ഭരണകൂട ഭീകരതയുടെ ഇരയായി തടവറ മരണത്തിനിരയായ ഫാ. സ്റ്റാൻ സ്വാമിയുടെ 86ാമത് പിറന്നാളായിരുന്നു ഏപ്രിൽ 26ന്. പോരാട്ട-പൗരോഹിത്യ വീഥികളിലെ സഹപ്രവർത്തകന് ഫാ. സെഡ്രിക് പ്രകാശ് എഴുതിയ തികച്ചും വേറിട്ടൊരു ജന്മദിനാശംസ
പ്രിയപ്പെട്ട സ്റ്റാൻ സ്വാമി,
ഭൂമിയിൽ താങ്കളുടെ പിറന്നാൾ ദിനമാണ് രണ്ട് നാൾ മുമ്പ് കഴിഞ്ഞുപോയത്. ഇവിടുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 86 വയസ്സായേനെ. താങ്കളെപ്പോലൊരു മനുഷ്യാവകാശ പോരാളി ഈ ഭൂമിയിൽ നിലകൊള്ളുന്നത് ഒട്ടും ഇഷ്ടമില്ലാത്തൊരു മർദക ഫാഷിസ്റ്റ് ഭരണകൂടം 2021 ജൂലൈ അഞ്ചിന് അങ്ങയെ ഇല്ലാതാക്കുകയായിരുന്നുവല്ലോ.
എങ്ങനെയാണ് അവിടെ പിറന്നാൾ ആഘോഷിക്കുന്നത് എന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ. പക്ഷേ, തീർച്ചയായും ഭൂമിയിൽ താങ്കളുടെ അസാന്നിധ്യം ശരിക്കും ബോധ്യമാവുന്നുണ്ട്. അങ്ങയുടെ ദീനാനുകമ്പയും സമർപ്പണ ബോധവും, പോരാട്ടവീഥിയിൽ പ്രകടിപ്പിച്ച ധൈര്യവുമെല്ലാം അസംഖ്യം മനുഷ്യർ ഓർമിക്കുന്നുണ്ട്.
തികച്ചും നിസ്വരും സാധാരണക്കാരുമായ ആളുകൾക്കൊപ്പം, ആദിവാസികൾ, ദലിതർ എന്നിങ്ങനെ ആട്ടിയകറ്റപ്പെട്ടവരും നിരന്തരം ചൂഷണംചെയ്യപ്പെട്ടവരുമായ ദരിദ്ര-പാർശ്വവത്കൃത ജനതക്കൊപ്പം വസിച്ച താങ്കൾക്ക് അവരുടെ സാന്നിധ്യം ആവേശം പകർന്നു. അവർ ഇന്ന് താങ്കളെ ആഘോഷിക്കുന്നു. വരുംകാലങ്ങളിലും അതു തുടരുമെന്നതിൽ തെല്ലുമില്ല സംശയം.
പക്ഷേ, ഇപ്പോൾ ഞാനീ കത്തെഴുതുന്നത് ഈയിടെ ‘നമ്മൾ തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ’ അടിസ്ഥാനത്തിലാണ്. ഇത് വായിക്കുമ്പോൾ സ്വതസിദ്ധമായ ആ ചെറുപുഞ്ചിരി ആ ചുണ്ടുകളിൽ സാവധാനം വിടർന്നു വരുന്നത് എനിക്ക് കാണാനാവുന്നുണ്ട്. സ്റ്റാനുമായി ഞാൻ സംസാരിച്ചുവെന്ന് വായിക്കുമ്പോൾ എനിക്കെന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് ആളുകൾ പറയാനിടയുണ്ട്.
ആരും എന്തും കരുതിക്കോട്ടെ. പക്ഷേ ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. രണ്ടാഴ്ച മുമ്പാണ് ഫാ. ടോം കാവലയും ഫാ.പി.എം. ആന്റണിയും ബാഗൈച്ചയിൽ ഒരു രാത്രി ചെലവിടാൻ എന്നെ ക്ഷണിച്ചത്. ഒരു ക്രിമിനലിനെയെന്നപോലെ 2021ഒക്ടോബർ എട്ടിന് അധികാരികൾ പിടിച്ചു കൊണ്ടുപോകുന്നതു വരെ താങ്കളുടെ വീടായിരുന്നല്ലോ അത്.
