തെക്കുമുതൽ വടക്കുവരെ നീളുന്ന ഗുണ്ടാ ഇടനാഴി

ഗുണ്ടാസംഘങ്ങളെ വാഴാൻ അനുവദിക്കില്ലെന്നും മുഖം നോക്കാതെ അമർച്ചചെയ്യുമെന്നുമുള്ള പൊലീസ്​ അധികാരികളുടെ പ്രസ്​താവനകൾ ഇന്നലെ സംപ്രേഷണം ചെയ്യുന്നതിനിടെയാണ്​ ടി.വി ചാനലുകളിൽ ഒരു ബ്രേക്കിങ്​ ന്യൂസ്​ പ്രത്യക്ഷപ്പെട്ടത്​. ബൈക്കിലെത്തിയ ഗുണ്ടകൾ തലസ്​ഥാനത്ത്​ പെട്രോൾ ബോംബെറിഞ്ഞിരിക്കുന്നു, പൊലീസ്​ സ്​റ്റേഷനുനേരെയാണ്​ ആക്രമണം- തീക്കട്ടയിൽതന്നെ ഉറുമ്പരിക്കുന്നുവെങ്കിൽ എന്താണ്​ സാധാരണക്കാരുടെ അവസ്​ഥയെന്നാലോചിച്ചുനോക്കൂ. കേരള സംസ്​ഥാനത്തിന്‍റെ മാത്രമല്ല, ഗുണ്ടാ അതിക്രമങ്ങളുടെയും രാജധാനിയായിരിക്കുന്നു തിരുവനന്തപുരം.

രണ്ടു മാസത്തിനിടെ തലസ്ഥാനത്തുണ്ടായത്​ 25ലധികം ഗുണ്ടാ ആക്രമണങ്ങളാണ്​. അതിൽ കൊലപാതകങ്ങളുമുണ്ട്​. ഗുണ്ടാ ആക്രമണക്കേസുകളിൽ പൊലീസ് കൃത്യമായി ഇടപെടാത്തതിനാൽ എതിർസംഘം പകതീർത്ത സംഭവങ്ങളാണ് സംസ്ഥാന പൊലീസ് മേധാവിയുടെ മൂക്കിനുതാഴെ അടുത്തിടെയുണ്ടായത്. ഗുണ്ടാസംഘങ്ങൾക്കെതിരെ വിവരം നൽകിയ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ വീടുകയറി ആക്രമിച്ചു. പോത്തൻകോട് അച്ഛനെയും 17കാരിയായ മകളെയും ഗുണ്ടാസംഘം വാഹനം തുറന്ന് ആക്രമിച്ചത് അവസാന സംഭവം. ഗുണ്ടാസംഘങ്ങൾക്ക് ഒളിത്താവളമൊരുക്കാനും സ്​റ്റേഷനിലേക്കും കോടതിയിലേക്കും അകമ്പടി പോകാനും പലയിടങ്ങളിലും ചെറുപ്പക്കാരുടെ മത്സരമാണ്​. കേസിൽ പിടിയിലായാൽ ഇറക്കാൻ രാഷ്​ട്രീയ നേതാക്കൾകൂടി എത്തുന്നതോടെ അക്രമികൾക്ക്​ വീരപരിവേഷവും ചാർത്തിക്കിട്ടുന്നു.

സമൂഹത്തി​ന്‍റെ ചിന്താഗതിയിൽ വന്ന മാറ്റങ്ങളും ഗുണ്ടാസംഘങ്ങൾക്ക്​ ബലമേകുന്നുവെന്ന്​ 'ജീവനിൽ കൊതിയുള്ളതിനാൽ പേര്​ വെളിപ്പെടുത്തരുത്'​ എന്ന നിബന്ധനയോടെ പ്രമുഖ സാമൂഹിക നിരീക്ഷകരിലൊരാൾ ചൂണ്ടിക്കാട്ടുന്നു.

