‘മ്ലേ​ച്ഛ​ന്മാ​രെ’ സൃ​ഷ്​​ടി​ക്കുന്ന വി​ശു​ദ്ധ​ഗോ​ക്കൾ

ഗോസംരക്ഷകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗുണ്ടാസംഘങ്ങൾ രണ്ടു മാസത്തിനുള്ളിൽ ആറ് നിരപരാധികളുടെ ജീവനെടുത്ത ഭീകരതക്കെതിരെ ഒരക്ഷരം മിണ്ടാതിരുന്ന ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ഗോവധനിരോധം നടപ്പാക്കാൻ ദേശീയതലത്തിൽ നിയമം കൊണ്ടുവരണമെന്ന്് ആവശ്യപ്പെട്ടിരിക്കുന്നു. സർസംഘ്ചാലക്കിെൻറ ഈ നിർദേശത്തിൽ മാറിയ രാഷ്ട്രീയ കാലാവസ്ഥയുടെ പ്രതിഫലനം നിഷ്പ്രയാസം വായിക്കാം. യു.പിയിലെ ദാദ്രിയിൽനിന്ന് തുടങ്ങിയ ഗോഭക്തരുടെ കാപാലികത ഹരിയാനയും ഝാർഖണ്ഡും  ജമ്മുവുമൊക്കെ കടന്ന് രാജസ്ഥാനിലെ അൽവാറിൽ പഹ്ലു ഖാൻ എന്ന 55കാരെൻറ ജീവനെടുക്കുന്നതിൽ എത്തിനിൽക്കുമ്പോൾ പേയിളകിയ ഗോഭക്തിക്കപ്പുറത്തെ രാഷ്ട്രീയവും ചരിത്രത്തോടും ഭരണഘടനയോടും ഇക്കൂട്ടർ കാട്ടുന്ന അവജ്ഞയും അടയാളപ്പെടുത്തേണ്ടതുണ്ട്. പശു എന്ന മൃഗം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിെൻറ ഭാവിദിശ നിർണയിക്കുന്ന തരത്തിൽ രാഷ്ട്രീയമുഖ്യധാരയിൽ അലഞ്ഞുനടക്കുമ്പോൾ, നമ്മുടെ ഭരണഘടന സങ്കൽപങ്ങൾക്കു നേരെ അതുയർത്തുന്ന വെല്ലുവിളി കാണാതിരുന്നുകൂടാ.

ഡോ. അംബേദ്കർ 1948ൽ അവതരിപ്പിച്ച ഭരണഘടനയുടെ കരടിൽ ഗോവധനിരോധത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലയിലെ ചർച്ചവേളയിൽ ഹിസാറിൽനിന്നുള്ള ബ്രാഹ്മണ അഭിഭാഷകൻ പണ്ഡിറ്റ് താക്കൂർദാസ് ഭാർഗവയാണ് ഗോവധം നിരോധിക്കുന്നതിനു വ്യവസ്ഥ വേണമെന്ന് വാദിച്ചത്. വാദപ്രതിവാദങ്ങൾക്കൊടുവിൽ, 48ാം അനുച്ഛേദമായി അദ്ദേഹം കൊണ്ടുവന്ന ഭേദഗതി അംഗീകരിച്ചതുതന്നെ, കൃഷിയും കന്നുകാലിവളർത്തലും പരിപോഷിപ്പിക്കുന്നതിനു രാജ്യം ശാസ്ത്രീയവും നവീനവുമായ മാർഗങ്ങൾ ആരായുമെന്നും പശുവിനെയും പാൽതരുന്ന മറ്റു മൃഗങ്ങളെയും അറുക്കുന്നത് നിരോധിക്കുമെന്നും വ്യവസ്ഥ വെച്ചാണ്. ഏതെങ്കിലും വിഭാഗത്തിെൻറ മതവികാരം മാനിച്ചല്ല, പ്രത്യുത കാർഷിക ഇന്ത്യയുടെ പുരോഗതി മുന്നിൽകണ്ടാണ് മൃഗസംരക്ഷണം ഉറപ്പുവരുത്താൻ ഭരണഘടന ആഹ്വാനം ചെയ്യുന്നത്. ഈ  ഭരണഘടനാ പദ്ധതിയെ തന്നെ അട്ടിമറിക്കുന്ന തരത്തിലുള്ള നിയമനിർമാണത്തിനാണ് ഹിന്ദുത്വസർക്കാറുകൾ വിശുദ്ധ ഗോക്കളുടെ പേരിൽ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഇതിനു പിന്നിൽ ഭൂരിപക്ഷസമുദായത്തെ ഏകോപിപ്പിക്കുക, ന്യൂനപക്ഷങ്ങളെയും ദലിതുകളെയും അന്യവത്കരിക്കുക എന്നീ ലക്ഷ്യങ്ങളാണുള്ളത്.

