വിദ്വേഷ മുദ്രാവാക്യവും ഭരണഘടനയും തമ്മിൽ

ക​ർ​ഷ​ക രോ​ഷ​ത്തി​നു മു​ന്നി​ൽ മ​ഹാ​യു​തി സ​ർ​ക്കാ​റി​ന്റെ ജ​ന​കീ​യ പ​ദ്ധ​തി​ക​ളു​ടെ നി​റം​മ​ങ്ങി. അ​തി​നെ മ​റി​ക​ട​ക്കാ​ൻ വോ​ട്ടെ​ടു​പ്പി​ലേ​ക്ക് അ​ടു​ക്കും​തോ​റും ഹി​ന്ദു​ത്വ വ​ർ​ഗീ​യ​ത ക​ടു​പ്പി​ക്കു​ക​യാ​ണ് ബി.​ജെ.​പി. വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ക്കെ​തി​രെ ബി.​ജെ.​പി​യി​ൽ​നി​ന്നും സ​ഖ്യ​ക​ക്ഷി​ക​ളി​ൽ​നി​ന്നും ശ​ക്ത​മാ​യ എ​തി​ർ​പ്പു​ണ്ട്

നൂറാം വാർഷികത്തിന് ഇനി പത്തു മാസങ്ങൾ മാത്രം അവശേഷിക്കെ, ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ മഹാരാഷ്ട്രയിൽ സമ്പൂർണ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിൽ വേണമെന്നത് ആർ.എസ്.എസിന് നിബന്ധനമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പാടേ കൈവിട്ട ആദിവാസി, ദലിത് സമൂഹങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ സംഘ പ്രഭാരികൾ തുനിഞ്ഞിറങ്ങിയിരിക്കുന്നതും അതുകൊണ്ട് തന്നെ. 288 മണ്ഡലങ്ങളുള്ളതിൽ 148 എണ്ണത്തിലാണ് ബി.ജെ.പി ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഷിൻഡെ ശിവസേന 80ഉം അജിത് പവാർ എൻ.സി.പി 53ഉം സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എന്നാൽ, ഷിൻഡെ പക്ഷ സ്ഥാനാർഥികളിൽ 12 പേരും അജിത് പക്ഷ സ്ഥാനാർഥികളിൽ നാലുപേരും ബി.ജെ.പിക്കാരാണ്. ഫലത്തിൽ 164 സീറ്റിൽ ബി.ജെ.പിയാണ് മത്സരിക്കുന്നത്.

പുറമെനിന്ന് നോക്കുമ്പോൾ ബി.ജെ.പി നയിക്കുന്ന മഹായുതിക്ക് കാര്യങ്ങളത്ര എളുപ്പമല്ല. കർഷക രോഷത്തിനു മുന്നിൽ മഹായുതി സർക്കാറിന്റെ ജനകീയ പദ്ധതികളുടെ നിറംമങ്ങി. അതിനെ മറികടക്കാൻ വോട്ടെടുപ്പിലേക്ക് അടുക്കുംതോറും ഹിന്ദുത്വ വർഗീയത കടുപ്പിക്കുകയാണ് ബി.ജെ.പി. കോൺഗ്രസ് ഉൾപ്പെട്ട മഹാ വികാസ് അഘാഡി (എം.വി.എ) അധികാരത്തിൽ വന്നാൽ കർഷകരുടെ ഭൂമി വഖഫ് ബോർഡിന് നൽകുമെന്നുവരെ സംഘ്പരിവാർ പ്രചരിപ്പിക്കുന്നു. മോദിയെയും ബി.ജെ.പിയെയും തോൽപിക്കാനായി മുസ് ലിംകൾ ഒന്നടങ്കം എം.വി.എക്ക് വോട്ട് ചെയ്യുന്നത് വോട്ട് ജിഹാദായും വ്യാഖ്യാനിക്കുന്നു. ബംഗ്ലാദേശ് ഭരണ അട്ടിമറിക്കു പിന്നാലെ അവിടത്തെ ന്യൂനപക്ഷമായ ഹിന്ദുക്കൾ പരക്കെ ആക്രമിക്കപ്പെടുന്നു എന്ന കിംവദന്തിയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയർത്തിയ മുദ്രാവാക്യം മഹാരാഷ്ട്രയിലും ആളിക്കത്തിക്കുന്നുണ്ട്. ഹിന്ദുക്കൾ ഒന്നിച്ചു നിന്നില്ലെങ്കിൽ നിലംപരിശാക്കപ്പെടും എന്ന അർഥത്തിൽ ‘ബാട്ടേൻഗേ തോ കാട്ടേൻഗേ’ എന്നാണ് യോഗി പടച്ചുവിട്ട മുദ്രാവാക്യം. അത് അതിരുവിട്ട പ്രയോഗമാണെന്ന് പാർട്ടിയിലെ മിതവാദികൾ തുറന്നു പറഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെ ‘ഏക് ഹേ തോ സേഫ് ഹേ’ എന്നു മയപ്പെടുത്തി.

