ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് അഹിംസമാർഗത്തിലൂന്നിയ പോരാട്ടം തുടങ്ങാൻ മഹാത്മ ഗാന്ധിക്ക് പ്രേരകമായ സബർമതി ആശ്രമത്തിെൻറ ഭാവി വിവാദ നിഴലിലാണ്. ചരിത്രപ്രാധാന്യമേറിയ ആശ്രമത്തെ സ്മാരകങ്ങളും സ്ഥിരം ചടങ്ങുകളും നിറഞ്ഞ പടുകൂറ്റൻ വിനോദസഞ്ചാര ഇടമാക്കി മാറ്റാനുള്ള ആലോചനയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1200 കോടിയാണ് ഗാന്ധി ആശ്രമ പ്രദേശ വികസന സമിതി എന്നു പേരിട്ട പദ്ധതിയുടെ മതിപ്പു ചെലവ്. ഇത്തരം പദ്ധതികൾ ആശ്രമത്തിെൻറ പാവനത നശിപ്പിച്ച് ഗാന്ധി തീം പാർക്കാക്കി മാറ്റുമെന്ന് ചൂണ്ടിക്കാട്ടി 130 പ്രമുഖ വ്യക്തികൾ സർക്കാറിന് തുറന്ന കത്തെഴുതി എതിർപ്പറിയിച്ചിരുന്നു. ഇതിനു പിന്നാലെ സബർമതി ആശ്രമ സ്മാരക സംരക്ഷണ ട്രസ്റ്റും (എസ്.എ.പി.എം.ടി) തങ്ങളുടെ ഉത്കണ്ഠകൾ പങ്കുവെച്ച് പ്രസ്താവനയിറക്കി.
ഗാന്ധിജിയുടെ ആദർശങ്ങളായ ലാളിത്യം, മിതവ്യയത്വം, പ്രകൃതിയോടുള്ള ആദരവ് എന്നിവയുടെ പ്രതീകമാക്കി വേണം ആശ്രമം എക്കാലവും നിലകൊള്ളേണ്ടതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ആശ്രമവുമായി ബന്ധപ്പെട്ട ഏവരും ഈ ഗാന്ധിയൻ മൂല്യങ്ങൾ മാനിക്കുമെന്നാണ് കരുതുന്നതെന്നും ട്രസ്റ്റ് അംഗങ്ങൾ പറയുന്നു.
അഹ്മദാബാദിെൻറ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സബർമതി ആശ്രമത്തിൽ ഒരു ഗോശാല, അനുയായികളുടെ പാർപ്പിടങ്ങൾ, ഗാന്ധിജിയുടെ താമസകേന്ദ്രം എന്നിവയായിരുന്നു 1917 മുതൽ 1930 വരെ ഗാന്ധിജി ഇവിടെ കഴിഞ്ഞിരുന്ന കാലത്ത് 55 ഏക്കറിലായി വ്യാപിച്ചുകിടന്നിരുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഈ സ്വത്തിെൻറ നടത്തിപ്പ് അഞ്ചു ട്രസ്റ്റുകൾക്കായി വിഭജിച്ചുനൽകി. ഗാന്ധിയുടെ വീട്, ചാൾസ് കൊറിയ രൂപകൽപന ചെയ്ത മ്യൂസിയം എന്നിവയുൾപ്പെടെ സബർമതി തീരത്തെ പ്രധാന നിർമിതികൾ പരിപാലിക്കുന്നത് എസ്.എ.പി.എം.ടിയാണ്.
ഗുജറാത്ത് ഹരിജൻ സേവക് സംഘ്, സബർമതി ഹരിജൻ ആശ്രമം ട്രസ്റ്റ്, ഗുജറാത്ത് ഖാദി ഗ്രാമുദ്യോഗ് മണ്ഡൽ, ഖാദി ഗ്രാമുദ്യോഗ് പ്രയോഗ്ശാല എന്നീ ട്രസ്റ്റുകളാണ് ആശ്രമത്തിന് ചുറ്റുമുള്ള 35 ഏക്കർ സ്ഥലം പരിപാലിക്കുന്നത്. ആശ്രമത്തിനടുത്തുള്ള പല ഭാഗങ്ങളിലേക്കും നിലവിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല.
ഈ പറഞ്ഞ ട്രസ്റ്റുകളുടെ ഓഫിസുകളും ബാപ്പുജിയുടെ ഉറ്റ അനുയായികളുടെ പിന്മുറക്കാർ താമസിച്ചുപോരുന്ന വീടുകളും ഒഴിപ്പിച്ച് ഭൂമി വീണ്ടെടുത്ത് അവിടെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുകയാണ് പുനർവികസന പദ്ധതിയിൽ ലക്ഷ്യമിടുന്നത്.
നിർദിഷ്ട പദ്ധതി സംബന്ധിച്ച് ട്രസ്റ്റ് അംഗങ്ങൾക്ക് ഏറെ ആശങ്കകളുണ്ട് എന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇക്കാര്യം സർക്കാറുമായും പദ്ധതിയുടെ നിർമാണ ചുമതല വഹിക്കുന്ന എച്ച്.സി.പിയിലെ മുഖ്യ ആർക്കിടെക്ട് ബിമൽ പട്ടേലുമായും പങ്കുവെച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കുന്നു. ന്യൂഡൽഹിയിലെ സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ചുമതലയും എച്ച്.സി.പി കമ്പനിക്കുതന്നെയാണ്.