സവർക്കറുടെ മച്ചിപ്പശു
ഗോസംരക്ഷണത്തിെൻറ പേരിലുള്ള വർഗീയധ്രുവീകരണ ശ്രമത്തിനു തുടക്കം കുറിക്കുന്നത് സ്വാമിദയാനന്ദ സരസ്വതിയാണ്; ആര്യസമാജിെൻറ രൂപവത്കരണത്തിലൂടെ. വേദത്തിലേക്ക് മടങ്ങിപ്പോകൂ എന്ന് സദാ ഉദ്ഘോഷിച്ചുകൊണ്ടിരുന്ന ദയാനന്ദസരസ്വതി, ഗോക്കളെ സംരക്ഷിക്കാൻ ആഹ്വാനം ചെയ്തത് അതിെൻറ സാമ്പത്തിക മൂല്യം കണക്കിലെടുത്താണെങ്കിലും ഭൂരിപക്ഷസമൂഹത്തെ വേർതിരിച്ചുനിർത്തുക എന്ന ലക്ഷ്യം അതിനുണ്ടായിരുന്നു.19ാം നൂറ്റാണ്ടിെൻറ അന്ത്യത്തിൽ ഇന്നത്തെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ മേഖലയിൽ ഇദ്ദേഹം മുൻകൈയെടുത്ത് ഗോസംരക്ഷണ സമിതികൾ നിലവിൽവന്നു. അതുവരെ നിലനിന്ന ഹിന്ദു-മുസ്ലിം മൈത്രി തകരുന്നതും വർഗീയസംഘർഷങ്ങൾ വളരുന്നതുമാണ് പിന്നീട് കാണാൻ സാധിച്ചത്. 1893ൽ യു.പിയിലെ അഅ്സംഗഢിൽ  ഇതിെൻറ പേരിൽ വൻതോതിലുള്ള വർഗീയകലാപം പൊട്ടിപ്പുറപ്പെട്ടു. ആദ്യകാല കോൺഗ്രസുകാരിൽ പലരും ഹൈന്ദവപുനരുത്ഥാന സംരംഭങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചവരായിരുന്നു എന്ന കാരണത്താൽ, ഗോസംരക്ഷണവും ഗോവധ നിരോധവും മുഖ്യ അജണ്ടയായി എടുത്തത് സമുദായ ഏകോപനത്തിനുള്ള കുറുക്കുവഴി എന്ന നിലയിലായിരുന്നു.

എന്നാൽ, തെൻറ ഹിന്ദുത്വസിദ്ധാന്തത്തിനു ഉൗടും പാവും നെയ്യുന്നതിനിടയിൽ വി.ഡി. സവർക്കർ പശുവിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ദേശീയബോധ നിർമിതിയുടെ പോഴത്തം തുറന്നുകാട്ടുന്നുണ്ട്. പശുവിനെ പുണ്യമൃഗമായി സവർക്കർ ഒരിക്കലും കണ്ടിരുന്നില്ല. ‘‘പശുക്കളെ വളർത്തുക; അവയെ ആരാധിക്കരുത് ’ എന്ന തലക്കെട്ടോടെ അദ്ദേഹമെഴുതിയ പ്രബന്ധത്തിൽ പശുവിന് പാവനത്വം കൽപിക്കുന്നത് മനുഷ്യരാശിയോടുള്ള അവഹേളനമായിരിക്കുമെന്നു വരെ അഭിപ്രായപ്പെട്ടു. ഏതാനും ക്ഷേത്രങ്ങൾക്കും വിരലിലെണ്ണാവുന്ന ബ്രാഹ്മണർക്കും ഒരുപിടി പശുക്കൾക്കും വേണ്ടി യാഥാസ്ഥിതികരായ ഹിന്ദുക്കൾ നൂറ്റാണ്ടുകളായി ഹിന്ദുരാഷ്ട്രത്തെ കീഴ്പ്പെടാൻ അനുവദിക്കുകയായിരുന്നുവെന്ന് സവർക്കർ രോഷം കൊണ്ടു.  ഏതാനും ഗോക്കളെ കൊല്ലുന്നതിെൻറ പാപത്തിൽനിന്ന് രക്ഷപ്പെടാൻ ഹൈന്ദവവേദങ്ങളുടെ മൂഢാനുയായികൾ ‘മ്ലേച്ഛന്മാരുടെ’ കരങ്ങളിലേക്ക് രാജ്യം മൊത്തം ഏൽപിച്ചുകൊടുക്കുകയായിരുന്നുവെന്ന് കുറ്റപ്പെടുത്തുന്ന സവർക്കർ പശുവിനെ പുണ്യമൃഗമായി കാണുന്നത് ശുദ്ധഭ്രാന്ത് മാത്രമല്ല, തനി മണ്ടത്തത്തിെൻറ ലക്ഷണം കൂടിയാണെന്ന് ഓർമെപ്പടുത്തുന്നു. ഉപയുക്തയുടെ കാര്യത്തിൽ എരുമയും കുതിരയും പട്ടിയും എന്തിനു കഴുതപോലും പശുവിനു തുല്യമായാണ് നിരീശ്വരവാദിയായ സവർക്കർ കണ്ടത്.