താങ്കൾ താമസിച്ചിരുന്ന അതേ മുറിയും കട്ടിലുമാണ് എനിക്ക് താമസിക്കാൻ തന്നത് . തികച്ചും അപ്രതീക്ഷിതമായി ലഭിച്ച ഒരു സൗഭാഗ്യമായിരുന്നു അത്. ജീവിതത്തിലുടനീളം നിധിപോലെ സൂക്ഷിക്കാനുള്ള ഓർമയാണെനിക്കത്. നല്ല ക്ഷീണവും തളർച്ചയും കാരണം കിടന്നതും പൊടുന്നനെ ഉറങ്ങിപ്പോയി. പക്ഷേ, ഇടക്കുവെച്ച് പെട്ടെന്ന് ഉണർച്ച കിട്ടി, വല്ലാത്തൊരു ഉന്മേഷവും വന്നെത്തി; മുറിയിൽ താങ്കളുടെ സാന്നിധ്യം അനുഭവപ്പെടുന്നതുപോലെ തോന്നി.
അത് വെറും സങ്കൽപമായിരിക്കാം. എന്നിരിക്കിലും ഞാൻ താങ്കളോട് ചില ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, എല്ലായ്പ്പോഴും ചെയ്യാറുള്ളതുപോലെ താങ്കൾ അതിനെല്ലാം മറുപടി നൽകുന്നതായും തോന്നി. ‘നമ്മുടെ’ ആ സംഭാഷണം എഴുതണമെന്ന് തോന്നി, അതിവിടെ കുറിച്ചിടുന്നു:
എല്ലാം നല്ലത്, ഞാൻ അവിടെ സന്തുഷ്ടനാണ്, പക്ഷേ ഇന്ത്യയിൽ, എന്റെ പ്രിയപ്പെട്ടവർക്ക് സംഭവിക്കുന്ന കാര്യങ്ങളറിയുമ്പോൾ വല്ലാത്ത വിഷമവും അസ്വസ്ഥതയും അനുഭവപ്പെടുന്നു, എന്റെ ജനങ്ങൾക്കൊപ്പം ഞാനുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു
എന്തൊരു വിഡ്ഢിച്ചോദ്യമാണിത്! ഞാൻ നിങ്ങൾക്ക് മുന്നിൽ ഒരു പാരമ്പര്യം അവശേഷിപ്പിച്ചല്ലേ പോയത്? എന്റെ മരണശേഷം അതുയർത്തിപ്പിടിക്കാനും സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുമൊക്കെ ചില്ലറ ആവേശങ്ങൾ പ്രകടമായിരുന്നു. പക്ഷേ കാര്യമായൊന്നും സാധ്യമായിട്ടില്ലെന്ന് ഞാൻ കാണുന്നു. എന്തുകൊണ്ടാണതെന്ന് എനിക്കറിഞ്ഞു കൂടാ
വാസ്തവത്തിൽ, അതിലുമപ്പുറമാണ് കാര്യങ്ങൾ! നാം വല്ലാതെ സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നു, നമ്മുടെ പരിശ്രമങ്ങളേറെയും സ്ഥാപനങ്ങളുടെ നടത്തിപ്പിലും നിയന്ത്രണത്തിലും താൽപര്യസംരക്ഷണത്തിലും കോർപറേറ്റ്- രാഷ്ട്രീയ വ്യവസ്ഥകളെ പ്രീതിപ്പെടുത്തുന്നതിലുമാണ് ചെലവഴിക്കപ്പെടുന്നത്.
ഇതുമൂലം ഞാൻ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. നമ്മുടെ മുൻഗണനകളെ ഞാൻ ചോദ്യം ചെയ്തിരുന്നു. നമ്മുടെ പ്രതിബദ്ധത ഉടലെടുക്കേണ്ടത് യേശുവിന്റെ സന്ദേശത്തിലും ഇന്ത്യൻ ഭരണഘടനയിലും ഉറച്ചുനിൽക്കുന്ന ഒരു സുവിശേഷത്തിൽ നിന്നാകണം. നമ്മുടെ സാമൂഹിക പ്രവർത്തനം പലപ്പോഴും ജനപക്ഷം ചേർന്നല്ല, പകരം പ്രോജക്ടുകളുടെ വാർപ്പിനനുസരിച്ചാണ്.
