എസ്.എസ്.എൽ.സി പരീക്ഷക്ക് ഇനി ഒമ്പത് ദിനങ്ങൾ മാത്രം. ഈ ദിവസങ്ങളിൽ കുട്ടികളും രക്ഷാകർത്താക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിർദേശിക്കുന്നു പത്തനംതിട്ട ഡയറ്റ് മുൻ പ്രിൻസിപ്പൽ ഡോ. ആർ. വിജയമോഹനൻ
മോഡൽ പരീക്ഷ ഇന്നലെ അവസാനിച്ചു. പൊതുപരീക്ഷയിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട കാര്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങളും പാഠഭാഗങ്ങളും സ്വയം തിരിച്ചറിയാൻ മോഡൽ പരീക്ഷാ വിശകലനം കുട്ടികളെ സഹായിക്കും. ഒപ്പം ചില ചോദ്യങ്ങളും.
സമാശ്വാസ സമയമായി (cool of time) അനുവദിച്ചിട്ടുള്ള ആദ്യത്തെ 15 മിനിറ്റ് ഫലപദമായി വിനിയോഗിക്കാൻ സാധിച്ചുവോ? (ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കൽ, ഉത്തരസൂചനകൾ മനസ്സിലുറപ്പിക്കൽ, ബുദ്ധിമുട്ടുള്ള ചോദ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, എഴുതാനുള്ള മാനസിക തയാറെടുപ്പ് നടത്തൽ തുടങ്ങിയവ)
നിർദിഷ്ട സമയത്തിനുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കഴിഞ്ഞോ? ‘ഇല്ല’ എങ്കിൽ എന്താണ് കാരണം? ഏതൊക്കെ പാഠഭാഗങ്ങളിലുള്ള/പഠനമേഖലകളിലുള്ള ചോദ്യങ്ങൾക്കാണ് നന്നായി ഉത്തരമെഴുതാൻ കഴിഞ്ഞത്? ഏതൊക്കെ പാഠഭാഗങ്ങളിലാണ് ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്? എഴുതിയ ഉത്തരങ്ങളിൽ വേണ്ടത്ര കൃത്യതയുണ്ടോ?
ഈ പ്രശ്നം/ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? (എല്ലാവർക്കും ഒരേ പ്രശ്നവും അതുകൊണ്ടുതന്നെ ഒരേ പരിഹാരമാർഗവുമല്ല ഉണ്ടാവുക.)
മേൽ പറഞ്ഞ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധ്യാപകർ, സഹപഠിതാക്കൾ, രക്ഷാകർത്താക്കൾ എന്നിവരുമായി ചർച്ച ചെയ്ത് പാഠഭാഗങ്ങളിലും ആശയങ്ങളിലുമുള്ള സംശയ ദൂരീകരണം വരുത്തി മുന്നേറാൻ ശ്രമിക്കണം. ചോദ്യങ്ങളുടെ സ്വഭാവവും രീതികളും മനസ്സിൽവെച്ചുകൊണ്ട് എല്ലാ പാഠഭാഗങ്ങളിലൂടെയും ഒന്നു കടന്നുപോകാനും പ്രത്യേകം ശ്രദ്ധിക്കണം.
പത്താം ക്ലാസിൽ നടക്കുന്നത് ഒരു മത്സരപരീക്ഷയല്ല; പൊതുപരീക്ഷയാണ്. മറ്റു കുട്ടികളെക്കാൾ താൻ പിന്നിലാകുമോ എന്ന ആശങ്കക്ക് ഒരടിസ്ഥാനവുമില്ല. കഴിവുകളിലും അഭിരുചികളിലും താൽപര്യങ്ങളിലും ഓരോരുത്തരും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ ഓരോരുത്തർക്കും ലഭിക്കുന്ന ഗ്രേഡുകൾ വ്യത്യസ്തമാവുകയും ചെയ്യും. ചിട്ടയായ പഠനത്തിലൂടെയും പരിശ്രമത്തിലൂടെയും ആർജിക്കുന്ന കഴിവ് പരമാവധി പ്രയോജനപ്പെടുത്താനും തന്നാൽ കഴിയുന്ന മികച്ച വിജയം കൈവരിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. എനിക്കതിന് സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഓരോരുത്തർക്കും ഉണ്ടാകേണ്ടത്. യാതൊരു ഭയാശങ്കകളും മാനസിക സംഘർഷവുമില്ലാതെ പരീക്ഷയെഴുതാൻ ഇത് വളരെ സഹായിക്കും. രക്ഷാകർത്താക്കളും ഇക്കാര്യം മനസ്സിലാക്കി, പരമാവധി സ്കോർ / ഗ്രേഡ് നേടിയെടുക്കാൻ കുട്ടിയെ സഹായിക്കുകയാണ് വേണ്ടത്.
മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ കുട്ടികളുടെമേൽ അടിച്ചേൽപിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ കുട്ടിയുടെയും പഠനശൈലിയും (Learning Style) പഠനവേഗവും (Learning Pace) ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അവരുടെ സമയദൈർഘ്യവും (Span of attention) വ്യത്യസ്തമാണ്. ചില കുട്ടികൾ രാവിലെ വളരെ നേരത്തേ ഉണർന്ന് പഠിക്കുകയും രാത്രിയിൽ നേരത്തേ കിടക്കുകയും ചെയ്യുന്നു. ചിലർ മറിച്ചാവും ചെയ്യുക. എന്നാൽ, നിശ്ചിതമായ സമയങ്ങൾ മുൻകൂട്ടി തീരുമാനിച്ച് പഠിക്കുന്നവരല്ല ചിലർ. പഠന താൽപര്യവും ഉത്സാഹവും നിലനിൽക്കുന്ന സമയം എപ്പോഴൊക്കെയാണോ അപ്പോഴൊക്കെ അവർ പഠനപ്രവർത്തനങ്ങളിൽ മുഴുകുന്നതായി കാണാം. സുഖകരമായ പഠനത്തിന് സഹായകമായ സമയങ്ങളിലും സന്ദർഭങ്ങളിലും പഠിക്കാൻ കുട്ടിയെ അനുവദിക്കുകയാണ് വേണ്ടത്. പഠിക്കൂ, പഠിക്കൂ എന്ന് തുടർച്ചയായി പറയുകയും ശകാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്തിട്ട് ഒരു കാര്യവുമില്ല. ആവശ്യകതാ ബോധവും താൽപര്യവുമുണ്ടെങ്കിൽ മാത്രമേ കുട്ടി പഠിക്കാൻ തയാറാവൂ എന്ന കാര്യം മനസ്സിലാക്കിവേണം അവരോട് ഇടപെടേണ്ടത്. മുൻപരീക്ഷകളിൽ ഉണ്ടായ ചെറിയ ചെറിയ വീഴ്ചകൾ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുകയും ശകാരിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നത് കുട്ടിയിലെ ആത്മവിശ്വാസം കെടുത്താനേ വഴിവെക്കൂ. ഇത് കുട്ടിയുടെ വിജയത്തെ സാരമായി ബാധിക്കുമെന്ന് തിരിച്ചറിയുക.
കുട്ടിയുടെ പഠനസ്ഥലം തീരുമാനിക്കുന്നതിലും രക്ഷാകർത്താക്കൾ നിർബന്ധം പിടിക്കേണ്ടതില്ല. ശുദ്ധവായു, വെളിച്ചം, നിശ്ശബ്ദത തുടങ്ങിയ പഠിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റിയ അന്തരീക്ഷമാണ് വീട്ടിലെന്ന് ഉറപ്പുവരുത്തുകയാണു വേണ്ടത്. ദീർഘസമയം തുടർച്ചയായിരുന്നു പഠിക്കാൻ കുട്ടിയെ നിർബന്ധിക്കരുത്. പഠനത്തിൽ ഇടവേളകൾ അനിവാര്യമാണ്. ലഘുവായ കായിക പ്രവർത്തനങ്ങൾ, കളികൾ, സർഗാത്മക പ്രവർത്തനങ്ങൾ, ശുചീകരണം, ചെടി പരിപാലനം തുടങ്ങിയവ ഇത്തരം ഇടവേളകളിൽ ചെയ്യാവുന്നതാണ്. ഓരോ ഇടവേളക്കുശേഷവും പഠനം തുടരുമ്പോൾ ആശയസ്വീകരണം വളരെ വേഗത്തിലും കാര്യക്ഷമമായും നടക്കും. കൊഴുപ്പും മധുരവും ധാരാളമടങ്ങിയ ഭക്ഷ്യവസ്തുകൾ ഒഴിവാക്കുകയാണ് നല്ലത്. പോഷകമൂല്യമുള്ള ആഹാരസാധനങ്ങൾ കഴിയുന്നതും കുട്ടികൾക്കു നൽകുക.
പരീക്ഷാ ദിനങ്ങളിലും ചില കാര്യങ്ങൾ രക്ഷാകർത്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടിയെ ഒരു കാര്യത്തിലും അനാവശ്യമായി ധിറുതിപിടിപ്പിക്കാൻ ശ്രമിക്കരുത്. പരീക്ഷക്കുവേണ്ട സാധനസാമഗ്രികൾ കരുതിയിട്ടുണ്ടെന്നും സമയത്തിന് സ്കൂളിൽ എത്തുന്നുണ്ടെന്നും ഉറപ്പാക്കിയാൻ മാത്രം മതി. ഓരോ ദിവസവും കുട്ടി എഴുതിവന്ന പരീക്ഷ സംബന്ധിച്ച് സൂക്ഷ്മ വിശകലനത്തിന് മുതിരാതിരിക്കുകയാണ് നല്ലത്. കുട്ടിയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ഉള്ളതുപോലെ തന്നെ വിഷമിപ്പിക്കുന്നതുമായ കാര്യങ്ങൾ അതിൽ കണ്ടേക്കാം. അടുത്ത ദിവസത്തെ പരീക്ഷയെ ഇത് സാരമായി ബാധിക്കാൻ ഇടയുണ്ട്. പരീക്ഷ സംബന്ധിച്ച് മാതാപിതാക്കൾക്കുള്ള ഉത്കണ്ഠയും ആശങ്കകളും കുട്ടികളിലേക്ക് പകരാതിരിക്കാൻ ഇനിയുള്ള ദിനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് പഠനോത്സാഹവും ആത്മവിശ്വാസവും പകരുന്ന നാളുകളാക്കി നമുക്കവയെ മാറ്റാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.