കശ്മീരിൽ പ്രശ്നപരിഹാരാർഥമുള്ള ചർച്ചകൾക്കുള്ള പുതിയ പ്രതിനിധിയായി മുൻ ഇൻറലിജൻസ് മേധാവി ദിനേശ്വർ ശർമ നിയമിക്കപ്പെട്ടത് മോദി സർക്കാറിെൻറ നയനിലപാടുകളിലെ ശ്രദ്ധേയമായ വ്യതിയാനമായി വിലയിരുത്തപ്പെടുന്നു. ദിനേശ്വർ ശർമ കശ്മീരിലെ വിവിധ വിഭാഗങ്ങളുമായി സംഭാഷണംനടത്താൻപോകുന്നു എന്ന ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിെൻറ പ്രഖ്യാപനം കശ്മീരിലെ ഭരണസഖ്യം (പി.ഡി.പി-ബി.ജെ.പി) ആവേശപൂർവം സ്വാഗതംചെയ്തപ്പോൾ വിഘടനവാദ സംഘടനകൾ കരുതലോടെയുള്ള മൗനം തുടരുകയാണ്. അതേസമയം, പ്രതിപക്ഷ പാർട്ടികൾ പുതിയ നീക്കത്തിന് സ്വാഗതമോതി. അപ്രതീക്ഷിതമായിരുന്നില്ല കേന്ദ്ര തീരുമാനം. ആഗസ്റ്റ് 15ന് ചെേങ്കാട്ടയിൽ രാജ്യത്തെ ഒന്നടങ്കം അഭിസംബോധനചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചില സൂചനകൾ നൽകിയിരുന്നു. കശ്മീർ പ്രതിസന്ധിയുെട പരിഹാരം ജനങ്ങൾക്കുനേരെ ബുള്ളറ്റ് പ്രയോഗിക്കുന്നതിലൂടെ ഉരുത്തിരിയുകയിെല്ലന്ന് അദ്ദേഹം അപ്പോൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ അഭിപ്രായപ്രകടനത്തിനുപിറെക ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നാലുദിവസം കശ്മീരിൽ പര്യടനം നടത്തുകയുംചെയ്തു. തുടർന്ന്, കശ്മീരിലെ ചർച്ചകൾക്കായി സഹാനുഭൂതി, ആശയവിനിമയം, സഹവർത്തിത്വം, വിശ്വാസവർധക നടപടി, പരസ്പര പൊരുത്തം എന്നീ പഞ്ചതത്ത്വങ്ങൾ അദ്ദേഹം അവതരിപ്പിക്കുകയുംചെയ്തു.
കശ്മീരിലെ സംഭാഷണപ്രക്രിയകളിൽ പങ്കാളിയായി അനുഭവ സമ്പത്താർജിച്ച വ്യക്തിയാണ് ദിനേശ്വർ ശർമ. കശ്മീരിലെ സ്ഥിതിഗതികൾ അവലോകനംചെയ്യാൻ 1990ൽ രാജീവ് ഗാന്ധി നടത്തിയ കശ്മീർ പര്യടനസംഘത്തിലും പരേതനായ മാധ്യമപ്രവർത്തകൻ ദിലീപ് പഡ്േഗ്വങ്കർ നയിച്ച സംഘത്തിലും ശർമ അംഗമായിരുന്നു. ഇത്തരം ദൗത്യങ്ങൾ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചില്ല എന്നത് മറ്റൊരു വസ്തുത. പിന്നീട്, 2003ൽ വാജ്പേയി സർക്കാറും 2004-2007 കാലയളവിൽ മൻമോഹൻ സിങ്ങും നടത്തിയ കശ്മീർ സമാധാന ദൗത്യങ്ങളും പരാജയത്തിൽതന്നെ കലാശിച്ചു. ദിനേശ്വർ ശർമ അടുത്തയാഴ്ച കശ്മീരിൽ പര്യടനംനടത്തുമെന്നാണ് സൂചന. ഹുർറിയ്യത്ത് കോൺഫറൻസ് നേതാക്കൾ ഉൾപ്പെടെ വിഘടനവാദ ഗ്രൂപ്പുകളുടെ നേതാക്കളുമായി ശർമ കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ശർമയുടെ പര്യടനസംഘാംഗങ്ങൾ ആരെന്ന കാര്യം അറിവായിട്ടില്ല. അദ്ദേഹം സംഭാഷണങ്ങൾക്ക് നേതൃത്വമേകും എന്നുമാത്രമായിരുന്നു രാജ്നാഥ് സിങ് പുറത്തുവിട്ട വിവരം.
