ഗെയില്‍: വികസന മേലങ്കിയണിഞ്ഞ കോര്‍പറേറ്റ് കൊള്ള

പാലക്കാട് ജില്ലയിലെ കൂറ്റനാട് കരിമ്പ പ്രദേശം മനുഷ്യത്വം മരവിച്ച നിഷ്ഠുരമായ പൊലീസ് അക്രമത്തിലൂടെ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ആ പ്രദേശത്തുകാര്‍ ചെയ്ത ‘‘തെറ്റ്’’  സര്‍ക്കാറിന്‍െറ നിയമവിരുദ്ധവും ജനവിരുദ്ധവുമായ ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ പിറന്ന ഭൂമിയും വീടും സംരക്ഷിക്കാന്‍ സമരംചെയ്തു എന്നതാണ്; ജനവാസ മേഖലകളിലൂടെ വാതക പൈപ്പ് ലൈന്‍ പദ്ധതി കൊണ്ടുപോകുവാന്‍ പാടില്ളെന്ന 1962ലെ പി.എം.പി ആക്ടിലെ നിയമസംരക്ഷണം നിയമ പാലകരോട്  ആവശ്യപ്പെട്ടതാണ് അവര്‍ ചെയ്ത ‘‘കൊടിയ പാതകം’’.

പരമാധികാരം ജനങ്ങള്‍ക്കാണെന്നാണ് ജനാധിപത്യത്തിന്‍െറ അന്ത$സത്ത. പാവപ്പെട്ടവന്‍െറയും തൊഴിലാളികളുടെയും ജന്മാവകാശത്തിനുവേണ്ടി രാപ്പകലില്ലാതെ സമരം ചെയ്ത് വിപ്ളവം നയിച്ച പാരമ്പര്യമുള്ള ഒരു പാര്‍ട്ടി അധികാരം കൈയാളുമ്പോള്‍ ‘പ്രജകള്‍’ കൂടുതല്‍ ജനകീയ സുതാര്യ ഭരണം പ്രതീക്ഷിക്കുന്നു. പക്ഷേ, സംഭവിച്ചത്, സ്വന്തം ജനതയെ ശത്രുവായി അപരവത്കരിച്ച്, ലാത്തികൊണ്ടും ഗ്രനേഡുകൊണ്ടും ജലപീരങ്കി കൊണ്ടും അടിച്ചമര്‍ത്തി  നിര്‍വീര്യമാക്കി,  ഒരു ഗ്രാമത്തെ ബന്ദിയാക്കിയ കദനകഥകളുടെ ചോരമണക്കുന്ന മൃഗീയ സംഭവങ്ങളാണ് കരിമ്പ ഒരാഴ്ചയായി കേരളത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

‘എന്നിട്ടരിശം തീരാഞ്ഞിട്ട്’ എന്ന കുഞ്ചന്‍നമ്പ്യാരുടെ വരികളെ അനുസ്മരിപ്പിക്കും വിധം നിരത്തില്‍ കണ്ട ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ ബഹുമാന്യരായ കാക്കിധാരികള്‍ അടിച്ചു തകര്‍ത്തു; ഇരകളുടെ വീടുകളില്‍ കയറി സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ ആക്രമിച്ചു; ഭീഷണിപ്പെടുത്തി; ജനാധിപത്യ സംരക്ഷണത്തിന് (കോര്‍പറേറ്റ് സംരക്ഷണത്തിന്) വേണ്ടി ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു; കൃഷികള്‍ നശിപ്പിച്ചു; മുന്നൂറിലധികം കുട്ടികളും സ്ത്രീകളും അടങ്ങുന്ന പ്രദേശവാസികള്‍ മാരകമായ പരിക്കുപറ്റി ആശുപത്രികളിലാണ്.  ഇത്രയും സൂചിപ്പിച്ചത് ഏതോ ഒരു  ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ സംഭവിച്ച മനസ്സു മരവിച്ച, ക്രൂരരായ ഏതോ കാപാലികരുടെ ചെയ്തികളല്ല; “കേരളമെന്ന പേര് കേട്ടാലഭിമാന പൂരിതമാകണമന്തരംഗ’’മെന്ന കാവ്യശകലത്തിന്‍െറ സ്വന്തം നാട്ടില്‍ നടന്നതാണ്.

