ഈ പ്രപഞ്ചം ഗംഭീരമായ മൗനത്തിേൻറതാണ്. നീതിമാനായ ജോബ് സഹനദു രിതങ്ങളെക്കുറിച്ചു ദൈവത്തോടു തർക്കിച്ചു നിശ്ശബ്ദനായി. കുരിശി ൽ നിലവിളിച്ചു നിശ്ശബ്ദനായ ക്രിസ്തു ദൈവത്തിെൻറ മൗനത്തിെൻറ ബിംബ മായി നിലകൊള്ളുന്നു. കോവിഡിൽ മരണം ആഗോളീകരിക്കപ്പെട്ടിരിക്കുന ്നു. മഹായുദ്ധങ്ങളുടേതാണ് ആദ്യത്തെ ആഗോളീകരണം. രണ്ടാമത്തേതു കമ്പോ ളവത്കരണമായിരുന്നു. മനുഷ്യത്വത്തിെൻറ ആഗോളീകരണം എന്നുണ്ട ാകും എന്നറിയാത്ത മരണഭീതിയുടെ കാലം. അടച്ചുപൂട്ടിയ നിശ്ശബ്ദതയി ലാണ് ലോകം. നിശ്ശബ്ദതയിൽ നാടകീയതയുണ്ട്. അതു നിശ്ശബ്ദതയുടെ സ ാഹിത്യരൂപമായി മാറുന്നു. അതിനു സാമൂഹികവും നൈതികവും അസ്തിത്വപ രവുമായ മാനങ്ങളുണ്ട്. എെൻറ ഈ എഴുത്തുതന്നെ നിശ്ശബ്ദതയുടെ ഒരു മുഖമാണ്. പറയാൻ പാടില്ലാതാകുമ്പോഴാണല്ലോ എഴുത്ത് ആവശ്യമായി മാറുന്നത്.
എഡ്ഗർ അലൻപോയുടെ ‘മൗനം ഒരു കഥ’യുടെ കഥക്കാരൻ ചെകുത്താനാണ്. പ്രകൃതിയുടെ ശബ്ദങ്ങളും മൂലപദാർഥങ്ങളുടെ നിശ്ശബ്ദതയും അവതരിപ്പിക്കുന്നു, ചുറ്റുപാടും വലിയ നാശത്തിെൻറയും. അതു ലിബിയയിലാണ്. ‘‘രാത്രിയായി, മഴ പെയ്യുന്നു. വീഴുന്നതു വെള്ളമാണ്, പക്ഷേ, വീണപ്പോൾ അതു രക്തമായി. ചതുപ്പുനിലത്തു ലില്ലികൾ ഉയർന്നുനിൽക്കുന്നു. മഴ എെൻറ തലയിലും വീണു. ലില്ലികൾ പരസ്പരം നെടുവീർപ്പിട്ടു. അതു നാശത്തിെൻറ ആഘോഷത്തിലാണ്’’. പ്രതീക്ഷ അസ്തമിച്ച സ്ഥലം, അവിടെ പേരില്ലാത്ത ഒരു മനുഷ്യൻ ‘മൗനം മോഹിക്കുന്നു’. അയാൾ എെൻറ നേരെ മൗനത്തിെൻറ ശാപമെറിഞ്ഞു. ‘‘അയാളുടെ മുഖത്തേക്കു നോക്കി, അതിഭീതിദം. അയാൾ വിറക്കുന്നുണ്ടായിരുന്നു. അയാൾ മുഖം തിരിച്ചു തിടുക്കത്തിൽ നടന്നുപോയി. അയാളെ പിന്നെ കണ്ടിട്ടില്ല’’. നാശഭൂമിയിൽ മനുഷ്യനും മൗനത്തിെൻറ ശാപം കിട്ടി.
