കാസർകോട്: ഹർത്താൽ നിരോധിച്ച സംസ്ഥാനത്ത് ‘പ്ലാസ്റ്റിക് ഹർത്താൽ’ നടത്തിയവരാണ് ബേഡഡുക്ക പഞ്ചായത്ത്. പ്ലാസ്റ്റിക് ഹർത്താൽ എന്ന പേരിട്ട്, പ്ലാസ്റ്റിക്കിനെതിരായ ബോധവത്കരണ യജ്ഞം നടത്തിയാണ് അവർ മാലിന്യ സംസ്കരണ പോരാട്ടത്തിൽ ചുവടുവെച്ചത്. ‘ഹരിത കേരള’ത്തിനു മുമ്പ് ‘ഹരിത ബേഡകം’ നടപ്പാക്കിയവരുമാണിവർ.
സംസ്ഥാന സർക്കാറിന്റെ ഹരിതകേരള മിഷനു മുമ്പ് 2016ൽ ആരംഭിച്ച ഹരിത ബേഡകം പദ്ധതി വഴി പ്ലാസ്റ്റിക് പൊടിക്കുന്ന യൂനിറ്റും പ്ലാസ്റ്റിക് ബെയ്ലിങ് യൂനിറ്റും വിജയകരമായി മുന്നോട്ടുപോകുന്നു. ജില്ലയിൽ മറ്റു പഞ്ചായത്തുകളുടെ റോഡ് ടാറിങ്ങിനു പോകുന്നത് ഇവർ പൊടിച്ച പ്ലാസ്റ്റിക്കാണ്. രണ്ട് ഏക്കർ സ്ഥലത്ത് 40 കുടുംബശ്രീ അംഗങ്ങളെ അണിനിരത്തിയ പദ്ധതിയാണ് ഹരിത ബേഡകം.
പ്ലാസ്റ്റിക് മൂല്യവർധിത വസ്തുക്കൾക്കായി കയറ്റി അയക്കുന്നുമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ പറഞ്ഞു. 40 പേരടങ്ങുന്ന കർമസേനാംഗങ്ങളിൽ ഒരാൾക്ക് 10,000 രൂപവരെ പ്രതിമാസം ലഭിക്കും. ജനലക്ഷങ്ങൾ വന്നെത്തുന്ന വയനാട്ടുകുലവൻ ഉത്സവം മുതൽ കല്യാണം വരെയും സ്കൂളുകൾ മുതൽ വ്യാപാര സ്ഥാപനങ്ങൾ വരെയും ബേഡകത്തിന്റെ ഗ്രീൻ പ്രോട്ടോകോളിനു കീഴിലാണ്. ആയിരങ്ങൾക്ക് വെച്ചുവിളമ്പുന്നിടത്തും ഉണ്ടാകും ബേഡകം ടച്ച്.
പഞ്ചായത്തിനകത്തായാലും പുറത്തായാലും 2000ത്തിലധികം സ്റ്റീൽ ഗ്ലാസുകളും പാത്രങ്ങളും ബേഡകത്തുനിന്ന് എത്തും. ബേഡകത്തിന്റെ മികച്ച ഈ മാതൃകക്ക് 2021ൽ നവകേരള പുരസ്കാരം ലഭിച്ചു. പുണെയിൽ നടന്ന ക്ലീൻ ആൻഡ് ഗ്രീൻ സമ്മേളനത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.