മുൻ മന്ത്രികൂടിയായ എളമരം കരീം ‘ഭീകരത തന്നെ’ എന്ന ശീർഷകത്തിൽ മാധ്യമത്തിൽ എഴുതിയ കുറിപ്പ് (2017 നവംബർ 8) ഗെയിൽ വിഷയത്തിൽ അസത്യങ്ങൾ പ്രചരിപ്പിക്കുന്നതും ജനകീയ സമരത്തോട് അരിശം തീർക്കുന്നതുമാണ്. ഗെയിൽ പൈപ്പ് ലൈൻ ജനവാസ മേഖലകളിലൂടെ കടന്നുപോകുന്നതിനെതിരെ മൂന്ന് സെൻറിലും അഞ്ച് സെൻറിലും ജീവിക്കുന്ന ഗ്രാമീണ ജനത നടത്തിയ ജനകീയ ചെറുത്തുനിൽപിനെ തീവ്രവാദ മുദ്ര ചാർത്തി നിഷ്ക്രിയമാക്കാൻ സാധ്യമല്ല. ജനകീയ സമരത്തിനെതിരെ പൊലീസ് നടപടികളുണ്ടായപ്പോൾ കാസർകോട്ടു നിന്നു വന്ന രണ്ടുപേരെ പൊലീസ് പിടിച്ചു എന്ന ലേഖകെൻറ പ്രസ്താവന ശുദ്ധ കളവാണ്. പൊലീസ് മർദിക്കുകയും അറസ്റ്റ് ചെയ്യുകയും റിമാൻഡിലാക്കുകയും ചെയ്തവരിൽ 14 പേർ സി.പി.എം, എട്ടുപേർ കോൺഗ്രസ്, ഒമ്പതുപേർ മുസ്ലിം ലീഗ്, മൂന്നുപേർ എസ്.ഡി.പി.ഐ, ഒരാൾ വെൽെഫയർ പാർട്ടി എന്നിങ്ങനെയാണ്. ഇതിനുപുറമെ പൊലീസ് അറസ്റ്റ്ചെയ്ത് റിമാൻഡ് ചെയ്യാതെ പുറത്തുവിട്ട 12 സി.പി.എം പ്രവർത്തകർ അടക്കമുള്ള 47 സമര സമിതി പ്രവർത്തകരിൽ ഒരാളും വടക്കൻ ജില്ലകളിൽനിന്ന് വന്നവരല്ല. സമരത്തെ പുറത്തുനിന്നുള്ള തീവ്രവാദി നുഴഞ്ഞുകയറ്റമായി വ്യാഖ്യാനിച്ച് ബോധപൂർവം തകർക്കാൻ ശ്രമിക്കുന്നത് ഏത് വൈരുധ്യാധിഷ്ഠിത രാഷ്ട്രീയമാണ്?
സി.പി.എം എറണാകുളം ജില്ല സെക്രട്ടറിയും മുൻ എം.പിയുമായ പി. രാജീവ് ഉദ്ഘാടനം ചെയ്ത 2012 ഫെബ്രുവരി 18ന് നടത്തിയ സമര പ്രഖ്യാപന കൺവെൻഷനിലെ തലവാചകം ‘‘വാതക ബോംബിൻ മുകളിൽ ജീവിക്കാൻ ഞങ്ങൾക്കാവില്ല’’ എന്നാണ്; ഭൂമിയുടെ നഷ്ടപരിഹാരമായിരുന്നില്ല കൺവെൻഷെൻറ പ്രമേയം. ഈ ശീർഷകം ഏഴാം നൂറ്റാണ്ടിെൻറ പ്രാകൃതബോധത്തിൽനിന്നാണോ, അതല്ല 19ാം നൂറ്റാണ്ടിലെ ഒക്ടോബർ വിപ്ലവത്തിൽനിന്നാണോ കിട്ടിയത് എന്ന് സഖാവ് വിശദീകരിക്കെട്ട. ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കുക, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എറണാകുളം മുതൽ കാസർകോട് വരെ നടക്കുന്ന ജനകീയ സമരങ്ങളിൽ ഇടതുപക്ഷത്തുള്ള നിരവധി ജില്ല -ഏരിയ കമ്മിറ്റി അംഗങ്ങളും ജന പ്രതിനിധികളുമടക്കം എല്ലാ സാംസ്കാരിക രാഷ്ട്രീയ മതസംഘടന പ്രവർത്തകരുമുണ്ട്. സി.പി.എം ഭരിക്കുന്ന കാരശ്ശേരി, കാവന്നൂർ ഗ്രാമപഞ്ചായത്തുകൾ ഗെയിൽ ജനവാസ മേഖലകൾ പൂർണമായും ഒഴിവാക്കണമെന്ന പ്രമേയം പാസാക്കിയത് ഏത് വൈരുധ്യാധിഷ്ഠിത ഭൗതികവാദ തീവ്രവാദ മാപിനി ഉപയോഗിച്ചാണ് വിലയിരുത്തേണ്ടത്?
