എല്ലാതരം വിദ്യാർഥികളെയും എല്ലായ്പോഴും പരിഗണിക്കുകയും ഉൾക്കൊള്ളുകയുംചെയ്ത് അവരുടെ കഴിവുകളും ആവശ്യകതകളും മനസ്സിലാക്കി നിരന്തരമായ പഠനപിന്തുണ ഉറപ്പാക്കുന്ന സമീപനമാണ് ഉൾച്ചേർന്ന വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. സവിശേഷ പരിമിതരായവർക്കുവേണ്ടി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷനുശേഷം പുറത്തിറങ്ങിയ ആർ.പി.ഡബ്ല്യു.ഡി ആക്ട് (The Rights of Persons with Disabilities Act ) സാമൂഹികവും വിദ്യാഭ്യാസപരവുമായ വിവേചനങ്ങളിൽനിന്ന് സവിശേഷ പരിമിതരായ കുട്ടികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നു. എല്ലാ വിഭാഗം കുട്ടികളും ഒരേ സ്കൂളിൽ ഒരുമിച്ചുപഠിക്കുക എന്ന വിശാലമായ ലക്ഷ്യമാണ് സാക്ഷാത്കരിക്കപ്പെടേണ്ടത്.
സവിശേഷ പരിമിതരായ വിദ്യാർഥികൾക്ക് ഏറ്റവും കൂടുതൽ ശ്രദ്ധനൽകേണ്ടതും പ്രാപ്യത ഉറപ്പാക്കേണ്ടതുമായ മേഖലയാണ് കായികരംഗം. സവിശേഷ പരിമിതരായ വ്യക്തികൾ ഉൾപ്പെടെ എല്ലാ പേരുടെയും മൗലിക അവകാശമായി കായികപങ്കാളിത്തത്തെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്. ആർ.പി.ഡബ്ല്യു.ഡി പ്രകാരം മറ്റുള്ള കുട്ടികളോടൊപ്പം ഒരുവിധ വിവേചനവും കൂടാതെ കായികമത്സരങ്ങളിലും വിനോദപ്രവർത്തനങ്ങളിലും തുല്യമായ പരിഗണന നൽകണമെന്നുണ്ട്.
സവിശേഷപരിമിതരായ കുട്ടികൾക്കുകൂടി ഇണങ്ങുന്ന നിലയിൽ കായിക ഇനങ്ങളും മത്സരരീതികളും പുനർരൂപകൽപന ചെയ്യുകയും വേണം. നിലവിൽ നടന്നുവരുന്ന ഔപചാരിക കായികമത്സരപരിപാടികളുടെ ഭാഗമാകാൻ സാധിക്കാത്ത കുട്ടികളെക്കൂടി പരിഗണിക്കുന്ന നിലയിലാണ് ഇൻക്ലൂസിവ് സ്പോർട്സിന്റെ നടത്തിപ്പ്.
ഒരേ കായികനിയമങ്ങൾക്കു കീഴിൽ സവിശേഷപരിമിതരായ കുട്ടികളും അല്ലാത്തവരും തമ്മിലെ വിവേചനം ഒഴിവാക്കി പരിപൂർണമായ കായികപങ്കാളിത്തം ഉറപ്പാക്കലാണ് ഇൻക്ലൂസിവ് സ്പോർട്സിലൂടെ ഉദ്ദേശിക്കുന്നത്. തീവ്രമത്സരാത്മകതക്ക് ഒരു പരിഗണനയും നൽകാതെ, പങ്കെടുക്കുന്ന എല്ലാവർക്കും തുല്യപരിഗണന ഉറപ്പാക്കുന്ന സമീപനം. തുല്യ അവസരത്തോടെ സ്പോർട്സ് ആസ്വാദ്യമാക്കാനുള്ള അവകാശമാണ് ഇതിലൂടെ പ്രാപ്യമാവുക. കുട്ടികൾ ടീമായി പ്രവർത്തിക്കുമ്പോൾ വ്യക്തിഗത പരിഗണനകൾക്ക് പ്രാധാന്യം നൽകാതെ പരിപൂർണ ഏകോപനത്തോടുകൂടി കളികളിൽ പങ്കെടുക്കാനും ആസ്വദിക്കാനും സാധിക്കും.
ഇതിലൂടെ പരസ്പരം സഹകരിക്കാനും വ്യത്യസ്ത കാഴ്ചപ്പാടുകൾ സ്വീകരിക്കാനും പങ്കുവെക്കാനുമുള്ള അവസരവും കൈവരുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും പഠനത്തിനും ഓരോ കുട്ടിക്കും അവകാശമുണ്ട് എന്ന തിരിച്ചറിവ് എല്ലാവരിലേക്കും എത്തിക്കുകയും പാർശ്വവത്കരിക്കപ്പെട്ടവരില്ലാത്ത ക്ലാസ് മുറികളിലൂടെ പാർശ്വവത്കരിക്കപ്പെട്ടവരില്ലാത്ത സമൂഹസൃഷ്ടി എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാനുമുള്ള കഠിനപ്രയത്നം പൊതുവായി ഉണ്ടാകണം.
