രാജ്യത്തെ പാർലമെൻററി ഭരണവ്യവസ്ഥയിൽ ഒരു രക്ഷകെൻറ പങ്കാണ് ഇന്ത്യൻ ജുഡീഷ്യറി സ്വാതന്ത്ര്യത്തിനുശേഷം ഇന്നേവരെ നിർവഹിച്ചു വന്നിട്ടുള്ളത്. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളും മറ്റു ഭരണഘടനാതത്ത്വങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല. അതുകൊണ്ടുതന്നെ, ജനതക്കു അത്രമേൽ വിശ്വാസവും പ്രതീക്ഷയുമുണ്ട് നീതിപീഠങ്ങളിൽ. ഭരണകൂടം തെറ്റുചെയ്യുേമ്പാൾ ഫുട്ബാൾ കളിക്കളത്തിലെ ഒരു റഫറിയെപ്പോലെ കളിക്കാർക്കു പിന്നാലെ ഓടിപ്പോയി വിസിലടിച്ചു തിരുത്തുന്ന റഫറിയാണ് ഇന്ത്യൻ ജുഡീഷ്യറിയെന്ന് വിശേഷിപ്പിച്ചത് പ്രശസ്ത ഭരണഘടന വിദഗ്ധനും സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനുമായ ഫാലി എസ്. നരിമാനാണ്.ഭരണകൂടം മാറിവരുേമ്പാഴൊന്നും സാധാരണഗതിയിൽ ജുഡീഷ്യറിയുടെ നിലപാടിൽ മാറ്റമുണ്ടാവാറില്ല.
സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിൽ ഇന്നത്തേക്കാളെല്ലാം കൂടുതൽ പങ്ക് കേന്ദ്ര സർക്കാറിനുണ്ടായിരുന്ന 1975 കാലത്താണ് പ്രധാനമന്ത്രി ഇന്ദിരഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കിയും ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കിയും അലഹബാദ് ഹൈകോടതിയിലെ സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന 39ാം ഭരണഘടനാ ഭേദഗതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് അടിയന്തരാവസ്ഥക്കാലത്താണെന്നോർക്കുക.
കോവിഡ് മഹാമാരിയെ തുടർന്ന് സാധാരണ കോടതി സിറ്റിങ് പോലും അസാധ്യമായ സാഹചര്യത്തിലും അനാസ്ഥയിലാണ്ടുനിന്നിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളെ തട്ടിയുണർത്തി ജനരക്ഷാനടപടികൾക്ക് സജ്ജമാക്കിയതും രാജ്യത്തെ ഭരണഘടനാ കോടതികൾ തന്നെ. ഇന്ത്യയിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചുചേർന്നു നടത്തിയ 99ാം ഭരണഘടനാ ഭേദഗതിയെ തുടർന്നുള്ള നാഷനൽ ജുഡീഷ്യൽ കമീഷൻ രൂപവത്കരണ നിയമം അസാധുവായി പ്രഖ്യാപിച്ചതും ഇന്ത്യൻ സുപ്രീംകോടതിയുടെ തിളക്കം വർധിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലായി പെഗസസ് കേസിലെ വാദങ്ങൾക്കിടയിൽ സുപ്രീംകോടതിയുടെ പരാമർശങ്ങൾ ചെറുതായൊന്നുമല്ല കേന്ദ്രസർക്കാറിനെ കുഴക്കിയത്. പക്ഷേ, രാജ്യത്തിെൻറ രക്ഷകൻ എന്ന് നാം വിശ്വസിക്കുന്ന ജുഡീഷ്യറിയിലെ ജഡ്ജിമാരുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന സംഭവങ്ങളാണ് അടുത്തിടെ തുടരെത്തുടരെയായുണ്ടായത് ജഡ്ജിമാർക്കെതിരായ സുരക്ഷാഭീഷണി രാജ്യസുരക്ഷയെ ബാധിക്കുന്ന ദേശീയ പ്രശ്നമാണ്.
