തിരുവനന്തപുരം മെഡിക്കൽ കോളജില്‍ കോവിഡ് രോഗിയെ പുഴുവരിച്ചു. മലപ്പുറത്ത് പൂർണഗര്‍ഭിണിക്ക് യഥാസമയം ചികിത്സ ലഭിക്കാത്തതിനാൽ ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർ കോവിഡ് ബാധിതയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡനത്തിനിരയാക്കി.
കളമശ്ശേരി മെഡിക്കൽ കോളജിലെ വെൻറിലേറ്ററിൽ രോഗിയുടെ ട്യൂബ് മൂക്കില്‍ ഘടിപ്പിക്കാതെ മരണമടഞ്ഞ സംഭവം മറ്റൊരു കളങ്കമായി. നമ്മുടെ ആരോഗ്യസംവിധാനത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? നിരവധി പ്രതിഷേധങ്ങളുയര്‍ന്നിട്ടും, കുറ്റക്കാരെന്നു കണ്ടെത്തി ആരോഗ്യപ്രവര്‍ത്തകരെ നിരന്തരം സസ്പെന്‍ഷന്‍പോലുള്ള നടപടികള്‍ക്ക് വിധേയമാക്കിയിട്ടും എന്തുകൊണ്ടാണിത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്?
ഏപ്രില്‍ മാസം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് നമ്മുടെ സംസ്ഥാനത്തിന് ഭയക്കാനൊന്നുമില്ല എന്നായിരുന്നു. എന്നാൽ, സർക്കാർ അവകാശവാദങ്ങൾക്ക് ആനുപാതികമായി ആരോഗ്യമേഖലയിൽ തയാറെടുപ്പുകൾ നടന്നോ? ആവശ്യത്തിന് ചികിത്സാസംവിധാനങ്ങള്‍ കേരളം ഒരുക്കിക്കഴിഞ്ഞു, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകള്‍, 2,50,000 പേരെ ഒരേ സമയം ക്വാറൻറീന് ചെയ്യാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളജുകളിലേക്ക് പുതിയ വെൻറിലേറ്ററുകളും ആവശ്യത്തിന് ഐ.സി.യു കിടക്കകളും.
കോവിഡ് രോഗികളെയും മറ്റുള്ളവരെയും സഹായിക്കാന്‍ ലക്ഷത്തിലധികം സന്നദ്ധസേവകര്‍- എല്ലാം തയാറാണെന്ന് ഗവൺമെൻറ് അവകാശപ്പെട്ടു. ഒന്നു മാത്രം പറഞ്ഞില്ല-അവിടെ പ്രവർത്തിക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ലഭ്യത. ഇത്രയും വിപുലമായ സംവിധാനമൊരുക്കാനുള്ള ഡോക്ടര്‍മാരും നഴ്സുമാരും പതിനായിരങ്ങളെ ഒരേസമയം പരിശോധിക്കാനുള്ള ലാബ് ടെക്നീഷ്യന്‍സും ലാബുകളും ഇതര ജീവനക്കാരും പക്കലുണ്ടോ? ഇെല്ലന്ന് വ്യക്തമായ അറിവുണ്ടായിട്ടും ആളെ നിയമിക്കാൻ ഗവൺമെൻറ് കൂട്ടാക്കിയില്ല.
പൊതുജനാരോഗ്യം മതിയായ ജീവനക്കാരും സൗകര്യങ്ങളുമില്ലാതെ ഊർധ്വൻ വലിക്കുകയാണ്. 1964ല്‍ ഉണ്ടായിരുന്ന ജനസംഖ്യക്ക് ആനുപാതികമായ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇന്നും. രാവിലെ എട്ടിന് ആരംഭിക്കുന്ന ഒ.പിയില്‍ ഒരു ഡോക്ടര്‍ക്ക് ഏതാണ്ട് നൂറിനടുത്ത് രോഗികളെ ഒരു ദിവസം നോക്കേണ്ടിവരുന്നു.
പകര്‍ച്ചവ്യാധി സീസണില്‍ ഇത് 300 വരെ ഉയരാറുണ്ട്. ഒരു വാര്‍ഡില്‍ ഏകദേശം നൂറിനടുത്ത് രോഗികളെ പരിചരിക്കുന്നതിന് ഒന്നോ രണ്ടോ നഴ്സുമാരാണുള്ളത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ രോഗിപരിശോധനക്കു പുറമേ തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലെ നിരവധി മീറ്റിങ്ങുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ ഭരണകാര്യങ്ങളുമുണ്ട്. കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകുന്നേരം വരെ നീട്ടിയതല്ലാതെ പുതിയ ജീവനക്കാരെ സ്ഥിരനിയമനം നടത്താന്‍ തയാറായില്ല.
വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ട മെഡിക്കല്‍ കോളജുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. താലൂക്ക് ആശുപത്രികളെ ജില്ല ആശുപത്രികളും ജനറല്‍ ആശുപത്രികളെ മെഡിക്കൽ കോളജുകളുമായി ഉയര്‍ത്തിയെന്ന് അവകാശപ്പെട്ടപ്പോഴും നിലവിലെ ബോര്‍ഡ് മാറ്റിയതിനപ്പുറം ഒന്നും സര്‍ക്കാറുകള്‍ ചെയ്തിട്ടില്ല. ഇൗ പ്രാരബ്ധങ്ങളിലേക്കാണ് കോവിഡ് മഹാമാരി കടന്നുവന്നിരിക്കുന്നത്. മറ്റെല്ലാ ചികിത്സകളും ഏതാണ്ട് നിര്‍ത്തിവെച്ച് കോവിഡ് ചികിത്സ മാത്രമായി പരിമിതപ്പെടുത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു.
കഴിഞ്ഞ നാലഞ്ചുമാസമായി കോവിഡ് ഇതര രോഗം മൂർച്ഛിച്ച് മരിക്കുന്നവരുടെയും രോഗം തീവ്രമാകുന്ന ആളുകളുടെയും എണ്ണം ഭയാനകമാംവിധം വർധിക്കുന്നു. ശരാശരി 100 ആരോഗ്യപ്രവര്‍ത്തകരെങ്കിലും പ്രതിദിനം കോവിഡ് ബാധിതരാകുന്നു. അതിനിടെ ജീവന് ത്യജിച്ച് നിലകൊള്ളുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ശക്തമായ എതിര്‍പ്പുണ്ടായിട്ടും വെട്ടിക്കുറച്ചു.
കോവിഡിനെ നേരിടാന്‍ പുതുതായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ തസ്തിക നിർണയിക്കാതെ ശമ്പളം വെട്ടിക്കുറച്ചത്, 24 മണിക്കൂറും കർമനിരതരായി ജോലിചെയ്യുന്ന ആശാപ്രവര്ത്തകർക്കടക്കം ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളോ റിസ്ക് അലവന്‍സോ നല്‍കാത്തത്, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്ത മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് ഡോക്ടര്‍മാരെയും ജീവനക്കാരെയും സാമൂഹികവിരുദ്ധരായി ചിത്രീകരിച്ച് നടപടിയെടുക്കുന്നത്-അധികാരികള്‍ ഇതൊക്കെ അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
ദുരന്തകാലങ്ങളില്‍, പ്രതിസന്ധികളില്‍ നാം എന്തു നിലപാട് കൈക്കൊള്ളുന്നു എന്നതാണ് ഒരു ജനത അതിജീവിക്കുമോ കാലിടറിവീഴുമോ എന്ന് നിശ്ചയിക്കുന്നത്. ജീവന് പണയംവെച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കണം. മെച്ചപ്പെട്ട ശമ്പളവും ക്വാറൻറീന് കാലാവധിയും നല്‍കണം.
വിദൂരസ്ഥലങ്ങളില്‍നിന്നും ജോലിക്കെത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കണം. താഴെത്തട്ടില്‍ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് വ്യക്തിഗത സുരക്ഷ ഉപകരണങ്ങളും റിസ്ക് അലവന്‍സും നല്‍കണം. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി രോഗമുള്ളവരെ കണ്ടെത്തി വ്യാപനവും മരണനിരക്കും കുറക്കണം.
56 വര്‍ഷം മുമ്പുണ്ടായിരുന്ന ജനസംഖ്യക്കനുസരിച്ചുള്ള സ്ഥിരം ഡോക്ടര്‍മാരും ഇതര ജീവനക്കാരും മാത്രമേ ഇന്നും സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും നിലവിലുള്ളൂ. മറ്റെല്ലാം കരാര്‍-താൽക്കാലിക ജീവനക്കാരാണ്. അവരുടെ ശേഷി പരമാവധി അവര്‍ വിനിയോഗിക്കുന്നുണ്ട്.
ഈ അടിയന്തര സാഹചര്യം നേരിടാന്‍ ഡോക്ടര്‍മാരോടും മറ്റു ജീവനക്കാരോടുമൊപ്പമായിരിക്കണം ജനങ്ങള്‍ നിലകൊള്ളേണ്ടത്. കുടുംബാംഗങ്ങളില്‍നിന്ന് അകന്ന് മാസങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ എത്ര കഷ്ടപ്പെടേണ്ടിവന്നാലും അവസാന കോവിഡ് രോഗിയെയും ചികിത്സിച്ച് ഭേദമാക്കും എന്ന് ദൃഢപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ പഴിചാരി അവശേഷിക്കുന്ന മനോവീര്യംകൂടി നഷ്ടപ്പെടുത്തരുത്. പൊതുസമൂഹം ആരോഗ്യപ്രവര്ത്തകരോടൊപ്പമാണ് എന്ന് പ്രഖ്യാപിക്കേണ്ട സമയംകൂടിയാണിത്; തിരിച്ചും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.