??????? ??????, ?????? ??????

വെള്ളരിക്ക കോണ്‍ഗ്രസ്

ഹൈകമാന്‍ഡ് വിളിച്ചുവെന്ന് പറയാന്‍ പണ്ടൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തൊരു അഭിമാനമായിരുന്നു! വിളി കേട്ട് ഡല്‍ഹിക്കു പറക്കുന്ന നേതാവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍പോലും സാധാരണക്കാരായ കോണ്‍ഗ്രസുകാര്‍ക്കൊരു കോരിത്തരിപ്പാണ്. ഇന്നിപ്പോള്‍ തലയില്‍ മുണ്ടിട്ടാണ് നേതാക്കളുടെ വരവ്. ഹൈകമാന്‍ഡ് വിളിച്ചെന്ന് അണികളോട് പറയാന്‍തന്നെ ഒരു നാണക്കേട്. മുന്തിയ നേതാക്കളുടെ ഡല്‍ഹി യാത്രയെക്കുറിച്ചു പറയാന്‍ സാദാ കോണ്‍ഗ്രസുകാര്‍ക്കുമുണ്ട് ഒരു ജാള്യം. കേരളത്തിലെ കോണ്‍ഗ്രസിന്‍െറ പ്രധാന മടിശ്ശീലക്കാരായ മൂന്നുപേര്‍ കഴിഞ്ഞദിവസങ്ങളിലാണ് ഡല്‍ഹിക്ക് പറക്കുകയും തിരിച്ചിറങ്ങുകയും ചെയ്തത്. ഹൈകമാന്‍ഡിനെ കണ്ടതിന്‍െറ വീരസ്യമൊന്നും അവരില്‍ കണ്ടില്ല. ഇടത്തരം നേതൃഗണത്തില്‍ അങ്കലാപ്പിന്‍െറ നടപ്പുദീനവും കണ്ടില്ല. ഒന്നും നടക്കാന്‍ പോകുന്നില്ളെന്ന മട്ട്.

രണ്ടാം കമാന്‍ഡറായ രാഹുല്‍ ഗാന്ധി വിളിച്ചപ്രകാരം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, നിയമസഭയിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് വന്നുപോയത്. ലീഡര്‍ജിയുടെ മകനും കെ.പി.സി.സി മുന്‍ പ്രസിഡന്‍റുമായ കെ. മുരളീധരന്‍, പ്രസിഡന്‍റാകുന്നതില്‍ വിരോധമില്ലാത്ത കെ. സുധാകരന്‍ തുടങ്ങിയവരും വന്നുപോയി. ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനമായിരുന്നു ഇത്തവണത്തെ തമാശ. ഒന്നിച്ചിരുന്നു തമാശ പറഞ്ഞാല്‍ ചിരിനിര്‍ത്താന്‍ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ട് ഓരോരുത്തരും രാഹുലിനെ ഒറ്റക്കൊറ്റക്ക് കണ്ട് ചിരിച്ചു പിരിയുകയാണ് ഉണ്ടായത്. പിന്നെ രണ്ടാം കമാന്‍ഡറെക്കുറിച്ച് ഓര്‍ത്തോര്‍ത്തു ചിരിച്ചു; ഗ്രൂപ്പു തിരിഞ്ഞിരുന്ന് അടക്കംപറഞ്ഞു ചിരിച്ചു. സംഗതി ശുഭം.