ജഡ്ജിമാരുടെ പരാതികൾക്ക് ഒരു പരിഗണനയും നൽകാതെ പൊലീസ് അവഗണിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണയും ജസ്റ്റിസ് സൂര്യകാന്തും അടങ്ങിയ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി. ആർക്കെങ്കിലുമെതിരായി ഒരു വിധി പുറപ്പെടുവിക്കുകയാണെങ്കിൽ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്ന ഒരു പ്രവണത രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ജഡ്ജിമാർ പൊലീസിലോ സി.ബി.ഐ മുമ്പാകെയോ പരാതി നൽകിയാൽ നടപടിയുണ്ടാകുന്നില്ലെന്നും ജഡ്ജിമാർ തുറന്നടിച്ചു. കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയും സി.ബി.ഐയും കോടതിയെ സഹായിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞുവെച്ചു.
ഈയടുത്ത് ഝാർഖണ്ഡ് സംസ്ഥാനത്തെ ധൻബാദ് സെഷൻസ് ജഡ്ജി ഉത്തം ആനന്ദിനെ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് കൊല്ലുന്ന അതിഭീകര ദൃശ്യം ലോകം മുഴുവൻ നോക്കിക്കണ്ടതാണ്. മഹാരാഷ്ട്രയിലെ സ്െപഷൽ സി.ബി.ഐ ജഡ്ജിയായിരുന്ന ലോയയുടെ ദുരൂഹമരണത്തിലെ സത്യം ഇനിയും പുറത്തുവന്നിട്ടില്ല. ക്ഷോഭജനകമായ കേസുകൾ വിചാരണ നടത്തുന്ന ന്യായാധിപന്മാർ വളരെ പ്രയാസങ്ങളൂം പ്രതിസന്ധികളും നേരിടേണ്ടി വരുന്നുവെന്നാണ് ഇതു സംബന്ധിച്ച് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്. കഴിഞ്ഞ മാസം ബിഹാറിലെ ഔറംഗബാദിൽ ജില്ല ജഡ്ജിയെ പൊലീസുകാർ ആക്രമിച്ചതിനെതിരെ ക്രിമിനൽ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ബോധിപ്പിക്കപ്പെട്ട ഹരജിയിൽ ആക്രമണം നടത്തിയ പൊലീസുകാരുടെ പേരുകൂടി ചേർത്ത് ഹരജി ഭേദഗതി ചെയ്യാൻ ജസ്റ്റിസ് ഖൻവൽക്കർ, ജസ്റ്റിസ് അജയ് റസ്തോഗി എന്നിവരുൾപ്പെട്ട ബെഞ്ച് ഹരജിക്കാരോട് നിർദേശിക്കുകയുണ്ടായി.
ഉത്തം ആനന്ദിനെ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് കൊലപ്പെടുത്തുന്നതിൻെറ ദൃശ്യം
രാജ്യത്തെ മുഴുവൻ ഞെട്ടിച്ച സംഭവമാണ് 1989 സെപ്റ്റംബർ 25ന് ഗുജറാത്തിലെ നാദിയാദ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ നടന്ന പൊലീസ് അതിക്രമം. സ്റ്റേഷനിലെ റെക്കോഡുകൾ പരിശോധിക്കാനെന്ന വ്യാജേനെ സി.ജി.എം എൻ.എൻ. പട്ടേലിനെ വാഹനമയച്ച് വിളിച്ചുവരുത്തി ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ചശേഷം കൈയാമം വെച്ച് മർദിച്ച് അവശനാക്കുകയായിരുന്നു. ജുഡീഷ്യറിയും പൊലീസും തമ്മിലെ ബന്ധം ശിഥിലമായാൽ ഏതറ്റം വരെ എത്തുമെന്നതിെൻറ തെളിവുകൂടിയായിരുന്നു ആ ഭീകരത. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും ഒരു പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ നടന്നതായി പറയപ്പെടുന്ന ഫോൺ സംഭാഷണത്തിെൻറ ഓഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസുദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈകോടതി രജിസ്ട്രാർ പൊലീസ് മേധാവിക്ക് കത്ത് നൽകിയിരിക്കുകയാണ്.