മൗനം ഇവിടെ ആപത്കരമായ ചെറുത്തുനിൽപാണ്. ആ ഭിക്ഷുവിനു ഭിക്ഷ കൊടുക്കാം, പക്ഷേ, അയാളുടെ ശരീരമല്ല, ആത്മാവാണ് വേദനിക്കുന്നത്. ആത്മാവിനെ ആർക്ക് എത്തിപ്പിടിക്കാനാവും? ഭയപ്പാടുകളുടെ ലോകം. അവക്കു പേരു നൽകാൻപോലും കഴിയാത്ത സ്ഥിതിവിശേഷം. സംസ്കാരത്തിെൻറ നെല്ലിപ്പലകകൾവരെ തകർന്ന സ്ഥിതി. വചനം പീഡിതമായിരിക്കുന്നു, അതിെൻറ മൂല്യം ക്ഷയിച്ചു. ആൾക്കൂട്ട സംസ്കാരത്തിൽ വചനം മൃതപ്രായമായി. മാനവികതയുടെ ഭാഷ പൂർണമായി നശിച്ചു. ഭാഷ അക്രമവും തെറിയുമായി. പരസ്യകല, കലയെ വധിച്ചുകൊണ്ടിരിക്കുന്നു. എഴുത്തുകാരുടെ എഴുത്താണിയിൽ ചോരയുണ്ട്. സംസ്കാരം വചനത്തിൽനിന്നു പിൻവലിഞ്ഞു. അവിടെ കുരിശുകൾ ഉയരുന്നു.
സാഹിത്യം സാഹിത്യമാകാൻ മൗനത്തിെൻറ പിന്നാലെ പോകണം. അവിടെ സത്യമുണ്ടെങ്കിൽ അതു ഭാഷക്കതീതമാണ്. മൗനത്തിനു മാത്രമേ ശ്രദ്ധയും ആത്മാർഥതയുമുള്ളൂ. മനുഷ്യനു മാനുഷികമായി പുണരാവുന്നതു മൗനം മാത്രമായിരിക്കുന്നു. എഴുത്തുകാരൻ മൗനത്തിനു ഭാഷ കൊടുക്കുന്നവനാകണം. നഗരത്തിെൻറ ഭാഷണം പ്രാകൃതവും നുണയുമാകുമ്പോൾ ഉച്ചത്തിൽ പാടേണ്ടത് എഴുതപ്പെടാത്ത കാവ്യമാണ്. നിശ്ശബ്ദതയെക്കാൾ വചനത്തിനു വിശുദ്ധിയുണ്ടാകുമ്പോഴാണ് സംസ്കാരം ഉണ്ടാകുന്നത്. സാഹിത്യത്തെ ഭാഷയിൽ നിലനിർത്തുന്നതാണ് ഏറ്റവും വലിയ സാംസ്കാരികപ്രവർത്തനം.
സാംസ്കാരികസൗധങ്ങളും എല്ലാ സാഹിത്യപുരസ്കാരങ്ങളും ഒരേയൊരു ശബ്ദത്തിെൻറ ഘോഷണമാകുമ്പോൾ ഭാഷതന്നെ അക്രമത്തിെൻറ ആയുധമായി. ഏകശബ്ദത്തിെൻറ അഥവാ ഏക ഭാഷയുടെ ആധിപത്യം. മറ്റെല്ലാ ഭാഷണങ്ങളും നിശ്ശബ്ദമാക്കപ്പെടുന്നു. അപ്പോൾ ഔദ്യോഗികഭാഷകളും പ്രാകൃതഭാഷകളുമുണ്ടാകുന്നു. ഔദ്യോഗിക ഭാഷയാക്കപ്പെട്ടത് അറിയാത്തവർ നിശ്ശബ്ദമാക്കപ്പെട്ടു പുറത്താകുന്നു. ഭാഷയുടെ കമ്പോളത്തിൽ പ്രവേശനമില്ല; ഭാഷയുടെ തലസ്ഥാനത്തേക്കും പ്രവേശനമില്ല. ഈ ഔദ്യോഗികഭാഷയുടെ ഇടയിലെ വിരാമങ്ങളിലും അർധവിരാമങ്ങളിലും, അടച്ചുപൂട്ടിയ തുറുങ്കുകളിൽ ശേഷിച്ചവർ കഴിയുന്നു. മൂകരായി, കറുത്ത നിഴലുകളായി. പാതാളത്തിലേക്കു തള്ളപ്പെട്ടവർക്കു ശബ്ദമില്ല.