ഈ മുദ്രാവാക്യങ്ങൾക്കെതിരെ ബി.ജെ.പിയിൽനിന്നും സഖ്യകക്ഷികളിൽനിന്നും ശക്തമായ എതിർപ്പുണ്ട്. ഗോപിനാഥ് മുണ്ടേയുടെ മകളും പ്രമുഖ ഒ.ബി.സി നേതാവുമായ പങ്കജ മുണ്ടേ ഈ വർഗീയ മുദ്രാവാക്യങ്ങളെ തള്ളിപ്പറയുന്നു. മഹാരാഷ്ട്ര ബി.ജെ.പിയുടെ നെടുംതൂണുകളിൽ ഒരാളായിരുന്ന ഗോപിനാഥ് മുണ്ടേയുടെ മകൾ ബി.ജെ.പിയിലെ നേതൃമാറ്റത്തിന് പിന്നാലെ അവഗണന നേരിടുകയാണ്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളുന്നതാണ് ഒരു നേതാവിന്റെ ദൗത്യമെന്ന് അവർ ഓർമപ്പെടുത്തുന്നു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന് രാജ്യസഭാംഗമായ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനും വർഗീയ മുദ്രാവാക്യത്തെ തള്ളിപ്പറഞ്ഞു. സഖ്യകക്ഷി നേതാവും മുഖ്യമന്ത്രിയുമായ അജിത് പവാറും മുദ്രാവാക്യങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവന്നു.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്ക് പോലും ബി.ജെ.പിയുടെ മുദ്രാവാക്യങ്ങൾ ആശങ്കയുണ്ടാക്കുന്നു. മുംബൈ നഗരത്തിലെ പല മണ്ഡലങ്ങളിലും മുസ്‌ലിം വോട്ട് നിർണായകമാണ്. നഗരത്തിലെ ഭായ്ഖല മണ്ഡലത്തിൽ 42 ശതമാനം മുസ്‌ലിംകളുണ്ട്. സിറ്റിങ് എം.എൽ.എ യാമിനി ജാദവ് ഷിൻഡെ പക്ഷക്കാരിയാണ്. 2014ൽ ഓൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ്‍ലിമീന്റെ വാരിസ് പഠാൺ വിജയിച്ച മണ്ഡലമാണ്. കഴിഞ്ഞതവണ വാരിസിനെ തോൽപിച്ചാണ് യാമിനിയെ അവിടത്തെ മുസ്‍ലിംകൾ വിജയിപ്പിച്ചത്. ഇത്തവണ ഷിൻഡെ ശിവസേനയും ഉദ്ധവ് ശിവസേനയും തമ്മിലാണ് മുഖ്യ പോരാട്ടം. യാമിനിയാണ് ഷിൻഡെ പക്ഷ സ്ഥാനാർഥി. യാമിനിയോട് മണ്ഡലത്തിലുള്ളവർക്ക് കൂറുണ്ടെങ്കിലും ബി.ജെ.പിയുടെ വർഗീയ നിലപാടുകൾ കാരണം അവർ ആശയക്കുഴപ്പത്തിലാണ്. ഇതേ അവസ്ഥ മറ്റു പലയിടങ്ങളിലുമുണ്ട്. ഷിൻ​െഡയുടെ ഏക മുസ്‌ലിം സ്ഥാനാർഥിയായ അബ്ദുൽ സത്താറിനെ ജൽനയിലെ ഷില്ലോദിൽ ബി.ജെ.പി തന്നെ തോൽപിക്കുമെന്ന അവസ്ഥയുണ്ട്. സിറ്റിങ് എം.എൽ.എയും ഷിൻഡെ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയുമാണ് സത്താർ.