സ്വാമി വിവേകാനന്ദനാവട്ടെ ഇന്ത്യയുടെ മോചനത്തിനു മൂന്ന് ‘ബി’ കളാണ് മുന്നോട്ടുവെച്ചത്. ബീഫ് (ഗോമാംസം ), ബൈസെപ്പ്സ് ( മാംസപേശി ), ഭഗവത്ഗീത. പൗരുഷം നിലനിർത്താൻ ഗോമാംസം ഭക്ഷിക്കാനാണ് അദ്ദേഹം അനുയായികളോട് ഉപദേശിച്ചത്. ആവശ്യത്തിനു ഗോമാംസം ഭക്ഷിച്ചിരുന്നുവെങ്കിൽ അകാലത്തിൽ താൻ രോഗിയാകുമായിരുന്നില്ലെന്ന്് (39ാം വയസ്സിലാണ് സ്വാമിയുടെ വിയോഗം ) അദ്ദേഹം പശ്ചാത്തപിച്ചതായി പറയുന്നുണ്ട്. 1893ലെ ലോകമത പാർലമെൻറിെൻറ അധ്യക്ഷനായ റവ. ഡോ. ജോൺ ഹെൻട്രി ബറോസ് അമേരിക്കയിൽ തെൻറ അതിഥിയായിരുന്നപ്പോൾ സ്വാമി വിവേകാനന്ദൻ ബീഫ് ചോദിച്ചുവാങ്ങി കഴിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹിംസയെ കുറിച്ചുള്ള വീക്ഷണവൈരുധ്യമാണ് ഹിന്ദുദേശീയനേതാക്കളായ സ്വാമി ദയാനന്ദ സരസ്വതി, ബങ്കിം ചന്ദ്രചാറ്റർജി, സ്വാമി വിവേകാനന്ദ, ശ്രീ അരവിന്ദോ, സവർക്കർ, ഗോൾവാൾക്കർ എന്നിവരെ ഗാന്ധിജിയിൽനിന്ന് വേർതിരിക്കുന്നത്്. വെജിറ്റേറിയനിസവും അഹിംസയും അക്രമരാഹിത്യവുമാണ് ഹൈന്ദവസമൂഹത്തെ ദുർബലരും സ്ൈത്രണസ്വഭാവക്കാരുമാക്കിയതെന്നാണ് ഇവരുടെ പരിദേവനം.

ബുദ്ധ-ജൈനമതങ്ങളുടെയും ഭക്തിപ്രസ്ഥാനത്തിെൻറയും ദുഃസ്വാധീനമാണ് ഈ ദുരവസ്ഥക്ക് കാരണമെന്നും  പരിഭവം കൊണ്ടു. ഗാന്ധിജിയാവട്ടെ, പശു എന്ന പ്രതീകത്തെ തെൻറ രാഷ്ട്രീയ പരീക്ഷണത്തിനു വിപുലമായി പ്രയോജനപ്പെടുത്തി. ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ മുസ്ലിംകളെയും ഗോസംരക്ഷണ സന്ദേശത്തിലൂടെ ഹിന്ദുക്കളെയും തന്നിലേക്ക് വശീകരിക്കാൻ ശ്രമിച്ചപ്പോൾ, ഗോഹത്യയുടെ പേരിൽ സംഘർഷം വിതക്കുന്ന ഒരു രാഷ്ട്രീയത്തെ അല്ല അദ്ദേഹം വിഭാവന ചെയ്തത്. പ്രത്യുത, കാർഷിക ഇന്ത്യയുടെ നട്ടെല്ലായി വർത്തിക്കുന്ന ഗോസമ്പത്തിെൻറ പരിരക്ഷയും പരിപോഷണവുമാണ് ലക്ഷ്യമിട്ടത്. ഗോസംരക്ഷണത്തിനായി നിയമനിർമാണം നടത്തുന്നതിനു എതിരായിരുന്നു അദ്ദേഹം. മുസ്ലിംകളുടെമേൽ ഗോവധനിരോധം അടിച്ചേൽപിക്കുന്നതിനോട് ഗാന്ധിജി ഒരിക്കലും യോജിച്ചിരുന്നില്ല.