പുറത്താക്കപ്പെട്ട്, നിശ്ശബ്ദനാക്കപ്പെട്ടവൻ കുരിശിൽ കിടന്നു നിലവിളിച്ചു നിശ്ശബ്ദനായി. അവൻ ശബ്ദമില്ലാത്തവർക്കുവേണ്ടി ശബ്ദിച്ചു. ആ ശബ്ദത്തെ ഭൂരിപക്ഷത്തിെൻറ ഔദ്യോഗികതയുടെ ശക്തി നിരാകരിച്ചു നിശ്ശബ്ദനാക്കി. അവെൻറ നിലവിളി അവരുടെ ശബ്ദഘോഷത്തിൽ അവർ കേട്ടില്ല. ആ നിശ്ശബ്ദത അസ്തിത്വത്തിെൻറ വെളിപാടുമായി. സ്വയം മരിച്ച് അപരനെ വെളിവാക്കുന്നു. ഞാൻ നിശ്ശബ്ദനാകുമ്പോൾ എന്നിൽ അപരൻ വെളിവാകും.
നിശ്ശബ്ദതയിൽ എഴുത്തുകാരൻ മരിച്ച് എഴുത്തുണ്ടാകുന്നതാണ്. ഇവിടെ അതിലംഘനമുണ്ട്. ബോധമണ്ഡലത്തെ അതിലംഘിക്കുന്ന ഭാഷണരൂപമായി സാഹിത്യം മാറും. കാവ്യഭാഷ ആരുടെയും ഭാഷയല്ല. അതു മൗനത്തിനു ഭാഷ കൊടുക്കുന്നു. ആരും ഭാഷിക്കാത്ത ഭാഷ കവി സംസാരിക്കുമ്പോൾ വചനം കർത്താവില്ലാതെ പിറന്നു വീഴും. ആ ഭാഷ അസാന്നിധ്യത്തിെൻറ ഭാഷയാണ്–ആദിയുടെ മൗനഭാഷ. ഇവിടെയാണ് ഈസിസ് ദേവിയുടെ ആവരണം മാറ്റി കാണുന്നതും എഴുതുന്നതും പാടുന്നതും.
വിറ്റ്ഗൻസ്െറ്റെൻ എഴുതി: ‘‘പറയാനാവാത്തതു പറയാതിരുന്നാൽ ഒന്നും നഷ്ടപ്പെടുന്നില്ല. പറയാനാവാത്തതു പറയാനാവാത്തവിധം പറയുന്നതിൽ ഉൾപ്പെടുത്താം.’’ ലോകത്തിെൻറ അർഥം ലോകത്തിനു പുറത്താണ്. ഈ ലോകത്തിൽ സംഭവിക്കുന്നതിനൊന്നും ഒരു മൂല്യവുമില്ല. ഉണ്ടെങ്കിൽത്തന്നെ അതു മൂല്യവുമല്ല. ‘‘ധർമത്തെയും മതത്തെയുംകുറിച്ചു ഞാൻ എഴുതാനും പറയാനും ശ്രമിക്കുന്നതുപോലെ എല്ലാവരും ശ്രമിക്കുന്നു എന്നു ഞാൻ കരുതുന്നു. അതു ഭാഷയുടെ വേലിക്കെതിരായി ഓടുക മാത്രമാണ്. ഈ കൂടിെൻറ ഭിത്തിക്കെതിരെ ഓടുന്നതുകൊണ്ട് ഒരു ഗുണവുമില്ല.’’ ഭാഷ തുടങ്ങുന്നത് ആദിയുടെ ഉറവയിൽനിന്നാണ്. ആ ഉറവ ഒന്നുമല്ല. അപ്പുറത്തെക്കുറിച്ച് ഇപ്പുറത്തുള്ള ഒരു മുറിവ് – അസാന്നിധ്യം.
എല്ലാവരിലും ഈ അസാന്നിധ്യം നിശ്ശബ്ദമായി നിലവിളിക്കുന്നു. അതു ക്രൂശിതെൻറ നിലവിളിയുടെയും നിശ്ശബ്ദതയുടെയും മാറ്റൊലിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.