കഴിഞ്ഞ ഡിസംബറിലാണ് ഗെയില്‍ ഉദ്യേഗസ്ഥര്‍ നടത്തുന്ന സര്‍വേ തടസ്സപ്പെടുത്തി എന്ന പേരില്‍ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പ്രദേശത്ത് 14 പേര്‍ക്കെതിരെ ഗെയില്‍ സമരഭൂമിയില്‍ (സ്വന്തം ഭൂമിയില്‍) പ്രവേശിക്കരുതെന്ന് പറഞ്ഞ് കേസെടുത്തത്. ബ്രിട്ടീഷ്  ഇന്ത്യാ കാലത്ത് അധിനിവേശ സൈനികര്‍ നടപ്പാക്കിയിരുന്ന, ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യക്കാര്‍ സമരം ചെയ്യാതിരിക്കാന്‍ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന കരിനിയമമായ  ഐ.പി.സി 107 (എ) പ്രകാരമാണ് നാട്ടുകാര്‍ക്കെതിരെ  കേസെടുത്തിരിക്കുന്നത്.

2007 ലാണ് ഇടതുപക്ഷ ഗവണ്‍മെന്‍റിന്‍െറ കാലത്ത് ഇന്ത്യ ഗവണ്‍മെന്‍റിന്‍െറ കീഴിലുള്ള ഗെയിലുമായി കേരള വ്യവസായ വകുപ്പിന്‍െറ  സംസ്ഥാന വികസന കോര്‍പറേഷനുമായി (KSIDC) ഉണ്ടാക്കിയ ധാരണപ്രകാരമണ് ഗെയില്‍ പദ്ധതി മുന്നോട്ട് പോകുന്നത്. വലിയ ക്രയോജനിക് സംവിധാനമുള്ള കപ്പല്‍ വഴി പുതുവൈപ്പിനിലത്തെുന്ന ദ്രവീകൃത പ്രകൃതി വാതകം  (LNG) വ്യവസായ ആവശ്യത്തിനുവേണ്ടി കുറഞ്ഞ ചെലവില്‍  മംഗലാപുരത്തേക്കും  ബംഗളൂരുവിലേക്കും കൊണ്ടുപോകാനാണ് പദ്ധതി.  ഗെയില്‍ പദ്ധതി  നടപടികളുടെ തുടക്കം മുതല്‍ ദുരൂഹതയും നിയമവിരുദ്ധ നടപടികളും തെറ്റിദ്ധരിപ്പിക്കലും  നിറഞ്ഞുനില്‍ക്കുന്നു.

ഒരു പ്രദേശത്തുകൂടെ വാതക പൈപ്പ് ലൈന്‍ വലിക്കണമെങ്കില്‍  പ്രാഥമികമായ സര്‍വേ നടത്തുന്നതിന് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക്  3 (1) നോട്ടീസ് നല്‍കണം; സര്‍വേക്കുശേഷം ഇരകള്‍ക്ക് പരാതി ബോധിപ്പിക്കുന്നതിന് 4 (1) നോട്ടീസ് നല്‍കുന്നതോടൊപ്പം നഷ്ടപരിഹാര കമ്മിറ്റി ജനങ്ങളുടെ പരാതികളും പ്രയാസങ്ങളും ബോധ്യപ്പെടുത്തുന്ന ജനകീയ അദാലത്ത് സംഘടിപ്പിക്കണം; ഭൂമി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ഗെസറ്റ് വിജ്ഞാപനമിറക്കി,  6 (1) നോട്ടീസ് നല്‍കുക തുടങ്ങിയ നടപടി ക്രമങ്ങള്‍ പൂര്‍ണമായും അട്ടിമറിച്ചാണ് ഗെയില്‍ മുന്നോട്ട് പോകുന്നത്.