''ഗുണ്ടായിസവും ലഹരിക്കടത്തും ഹവാല ഇടപാടുകളും കള്ളക്കടത്ത്​ സ്വർണം തട്ടലുമെല്ലാം അംഗീകൃത ജീവിതമാർഗങ്ങളാണ്​ എന്ന മട്ടിലായിരിക്കുന്നു കാര്യങ്ങൾ. മുൻകാലങ്ങളിൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരിൽനിന്ന്​ അകലംപാലിക്കാൻ ഏതാണ്ടെല്ലാവരും ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അത്തരം ആളുകളുമായുള്ള വഴിവിട്ട സൗഹൃദമോ വിവാഹബന്ധമോപോലും അസ്വാഭാവികമല്ല എന്ന ചിന്തക്കാണ്​ മുൻതൂക്കം. ഗുണ്ടകളെയും അക്രമികളെയും വേദനിക്കുന്ന നന്മമരങ്ങളായി ചിത്രീകരിക്കുന്ന സിനിമകൾക്ക്​ സ്വീകാര്യത ലഭിക്കുന്നതും അവരെ ചെറുപ്പക്കാർ അനുകരിക്കാൻ ശ്രമിക്കുന്നതും അതുകൊണ്ടാണ്.''

മുമ്പ്​​ കഞ്ചാവ്,​ മയക്കുമരുന്ന്​ സംഘങ്ങൾക്കെതിരെ ഓരോ പ്രദേശത്തും ശക്തമായ നിലപാടെടുത്തിരുന്നു ഇടതുപക്ഷ പ്രസ്​ഥാനങ്ങൾ. പലയിടങ്ങളിലും മാഫിയകളുടെ നോട്ടപ്പുള്ളികളായിരുന്നു​ പ്രാദേശിക ഇടതുനേതാക്കൾ. എന്നാലിപ്പോൾ തലസ്ഥാനനഗരിയിലെ ഒരു ഏരിയ കമ്മിറ്റിയിൽ ലഹരിമാഫിയക്ക്​ വഴിവിട്ട സ്വാധീനമുണ്ടെന്ന്​ ആഭ്യന്തരം കൈയാളുന്ന സി.പി.എമ്മിന്‍റെ ജില്ല സമ്മേളനത്തിൽതന്നെ വിമർശനമുയർന്നു. യുവജന സംഘടനയുടെ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടതും ഇക്കാരണത്താൽതന്നെ.

ജയിലുകളിലെ കോവിഡ്​ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അനുവദിച്ച ഇളവിന്‍റെ മറവിൽ പുറത്തിറങ്ങിയ നിരവധി ഗുണ്ടാ ആക്രമണക്കേസ്​ ​പ്രതികൾ സംസ്​ഥാനത്ത്​ സാമ്രാജ്യം പുനഃസൃഷ്​ടിച്ചുകഴിഞ്ഞു. ചിലരാക​ട്ടെ, അക്രമം നടത്തിയശേഷം പ്രത്യാക്രമണമുണ്ടാകാതിരിക്കാൻ ജയിലി​ന്‍റെ സുരക്ഷിതത്വത്തിലേക്കു രക്ഷപ്പെടുന്ന രീതിയാണ്​ പയറ്റുന്നത്​. പുറത്തു കഴിയുന്നത്​ ജീവന് ആപത്താണെന്നു മനസ്സിലാക്കി ജയിലിൽ തിരിച്ചുകയറാൻ അക്രമം നടത്തുന്നവരുമുണ്ട്. പുത്തൻതോപ്പിൽ ഗുണ്ടാപ്പിരിവ് ചോദിച്ച് മൂന്നു പേരെ വെട്ടിയ കേസിലെ പ്രതികൾതന്നെയാണ് ഇക്കാര്യം പൊലീസിനോടു പറഞ്ഞത്.

​തിരുവനന്തപുരത്തുനിന്ന്​ കാസ​ർകോട്ടേക്കുള്ള അതിവേഗ റെയിൽ യാഥാർഥ്യമായാലും ഇല്ലെങ്കിലും കേരളത്തി​ന്‍റെ തെക്കു മുതൽ വടക്കേ അറ്റം വരെയും അവിടെയും കടന്ന്​ മറുദേശങ്ങളിലേക്കും വ്യാപിച്ച ഗുണ്ടാ അക്രമി സംഘങ്ങൾ ഇന്നൊരു യാഥാർഥ്യമാണ്​. കച്ചവടത്തിനായി രേഖകളില്ലാതെ നൽകുന്ന വൻതുകകൾ തിരിച്ചുപിടിക്കാനുള്ള ക്വ​ട്ടേഷനുകളാണ്​ കാസർകോ​ട്ടെ ഗുണ്ടാസംഘങ്ങൾ മുമ്പ്​​ ഏറെയും കൈകാര്യംചെയ്​തിരുന്നത്​. മുംബൈയിൽനിന്നോ വിദേശ രാജ്യങ്ങളിൽനിന്നോ വരുന്ന നിർദേശമനുസരിച്ചാണ്​ പലരുടെയും ജീവൻ കൊത്തിപ്പറിക്കപ്പെട്ടിരുന്നത്​​.