ഇൻക്ലൂസിവ് സ്പോർട്സിലൂടെ എല്ലാ വിഭാഗം കുട്ടികളെയും തുല്യമായി ചേർത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനാവും. ഒരു വ്യക്തി നിലവിൽ അഭിമുഖീകരിച്ചുവരുന്ന പരിമിതികൾക്കു കാരണം സമൂഹത്തിൽ നിലനിൽക്കുന്നതും അവതരിപ്പിക്കപ്പെട്ടതുമായ വിവിധതരം തടസ്സങ്ങളാണ്. കായികസമത്വം ഉറപ്പാക്കുന്നതിലൂടെ തടസ്സങ്ങളും പരിധികളും പൂർണമായും മറികടന്ന് ‘എല്ലാവരും ഒരുപോലെ’ എന്ന മഹത്തരമായ കാഴ്ചപ്പാടിലേക്ക് എത്തിച്ചേരുന്നു.
സവിശേഷ പരിമിതരായ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേരളത്തിൽ ഇൻക്ലൂസിവ് സ്പോർട്സിൽ എന്ന ആശയം സമൂഹമാകെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ അന്തർദേശീയ ഭിന്നശേഷിദിനത്തോടനുബന്ധിച്ച് ഇൻക്ലൂസിവ് കായികോത്സവങ്ങൾ സംഘടിപ്പിച്ചിരുന്നു.
പ്രാദേശികമായ കായികവിഭവങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയും ഓരോ ബി.ആർ.സിക്കും കീഴിലെ സവിശേഷ പരിമിതരായ കുട്ടികൾക്ക് കായികപ്രവർത്തന പങ്കാളിത്തം, മത്സരാനുഭവം എന്നിവ ഉറപ്പാക്കിയുമാണ് ഇത് നടത്തിയത്. പ്രവർത്തനവിജയത്തിനുവേണ്ടി ഓരോ ജില്ലയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കായികാധ്യാപകർക്കും സ്പെഷൽ എജുക്കേറ്റർമാർക്കും വകുപ്പുതല പരിശീലനം മുൻകൂറായി നൽകിയിരുന്നു.
സവിശേഷ പരിമിതരായ കുട്ടികൾ സ്ഥിരമായി കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ബുദ്ധിപരവും അക്കാദമികവുമായ മികവ് വർധിപ്പിക്കാൻ സാധിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ന്യൂറോ പ്ലാസ്റ്റിസിറ്റിയുമായി ബന്ധപ്പെട്ട ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോ ട്രോപിക് ഫാക്ടർ (ബി.ഡി.എൻ.എഫ്) എന്ന പ്രോട്ടീന്റെ വർധനക്ക് സ്ഥിരമായ വ്യായാമം സഹായിക്കുന്നു. വിവരങ്ങളെ ഫലപ്രദമായി മനനംചെയ്യാനും കാര്യങ്ങളെ ഗ്രഹിക്കാനുമുള്ള തലച്ചോറിന്റെ കഴിവും വികസിക്കുന്നു. പഠനവൈകല്യമോ ശ്രദ്ധക്കുറവോ ഉള്ള കുട്ടികളിൽ ഇത് ഏറെ ഫലപ്രദമാണ്.
ഹാപ്പി ഹോർമോണുകളുടെ ഉൽപാദനം ത്വരിതപ്പെടാനും മികച്ച മാനസികാവസ്ഥ കൈവരിച്ച് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും സാധ്യതകൾ കുറക്കാനും ഇത് സഹായിക്കുന്നു. ശാരീരികവൈകല്യമുള്ള കുട്ടികളിൽ അവരുടെ ചലനപ്രവർത്തനങ്ങളുടെ വികാസം, ഏകോപനം, സന്തുലനം എന്നിവ മെച്ചപ്പെടുന്നതിനും സഹായിക്കുന്നു. എല്ലാ കുട്ടികളും എല്ലാ അർഥത്തിലും ഈ പ്രപഞ്ചത്തിന്റെ കൗതുകങ്ങളും സൗകര്യങ്ങളും ആസ്വദിക്കുമ്പോഴല്ലേ നാം ജീവിക്കുന്ന ലോകം കൂടുതൽ ഭംഗിയുള്ളതാവുക.
(സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് -SCERT (Kerala) റിസർച് ഓഫിസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.