സർവ മനുഷ്യരുടെയും പുരികത്തിൽ ദൈവം കൊത്തിവെച്ച പദമാണ് 'പ്രതീക്ഷ' എന്ന് പറഞ്ഞുവെച്ചത് വിക്ടർ ഹ്യൂഗോയാണ്. ഈ ലോകത്തിന്റെ തന്നെ പ്രയാണംതന്നെ എന്തെങ്കിലുമൊക്കെ പ്രതീക്ഷയുടെ പുറത്താണല്ലോ. തോൽവിയും നിരാശയുമാണ് മുന്നിൽ കാണുന്നതെങ്കിലും പ്രതീക്ഷയുടെ മറ്റെന്തെങ്കിലുമൊരു തിരിവെട്ടം തൊട്ടടുത്ത നിമിഷത്തിലേക്ക് നമ്മെ നയിച്ചുകൊണ്ടിരിക്കും.
അതൊരു പ്രകൃതിതാളം കൂടിയായതിനാലാകാം ഹ്യൂഗോ തന്റെ നിരീക്ഷണത്തിന് ദൈവത്തെ കൂട്ടുപിടിച്ചത്. കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് നടന്നുകൊണ്ടിരിക്കുന്ന രാഹുലിന്റെയും സംഘത്തിന്റെയും 'ജോഡോ യാത്ര'യുടെ ഫലമെന്തുതന്നെയായാലും, ഒരുപാടുപേർക്ക് അതൊരു പ്രതീക്ഷയായി നിലനിൽക്കുന്നതിന്റെ കാരണവും ഇതൊക്കെതന്നെയാണ്.
അങ്ങനെയെങ്കിൽ രാജ്യത്തിന്റെ 50ാമത്തെ ചീഫ് ജസ്റ്റിസായി പ്രതിജ്ഞയെടുത്തശേഷം ജസ്റ്റിസ് ചന്ദ്രചൂഡ് ആദ്യം പറഞ്ഞ വാക്കുകളിലും നമുക്ക് പ്രതീക്ഷയർപ്പിക്കാം, തന്റെ മുൻഗണനകളിൽ ഒന്നാമത്തേത് സാധാരണക്കാരന്റെ പ്രശ്നങ്ങളായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ജനാധിപത്യത്തിന്റെ മൂന്നാം തൂണാണ് ജുഡീഷ്യറി. 'നിയമത്തെ താഴെവീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താതെ മുറുകെ പിടിക്കുന്ന സംവിധാന'മെന്നാണ് അതിന്റെ നിർവചനം. മറ്റു തൂണുകൾ തുരുമ്പിച്ച് താഴെ വീഴാതെ നോക്കാനുള്ള ഉത്തരവാദിത്തം കൂടിയുള്ള ഭരണഘടന സ്ഥാപനമാണത്.
പക്ഷേ, ഹിന്ദുത്വയുടെ ഈ കാലത്ത് എല്ലാ തൂണുകൾക്കും കാര്യമായ ബലക്ഷയം സംഭവിച്ചുവെന്നത് നമ്മുടെയെല്ലാം അനുഭവമാണ്. ജസ്റ്റിസ് ചെലമേശ്വറും സംഘവും നാല് വർഷം മുമ്പ് നടത്തിയ വാർത്തസമ്മേളനം ഓർമയില്ലേ? നിയമനിർമാണം നടത്തുന്ന ലെജിസ്ലേച്ചറിനെയും നിയമം നടപ്പാക്കുന്ന എക്സിക്യൂട്ടിവിനെയും നേർവഴിക്ക് നടത്താനും ആവശ്യമെങ്കിൽ നിയന്ത്രിക്കാനുമൊക്കെ അധികാരമുള്ള ജുഡീഷ്യറി സ്വന്തം നിലയിൽതന്നെ കുത്തഴിഞ്ഞിരിക്കുന്നുവെന്നാണ് അവരന്ന് വിളിച്ചുപറഞ്ഞത്.
എന്നുവെച്ച്, നിരാശരാകാൻ നമുക്ക് കഴിയില്ല; ജനാധിപത്യത്തിൽ പ്രതീക്ഷക്ക് വലിയ സ്ഥാനമാണ്. അതുകൊണ്ടാണ്, കുത്തഴിഞ്ഞ വ്യവസ്ഥയിൽനിന്ന് അൽപം മാറി നടന്നുവെന്ന് തോന്നുന്ന ഒരാൾ താക്കോൽസ്ഥാനത്തെത്തുമ്പോൾ പ്രതീക്ഷയുടെ നാമ്പുകൾ തളിർക്കുന്നത്.