ആശ്രമത്തിെൻറ ലാളിത്യം നിലനിർത്തുന്ന രീതിയിൽ തന്നെയാകണം പുതിയ പദ്ധതികളേതുമെന്നാണ് ട്രസ്റ്റ് അംഗങ്ങളുടെ ഒരു ആവശ്യം. ഗാന്ധിജിയുടെ ഓർമകൾ തുടിക്കുന്ന ഒരു ചരിത്രഭൂമി എന്ന നിലയിൽ അത് പരിപാലിക്കപ്പെടണം. സഞ്ചാരികളുടെ വൻനിര ഒഴുകിയെത്തുന്നതിനോടും അവർക്ക് യോജിപ്പില്ല. ആളുകൾ ആശ്രമത്തിലെത്തുന്നത് വിനോദം തേടിയല്ല, മറിച്ച് ഒരു തീർഥയാത്രക്കെന്നപോലെയാണ്. എവിടെയാവും ഭക്ഷണശാലകൾ ഉയരുക, എന്തു തരം ഭക്ഷണമാണ് വിളമ്പുക എന്ന കാര്യത്തിലെല്ലാം ആകുലതകളുണ്ടെന്നും ട്രസ്റ്റുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഈ മൂല്യങ്ങളിലെല്ലാം തങ്ങൾ വിശ്വസിക്കുന്നുവെന്ന ഉറപ്പാണ് സർക്കാർ നൽകിയിരിക്കുന്നത്. പദ്ധതിയുടെ രൂപരേഖ തയാറായി വരുന്നതേയുള്ളൂ എന്നതിനാൽ കാത്തിരിക്കാമെന്നാണ് അവരുടെ പക്ഷം. എന്നാൽ, അതിനിടയിൽ സർക്കാറും ട്രസ്റ്റുകളും ബിമൽ പട്ടേലുമായി ചർച്ച വേണമെന്നും അവർ ആഗ്രഹിക്കുന്നു.
പടുകൂറ്റൻ വെങ്കല പ്രതിമയും ഗാന്ധിജി നൂൽനൂൽക്കുന്ന പ്രതിമയും സ്ഥാപിക്കാനുള്ള നീക്കങ്ങളോടുള്ള ട്രസ്റ്റിെൻറ എതിർപ്പ് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1963ൽ മ്യൂസിയം നിർമിച്ച വേളയിൽ ഏറെ ആലോചനകൾക്കുശേഷമാണ് ആശ്രമത്തിലെ പൂന്തോപ്പിൽ ഒരു പ്രതിമ സ്ഥാപിക്കപ്പെട്ടത്. ബാപ്പുവിെൻറ മടിത്തട്ടിൽ കുഞ്ഞുങ്ങൾക്ക് കയറിയിരിക്കാവുന്ന രീതിയിലാണ് അത് നിർമിച്ചത്. ഏതൊരാൾക്കും പ്രാപ്യനാണ് ബാപ്പു എന്നാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. പ്രവേശനം ടിക്കറ്റ് മൂലമാക്കുന്നതിനോടും ട്രസ്റ്റ് എതിരാണ്.
ഗാന്ധിജി താമസിച്ചിരുന്ന ഹൃദയ് കുഞ്ജിന് 'ഭീഷണി'യാകുമെന്നാണ് പദ്ധതിയെ എതിർക്കുന്ന കത്തിലെ ഒരു പരാമർശം. ഈ വീടിന് മാറ്റം വരുത്തരുതെന്ന് ഏവർക്കും നിർബന്ധമുണ്ട്. എന്നാൽ, ആശ്രമവളപ്പിൽ കൂറ്റൻ കെട്ടിടങ്ങൾ ഉയർന്നാൽ ഈ കൊച്ചുവീട് കാണാൻ കഴിയാത്തവിധം കൊച്ചായി മാറുമെന്നാണ് ആശങ്ക.
ലാളിത്യത്തിെൻറ പര്യായമായി നിലകൊണ്ട ഒരു കേന്ദ്രവുമായി ബന്ധപ്പെട്ട പദ്ധതിക്ക് 1200 കോടി ചെലവിടുന്നുവെന്നതും ഏറെ പ്രശ്നവത്കരിക്കപ്പെട്ടിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനും ആശ്രമത്തിനടുത്ത താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനും മറ്റുമാണ് ഇതിൽ വലിയ ഭാഗവും ചെലവിടേണ്ടിവരുകയെന്ന് സർക്കാർ അധികൃതർ വ്യക്തമാക്കുന്നു. ഏറ്റെടുക്കുന്ന ഭാഗത്തെ പല ഭൂമിയും വർഷങ്ങളായി തർക്കവസ്തുക്കളാണെന്നും അവ തീർപ്പാക്കാനാണ് വലിയ ചെലവ് വന്നതെന്നും അവർ പറയുന്നു. പുനരധിവാസപ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. കൈലാസനാഥൻ, ബിമൽ പട്ടേൽ എന്നിവർ പ്രദേശത്തെ താമസക്കാരുമായി സംസാരിച്ച് പുനരധിവാസ പാക്കേജുകളെക്കുറിച്ച് ധാരണ വരുത്തിക്കൊണ്ടിരിക്കുകയാണ്. പലരും ഇതിനകം പാക്കേജുകൾ അംഗീകരിച്ചുകഴിഞ്ഞു. പദ്ധതിയുടെ നീക്കങ്ങളെല്ലാം അങ്ങനെ അതിവേഗം പുരോഗമിക്കുകയാണ്.
(ഗുജറാത്തിലെ സ്വതന്ത്ര മാധ്യമപ്രവർത്തകയാണ് ലേഖിക)
കടപ്പാട്: ഡൗൺ ടു എർത്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.