ദിനേന പത്രത്താളുകളിലൂടെ നമ്മുടെ കൺമുന്നിലെത്തുന്ന, മനഃസാക്ഷിയെ അലോസരപ്പെടുത്തുന്ന ആത്മഹത്യ സംഭവങ്ങളിൽ മിക്കതും സ്ത്രീപീഡനവുമായി ബന്ധപ്പെട്ടതാണെന്ന് കാണാനാവും. സ്ത്രീധനവും ഗാർഹികപീഡനവും പുരുഷ മേധാവിത്വത്തിെൻറ അടിച്ചേൽപിക്കലും ഇതിൽ മുന്തിനിൽക്കുന്നു. ഇത്തരം സംഭവങ്ങൾ ചാനലുകളും പത്രങ്ങളും സമൂഹമാധ്യമങ്ങളും കുറച്ചു ദിവസം കൊണ്ടുപിടിച്ച് ആഘോഷമാക്കുക പതിവാണ്. പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായി മുന്നോട്ടുവരാനും നിയമങ്ങൾ ശക്തമാക്കുകയും ശിക്ഷകൾ കഠിനമാക്കുകയും ചെയ്യേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് വാചാലമാകാനും മലയാളികൾ ഒന്നടങ്കം രംഗത്തുണ്ടാവും.
ഈ അടുത്ത് നമ്മെ വല്ലാതെ വേദനിപ്പിച്ച രണ്ടു യുവതികളുടെ മരണങ്ങളെക്കുറിച്ച് ഓർത്തുനോക്കൂ. ഒന്ന്, വിസ്മയ എന്ന ആയുർവേദ മെഡിസിൻ വിദ്യാർഥിനി, മറ്റൊന്ന് മൊഫിയ പർവീൻ എന്ന നിയമവിദ്യാർഥിനി. രണ്ടുപേരും പഠിച്ചു മുന്നേറി സമൂഹത്തിന് സൗഖ്യവും നീതിയും ഉറപ്പാക്കണമെന്ന് കരുതി ജീവിച്ചവർ. എന്നാൽ, അവരുടെ പങ്കാളികളിൽനിന്ന് ലഭിച്ചത് സൗഖ്യത്തിനു പകരം വേദനകളും നീതിക്കു പകരം അനീതിയുമായിരുന്നു.
അത് അവർക്ക്താങ്ങാവുന്നതിലുമപ്പുറവുമായിത്തീർന്നു. അവർ മരണം തിരഞ്ഞെടുത്തു. ഇതേ പരിതഃസ്ഥിതിയിലൂടെ കടന്നുപോകുന്ന നിരവധി വിദ്യാർഥിനികളും യുവതികളും നമുക്കിടയിൽ ഇനിയുമുണ്ടാകാം. മറ്റൊരാൾ അനുഭവിക്കുന്ന വേദന അളക്കാൻതക്ക ഉപകരണം ഇല്ലതന്നെ, എന്നിരിക്കിലും ഒരിക്കലും മരണം തിരഞ്ഞെടുക്കരുത് എന്ന് എല്ലാ മക്കളോടുമായി ഓർമപ്പെടുത്തട്ടെ. മാധ്യമങ്ങളിലൂടെ നമ്മൾ കേൾക്കുന്ന വേദനയുടെ കഥകൾ പുറത്തുവരാത്ത കഥകളുടെ നൂറിലൊന്നു മാത്രമാണ്. നേരിട്ട് കേട്ട് ബോധ്യപ്പെട്ട ഒരു സംഭവം ഇവിടെ ഓർത്തെഴുതട്ടെ.
വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം ഭർതൃവീട്ടിൽനിന്ന് സ്വയം ഇറങ്ങി വീട്ടിലെത്തിയ മകളെയും കൂട്ടി മാതാപിതാക്കൾ ആശുപത്രിയിലേക്കു വന്നു. ഭർതൃമാതാവിന്റെ കുറ്റപ്പെടുത്തലുകളും അവഹേളനയും ഒറ്റപ്പെടുത്തലും മകളെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു എന്നു മാത്രമല്ല വിഷാദരോഗത്തിലേക്കും എത്തിച്ചിരുന്നു. മരുമകൾ തെൻറ വരുതിക്കു നിൽക്കണമെന്നതായിരുന്നു ആദ്യ ആവശ്യം.
കുറ്റപ്പെടുത്തലുകളിലൂടെയും കുത്തുവാക്കുകളിലൂടെയും അത് ഒരുപരിധിവരെ സാധിച്ചുവെന്ന് സമാധാനിച്ചിരിക്കെ മകൻ ഭാര്യയോട് കരുതലോടെയും സ്നേഹത്തോടെയും പെരുമാറുന്നു എന്ന തോന്നൽ തലപൊക്കി. അതോടെ നിലവിട്ടു പെരുമാറുന്ന അവസ്ഥയായി. സ്വന്തം വീട്ടിൽനിന്ന് സ്നേഹവും അംഗീകാരങ്ങളും ലഭിച്ച് വളർന്ന, എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ ആ യുവതി ആദ്യമൊക്കെ സഹിച്ചും ക്ഷമിച്ചും നിന്നു. ഭർത്താവിനോട് പല പ്രാവശ്യം ഇക്കാര്യം പറഞ്ഞെങ്കിലും അതു മനസ്സിരുത്തി കേൾക്കുകപോലും ചെയ്യാതെ തെൻറ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താനാണ് അയാൾ തിടുക്കംകാണിച്ചത്.
അതോടെ ആ വീട്ടിൽ താൻ സുരക്ഷിതയല്ല എന്ന തോന്നൽ ശക്തമാവുകയും അവിടന്ന് രക്ഷപ്പെടുക എന്ന ചിന്ത ഉത്ഭവിക്കുകയും ചെയ്തു. അങ്ങനെ ഒരു ദിവസം അവൾ ഭർത്താവിനോട് പറഞ്ഞ് സ്വന്തം വീടണഞ്ഞു. സ്വന്തം വീട്ടിൽ എത്തിപ്പോൾ അതിലും വലിയ കുറ്റപ്പെടുത്തലുകൾ; ഉപദേശങ്ങളുടെ ഭാണ്ഡവുമായി കൂടുംബാംഗങ്ങൾ. പെൺകുട്ടിയായാൽ ക്ഷമിക്കാനും പൊറുക്കാനും കഴിയണം എന്ന ഓർമപ്പെടുത്തലും ഞങ്ങളൊക്കെ എന്തെല്ലാം സഹിച്ചിട്ടുണ്ട് എന്ന വീരോപദേശങ്ങളും. കല്യാണം കഴിഞ്ഞ് വർഷമൊന്ന് തികയുംമുമ്പേ ഇങ്ങനെ പോന്നാൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന രക്ഷിതാക്കളുടെ പറച്ചിലുംകൂടിയായതോടെ അന്തരീക്ഷം കീഴ്മേൽ മറഞ്ഞു. താൻ കാരണം രക്ഷിതാക്കളും കുടുംബാംഗങ്ങളും പ്രയാസപ്പെടുന്നുവെന്ന തോന്നലും വിവാഹാവശ്യം കുടുംബത്തിന് വരുത്തിവെച്ച സാമ്പത്തിക ബാധ്യതകളെക്കുറിച്ചുള്ള ചിന്തയും തലക്കുള്ളിൽ നിറഞ്ഞു. ഭർതൃവീട്ടിലെ പീഡനങ്ങളും സ്വന്തം വീട്ടിലെ വേദനകളും സഹിക്കാവുന്നതിലുമപ്പുറമാണെന്നും ഈ ജീവിതത്തിൽനിന്ന് വിടുതൽ നേടൽ മാത്രമാണ് പരിഹാരമെന്നുമുള്ള ആലോചനകൾ നിറഞ്ഞു.