അധികാരികളെ നോക്കി നേര് വിളിച്ചു പറയുന്നതിന് പകരം നമ്മൾ പുറംമോടിയിൽ അഭിരമിക്കുന്നു. നാം മുയലിനൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം നായാടുകയും ചെയ്യുന്നു! നമ്മുടെ സുഖമേഖലകളിൽ സുരക്ഷിതരായിരിക്കുന്നിടത്തോളം കാലം എന്തെങ്കിലുമൊരു ഇളക്കം സൃഷ്ടിക്കാൻ പോലും നാം മടിക്കുന്നു.
നിങ്ങളോരോരുത്തരും വ്യക്തിപരമായും സംഘടിതമായും ഒരുപാട് കാര്യങ്ങൾ ഇപ്പോൾ തന്നെ ചെയ്യുന്നുണ്ട്, എന്തു വിലകൊടുക്കേണ്ടി വന്നാലും അത് നിർഭയമായി തുടരുക. ശബ്ദമില്ലാത്തവർക്ക് ശബ്ദമേകുക. സമാനമനസ്കരായ വ്യക്തികൾക്കും കൂട്ടായ്മകൾക്കും മുന്നേറ്റങ്ങൾക്കുമൊപ്പം കൈകോർക്കുക.
തീർച്ചയായും വേണ്ടിവരും. ഞാൻ അതിനുള്ള വിലയൊടുക്കിയില്ലേ? തടവുകാലത്ത് ഏറെ കഷ്ടപ്പെട്ടു! അതാണ് ജീവിതം. 2020 ഒക്ടോബറിൽ അറസ്റ്റിന് തൊട്ടുമുമ്പ്, ഞാൻ പറഞ്ഞതോർക്കുക- ‘‘എനിക്ക് നേരിടേണ്ടി വരുന്നത് ഒറ്റപ്പെട്ട സംഭവമല്ല, രാജ്യത്തുടനീളം നടക്കുന്ന വിപുലമായ പ്രക്രിയയാണിത്.
അധികാര ശക്തികൾക്കെതിരെ ചോദ്യങ്ങളും എതിരഭിപ്രായവും ഉയർത്തിയ ബുദ്ധിജീവികൾ, അഭിഭാഷകർ, എഴുത്തുകാർ, സാമൂഹിക പ്രവർത്തകർ, വിദ്യാർഥി നേതാക്കൾ എന്നിങ്ങനെ നാനാതുറയിലുള്ള ആക്ടിവിസ്റ്റുകളെ ജയിലിലടച്ചതെങ്ങനെയെന്ന് നമുക്കറിയാം.
ആ പ്രക്രിയയുടെ ഒരു കണ്ണിയായതിൽ ഒരു തരത്തിൽ പറഞ്ഞാൽ ഞാൻ സന്തുഷ്ടനാണ്. ഞാൻ വെറുമൊരു മൂകസാക്ഷിയല്ല, എന്തു വിലയൊടുക്കേണ്ടി വന്നാലും ഞാനതിന് സന്നദ്ധനാണ്’’.
പൊടുന്നനെ പുലരി വിരിഞ്ഞു. അതൊരു സ്വപ്നമായിരുന്നില്ല. എന്നെയും മറ്റു പലരെയും കൂടുതൽ കൂടുതൽ കർമോത്സുകരാക്കാൻ, വിട്ടേച്ചുപോയ പൈതൃകത്തിന്റെ വീണ്ടെടുപ്പുകാരാവാൻ താങ്കൾ എന്റെ അരികിൽ നേരിൽ വന്ന് സംസാരിച്ചതാണിതെല്ലാമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. തീർച്ചയായും ഞങ്ങൾക്ക് ഇനിയുമൊട്ടേറെ ചെയ്യാനുണ്ട്. ജന്മദിനാശംസകളോടെ
താങ്കളുടെ സഹോദരൻ സെഡ്രിക്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.