വരാന്‍ പോകുന്നുവത്രെ, പുതിയ ഡി.സി.സി പ്രസിഡന്‍റുമാര്‍. പ്രഖ്യാപനം ഡല്‍ഹിയില്‍നിന്നാണെങ്കില്‍ അതിന്‍െറ അന്തസ്സ് ഒന്നു വേറെതന്നെ. അതിന്‍െറ കരടുപട്ടിക ഹൈകമാന്‍ഡിന്‍െറ പക്കലുണ്ട്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സുധീരനുമൊക്കെ വെവ്വേറെ കൊടുത്തത് വേറെയുണ്ട്. എല്ലാം ഒത്തുനോക്കി ആറടി പൊക്കവും അതിനൊത്ത വണ്ണവും സുന്ദരനും സുമുഖനും അനുയോജ്യനുമായ ഡി.സി.സി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണം. ഭാരിച്ച പണിയാണ് ഹൈകമാന്‍ഡിന്‍േറത്. അടി കൊണ്ടും കൊടുത്തും പ്രവര്‍ത്തകര്‍ ബൂത്തുതലം മുതല്‍ മേലോട്ട് ഭാരവാഹികളെ നിശ്ചയിച്ചതൊക്കെ പണ്ട്. ഇപ്പോള്‍ എന്തിനുമേതിനും ഹൈകമാന്‍ഡിന്‍െറ കരവിരുതില്ലാതെ ഒന്നും നടപ്പില്ല. കുളിപ്പിച്ചു, കുളിപ്പിച്ച് പൗഡറിട്ട് പട്ടിക എന്നെങ്കിലുമൊരിക്കല്‍ വെളിയില്‍വരുമ്പോള്‍ ഇതരസംസ്ഥാന തൊഴിലാളി ഏതെങ്കിലും ഡി.സി.സിയുടെ പ്രസിഡന്‍റാകുമോയെന്ന് ഉറപ്പു പറയാനും കഴിയില്ല.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൃദയാഘാതംമൂലം എല്ലും തോലുമായിപ്പോയ പാര്‍ട്ടിക്ക് ജീവന്‍ടോണ്‍ കൊടുക്കണമെന്ന് ഉറപ്പിച്ച ഹൈകമാന്‍ഡ്, മാസങ്ങള്‍ക്കകം ഏതോ ഒരു ദുര്‍ബല നിമിഷത്തിലാണ് സംഘടനാ തെരഞ്ഞെടുപ്പു നടത്താനുള്ള എട്ടൊമ്പതാമത്തെ പ്രഖ്യാപനം നടത്തിയതെന്നാണ് കോണ്‍ഗ്രസുകാരുടെ ഒരോര്‍മ. പാവം മുല്ലപ്പള്ളി രാമചന്ദ്രന്‍! കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാനായി ഹൈകമാന്‍ഡ് നിയമിച്ചപ്പോള്‍ എന്തോ നടക്കാന്‍ പോകുന്നുവെന്ന് അദ്ദേഹം ധരിച്ചുവശായി. ബൂത്തുതലം മുതല്‍ എ.ഐ.സി.സി പ്രസിഡന്‍റിനെ വരെ തെരഞ്ഞെടുക്കുന്നതിനുള്ള സമയക്രമവും മെംബര്‍ഷിപ് വിതരണരീതിയുമൊക്കെ നിശ്ചയിച്ചതാണ്. അതു കണ്ട് കോണ്‍ഗ്രസുകാര്‍ അരയും തലയും മുറുക്കി, മുണ്ടു മാടിക്കുത്തി ബീഡിയും വലിച്ച് എന്തിനും തയാറായി നിലയുറപ്പിച്ചതുമാണ്.

പാവങ്ങള്‍! കോണ്‍ഗ്രസിനെയും ഹൈകമാന്‍ഡിനെയും തെറ്റിദ്ധരിച്ചുവെന്നല്ലാതെ എന്തു പറയാന്‍. പാര്‍ട്ടി തുലഞ്ഞാലും ഗ്രൂപ് വിട്ടൊരു കളിയില്ളെന്ന കാര്യത്തില്‍ നേതാക്കളില്‍ ആര്‍ക്കെങ്കിലുമുണ്ടോ തര്‍ക്കം? മുല്ലപ്പള്ളി കാര്യസ്ഥനായി നടന്ന് സമയം പാഴാക്കിയതിനിടയില്‍ പൊതുപരീക്ഷയില്ലാതെ നോമിനേഷന്‍ നിയമനങ്ങള്‍ നടന്നു. പിന്നെ നിയമസഭാ തെരഞ്ഞെടുപ്പായി, സീറ്റു തര്‍ക്കമായി, അടിപിടിയായി, അഡീഷനല്‍ നാണക്കേടുകളായി, നാണംകെട്ട തോല്‍വിയുമായി. തോല്‍വിയുടെ ഉത്തരവാദിയെ കഴുവേറ്റാനുള്ള വിചാരണയായി. വാദിയും പ്രതിയും ജഡ്ജിയും തോറ്റ വിചാരണക്കിടയില്‍ ഉമ്മന്‍ ചാണ്ടി വിമത വേഷംകെട്ടി മാറിനിന്നു. ചെന്നിത്തല തിരിഞ്ഞുകളിച്ച് പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയര്‍മാനുമായി. നിലപാടിന്‍െറ ചതുരവടിവില്‍ ഹൈകമാന്‍ഡ് പിന്തുണയുള്ള സുധീരന്‍ പ്രസിഡന്‍റ് സ്ഥാനത്ത് ഇളകാപ്പാറയായി. മുരളീധരനും സുധാകരനും എം.എം. ഹസനുമൊക്കെ മോഹങ്ങള്‍ മരവിച്ച് വെളിമ്പുറത്തെ പൂക്കാമരങ്ങളായി. യൂത്തും മഹിളകളുമൊക്കെ പക്കമേളം മുറുക്കാനറിയാതെ ആവേശം ചോര്‍ന്ന വീക്കന്‍ ചെണ്ടകളായി. സഖ്യകക്ഷികള്‍ നിരാശരായി.