അവൾ അതിനും തുനിഞ്ഞിരുന്നു. പേക്ഷ, മാതാപിതാക്കൾ തക്കസമയത്ത് അവൾക്കേകിയ സപ്പോർട്ട് അതിൽനിന്ന് പിന്തിരിപ്പിച്ചു. ഉറക്കം നഷ്ടപ്പെട്ട് , സങ്കടവും കരച്ചിലുമായി ദിനരാത്രങ്ങൾ തള്ളിനീക്കുന്നതിനിടയിലാണ് ഹോസ്പിറ്റലിൽ വന്നത്. തോരാത്ത കണ്ണീരോടെ പറഞ്ഞുതീർത്ത ഈ കഥ ഒരു യുവതിയുടെ മാത്രം അനുഭവമല്ല.
ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ ഓർമിപ്പിക്കാൻ താൽപര്യപ്പെടുന്നു.
1) കുട്ടിയെ കുറ്റപ്പെടുത്താനോ ന്യായീകരിക്കാനോ നിൽക്കാതെ ശ്രദ്ധയോടെയും ക്ഷമയോടെയും കേൾക്കുക.
2 ) വിഷയത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് സത്യസന്ധമായി ഒരു മുൻധാരണയില്ലാതെ മനസ്സിലാക്കി മാത്രം പ്രതികരിക്കുക.
3) കുട്ടിയെ ഒരിക്കലും നിർബന്ധിച്ച്, നിങ്ങളുടെ വീക്ഷണവും അഭിമാനബോധവും അടിച്ചേൽപിച്ച് തിരിച്ചയക്കാതിരിക്കുക.
4) കുടുംബങ്ങൾ തമ്മിൽ ഒന്നിച്ചിരുന്ന് ചർച്ചചെയ്യുമ്പോൾ അപ്പുറവും ഇപ്പുറവും കുറ്റപ്പെടുത്തി, കുറ്റം കണ്ടെത്തി സംസാരിച്ചുതുടങ്ങരുത്.
5) അവരവരുടെ വശം മാത്രം ശരി എന്ന ചിന്തയിലായിരിക്കും പലപ്പോഴും ചർച്ച തുടക്കുന്നത്. അത് ഗുണത്തേക്കാൾ ദോഷമായിരിക്കും സൃഷ്ടിക്കുക.
6 ) രണ്ടു വശവും ശരിക്കും മനസ്സിലാക്കി വേണം ചർച്ചചെയ്യേണ്ടത്. അത് തീർത്തും പരസ്പര ബഹുമാനം കൈവിടാതെ നിലനിർത്താൻ ശ്രമിക്കുകയും വേണം. അതിന് പറ്റുന്നില്ല എന്നതാണെങ്കിൽ നിഷ്പക്ഷമതിയായ വ്യക്തിയുടെയോ വ്യക്തികളുടെയോ സഹായം തേടാവുന്നതാണ്.
7) അതോടൊപ്പം ഒരു മനഃശാസ്ത്രജ്ഞന്റെ സഹായത്താൽ ഫാമിലി കൗൺസലിങ്ങിന് വിധേയമാക്കി രണ്ടു പേർക്കും കുടുംബത്തിനും പൂർണ സമ്മതമായാൽ മാത്രമേ കൂടെ തുടരാൻ അനുവദിക്കാവൂ.
ഇനിയും നമ്മുടെ മക്കളുടെ ജീവിതങ്ങൾ തകർക്കപ്പെടാതിരിക്കുക എന്നത് നമ്മുടെ ആഗ്രഹം മാത്രമല്ല, ഉത്തരവാദിത്തംകൂടിയാണ്.
(കണ്ണൂർ മാധവറാവു സിന്ധ്യ ഹോസ്പിറ്റലിലെ മനഃശാസ്ത്ര വിദഗ്ധനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.