കമൽനാഥിന്റെ അധീശത്വ നേതൃത്വമാണ് തോൽവിയിലേക്കു നയിച്ചതെന്നാണ് അണികളുടെ കണക്കുകൂട്ടൽ. അദ്ദേഹത്തിന്റെ ഹിന്ദുത്വ ആഭിമുഖ്യം വരുത്തിയ പരിക്കുകൾ ചെറുതല്ലെന്ന് അവർ കരുതുന്നു. ധീരേന്ദ്ര ശാസ്ത്രി, പ്രദീപ് മിശ്ര തുടങ്ങിയ സംശയനിഴലിലുള്ള ‘ബാബ’മാർക്കു മുന്നിലെ താണുവണങ്ങലും ഹനുമാൻ ഭക്തൻ എന്ന പ്രതിച്ഛായ സൃഷ്ടിച്ചതും ഹിന്ദുത്വർക്കാണ് ഗുണംചെയ്തത്.
അതുകൊണ്ടെല്ലാംതന്നെ, മധ്യപ്രദേശിലെ സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് കമൽനാഥിന്റെയും മകന്റെയും രാഷ്ട്രീയനീക്കത്തെച്ചൊല്ലി ആശങ്കയേക്കാളേറെ കൗതുകമാണുള്ളത്. നിയമസഭ തോൽവിക്കുശേഷവും പാർട്ടി മുന്നോട്ടുപോകണമെന്നും കമൽനാഥിന്റെ പോക്കിനെച്ചൊല്ലി വിലപിക്കുന്നതിനേക്കാൾ ആഘോഷിക്കണമെന്നും അവർ ആഗ്രഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.