‘‘ഗെയിൽ പൈപ്പ്ലൈൻ എറണാകുളം, തൃശൂർ ജില്ലകളിലെ പല ഭാഗത്തും സ്ഥാപിച്ചുകഴിഞ്ഞു. എറണാകുളം നഗരത്തിൽ വീടുകളിലേക്ക് വാതകവിതരണം ആരംഭിച്ചു. അവിടെയൊന്നും കാണാത്ത ആശങ്ക ചിലയിടങ്ങളിൽ മാത്രം കാണുന്നത് എന്തുകൊണ്ട് ’’ എന്ന പ്രസ്തുത ലേഖനത്തിലെ പരാമർശം വാസ്തവവിരുദ്ധമാണ്. എറണാകുളം സിറ്റി ഗ്യാസ് പദ്ധതി ഒരു പ്രസരണ പൈപ്പല്ല; വാതകവിതരണ പൈപ്പാണ്. അതിെൻറ നടത്തിപ്പുകാർ അദാനിയും ഐ.ഒ.സിയുമാണ്; ഇതൊരു വിതരണ പൈപ്പായതുകൊണ്ട് കുറഞ്ഞ സമ്മർദത്തിലാണ് ഗ്യാസ് കടത്തിവിടുന്നത്. ഈ പദ്ധതിയിൽ തന്നെ പല കാരണങ്ങളാൽ വീടുകളിൽ കണക്ഷൻ കൊടുക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, നിർദിഷ്ട കൊച്ചി -മംഗലാപുരം ഗെയിൽ പദ്ധതി വ്യവസായ ആവശ്യത്തിനു വേണ്ടി ദ്രവീകൃത പ്രകൃതിവാതകം കടത്തിവിടുന്ന പ്രസരണ പൈ പ്പാണ്. 24 ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെ ഉയർന്ന സമ്മർദത്തിൽ കടത്തിവിടുന്നതുകൊണ്ട് ഇത് വീടുകളിൽ കണക്ഷൻ കൊടുക്കാൻ സാധ്യമല്ല എന്നു മാത്രമല്ല, ഈ പദ്ധതിയുടെ ബ്ലൂപ്രിൻറിൽ എവിടെയും ഗ്യാസ് വിതരണത്തെക്കുറിച്ച് പരാമർശമില്ല. ഈ വാതകം ബ്യൂട്ടെയിൻ, സൾഫർ തുടങ്ങിയ സ്ഫോടനാത്മക സ്വഭാവമുള്ള മൂലകങ്ങൾ അടങ്ങിയതിനാൽ ഇത് ശുദ്ധീകരിക്കാതെ വീട്ടാവശ്യങ്ങൾക്ക് നൽകാൻ സാധ്യമല്ല. വീടുകൾക്ക് ഗെയിൽ കണക്ഷൻ നൽകുമെന്ന് പറയുന്നത് 220 കെ.വി വൈദ്യുതി ലൈനിൽനിന്ന് വീടുകൾക്ക് നേരിട്ട് കണക്ഷൻ നൽകുമെന്ന് പറയുന്നതുപോലുള്ള ഭോഷത്തരവും തെറ്റിദ്ധരിപ്പിക്കലുമാണ്.