ജഡ്ജിമാർക്ക് സ്വതന്ത്രമായി, പ്രീതിയോ ഭീതിയോ കൂടാതെ നീതിനിർവഹണം നടത്താൻ സാധിക്കണമെങ്കിൽ അവർക്ക് പരിപൂർണ സുരക്ഷ ഉറപ്പുവരുത്തണം. ജഡ്ജിമാർക്കെതിരെ പൊലീസിൽനിന്നും ഭരണ-രാഷ്ട്രീയ നേതൃത്വത്തിെൻറ അറിവോടും സമ്മതത്തോടും കൂടിയാണ് അക്രമങ്ങൾ ഉണ്ടാവുന്നതെങ്കിൽ സ്റ്റേറ്റ് പൊലീസിനെക്കൊണ്ട് ജഡ്ജിമാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സാധ്യമല്ല. സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിന് സർക്കാറിന് അപ്രമാദിത്യം പാടില്ലായെന്ന സുപ്രസിദ്ധമായ എസ്.പി. ഗുപ്ത കേസിലെ വിധിക്കാധാരം രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരി സർക്കാറാണെന്ന സുപ്രീംകോടതിയുടെ തിരിച്ചറിവാണ്. ന്യായാധിപനെ തിരഞ്ഞെടുക്കുവാനുള്ള അധികാരം വ്യവഹാരിയായ സർക്കാറിൽ നിക്ഷിപ്തമാക്കിയാൽ നീതിനിർവഹണത്തിെൻറ വിശ്വസ്തത കാത്തുസൂക്ഷിക്കാൻ കഴിയില്ലെന്നതായിരുന്നു വിധിയുടെ സാരം.
ലോകത്തെ മറ്റു രാഷ്ട്രങ്ങളിൽ ജഡ്ജിമാരുടെ സുരക്ഷക്ക് സ്വതന്ത്രമായ പ്രത്യേക സുരക്ഷ സംവിധാനങ്ങളുണ്ട്. ഫ്രഞ്ച് പൊലീസിൽ 1995ൽ വരുത്തിയ സമഗ്ര പരിഷ്കരണങ്ങൾക്കൊപ്പം സെൻട്രൽ ഡയറക്ടറേറ്റ് ഓഫ് ജുഡീഷ്യൽ പൊലീസ് എന്ന പ്രത്യേക സേന തന്നെ രൂപവത്കരിച്ചു. ജഡ്ജിമാർക്കെതിരെയുണ്ടാവുന്ന ആക്രമണങ്ങൾ തിരഞ്ഞുപിടിച്ച്, നിരീക്ഷിച്ച് തെളിവു ശേഖരിച്ച് കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയെന്നതാണ് ആ സേനയുടെ ദൗത്യം.
അമേരിക്കയിൽ 1870ലെ ജുഡീഷ്യറി ആക്ടനുസരിച്ച് രൂപവത്കൃതമായ യുനൈറ്റഡ് മാർഷൽസ് സർവിസ്, ജുഡീഷ്യൽ സെക്യൂരിറ്റി ഡിവിഷൻ എന്നീ രണ്ടു ശക്തമായ സുരക്ഷാവിഭാഗങ്ങൾക്കാണ് ജുഡീഷ്യറിയുടെ സുരക്ഷാ ദൗത്യം. 1890 മുതൽ യു.എസ്. ഫെഡറൽ ജഡ്ജിമാരുടെ സുരക്ഷ മാർഷൽമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്. 2021ലെ ഔദ്യോഗിക കണക്കനുസരിച്ച് അമേരിക്കയിലെ 94 ഫെഡറൽ കോടതികളുടെയും 2700 ഫെഡറൽ ജഡ്ജിമാരുടെയും 30300 ഫെഡറൽ പ്രോസിക്യൂട്ടർമാരുടെയും കോടതി ഉദ്യോഗസ്ഥന്മാരുടെയും സുരക്ഷ, ഭീഷണികൾ, അനുചിതമായ വിനിമയങ്ങൾ എന്നിവ സംബന്ധിച്ച് 4261 കേസുകൾ, രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നിരിക്കുന്നു.