പോളിങ് ബൂത്തിലേക്കിനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. രണ്ടു കാര്യങ്ങളിൽ എം.വി.എ സഖ്യം മഹായുതിക്ക് വളരെ പിറകിലാണെന്ന് പ്രമുഖ മറാത്തി പത്രപ്രവർത്തകൻ നിഖിൽ വാഗ്ലെ നിരീക്ഷിക്കുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ റാലികൾ കുറഞ്ഞുപോയെന്നാണ് ഒരു നിരീക്ഷണം. അച്ചടി, ഡിജിറ്റൽ മേഖലയിലെ പരസ്യങ്ങളിലും പിന്നിലാണ്. പ്രചാരണ റാലികളിലെ ജനക്കൂട്ടം എം.വി.എക്കാണ്. ഉദ്ധവ് താക്കറെ, ശരദ് പവാർ എന്നിവരുടെ പ്രഭാഷണങ്ങൾക്കാണ് പ്രഭാവമെന്നും നിഖിൽ വാഗ്ലെ നിരീക്ഷിക്കുന്നു. പുറത്തുവരുന്ന സർവേകൾ എം.വി.എക്ക് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും ഹരിയാനയിലെ അനുഭവം അവരെ ഭയപ്പെടുത്തുന്നു. കർഷകരോഷവും മറാത്ത സമുദായക്കാരുടെ നിലപാടും തുണയാകുമെന്ന് എം.വി.എ കരുതുന്നു. സ്ഥാനാർഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന മറാത്ത സമരനായകൻ മനോജ്‌ ജാരൻഗെ പാട്ടീൽ പിന്നീട് സ്ഥാനാർഥികൾ വേണ്ടെന്ന് തീരുമാനിച്ചതും ആരെ പിന്തുണക്കണമെന്ന് നിലപാടെടുക്കാത്തതും എം.വി.എക്കാണ് ഗുണംചെയ്യുക. സംവരണ അട്ടിമറിക്ക് പിന്നിൽ ബി.ജെ.പിയും ദേവേന്ദ്ര ഫഡ്നാവിസുമാണെന്ന് മറാത്തകൾ കരുതുന്നു.

ജാതി സെൻസസ് എം.വി.എയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നാംസ്ഥാനം പിടിച്ചതോടെ കോൺഗ്രസ് സമൂഹങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് വേദികളിലെല്ലാം ആവർത്തിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. വേദികളിൽ ഭരണഘടനയായി രാഹുൽ ഗാന്ധി ഉയർത്തിക്കാട്ടുന്ന ‘ചുവന്ന’ ചട്ടക്കുള്ളിൽ വെള്ളക്കടലാസുകൾ മാത്രമാണെന്ന് മോദി പരിഹസിക്കുന്നു. മാവോയുടെ കൈപ്പുസ്തകത്തോടാണ് രാഹുലിന്റെ കൈകളിലെ ഭരണഘടനയെ അവർ ഉപമിക്കുന്നത്. രാഹുൽ അർബൻ നക്സലുകളുടെ വലയത്തിലാണെന്നും ചേർത്തുപറയുന്നു. ഭരണഘടനയെ ഇല്ലാതാക്കാൻ ആർ.എസ്.എസും ബി.ജെ.പിയും വിശ്രമമില്ലാതെ പ്രയത്നിക്കുകയാണെന്നും മോദി ഒരിക്കൽപോലും അതിന്റെ ഉള്ളടക്കം കണ്ടിട്ടില്ലെന്നും രാഹുൽ തിരിച്ചടിക്കുന്നു. അങ്ങനെ, ലോക്സഭ തെരഞ്ഞെടുപ്പിലെ തുടർച്ചയെന്നോണം നിയമസഭ തെരഞ്ഞെടുപ്പിലും ഭരണഘടന ഒരു വിഷയമായി കത്തിനിൽക്കുന്നു.

സോയാബീൻ, പരുത്തി കർഷകരുടെ വിഷയങ്ങളും കോൺഗ്രസ് ഏറ്റെടുക്കുന്നു. എൻ.സി.പിയെ പിളർത്തുന്നതിന് അമിത് ഷാ നടത്തിയ ചർച്ചയിൽ മോദിയുടെ വ്യവസായി സുഹൃത്ത് ഗൗതം അദാനിയും സംബന്ധിച്ചിരുന്നു എന്ന വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആ പിളർപ്പോടെയാണ് ഉദ്ധവ് സർക്കാറിനെ അട്ടിമറിച്ച് ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള സർക്കാർ അധികാരംപിടിച്ചത്. ധാരാവി വികസനത്തിന്റേതുൾപ്പെടെ ഒട്ടേറെ ഭീമൻ പദ്ധതികളാണ് നിലവിലെ സർക്കാർ മഹാരാഷ്ട്രയിൽ അദാനി ഗ്രൂപ്പിന് നൽകിയത്. ആ പദ്ധതികൾ വിഘ്നരഹിതമായി മുന്നോട്ട് പോകാൻ സഹായകമായ സർക്കാർ വേണമെന്ന് അദാനിയും ആഗ്രഹിക്കുന്നുണ്ട്.

ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച ഫലപ്രഖ്യാപനവും. അന്നറിയാം മഹാരാഷ്ട്രയിലെ ജനത ആർക്കൊപ്പമെന്ന്, യഥാർഥ ശിവസേനയും യഥാർഥ എൻ.സി.പിയും ആരുടേതെന്ന്. 26നകം പുതിയ സർക്കാർ നിലവിൽ വരണം.

Tags:    
News Summary - Between Hate Slogans and the Constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.