തങ്ങളുടേതെന്ന് റെയിൽവേ അവകാശപ്പെടുന്ന ഹൽദ്വാനിയിലെ ഭൂമിയിൽ നിന്ന് നാലായിരത്തിലേറെ കുടുംബങ്ങളെ പിഴുതുമാറ്റാനുള്ള ഉത്തരാഖണ്ഡ് ഹൈകോടതിയുടെ ഉത്തരവ് മരവിപ്പിക്കാനുള്ള തീരുമാനം ബൻഫൂൽപുര മേഖലയിൽ പെരുന്നാൾ പ്രതീതിയാണ് സൃഷ്ടിച്ചത്. പരസ്പരം ആലിംഗനം ചെയ്തും മധുരം വിളമ്പിയും അവർ ആ ആശ്വാസ തീരുമാനത്തെ സ്വാഗതം ചെയ്തു.
ബൻഫൂൽപുര ജില്ലയിലെ ഗഫൂർ ബസ്തി, ധോലക് ബസ്തി, ഇന്ദിരാനഗർ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന 2.2കി.മീ ചുറ്റളവിലെ ഭൂമിയെ ചുറ്റിപ്പറ്റിയാണ് ഒഴിപ്പിക്കൽ നീക്കം നടന്നത്. വർഷങ്ങളായി പാർക്കുന്ന ഭൂമിയിൽ നിന്ന് ഒഴിപ്പിക്കുമ്പോൾ ഏതെങ്കിലും വിധത്തിലെ പുനരധിവാസം നൽകേണ്ടതുണ്ടെന്നും മാനുഷിക പ്രശ്നമായി കണ്ട് ഒരു പ്രായോഗിക പരിഹാരം കണ്ടെത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചതിന്റെ ആശ്വാസം ചെറുതല്ല.
കൈയേറ്റം നടന്നിരിക്കുന്ന 29 ഏക്കർ റെയിൽവേ ഭൂമി സമ്പൂർണമായി കുടിയൊഴിപ്പിക്കണമെന്ന് 2016ൽ ഉത്തരാഖണ്ഡ് ഹൈകോടതി ഉത്തരവിട്ടിരുന്നു. 2017 ഫെബ്രുവരിയോടെ ഒഴിഞ്ഞുപോകണമെന്ന് പിന്നാലെ മറ്റൊരു ഉത്തരവിലൂടെ കോടതി ആവശ്യപ്പെട്ടു.
എന്നാൽ, അവിടങ്ങളിലെ താമസക്കാർക്ക് ആർക്കും തന്നെ ഇതു സംബന്ധിച്ച് നോട്ടീസുകളൊന്നും ലഭിച്ചില്ല. തങ്ങൾക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്ന പ്രദേശവാസികളുടെ അപേക്ഷ സ്വീകരിച്ച സുപ്രീംകോടതി 2017 ജനുവരി 18ന് ഹൈകോടതി വിധി നടപ്പാക്കുന്നത് മാറ്റിവെച്ചു.
റവന്യൂ സ്വത്തുക്കളും റെയിൽവേ അവകാശപ്പെടുന്ന 29 ഏക്കറും സംബന്ധിച്ച ആശയക്കുഴപ്പമാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ പ്രധാന പ്രശ്നങ്ങളിലൊന്ന്. പിന്നെ വീണ്ടുമൊരു പൊതുതാൽപര്യ ഹരജി ഉത്തരാഖണ്ഡ് ഹൈകോടതിയിലെത്തി. 78 ഏക്കർ ഭൂമിയിൽ നിന്ന് കൈയേറ്റക്കാരെ ഒഴിപ്പിക്കണം എന്നാണ് അതിലെ ആവശ്യം.
തുടർന്ന് ഏതുസമയവും ബലംപ്രയോഗിച്ച് ഒഴിപ്പിക്കപ്പെടാം എന്നതിനാൽ താമസക്കാരോട് ഒരാഴ്ചക്കകം സ്വമേധയാ ഒഴിഞ്ഞുപോകാൻ കഴിഞ്ഞ ഡിസംബർ 20ന് ഹൈകോടതി നിർദേശിച്ചു. മാനുഷിക-പ്രായോഗിക ഘടകങ്ങൾ ചൂണ്ടിക്കാട്ടി അത് മരവിപ്പിച്ച സുപ്രീംകോടതി താമസക്കാരിൽ പലർക്കും ഭൂമിക്കുമേൽ അവകാശം സ്ഥാപിക്കാനുതകുന്ന രേഖകൾ ഉള്ളവരാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തങ്ങളുടെ വീടുകളോ വസ്തുവകകളോ കൈയേറ്റ ഭൂമിയിലല്ല എന്ന് തീർത്ത് പറയുന്നു ബൻഫൂൽപുര നിവാസികൾ. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പേ അവിടെ താമസിക്കുന്നതാണ് പല കുടുംബങ്ങളും. അവരെല്ലാം കൃത്യമായി നികുതിയുമടക്കുന്നുണ്ട്. കുടിയൊഴിപ്പിക്കണമെന്ന് ഹൈകോടതി പറയുന്ന ഭൂമിയിൽ അഞ്ച് സർക്കാർ സ്കൂളുകളും ഒരു ആശുപത്രിയും രണ്ട് കൂറ്റൻ ശുദ്ധജല ടാങ്കുകളുമുണ്ട്.
അപ്പോഴാണ് ചില ചോദ്യങ്ങൾ പ്രസക്തമാവുന്നത്: എങ്ങനെയാണ് കൈയേറ്റ ഭൂമിയിൽ സർക്കാർ സ്ഥാപനങ്ങൾ ഉണ്ടാവുക? തലമുറകളായി രേഖകൾ സഹിതം താമസിക്കുന്ന കുടുംബങ്ങളെ പെട്ടെന്നൊരുനാൾ കുടിയിറക്കാൻ ആർക്കാണ് വാശി?
ആയിരക്കണക്കിന് മനുഷ്യർ കൊടുംതണുപ്പിൽ കുടിയിറക്കിന്റെ വക്കിൽ നിൽക്കുമ്പോൾ അതിനെതിരായ പ്രതിഷേധത്തെ വർഗീയമായി ആഘോഷിക്കാൻ ഒരുമ്പെട്ട് ചില മാധ്യമങ്ങൾ. രണ്ടാം ശാഹീൻബാഗ് എന്ന് ചിലർ ഇതിനെ വിളിച്ചപ്പോൾ ഹിന്ദുക്കളെ ന്യൂനപക്ഷമാക്കാനുള്ള മുസ്ലിംകളുടെ ഭൂമി ജിഹാദ് ഗൂഢാലോചനയാണെന്ന് പറഞ്ഞുവെച്ചു മറ്റു ചില മാധ്യമങ്ങൾ.
ഭൂമി ജിഹാദ്, ജിഹാദി സംഘം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് നടത്തിയ റിപ്പോർട്ടിങ് മനുഷ്യരുടെ അന്തസ്സിനും മൗലിക അവകാശങ്ങൾക്കും നേരെ നടന്ന പച്ചയായ കൈയേറ്റം തന്നെയായിരുന്നു. നിങ്ങളീ ചെയ്യുന്നത് ശരിയല്ലെന്ന് പറയാൻ പോലും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ (NBDSA) അധികൃതർ താൽപര്യമെടുത്തില്ലെന്ന് വരുമ്പോഴാണ് ഈ നീക്കങ്ങളുടെ അപകടവ്യാപ്തി വ്യക്തമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.