‘മ്ലേച്ഛന്മാർ’ ഉണ്ടാവുന്നത്
 ഇരുപതാം നൂറ്റാണ്ടിലെ മറ്റു ഹൈന്ദവപുനരുത്ഥാനവാദികൾ പശുവിനെ കണ്ടത് മറ്റൊരു കാഴ്ചപ്പാടിലൂടെയാണ്. രാഷ്ട്രീയമായ തീവ്രവാദവും മതപരമായ പുനരുജ്ജീവന വാദവും കൈകോർത്തുപിടിച്ചു നീങ്ങാൻ തുടങ്ങിയപ്പോൾ പശു രണ്ടു മതസമുദായങ്ങളെ വേർതിരിക്കുന്ന അടയാളമായി മാറി. വിപദ്കരമായ ഈ ചിന്താധാര ഗോമാംസം കഴിക്കുന്ന മുസ്ലിംകളെ കണ്ടത് നിന്ദയുടെയും ശത്രുതയുടെയും കണ്ണോടെയാണ്. മുസ്ലിംകളെ അതോടെ പശുക്കളെ കൊല്ലുന്നവരും ഗോമാംസം ഭക്ഷിക്കുന്നവരുമായ ‘മ്ലേച്ഛന്മാരായി’ അടയാളപ്പെടുത്താൻ തുടങ്ങി. ഇന്ത്യയിലേക്ക് കയറിവന്ന മുസ്ലിംകൾ എന്തുകൊണ്ട് തങ്ങളുടെ ആരാധനാപാത്രമായ പശുക്കളെ തെരഞ്ഞുപിടിച്ചു കൊല്ലുന്നുവെന്ന ചോദ്യമാണ് ആർ.എസ്.എസ് സർസംഘ്ചാലക്കായ എം.എസ്. ഗോൾവാൾക്കർ അന്ന് മുഖ്യമായും ഉന്നയിച്ചത്.

അതോടെ, മുസ്ലിംകൾ എവിടെന്നോ കയറിവന്ന അന്യരും സംസ്കാരശൂന്യരും ആസുരസ്വഭാവമുള്ളവരുമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം അധികാര രാഷ്ട്രീയഘടനയിൽ ഒരു പങ്കാളിത്തവുമില്ലാതിരുന്ന ആർ.എസ്.എസ്  ഗോസംരക്ഷണവും ഗോവധനിരോധനവും  മുഖ്യഅജണ്ടയായി ഏറ്റെടുത്തപ്പോൾ ദേശീയ രാഷ്ട്രീയത്തിെൻറ മുഖ്യധാരയിൽ അലയാൻ പശുവിനു അവസരം കൈവന്നു. ജവഹർലാൽ നെഹ്റു ജീവിച്ചിരുന്ന കാലത്ത് ഗോഭക്തർക്ക് ദേശീയ രാഷ്ട്രീയത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ലെങ്കിലും കോൺഗ്രസ് ഭരിക്കുന്ന ഏതാനും സംസ്ഥാനങ്ങൾ ഗോവധനിരോധം നടപ്പാക്കാൻ മുതിർന്നത് വിർമശനം ക്ഷണിച്ചുവരുത്തി. എന്നാൽ, നെഹ്റുവിെൻറ വിയോഗശേഷം, 1966ൽ ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സന്ന്യാസിമാരും ചില തീവ്രമത ചിന്തകരും പാർലമെൻറിലേക്ക് മാർച്ച് നടത്തിയപ്പോൾ കേന്ദ്രസർക്കാർ അവരെ ശക്തമായി നേരിടുകയാണുണ്ടായത്.