ഗെയിൽ പദ്ധതി നാട്ടുകാർക്ക് ഗ്യാസ് വിതരണം ചെയ്യുന്ന വികസനമാണെങ്കിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ളവർക്ക് എന്തുകൊണ്ട് ഈ വികസനം നിഷേധിക്കുന്നു? ഈ പദ്ധതി ജനങ്ങൾക്ക് ഉപകാരമുള്ള പദ്ധതിയാണെങ്കിൽ മറ്റു വികസന പദ്ധതികൾക്ക് നൽകുന്നതുപോലെ നിയമപ്രകാരം സുരക്ഷമാനദണ്ഡങ്ങൾ അംഗീകരിച്ചുകൊണ്ട് ഭൂമി വിട്ടുനൽകുന്നതിന് ഒരു പ്രദേശത്തുകാർക്കും പ്രശ്നമില്ല. പക്ഷേ, ഗെയിൽ തീരാദുരന്തങ്ങൾ സമ്മാനിച്ച അനുഭവമുണ്ട്. 2015 ജൂൺ 27ന് ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുണ്ടായ ഇതേ ഗെയിലിെൻറ വാതക പൈപ്പ്ലൈൻ അപകടത്തിൽ വെന്തു മരിച്ചത് 22 പേരാണ്. കേരളവുമായി താരതമ്യം ചെയ്യുമ്പോൾ ജനവാസം വളരെ കുറഞ്ഞ പ്രദേശമാണ് ഈസ്റ്റ് ഗോദാവരി. ഭോപാൽ വാതക ചോർച്ചയെക്കുറിച്ച് പഠനം നടത്തിയ നാഗ്പൂരിലുള്ള ദേശീയ പരിസ്ഥിതി ഗവേഷണ എൻജിനീയറിങ് സ്ഥാപനത്തിലെ ശാസ്ത്രജ്ഞരായ ഡോ. എ. ഗുപ്ത, എച്ച്.എൻ. മധേക്കർ എന്നിവർ പറയുന്നത് 24 ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെയുള്ള വാതകപ്രസരണ പദ്ധതിക്ക് എവിടെയെങ്കിലും അപകടമുണ്ടായാൽ പൈപ്പിെൻറ ഓരോ വശത്തും 732 മീറ്റർ അഗ്നിഗോളം സൃഷ്ടിക്കപ്പെടുമെന്നാണ്; അതിനാൽ, പൈപ്പിെൻറ ഇരുവശത്തും ഗ്യാസ് രശ്മി സുരക്ഷിത മേഖല ചുരുങ്ങിയത് ഒന്നര കിലോമീറ്ററാണ്. കേരളത്തിൽ എവിടെയും ഈ മാനദണ്ഡം പാലിച്ചിട്ടില്ല.
എറണാകുളത്തെ പുതുവൈപ്പിലെ ഐ.ഒ.സി പ്ലാൻറിനെതിരെ നടക്കുന്ന ജനകീയ സമരത്തിനും കർണാടകയിൽ ജനവിരുദ്ധ ഗ്യാസ് പൈപ്പ്ലൈനിനെതിരെ നടക്കുന്ന സമരങ്ങളിലും സി.പി.എം നവസാമൂഹിക, രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി അടക്കമുള്ളവരുമായി ഒരുമിച്ചാണ്. കൊടിയത്തൂർ, മുക്കം, കാരശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി പ്രാദേശിക ധാരണയുണ്ടാക്കി വിജയിച്ച ശേഷം ഇന്ന് തങ്ങൾക്കിഷ്ടമില്ലാത്ത ജനകീയ സമരത്തിൽ പങ്കെടുത്തതിെൻറ പേരിൽ തീവ്രവാദ ആരോപണം നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.