പൊലീസി​ന്‍റെയും രാഷ്​ട്രീയ ഉന്നതരുടെയും വ്യക്തമായ പിന്തുണയും ഈ പ്രാദേശിക ഡോണുമാർക്കുണ്ടായിരുന്നു. അക്രമിസംഘങ്ങൾക്ക്​ മേൽനോട്ടം വഹിച്ചിരുന്ന കാലിയ റഫീഖ്​, മുത്തലിബ്​ എന്നിവർ പകയുടെ വെടിയുണ്ടകളിൽ ഒടുങ്ങിയതോടെ ഒരുവേള നിലച്ചുവെന്ന്​ തോന്നിച്ച ഗുണ്ടാ അതിക്രമങ്ങൾ ഇപ്പോൾ നിരവധി ചെറുസംഘങ്ങളിലൂടെ സജീവമായിരിക്കുന്നു. ലഹരിപാർട്ടികളും ജയിലുകളുമാണ്​ ഈ സംഘങ്ങളുടെ ഗ്രൂപ്പിങ്​ പോയൻറുകൾ. കഴിഞ്ഞ സെപ്​റ്റംബർ 22ന് മൊഗ്രാൽപുത്തൂർ ദേശീയപാതയിൽ നിന്ന്​ മുംബൈ സ്വദേശിയായ സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന്​ പയ്യന്നൂർ ഭാഗത്ത് ഉപേക്ഷിച്ച കേസിലെ പ്രതികളെല്ലാം മറ്റു കേസുകളിൽ യാദൃച്ഛികമായി ജയിലിൽ ഒന്നിച്ചുകഴിഞ്ഞവരായിരുന്നു. പുറത്തിറങ്ങിയശേഷം ഒരുമിച്ച്​ പ്ലാൻ ചെയ്​ത്​ നടപ്പാക്കിയതാണ്​ സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോകൽ. പല ജില്ലകളിലുള്ളവരാണിവർ. കതിരൂർ മനോജ് വധക്കേസിലെ പ്രതിയുൾപ്പെടെ പല ജില്ലക്കാരാണ്​ ​സംഘത്തിൽ.

സ്പിരിറ്റ്, സ്വർണം, ഹവാല പണം എന്നിവയുമായി കടന്നുവരുന്നവരെ തട്ടിക്കൊണ്ടുപോയി വിലപേശി പണം വാങ്ങുന്ന കേസുകൾ പുറത്തറിഞ്ഞവയുടെ പത്തിരട്ടി പരാതിയില്ലാതെ ഒതുക്കിത്തീർക്കപ്പെടുന്നുണ്ട്​.

വികസനവും ഗുണ്ടായിസവും തമ്മിലെന്ത്​?

വികസനപദ്ധതികളെക്കുറിച്ചാണല്ലോ കേ​ന്ദ്രവും കേരളവും ഭരിക്കുന്നവർക്കും ​പ്രതിപക്ഷങ്ങൾക്കും നിർത്താതെ പറയാനുള്ളത്​. എന്നാൽ, വികസന ഭൂപടത്തിൽ ഇടം ലഭിക്കാതെ പോകുന്ന ദേശങ്ങളിൽ ഗുണ്ടായിസവും അതിക്രമങ്ങളും എവ്വിധം തഴച്ചുവളരും എന്നതിന്​ ഒട്ടനവധി കേരളീയ ഗ്രാമങ്ങൾ സാക്ഷ്യം പറയും. ഒരു സർക്കാർ സ്​കൂളുപോലുമില്ലാത്ത മഞ്ചേശ്വരം മേഖലയിൽനിന്നാണ്​ റഫീഖ്​ എന്ന കാലിയ റഫീഖ്​ മുംബൈ അധോലോകത്തോളം വളർന്നത്​.