പാര്‍ട്ടിയോ? നേതാക്കളുടെ ഭദ്രതക്കപ്പുറം എന്തു പാര്‍ട്ടി? അക്കൗണ്ട് തുറന്ന ബി.ജെ.പിക്ക് അധികാരമുള്ള സി.പി.എമ്മില്‍നിന്ന് അഞ്ചു കൊല്ലത്തേക്കെങ്കിലും അണികളെ ചോര്‍ത്താന്‍ പറ്റില്ല. തുളവീണ കോണ്‍ഗ്രസിലാണ് ഇപ്പോള്‍ അവരുടെ ഉന്നം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ നേരത്ത് കേരളത്തില്‍നിന്ന് കോണ്‍ഗ്രസിന്‍െറ സീറ്റെണ്ണം പരമാവധി കുറക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിന് കോണ്‍ഗ്രസുകാരെ മുഴുവന്‍ കാവിയുടുപ്പിക്കണമെന്നില്ല. കോണ്‍ഗ്രസ് തളര്‍ന്നുകിടന്നാലും മതി. കോണ്‍ഗ്രസിന്‍െറ മൃദുഹിന്ദുത്വത്തില്‍ ആകൃഷ്ടരായിക്കഴിഞ്ഞവരെ കാന്തംവെച്ച് വലിച്ചെടുക്കാന്‍ ഇനിയെങ്ങാന്‍ ബി.ജെ.പി ശ്രമിച്ചാല്‍, കോണ്‍ഗ്രസുകാരായിട്ട് അതു തടയില്ല. അതിനുള്ള പ്രാപ്തിയും സൂക്ഷ്മതയും കോണ്‍ഗ്രസുകാര്‍ കാണിക്കുന്നില്ല.