എളമരം കരീം എഴുതി: ‘‘വിചിത്രമായ സമരമുറകളും ഇക്കൂട്ടർ പ്രദർശിപ്പിച്ചു. എരഞ്ഞിമാവിൽ പദ്ധതിക്കായി അടയാളപ്പെടുത്തിയ ഭൂമിയിൽ ജുമുഅ നമസ്കാരം നടത്തലായിരുന്നു അത്. ലോകത്തിെൻറ പല ഭാഗത്തുമുള്ള തീവ്രവാദ സംഘടനകളുടെയും പൊതുസ്വഭാവമാണിത്.’’ കേരളത്തിലെ കാമ്പസുകളിൽ ഇടിമുറികൾ സൃഷ്ടിക്കുന്നവരും കുട്ടികളുടെ മുന്നിൽ െവച്ചുപോലും അധ്യാപകനെ നിഷ്ഠുരമായി വെട്ടിക്കൊന്നവരും കേസ് വഴിതിരിച്ചുവിടാൻ മതചിഹ്നങ്ങളുപയോഗിച്ചവരും നിസ്സാര ആവശ്യങ്ങൾക്കു പോലും സമരാഭാസത്തിെൻറ പേരിൽ നിരവധി സർക്കാർ വാഹനങ്ങൾ തകർക്കുന്നവരുമാണ് ഇപ്പോൾ സമാധാന സമരത്തിെൻറ മാലാഖമാരായി അവതരിക്കുന്നത്. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ മതമേഖല അധ്യക്ഷന്മാരടക്കം നേരിട്ട് സമരത്തിന് ആഹ്വാനം ചെയ്യുകയും തുടർന്ന് ഗെയിൽ സമരത്തെക്കാൾ പതിന്മടങ്ങ് സമരം അക്രമാസക്തമാവുകയും ചെയ്തപ്പോൾ സി.പി.എം സമരത്തിെൻറ കൂടെയായിരുന്നു.
ഏത് വികസന പദ്ധതിയും കുറച്ചുപേർക്ക് പ്രയാസമുണ്ടാക്കും എന്ന ലളിത വിശകലന രീതി പാർട്ടി യോഗത്തിൽ ശരിയായിരിക്കും. കേരളത്തിലെ 503 കിലോമീറ്റർ നീളത്തിലെ ഗെയിൽ പദ്ധതി മേഖലക്ക് ചുറ്റുമുള്ള ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കാതെ ആയിരക്കണക്കിന് മനുഷ്യർ തീ തിന്ന് കഴിയുകയാണ്; അവരുടെ വിയർപ്പിെൻറ ഗന്ധമുള്ള ഭൂമി നഷ്ടപ്പെട്ട ദുഃഖത്തിലുമാണ്. ഒരു കാരണവശാലും ജനവാസ മേഖലകളിലൂടെ വാതക പൈപ്പ്ലൈൻ പദ്ധതി കടന്നുപോകാൻ പാടില്ലെന്ന് 1962ൽ പാർലമെൻറ് പാസാക്കിയ പി.എം.പി ആക്ടിലെ നിയമസംരക്ഷണമാണ് ഇരകൾ ആവശ്യപ്പെടുന്നത്. സി.പി.എം പങ്കെടുക്കാത്തതോ താൽപര്യമില്ലാത്തതോ ആയ സമരങ്ങളെ ഭീകരമുദ്ര ചാർത്തുന്ന സ്റ്റാനിലിസ്റ്റ് രീതി ജനം പുച്ഛിച്ചുതള്ളും. സി.പി.എം പോളിറ്റ് ബ്യൂറോയുടെ വൈരുധ്യാധിഷ്ഠിത വിശകലന മൂശയിലിട്ട് ചുെട്ടടുത്ത സമാധാന സർട്ടിഫിക്കറ്റ് വാങ്ങി സമരം തുടങ്ങുന്ന കാലം കഴിഞ്ഞിരിക്കുന്നു.
(എരഞ്ഞിമാവിലെ ജനകീയ സമരസമിതി
രക്ഷാധികാരിയാണ് ലേഖകൻ)
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.