‘മോദിയുഗത്തിൽ’ ഗോസംരക്ഷണത്തിെൻറ പേരിലുള്ള ഗുണ്ടായിസവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഗോവധനിരോധനത്തിനായി യുദ്ധകാലാടിസ്ഥാനത്തിൽ നിയമനിർമാണം നടത്തുന്നതുമൊക്കെ അപര സ്വത്വ നിർമിതിയുടെ പുതിയ രീതിയാണ്. ഗോമാംസം ഭക്ഷിക്കുന്ന മുസ്ലിംകൾ രാജ്യേദ്രാഹികളും ഹിന്ദുമതവികാരം മാനിക്കാത്തവരുമാണെന്ന് വരുത്താനുള്ള ഗൂഢമായ നീക്കം ആർ.എസ്.എസിെൻറ ഈ പദ്ധതിയിലുണ്ട്. എന്നാൽ, ഗോവധനിരോധനത്തെ ശക്തമായി എതിർത്ത നേതാവായിരുന്നു അംബേദ്കർ. ദലിതുകളെ അസ്പൃശ്യരായി കാണാൻ സവർണവിഭാഗത്തെ േപ്രരിപ്പിക്കുന്നതുതന്നെ അവർ ചത്തമൃഗങ്ങളുടെ മാംസം കഴിക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം  ആഴത്തിൽ വിശദീകരിക്കുന്നുണ്ട്.

പശുക്കളോടുള്ള ബ്രാഹ്മണരുടെ ഭക്തിക്കു അടിസ്ഥാനകാരണം, മ്ലേച്ഛന്മാർ അതിെൻറ മാംസം ഭുജിക്കുന്നതുകൊണ്ടുതന്നെയാണെന്നും അംബേദ്കർ നിരീക്ഷിക്കുന്നു. അപ്പോൾ, ബ്രാഹ്മണരുടെ ചിന്താവൈകൃതത്തിെൻറ സംഭാവനയാണ് ഗോക്കളുടെ പേരിലുള്ള എല്ലാ ക്രൂരതകളും.  ആ ക്രൂരത എല്ലാറ്റിനുമൊടുവിൽ, വിൽപന മൂല്യം നഷ്ടപ്പെട്ട ഗോക്കളെ തെരുവിൽ അലഞ്ഞു ചാവാൻ വിടുന്ന ദുരന്തത്തിലാണ് കലാശിച്ചിരിക്കുന്നത്്. എന്നിട്ടും  ഗോവധനിരോധന നിയമത്തെ എതിർക്കാൻ ആരും മുന്നോട്ടുവരാത്തത് ഹിന്ദുത്വസമഗ്രാധിപത്യത്തെ ഭയന്നാണ്.

പക്ഷേ, ഇക്കൂട്ടർ ഒരുകാര്യം വിസ്മരിക്കുന്നു;  നിയമനിർമാണസഭയിൽ എത്ര ഭൂരിപക്ഷമുണ്ടായാലും ഒരു മതസമൂഹത്തിെൻറ വിശ്വാസവും ഭക്ഷ്യസംസ്കാരവും ബഹുസംസ്കൃതി വാഴുന്ന ഇന്ത്യപോലൊരു രാജ്യത്ത് മൊത്തം ജനങ്ങളുടെമേൽ അടിച്ചേൽപിക്കുന്നതിലടങ്ങിയ ജനായത്ത നിരാസം അപരിമേയമായ ദുരന്തത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുമെന്നത്  ഈ ദിശയിൽ സുപ്രീംകോടതിപോലും ഭരണഘടനയുടെ അന്തസ്സത്ത ഉൾക്കൊണ്ടല്ല കേസ് തീർപ്പാക്കുന്നതെന്ന് 2005ലെ ഏഴംഗബെഞ്ചിെൻറ വിധി ഓർമിപ്പിക്കുന്നു.  ഗോവധനിരോധ വിഷയം വന്നപ്പോൾ അഞ്ച് ‘വെജിറ്റേറിയൻ’ ജഡ്്ജിമാർ ഹിന്ദുത്വ കാഴ്ചപ്പാടിനു അനുകൂലമായാണ് വിധിപറഞ്ഞത്. പൂർണഗോവധനിരോധത്തിനു ശിപാർശ ചെയ്യുന്ന ഒരു സമിതിയുടെ  റിപ്പോർട്ടിനെ അവലംബിച്ച സുപ്രീംകോടതി 1959ൽ അഞ്ചംഗ ബെഞ്ച് ഈ വിഷയത്തിൽ സ്വീകരിച്ച സന്തുലിത കാഴ്ചപ്പാട് അട്ടിമറിക്കുകയായിരുന്നുവെന്ന് ചുരുക്കം.

Tags:    
News Summary - holy cows which create raunchiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.