നാലാം ക്ലാസിൽ പഠനം നിർത്തിയ, ജീവിക്കാൻ വഴി കാണാഞ്ഞ കുട്ടിക്കു മുന്നിൽ കവർച്ചയാണ് വഴിതെളിഞ്ഞത്. 16ാം വയസ്സിൽ മോഷണക്കേസിൽ അറസ്റ്റിലായി. ജയിലിൽനിന്നിറങ്ങി അബ്ബാസ് എന്ന ഗുണ്ടയുടെ കൈയാളായി. പിന്നീട് സ്വന്തം നിലയിൽ പിടിച്ചുപറി തുടങ്ങി. മംഗളൂരു ഹൈവേയിലെ ചരക്കുലോറി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി പണം പിരിച്ചു. പൊലീസുമായി ചേർന്ന് വിഹിതം പങ്കുവെച്ചു. വ്യാപാരികളിൽനിന്ന്​ ഹഫ്ത പിരിച്ചു. കടം നൽകിയ പണം തിരിച്ച് വാങ്ങിക്കൊടുക്കുന്ന ക്വട്ടേഷന്​ കോടിക്ക് 40 ലക്ഷം വരെ റഫീഖ്​ പ്രതിഫലം പറ്റി. 2000 മുതല്‍ 2016 വരെ കേരളത്തിൽ മാത്രം 35ലധികം കേസുകളില്‍ പ്രതിയായിരുന്നു ഇയാൾ. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കേസുകൾ അതിനു പുറമെ. ഒറ്റുകൊടുക്കുന്നുവെന്ന സംശയത്തിൽ ത​ന്‍റെ സംഘത്തി​ന്‍റെതന്നെ ഭാഗമായിരുന്ന ഉപ്പളയിലെ അബ്ദുല്‍ മുത്തലിബിനെ ഓട്ടോയില്‍ പിന്തുടര്‍ന്ന്​ കാർ ചക്രത്തിൽ വെടിവെച്ച് നിര്‍ത്തിച്ച് മൃഗീയമായി വെട്ടിക്കൊലപ്പെടുത്തി.

ഈ കേസിൽ ജയിലിൽ പോയ കാലിയ റഫീഖ് പുറത്തിറങ്ങുമ്പോൾ കൊല്ലപ്പെടുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി അഴിയാകേസുകളുടെ തുമ്പുകൾക്ക് കാലിയ റഫീഖ് ജീവിച്ചിരിക്കേണ്ടതിന്‍റെ ആവശ്യമുണ്ടായിരുന്നു പൊലീസിന്. അതുകൊണ്ട് ജയിലിൽനിന്ന്​ പുറത്തിറങ്ങിയാലുടൻ കാപ്പ ചുമത്തി ജയിലിൽ അടക്കാനുള്ള നീക്കം പൊലീസ് നടത്തി. എന്നാൽ, എതിർ ഗ്രൂപ്പുകളുടെ പദ്ധതിക്കു മുന്നിൽ പൊലീസ് പരാജയപ്പെട്ടു. 2016 സെപ്​റ്റംബറിൽ പുറത്തിറങ്ങിയ കാലിയ റഫീഖിനെ​ സുഹൃത്തുക്കളുമൊത്ത്​ പുണെയിലേക്കു​ യാത്രചെയ്യവെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കാസർകോട് ഗുണ്ടാസംഘങ്ങളിൽപെട്ട പത്തു പേരിലധികം കൊല്ലപ്പെട്ടിട്ടുണ്ട്. ഏതാണ്ട് എല്ലാവരും 'ബാല്യകാല ഗുണ്ടാസുഹൃത്തുക്കളാണ്' എന്ന് പൊലീസ് പറയുന്നു. ഉപ്പളയിൽ ഇപ്പോൾ ഡോണുകളില്ല. അനാഥമായ ഒരു ഗുണ്ടാരാജ്യമുണ്ട്. ഇപ്പോഴും സ്വർണവും സ്പിരിറ്റും അതിന്‍റെ വഴികളിൽ ഉണ്ടെങ്കിലും പുതിയ വഴികൾ മയക്കുമരുന്നി​േന്‍റതാണ്.

(തുടരും)

Tags:    
News Summary - Goon corridor extending from south to north

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.