ഗെയില്‍ പദ്ധതി വ്യവസായിക ആവശ്യത്തി നുള്ള പ്രസരണ പൈപ്പ് മാത്രമാണ്; ഈ വാതകം ബ്യൂട്ടെയിന്‍, സള്‍ഫര്‍ തുടങ്ങിയ സ്ഫോടനാത്മക സ്വഭാവമുള്ള മൂലകങ്ങള്‍ അടങ്ങിയതിനാല്‍ ഇത് പാചകവാതമായി ഉപയോഗിക്കാന്‍ പാടില്ല; വീടുകള്‍ക്ക് ഗെയില്‍ കണക്ഷന്‍ നല്‍കുമെന്ന് പറയുന്നത് 110 കെ.വി വൈദ്യുതി ലൈനില്‍ നിന്ന് വീടുകള്‍ക്ക് നേരിട്ട് കണക്ഷന്‍ നല്‍കുമെന്ന് പറയുന്നതുപോലുള്ള ഭോഷത്തരവും തെറ്റിദ്ധരിപ്പിക്കലുമാണ്.           

ഗെയില്‍ പദ്ധതി ഒരു വികസനമാണെങ്കില്‍ നിയമപരമായ മാനദണ്ഡങ്ങള്‍ പ്രകാരം മറ്റു വികസന പദ്ധതികള്‍ക്ക് നല്‍കുന്നതുപോലെ ഭൂമി വിട്ടുനല്‍കുന്നതിന് ഒരു പ്രദേശത്തുകാര്‍ക്കും പ്രശ്നമില്ല. പക്ഷേ , ഗെയില്‍ ജീവിതത്തിന് തീരാ ദുരന്തങ്ങള്‍ സമ്മാനിക്കുന്ന അപകട പദ്ധതിയാണ്. 2015 ജൂണ്‍ 19 ന് ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുണ്ടായ വാതക പൈപ് ലൈന്‍ അപകടത്തില്‍ വെന്തുമരിച്ചത് 19 പേരാണ്; അതും വിജനമായ പ്രദേശമായിട്ടുപോലും. ഏകദേശം 1.5 കി.മീ ദുരന്തത്തിന്‍െറ  അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ചു. ഭോപാല്‍ വാതക ചോര്‍ച്ചയെ കുറിച്ച് പഠനം നടത്തിയ നാഗ്പൂരിലുള്ള ദേശീയ പരിസ്ഥിതി ഗവേഷണ  എന്‍ജിനീയറിങ് സ്ഥാപനത്തിലെ ശാസ്ത്രജ്ഞരായ ഡോ. എ. ഗുപ്ത, എച്ച്.എന്‍. മധേക്കര്‍ എന്നിവര്‍ പറയുന്നത് 24 ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെയുള്ള വാതക പ്രസരണ പദ്ധതിക്ക് എവിടെയെങ്കിലും അപകടമുണ്ടായാല്‍ പൈപ്പിന്‍െറ ഓരോ വശത്തും 732 മീറ്റര്‍ അഗ്നിഗോളം സൃഷ്ടിക്കപ്പെടുമെന്നാണ്; അതിനാല്‍ പൈപ്പിന്‍െറ ഇരുവശത്തും ഗ്യാസ് രശ്മി സുരക്ഷിത മേഖല (Radiance saftey distance) ചുരുങ്ങിയത് 1.5 കി.മി ആണ്. കേരളത്തില്‍ എവിടെയെങ്കിലും ഈ മാനദണ്ഡം പാലിച്ചിട്ടുണ്ടോ?

