ബി.ജെ.പി ഭരണം തുടരുമെന്നുതന്നെയായിരുന്നു പ്രവചനങ്ങളും എക്സിറ്റ്പോൾ ഫലങ്ങളും. എന്നാൽ, സകല പ്രവചനപ്രതീക്ഷകളെയും കടത്തിവെട്ടുന്നതായി 182 അംഗ നിയമസഭയിൽ 158 സീറ്റ് നേടി അവർ സ്വന്തമാക്കിയ ഏഴാം തുടർജയം.
ബി.ജെ.പിയുടെ വിജയം എത്രത്തോളം ഉയരെയാണോ, അത്രതന്നെ ആഴമുണ്ട് കോൺഗ്രസിന്റെ പതനത്തിന്. 2017ൽ 77 സീറ്റ് കൈവശമുണ്ടായിരുന്ന പാർട്ടിക്ക് ആകെ കിട്ടിയത് 16 സീറ്റുകൾ; പ്രതിപക്ഷ നേതൃസ്ഥാനംപോലും അവർക്ക് വകവെച്ചുകൊടുക്കാനിടയില്ല ബി.ജെ.പി.
ഡൽഹി നഗരസഭ കോർപറേഷനിലേക്കു നേടിയ വിജയത്തിന്റെ പിറ്റേന്നാൾ വന്ന ഗുജറാത്ത് ഫലം ആം ആദ്മി പാർട്ടിക്ക് ആവേശംപകരുന്നതാണ്. അവരുടെ നേതാക്കൾ അവകാശപ്പെട്ടതും സമൂഹമാധ്യമങ്ങളിലൂടെ പ്രതീതി സൃഷ്ടിക്കപ്പെട്ടതുമായ വലിയ വിജയം നേടിയില്ല എന്നത് ശരിതന്നെ. പക്ഷേ, നാലു സീറ്റുകൾ നേടിയതോടെ ആപ്പിന് ദേശീയ പാർട്ടി പദവി സ്വന്തമായി എന്നത് ആഘോഷിക്കാവുന്ന കാര്യംതന്നെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സദാസമയം പ്രചാരണ കളത്തിലുണ്ടായിരുന്നു, ഒരർഥത്തിൽ ഈ രണ്ടു വ്യക്തികളും അവർ പ്രതിനിധാനംചെയ്യുന്ന ഗുജറാത്ത്-ഡൽഹി വികസന മാതൃകകളും തമ്മിലെ പോരാട്ടമായാണ് ഈ തെരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെട്ടത്.
ആം ആദ്മി പാർട്ടിയുടെ സാധ്യതകൾ ഇല്ലാതാക്കാൻ ബി.ജെ.പി കഠിന പരിശ്രമംതന്നെ നടത്തി. ആപ്പിന്റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്തിലും അഹ്മദാബാദിലുമായി അമ്പതിലേറെ റാലികളും റോഡ്ഷോകളുമാണ് സംഘടിപ്പിക്കപ്പെട്ടത്. മോദി, അമിത് ഷാ തുടങ്ങി മുതിർന്ന നേതാക്കൾതന്നെ നേരിട്ടെത്തി എതിരാളികൾക്കെതിരെ കടുത്ത ഭാഷയിൽ സംസാരിച്ചു, ജനങ്ങൾക്ക് വലിയ ഉറപ്പുകളും നൽകി. അഹ്മദാബാദിൽ 16 മണ്ഡലങ്ങളിലൂടെയാണ് മോദി റോഡ്ഷോ നടത്തിയത്.
ഈ രണ്ടു പാർട്ടികളിൽനിന്ന് വിഭിന്നമായിരുന്നു കോൺഗ്രസിന്റെ പ്രചാരണ രീതി. അവരുടെ സമുന്നത നേതാവ് രാഹുൽ ഗാന്ധി ആകെ സംബന്ധിച്ചത് രണ്ടു റാലികളിൽ മാത്രമാണ്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് കാമ്പയിൻ രൂപപ്പെടുത്തിയതും നിയന്ത്രിച്ചതുമെല്ലാം സ്ഥാനാർഥികളും പ്രാദേശിക നേതാക്കളും ചേർന്നാണ്.
പോളിങ് ശതമാനത്തിൽ കഴിഞ്ഞ തവണത്തേക്കാൾ അഞ്ചു ശതമാനം കുറവുണ്ടായെങ്കിലും ബി.ജെ.പി വോട്ട് വിഹിതം അഞ്ചു ശതമാനം ഉയർന്നു. ബി.ജെ.പി വിരുദ്ധ വോട്ടുകളാവട്ടെ ഭിന്നിക്കപ്പെട്ടു.
സാധാരണക്കാരായ ജനങ്ങളെ ആകർഷിക്കാൻ പര്യാപ്തമായിരുന്നു ആം ആദ്മി നൽകിയ വാഗ്ദാനങ്ങൾ. ഗുജറാത്തി ജനതയുടെ മനസ്സ് മറ്റാരേക്കാൾ നന്നായി അറിയുന്ന ബി.ജെ.പി ഉന്നതർ ആദ്യമൊന്ന് പകച്ചുപോവുകയും ചെയ്തു. ആപ്പിന്റെ വാഗ്ദാനങ്ങൾ പൊള്ളയാണെന്നും അധാർമികമാണെന്നുമുള്ള മട്ടിൽ ബി.ജെ.പി എതിർ പ്രചാരണം തുടങ്ങിയപ്പോൾ സൗജന്യ വൈദ്യുതി, തൊഴിലില്ലായ്മ വേതനം, കാർഷിക കടം എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ അതേപടി പകർത്തി കോൺഗ്രസ്.
ആരൊക്കെ എന്തൊക്കെ പ്രചാരണങ്ങൾ നടത്തിയാലും വാഗ്ദാനങ്ങൾ മുഴക്കിയാലും ഗുജറാത്തി ജനതക്ക് സ്വീകാര്യമായത് പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ ഹിന്ദുരാഷ്ട്രം തന്നെ എന്ന് ബോധ്യപ്പെടുത്തുന്നു ബി.ജെ.പിയുടെ തകർപ്പൻ ജയം.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ, രാമക്ഷേത്രനിർമാണം തകൃതിയിലാക്കിയ, ഏകീകൃത സിവിൽകോഡിനായി നീക്കങ്ങൾ തുടങ്ങിയ വലതുപക്ഷ ഹിന്ദുത്വ സർക്കാറിന് അവർ നൽകിയ മനസ്സുനിറഞ്ഞ പിന്തുണതന്നെയാണിത്.
വെറുപ്പിന്റെ രാഷ്ട്രീയം നിറഞ്ഞാടിയ തെരഞ്ഞെടുപ്പിൽ ദലിത് യുവനേതാവ് ജിഗ്നേഷ് മേവാനി തന്റെ മണ്ഡലം നിലനിർത്തിയത് ചെറിയകാര്യമല്ല. കഴിഞ്ഞ കുറി കോൺഗ്രസിന് കരുത്തേകിയ ഹാർദിക് പട്ടേലും അൽപേഷ് ഠാകുറും ഇത്തവണ ബി.ജെ.പി എം.എൽ.എമാരായാണ് നിയമസഭയിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.