ഇന്ത്യയിൽ ജഡ്ജിമാരുടെ സുരക്ഷ സംബന്ധിച്ച സംവിധാനങ്ങൾ സ്റ്റേറ്റ് പൊലീസിൽ നിക്ഷിപ്തമാണ്. ജഡ്ജിമാരുടെ സുരക്ഷ സംബന്ധിച്ച് ആകെയുള്ളത് 1985ലെ ജഡ്ജസ് പ്രൊട്ടക്ഷൻ ആക്ട് എന്ന വെറും നാലു വകുപ്പുകളുള്ള നാമമാത്ര നിയമം മാത്രമാണ്. അതുപോലും ജഡ്ജിമാരുടെ ശാരീരിക സുരക്ഷ സംബന്ധിച്ചല്ല മറിച്ച്, ജഡ്ജിമാർക്ക് കൃത്യനിർവഹണത്തോടനുബന്ധിച്ച് വരാനിടയുള്ള സിവിലും ക്രിമിനലുമായ വ്യവഹാരങ്ങൾ തടയാനുള്ള നിയമമാണ്.
നമ്മുടെ രാജ്യത്ത് റെയിൽസുരക്ഷാ സേനാ നിയമവും വ്യവസായ സുരക്ഷാ സേനാ നിയമവുമുണ്ട്. അവയുടെ സേവനവും ശ്രദ്ധേയമാണ്. എന്നാൽ, സ്വാതന്ത്ര്യം കൈവരിച്ച് 75 വർഷം പിന്നിട്ടിട്ടും സ്വതന്ത്ര ജുഡീഷ്യൽ സെക്യൂരിറ്റി സേനയെക്കുറിച്ച് നാം ചിന്തിച്ചില്ലെന്നത് വിചിത്രമാണെന്നു പറയാതെ വയ്യ.ജഡ്ജിമാർക്കെതിരെ വർധിച്ചുവരുന്ന സുരക്ഷ ഭീഷണി കണക്കിലെടുത്ത് കേസന്വേഷണാധികാരമുൾപ്പെടെയുള്ള സ്വതന്ത്ര ദേശീയ ജുഡീഷ്യൽ സുരക്ഷ സേന രൂപവത്കരിക്കാൻ സാധിക്കുംവിധം രാജ്യത്ത് പ്രത്യേക നിയമം അനിവാര്യമായിത്തീർന്നിരിക്കുകയാണ്. ആ സേനയിലെ അംഗങ്ങളുടെ നിയമനാധികാരവും നടത്തിപ്പും സുപ്രീംകോടതിയുടെയും ഹൈകോടതികളുടെയും ഭരണവിഭാഗത്തിനായിരിക്കണം. പൊതുസമാധാനവും സുരക്ഷയും ഭരണഘടനയുടെ ഏഴാം പട്ടികയിലെ സ്റ്റേറ്റ് ലിസ്റ്റിൽ പെട്ടതാകയാൽ ആവശ്യമായ ഭരണഘടന ഭേദഗതിയിലൂടെ ദേശീയ ജുഡീഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സ് ആക്ടിന് രൂപം നൽകി താഴെതലം തൊട്ട് സുപ്രീംകോടതി വരെയുള്ള ജഡ്ജിമാർക്ക് പരിപൂർണ സുരക്ഷ ഉറപ്പുവരുത്തണം. ജഡ്ജിമാർക്ക് പ്രീതിയോ ഭീതിയോകൂടാതെ സ്വതന്ത്ര നീതിനിർവഹണം നടത്താൻ പ്രയാസപ്പെടുന്നുവെന്നു വന്നാൽ രാജ്യത്തിെൻറ പരമാധികാരം തന്നെയാണ് പ്രതിസന്ധിയിലാവുന്നത്.
(കേരള മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലാണ് ലേഖകൻ) asafali.tlsry@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.