മതേതര കേരളത്തിന്റെ വഴിവിളക്കായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തു. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് അധ്യക്ഷന്‍ എന്ന നിലയിലും, കേരളത്തിന്റെ സമുന്നതനായ ജനകീയ നേതാവെന്ന നിലയിലും അദ്ദേഹം സമൂഹത്തിന് നല്കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പാത പിന്തുടര്ന്ന് ലീഗിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ച ഹൈദരലി തങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഗുരുതുല്യനായിരുന്നു. എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളാനും അവരുടെ പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനും അസാധാരണമായ കഴിവായിരുന്നു അദ്ദേഹത്തിന്. ഞാന്‍ പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയര്‍മാനുമായിരുന്ന കാലത്ത് അദ്ദേഹം എനിക്ക് നല്കിയ പിന്തുണയും സഹകരണവും വിലമതിക്കാനാകാത്തതാണ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ ഏത് പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോഴും പാണക്കാട്ട് ചെന്ന് അദ്ദേഹത്തെ കണ്ട് സംസാരിച്ചുകഴിഞ്ഞാല്‍ നമുക്ക് മുന്നില്‍ പരിഹാരമാര്‍ഗങ്ങള്‍ തെളിയുമായിരുന്നു. യു. ഡി.എഫ് ചെയര്‍മാനായി പ്രവര്‍ത്തിച്ച കാലത്ത് എന്റെ കരുത്തും, ശക്തിയും ഹൈദരലി തങ്ങളായിരുന്നുവെന്ന് നിസ്സംശയം പറയാം.
കേരളത്തിന്റെ മതേതര സ്വഭാവവും മതനിരപേക്ഷ മൂല്യങ്ങളും നിലനിര്‍ത്തുന്നതില്‍ പാണക്കാട് തങ്ങള്മാര്ക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ കേരളീയ ജനതയുടെ മനസ്സില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനവുമുണ്ട്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന് കേരളത്തിന്റെ മുഖ്യധാരയിലുള്ള പ്രാധാന്യം തന്നെ പാണക്കാട് തങ്ങള്‍മാരുടെ നേതൃത്വം കൊണ്ടുണ്ടായതാണ്. മഹാനായ പൂക്കോയ തങ്ങള്‍ മുതലിങ്ങോട്ടുള്ള ആ കുടംബത്തിലെ എല്ലാവരും ജാതിയോ മതമോ വിശ്വാസമോ നോക്കാതെ തങ്ങളെ ആശ്രയിക്കുകയും സമീപിക്കുകയും ചെയ്യുന്ന ഏത് മനുഷ്യരെയും ചേര്‍ത്തു നിര്‍ത്താനും അവരുടെ വേദനകളിലും വിഷമങ്ങളിലും പങ്കുകൊള്ളാനും ബദ്ധശ്രദ്ധരായിരുന്നു.
മനുഷ്യരെ സ്നേഹിക്കുന്നതാണ് മത വിശ്വാസത്തിന്റെ കാതല്‍ എന്ന് അവര്‍ തങ്ങളുടെ ജീവിതം കൊണ്ട് കാണിച്ചു തന്നു. മുന്‍ഗാമികളുടെ കാലടിപ്പാടുകള്‍ പിന്തുടര്ന്നാണ് ഹൈദരലി തങ്ങള്‍ ജീവിച്ചതും പ്രവര്‍ത്തിച്ചതും തന്റെ പ്രസ്ഥാനത്തെ നയിച്ചതും.
താന്‍ പറയുന്നത് ചോദ്യം ചെയ്യാതെ അനുസരിക്കാനും പിന്പറ്റാനും ലക്ഷക്കണക്കിനാളുകള്‍ ഉണ്ടായിരിക്കുമ്പോഴും വ്യക്തി ജീവിതത്തില്‍ ഇത്ര കണ്ട് ലാളിത്യവും, ആദര്‍ശശുദ്ധിയും സഹജീവി സ്നേഹവും പുലര്‍ത്താന്‍ അദ്ദേഹത്തെപ്പോലെ അധികം പേര്‍ക്ക് കഴിഞ്ഞിട്ടില്ല. എല്ലാവരെയും അഗാധമായ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി. ആ മഹാനുഭാവന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ്സ് നമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.