കരുണാകരന്‍െറ മൃദുഹിന്ദുത്വവും കൗശലവും ആന്‍റണിയുടെ ആദര്‍ശപരിവേഷവും ഇഴപിരിഞ്ഞ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആശ്രിതവാത്സല്യത്തിന്‍െറ തണലില്‍ പറ്റിക്കൂടി സുരക്ഷിതരായി കഴിഞ്ഞുപോന്നവരാണ് കോണ്‍ഗ്രസിന്‍െറ ഇന്നത്തെ നേതാക്കള്‍. പാര്‍ട്ടിക്ക് ജനപിന്തുണ നേടാനുള്ള മാന്ത്രികവടിയൊന്നും അവരുടെ പക്കലില്ളെന്നും പരസ്പരം പാരവെക്കുന്ന കുലത്തൊഴില്‍മാത്രമാണ് കൈമുതല്‍.  വലിയൊരു ഓപറേഷന്‍ കൂടാതെ കേരളത്തിലെ കോണ്‍ഗ്രസിനെ കിടക്കപ്പായയില്‍നിന്ന് എഴുന്നേല്‍പിച്ചുനിര്‍ത്താനാവില്ല. രോഗിയും ബന്ധുക്കളുമായി രാഹുല്‍ ഗാന്ധി പലവട്ടം ചര്‍ച്ച നടത്തി. മൈക്രോസ്കോപ്പിലൂടെ സൂക്ഷ്മ നിരീക്ഷണം നടത്തി. കരടുപട്ടികയുണ്ടാക്കി. ഗവേഷണ പ്രബന്ധങ്ങള്‍ പലതും തയാറാക്കി.  പക്ഷേ, എല്ലാ സജ്ജീകരണങ്ങളുമുള്ള ഓപറേഷന്‍ തിയറ്ററില്‍  ഞരങ്ങുന്ന രോഗിക്കുമുന്നില്‍ കത്രിക പിടിച്ചുനിന്ന് ഡോക്ടര്‍ റഫറന്‍സ് ഗ്രന്ഥങ്ങള്‍ ഓരോന്നായി മുന്നോട്ടും പിന്നോട്ടും മറിച്ചു നോക്കിക്കൊണ്ടേയിരിക്കുകയാണ്. കത്രിക വെക്കാന്‍ ഡോക്ടര്‍ക്ക് നെഞ്ചുറപ്പു വരുന്നില്ല. ഡോക്ടറെ താങ്ങേണ്ടിവരുമോ എന്ന ആശങ്കയിലാണ് നഴ്സുമാര്‍. ആശുപത്രിയുടെ മൊത്തം ചുമതല ഏറ്റെടുക്കേണ്ടയാളാണ് ഇങ്ങനെ പരതുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ട് മാസം 30 ആയി. മാത്രമല്ല, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയൊരു 30 മാസം മാത്രമാണ് ബാക്കി. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍തന്നെ പാര്‍ട്ടിയെ സജ്ജമാക്കാന്‍ മുന്നൊരുക്കം തുടങ്ങേണ്ട സമയമായെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ ഭിഷഗ്വരന്മാര്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. സോണിയ ഗാന്ധിക്ക് വയ്യ. അതുകൊണ്ട് തീര്‍ച്ചയായും രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് വന്നേ മതിയാവൂ എന്ന് പ്രവര്‍ത്തകസമിതി ‘ഏകകണ്ഠ’മായി വിലയിരുത്തി. എന്നുവെച്ചാല്‍, മുമ്പ് ഇക്കാര്യത്തില്‍ മറ്റൊരു ചിന്താഗതി പ്രകടിപ്പിച്ചുപോന്ന അഹ്മദ് പട്ടേല്‍, മോത്തിലാല്‍ വോറ, ജനാര്‍ദന്‍ ദ്വിവേദി തുടങ്ങിയവര്‍ ആ വാദമുപേക്ഷിച്ച് രാഹുല്‍ അധ്യക്ഷപദം ഏറ്റെടുക്കുന്നതിനോടു യോജിച്ചു എന്നര്‍ഥം.

സോണിയയുടെ അഭാവത്തില്‍, രാഹുലിന്‍െറ അധ്യക്ഷതയില്‍, എ.കെ. ആന്‍റണിയുടെ പ്രത്യേക താല്‍പര്യത്തില്‍, മന്‍മോഹന്‍ സിങ്ങിന്‍െറ കൈത്താങ്ങോടെയാണ് പ്രവര്‍ത്തകസമിതിയുടെ തിരക്കഥ അരങ്ങേറിയത്. ഒരു തീരുമാനം നടപ്പാക്കാന്‍ പോകുന്നതിന്‍െറ ലക്ഷണംപോലെ, കോണ്‍ഗ്രസിന്‍െറ പരമോന്നതവേദിയുടെ അഭിപ്രായം സോണിയ ഗാന്ധിക്ക് അയച്ചുകൊടുക്കുകയും അക്കാര്യം പത്രക്കാരെ അറിയിക്കുകയും ചെയ്തിട്ട് ആഴ്ചകളായി. ഒന്നും സംഭവിച്ചില്ല. അവിടെയും ഒരു ഉള്‍വലിയല്‍.

വര്‍ഷങ്ങളായി പറഞ്ഞുകേള്‍ക്കുന്നതല്ലാതെ സംഘടനാ തെരഞ്ഞെടുപ്പില്ല. ചുരുങ്ങിയത് 30 മാസമായി പറഞ്ഞുകേള്‍ക്കുന്ന എ.ഐ.സി.സി സമ്മേളനമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പേ കേട്ടുതുടങ്ങിയതല്ലാതെ, രാഹുല്‍ ഗാന്ധി അധ്യക്ഷനാവുന്നില്ല. സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ നടപടിയില്ല. പ്രശ്നങ്ങള്‍ക്കൊന്നിനും തീര്‍പ്പില്ല. എല്ലാറ്റിലും അനിശ്ചിതത്വം. ഇതെന്തു വെള്ളരിക്കാപ്പട്ടണം? കോണ്‍ഗ്രസിനെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസുകാരോട് ഇപ്പോള്‍ ചോദിക്കുന്ന ചോദ്യം അതാണ്.

 

Tags:    
News Summary - indian national congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.