ധനഞ്ജയ വൈ. ചന്ദ്രചൂഡ് എന്നാണ് പൂർണ നാമധേയം. നിയമവൃത്തങ്ങളിൽ 'ഡി.വൈ.സി' എന്ന ചുരുക്കപ്പേരിലാണറിയപ്പെടുന്നത്. രാഷ്ട്രീയത്തെപ്പോലെ ജുഡീഷ്യറിയിൽ പാരമ്പര്യത്തിന് വലിയ മാറ്റൊന്നുമില്ലെങ്കിലും ചന്ദ്രചൂഡിന് അവകാശപ്പെടാൻ വലിയൊരു പാരമ്പര്യവുമുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ഏറ്റവും കാലമിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകൻ എന്ന വിലാസം. ഇങ്ങനെ പിതാവും പുത്രനും ഈ കസേരയിലിരിക്കുന്നതും നമ്മുടെ രാജ്യത്ത് ആദ്യമായാണ്. പക്ഷേ, ഇതൊന്നുമല്ല 'ഡി.വൈ.സി'യുടെ ഖ്യാതി; അദ്ദേഹത്തിൽ പ്രതീക്ഷവെക്കുന്നതിന്റെ കാരണവും വേറെയാണ്.
കഴിഞ്ഞ ആറ് വർഷമായി സുപ്രീംകോടതിയിലുണ്ട്. ഈ കാലത്തിനിടയിൽ പുറപ്പെടുവിച്ച വിധിന്യായങ്ങളിൽ ലിംഗ നീതി, മനുഷ്യാവകാശം, സ്വകാര്യത തുടങ്ങിയ ചില വാക്കുകളൊക്കെ ആവർത്തിച്ചുകടന്നുവരുന്നുണ്ട്. ഈ കെട്ടകാലത്ത് അതൊരു അപൂർവതയാണ്. ആ അപൂർവതയിലാണ് ഹ്യൂഗോ പറഞ്ഞ പ്രതീക്ഷ കൊത്തിവെച്ചിരിക്കുന്നത്.
''വിധിപ്രസ്താവത്തിന്റെ സത്തയെന്ന് പറയുന്നത് അനുകമ്പയാണ്, ജഡ്ജ്മെന്റിൽനിന്ന് നിങ്ങൾ അനുകമ്പ എന്ന ഘടകം എടുത്തുമാറ്റുന്നതോടെ അത് കേവലമൊരു തൊണ്ടായി അവശേഷിക്കുന്നു''. 22 വർഷത്തെ തന്റെ വിധിന്യായങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കുകയാണ് ചന്ദ്രചൂഡ്.
ഭരണഘടന പ്രമാണങ്ങളെ ഇഴകീറി പരിശോധിച്ച്, നിയമങ്ങളെ വ്യാഖ്യാനിച്ച് നടത്തുന്ന യാന്ത്രികമായ വിധി പ്രസ്താവങ്ങളിൽ പലപ്പോഴും നീതിയുണ്ടാവില്ല എന്നുകൂടിയാണ് ഇതിനർഥം. ഈ 'നീതി രാഷ്ട്രീയ'ത്തിലൂന്നി പുറപ്പെടുവിച്ച വിധികൾ നിരവധിയാണ്. സഹജഡ്ജിമാരുമായി പലപ്പോഴും വിയോജിക്കേണ്ടിവന്നിട്ടുമുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് സ്വന്തം പിതാവ് ജബൽപുർ ജഡ്ജിയായിരിക്കെ ഇന്ദിര ഫാഷിസത്തിനനുകൂലമായി പുറപ്പെടുവിച്ച വിഖ്യാതമായ ഹേബിയസ് കോർപസ് വിധിയടക്കം പിൽക്കാലത്ത് അദ്ദേഹം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞു. 2019ലായിരുന്നു അത്. അതിനും രണ്ടുവർഷം മുമ്പാണ് സ്വകാര്യത മൗലികാവകാശമായി ചന്ദ്രചൂഡ് ഉൾപ്പെടുന്ന ബെഞ്ച് ഐകകണ്ഠ്യേന പ്രഖ്യാപിച്ചത്.
ആ വിധിന്യായത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: ''വ്യക്തിത്വത്തിന്റെയും അന്തസ്സിന്റെയും അടിസ്ഥാനമാണ് സ്വകാര്യത''. സ്വകാര്യത മാത്രമല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തോടും ഇതേ നിലപാടാണ്. 'ഭോബിഷ്യോട്ടർ ബൂട്ട്' എന്ന ബംഗാളി ആക്ഷേപ ഹാസ്യ സിനിമക്ക് കൊൽക്കത്തയിലും മറ്റും അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയപ്പോൾ മമത സർക്കാറിന് പിഴയിട്ട് അതിനെതിരെ പ്രതികരിച്ചത് അതുകൊണ്ടാണ്.
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി ബെഞ്ചിലുമുണ്ടായിരുന്നു. ശബരിമലയിൽ യുവതികളെ 'ശുദ്ധി'യുടെയും മറ്റും പേരിൽ വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം മാത്രമല്ല, തൊട്ടുകൂടായ്മ കൂടിയാണെന്ന് വിധിന്യായത്തിൽ വ്യക്തമായി എഴുതി.
പിന്നീട്, വിധി പുനഃപരിശോധിക്കാൻ വിപുല ഭരണഘടന ബെഞ്ചിന് വിട്ടപ്പോൾ ആ വിധിയോട് ബെഞ്ചിലിരുന്നുതന്നെ വിയോജിച്ചു. ഹാദിയ കേസിലുമുണ്ടായി ഇതുപോലൊരു ന്യായവിധി. ഷെഫിൻ ജഹാനുമായുള്ള വിവാഹം സാധൂകരിക്കുക മാത്രമല്ല, ലവ് ജിഹാദ് ആരോപണം തള്ളി ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള വ്യക്തികളുടെ തിരഞ്ഞെടുപ്പിനെ അദ്ദേഹം പിന്തുണക്കുകയും ചെയ്തു.
സ്വവർഗ ബന്ധം കുറ്റകൃത്യമാക്കുന്ന 377ാം വകുപ്പ് റദ്ദാക്കിയത്, സൈന്യത്തിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച ഉത്തരവ്, അവിവാഹിതരുടെ ഗർഭഛിദ്രത്തിന് അനുമതി നൽകിയ വിധി തുടങ്ങിയവയെല്ലാം വ്യക്തി സ്വാതന്ത്ര്യം, ലിംഗനീതി തുടങ്ങിയ ഭരണഘടന മൂല്യങ്ങളിൽനിന്നു കൊണ്ടുതന്നെയായിരുന്നു.
ആധാർ നിയമം പണബില്ലായി പാസാക്കിയ സർക്കാർ നടപടിയെ മറ്റു നാല് ജഡ്ജിമാർ പിന്തുണച്ചപ്പോൾ ചന്ദ്രചൂഡ് അതിനെ ഭരണഘടന വിരുദ്ധം എന്നുതന്നെ വിശേഷിപ്പിച്ചു. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ജാമ്യം പരിഗണിച്ചപ്പോഴും കൂടെയുള്ളവർ മറുപക്ഷത്തായിരുന്നു.
അവിടെയും അദ്ദേഹം ഭിന്നവിധി പുറപ്പെടുവിച്ച് കലഹിച്ചു. എന്നാൽ, അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമിയിൽ ക്ഷേത്ര നിർമാണത്തിന് അനുമതി നൽകുമ്പോൾ ഈ കലഹമൊന്നും ചന്ദ്രചൂഡിൽ ആരും കണ്ടിട്ടില്ല. ഈ പുരോഗമന വിധികൾക്കിടയിൽ ഇങ്ങനെയൊരു തീരുമാനത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതം.
1959 നവംബർ 11ന് ബോംബെയിൽ ജനനം. ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദം. അതിനുശേഷം നിയമ ബിരുദം. 1983ൽ, ഹാർവഡിൽനിന്നും നിയമപഠനത്തിൽ ബിരുദാനന്തര ബിരുദം. അക്കാലത്ത് ഇൻലാക്സ് സ്കോളർഷിപ്പൊക്കെ കിട്ടിയിട്ടുണ്ട്. അവിടെനിന്നുതന്നെ ഗവേഷണ ബിരുദവും നേടിയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.
തുടക്കത്തിൽ സുപ്രീംകോടതിയിലും ബോംബെ ഹൈകോടതിയിലും പ്രാക്ടിസ് ചെയ്തു. '98ൽ, വാജ്പേയി ഭരണകാലത്ത് കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറലായി. 2000 മുതൽ 13 വർഷം ബോംബെ ഹൈകോടതി ജഡ്ജി. അതുകഴിഞ്ഞ് മൂന്ന് വർഷം അലഹബാദ് ഹൈകോടതി ജസ്റ്റിസ്. നമ്മുടെ നീതിപീഠങ്ങളെ 'ഇ-കോടതി'കളാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആദ്യ ഭാര്യ രശ്മി 2007ൽ മരണപ്പെട്ടു. രണ്ട് മക്കൾ. മുൻ ബ്രിട്ടീഷ് കൗൺസിൽ ഉദ്യോഗസ്ഥ കൽപന ദാസാണ് ജീവിത പങ്കാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.