വിഘടനവാദികളെയും അവരെ അനുകൂലിക്കുന്ന ജനങ്ങളെയും നിരന്തരം അടിച്ചമർത്തുക എന്ന പദ്ധതിയുടെ പരാജയം വിളംബരംചെയ്യുന്നതാണ് ദിനേശ്വർ ശർമയുടെ നിയമനം. ഹിസ്ബുൽ മുജാഹിദീൻ നേതാവ് ബുർഹാൻ വാനിയെ സൈനികർ കൊലപ്പെടുത്തിയതിനെ തുടർന്ന് താഴ്വരയിൽ ഉടലെടുത്ത സംഘർഷാവസ്ഥയെ കൂടുതൽ കലുഷമാക്കുന്ന തന്ത്രങ്ങളായിരുന്നു അധികൃതർ ആവിഷ്കരിച്ച് നടപ്പാക്കിയത്. വിഘടനവാദികളെ അടിച്ചമർത്തുക, അന്യവത്കരിക്കുക എന്ന അജിത് ഡോവൽ (ദേശീയ സുരക്ഷ ഉപദേഷ്ടാവ്) ഫോർമുലയുടെ ഫലശൂന്യത ഒരുപക്ഷേ അധികൃതർക്ക് േബാധ്യമായിരിക്കാം. ഹുർറിയ്യത്ത് നേതാക്കളെ പിടികൂടി തടങ്കലിലടച്ചും അവർക്ക് സഞ്ചാരവിലക്കേർപ്പെടുത്തിയും അവരുടെ ജനസമ്പർക്ക പരിപാടികളും രാഷ്ട്രീയപ്രവർത്തനങ്ങളും റദ്ദുചെയ്തും നടത്തിയ പരീക്ഷണങ്ങൾക്കും സ്ഥിതിഗതികളിൽ മാറ്റംസൃഷ്ടിക്കാൻ സാധിച്ചില്ല. പ്രതിഷേധിക്കുന്നവരുെട ചെറിയ ഒത്തുചേരൽപോലും ലാത്തിയും തോക്കും പെല്ലറ്റ് ഗണ്ണുകളും ഉപയോഗിച്ച് നേരിടുന്ന രീതി പ്രതിഷേധാഗ്നിയെ കൂടുതൽ മൂർഛിപ്പിക്കുകയായിരുന്നു. സർവ കോണുകളിലും വിന്യസിക്കപ്പെട്ട സൈനികരുടെ സാന്നിധ്യം, സർവദിക്കുകളിലും നടത്തുന്ന റെയ്ഡുകൾ, തീവ്രവാദിവേട്ടകൾ തുടങ്ങിയവ നിമിത്തമായത് ജനങ്ങളെ കൂടുതൽ കൂടുതൽ അന്യവത്കരിക്കാൻ മാത്രമായിരുന്നു.
കശ്മീരിലെ വിവിധ കക്ഷികൾക്ക് അന്തഃസംഘർഷമില്ലാതെ ഇരുന്നുചിന്തിക്കാനും ക്രിയാത്മക തീരുമാനങ്ങൾ കൈക്കൊള്ളാനും പുതിയ നീക്കം അവസരം നൽകുമെന്നതാണ് ശർമയുടെ നിയമനം നൽകുന്ന ഏറ്റവും നിർണായകമായ നേട്ടം. മുൻ ദൗത്യങ്ങൾ പരാജയപ്പെടാനിടയാക്കിയതിനു പിന്നിൽ നിരവധി കാരണങ്ങൾ കണ്ടെത്താം. ഇത്തരം ദൗത്യങ്ങൾ ഒരിക്കലും വിഘടനവാദി ഗ്രൂപ്പുകൾക്ക് (ഹുർറിയ്യത്ത് ഉൾപ്പെടെ) പരിഗണന നൽകിയിരുന്നില്ല എന്നതായിരുന്നു ഒന്നാമത്തെ കാരണം. ദൗത്യസംഘങ്ങൾ അവതരിപ്പിച്ച റിപ്പോർട്ടുകളും ശുപാർശകളും ജലരേഖകളായി തിരോധാനം ചെയ്തു എന്നതാണ് മറ്റൊരു കാരണം.
സർക്കാർ നയങ്ങളോട് വിയോജിപ്പുകൾ ഇല്ലാത്ത ഗ്രൂപ്പുകളുമായി നടത്തുന്ന സംഭാഷണങ്ങൾ അർഥശൂന്യമാണെന്ന് പറയേണ്ടതില്ല. പ്രശ്നകാരികളായ വിഘടനവാദികളെയും വിമതാഭിപ്രായക്കാരെയും സംഭാഷണ മേശകളിലേക്ക് ക്ഷണിക്കുേമ്പാഴേ പരിഹാര പദ്ധതികൾക്കാവശ്യമായ അടിസ്ഥാന നിർദേശങ്ങൾ ഉരുത്തിരിയൂ. പാകിസ്താനോടുള്ള സമീപനവും ഒരുപക്ഷേ പുതിയ ദൗത്യത്തിനു പിന്നിലെ പ്രേരണയാകാം. നേരേത്ത ത്രികോണ ചർച്ചകളായിരുന്നു അരങ്ങേറിയത്. പാകിസ്താനും ഇന്ത്യക്കും ഒപ്പം ഹുർറിയ്യത്ത് പ്രതിനിധികൾക്കും അവസരം ലഭിച്ചിരുന്നു. എന്നാൽ, എൻ.ഡി.എ സർക്കാർ ഹുർറിയ്യത്തുമായുള്ള സമ്പർക്കങ്ങൾക്ക് വിലക്കുപ്രഖ്യാപിക്കുകയും പാകിസ്താനുമായുള്ള സംഭാഷണങ്ങൾ റദ്ദാക്കുകയും ചെയ്തു. സർജിക്കൽ സ്ട്രൈക്കിന് പാകിസ്താനിൽനിന്ന് തിരിച്ചടിയും ലഭിച്ചു. താഴ്വരയിൽ കൂടുതൽ സുരക്ഷഭടന്മാർ മരിച്ചുവീണു.
ഏതായാലും മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുടെ മുഖത്ത് ചിരിവിടരുന്നുണ്ടാകണം. പ്രക്ഷോഭത്തിെൻറയും സംഘർഷത്തിെൻറയും അലോസരങ്ങളില്ലാതെ അൽപം ഭരണനിർവഹണം നടത്താം. ഇതുവരെ ഭരണനിർവഹണം സ്വപ്നം മാത്രമായിരുന്നു അവർക്ക്. ഉപാധികളില്ലാതെയും ആർജവത്തോടെയും പുതിയ സമാധാനപ്രക്രിയ പ്രാവർത്തികമാക്കുന്നപക്ഷം ന്യായമായും ശുഭഫലങ്ങൾതന്നെ പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.