ഗെയില്‍ പദ്ധതി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

  1. അമേരിക്കയിലടക്കം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ജനവാസ മേഖലകളില്‍ നിന്ന് 1.5 കി.മീ അകലെയാണെന്നിരിക്കെ കേരളത്തില്‍ എന്തുകൊണ്ട് ജനങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശത്തുകൂടെ കൊണ്ട് പോകുന്നു?
  2. ഏതൊരു പദ്ധതിക്കും സാങ്കേതിക അനുമതി പാരിസ്ഥിതിക അനുമതി എന്നിവ വേണമെന്നിരിക്കെ ഗെയില്‍ പദ്ധതിയുടെ കാര്യത്തില്‍ ഇത് അട്ടിമറിക്കപ്പെട്ടു?
  3. വ്യവസായിക ആവശ്യത്തിന് ഗ്യാസ് കടത്തിവിടാന്‍ മൂന്നു സെന്‍റിലും അഞ്ചു സെന്‍ററിലും ജീവിക്കുന്ന ആയിരങ്ങളെ കുടിയിറക്കുന്ന പദ്ധതിക്ക് എന്തുകൊണ്ട് ബദല്‍ മാര്‍ഗം അന്വേഷിക്കുന്നില്ല? (ഉദാ: കടല്‍ മാര്‍ഗം, റെയില്‍വേ ആന്‍ഡ് നാഷനല്‍ ഹൈവേ പുറംപോക്ക് ഭൂമി...)
  4. പാര്‍ലമെന്‍റ് 1964 ലെ പി.എം.പി ആക്ട് എന്തുകൊണ്ട് ഇരകള്‍ക്ക് നിഷേധിക്കുന്നു ?
  5. ഗവ. പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എന്തുകൊണ്ട് ഗെയിലിന്‍െറ കാര്യത്തില്‍ പാലിക്കുന്നില്ല?
  6. ഗെയില്‍ പദ്ധതി സാധാരണക്കാര്‍ക്ക് ഗ്യാസ് നല്‍കുന്ന വികസന പദ്ധതിയാണെങ്കില്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ക്ക് വികസനം വേണ്ടേ?
  7. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ജനസാന്ദ്രത കൂടിയ പ്രദേശമായ കേരളത്തില്‍ ഗെയില്‍ പദ്ധതിയുടെ ദുരന്തത്തെക്കുറിച്ച് എന്തുകൊണ്ട് കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നില്ല?
  8. തമിഴ്നാട്ടില്‍ ഗെയില്‍ പദ്ധതി പൂര്‍ണമായും കൃഷിഭൂമിയിലൂടെയും  വയലിലൂടെയും കടന്നുപോയിട്ടും തമിഴക രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാറും ഒറ്റക്കെട്ടായി ഗെയിലിനെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയപ്പോള്‍ കേരളം എന്തുകൊണ്ട് ആയിരക്കണക്കിന് ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിടുന്ന പദ്ധതിക്ക് ചൂട്ട് പിടിക്കുന്നു?
  9. ഭൂചലനങ്ങളും ഉരുള്‍പൊട്ടലുകളും ഇടക്കിടെ ഉണ്ടാവാറുള്ള താമരശ്ശേരി, കാരശ്ശേരി തുടങ്ങിയ മലയോര പ്രദേശത്തുകൂടെ പദ്ധതി കടന്നുപോകുമ്പോള്‍ ജനങ്ങളുടെ സുരക്ഷക്ക് ഒരു വിലയും കല്‍പിക്കുന്നില്ല?
  10. ഗെയില്‍ പദ്ധതിക്കുവേണ്ടി നോട്ടിഫൈ ചെയ്ത മേഖലയില്‍ ആയിരക്കണക്കിന് സാധാരണക്കാരുടെ ഭൂമി ക്രയവിക്രയം നടക്കാതെ സ്തംഭിച്ചുനില്‍ക്കുമ്പോള്‍ നിരവധി വിവാഹങ്ങള്‍, കടബാധ്യതകള്‍ എന്നിവക്ക് പരിഹാരം കാണാതെ ഗ്രാമീണര്‍ തീ തിന്ന് കഴിയുന്നത് എന്തുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ നിസ്സംഗതയോടെ കാണുന്നു?

സമരക്കാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഭൂമി നഷ്ടപ്പെടാതിരിക്കാനുള്ള കുറുക്കുവഴികളുടേതല്ല; പിറന്ന രാജ്യത്ത് ഏതൊരു പൗരനും ലഭിക്കേണ്ട മനുഷ്യാവകാശങ്ങളെക്കുറിച്ചാണ്. കാപട്യ രാഷ്ട്രീയ കേരളമേ, ഒന്നുകില്‍ ഗെയിലിന്‍െറ ഇരകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയാറാവണം, അല്ളെങ്കില്‍ ഗെയില്‍ സമരത്തില്‍ കൂടെ നില്‍ക്കണം. രണ്ടുമില്ളെങ്കില്‍ കാലം നിങ്ങള്‍ക്ക് മാപ്പുതരില്ല.

Tags:    
News Summary - gail: coorperate loote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT