1.4 ബില്യൺ ജനങ്ങൾ പാർക്കുന്ന ഉപഭൂഖണ്ഡമെന്ന നിലയില്‍, ആരോഗ്യരംഗത്തെ അങ്ങേയറ്റം ബുദ്ധിമുട്ടേറിയ വെല്ലുവിളികളെപ്പോലും നേരിടാനുള്ള ഇന്ത്യയുടെ കഴിവ് എന്നെ ഏറെ ആശ്ചര്യഭരിതനാക്കുന്നു. ഒരു ബില്യണിലധികം ഡോസ് കോവിഡ് വാക്സിനുകൾ നൽകിക്കൊണ്ട്, മറ്റൊരു മഹത്തായ നേട്ടം കൈവരിച്ചിരിക്കുകയാണ് രാജ്യമിപ്പോള്‍.
ഈ വാക്സിനേഷൻ യജ്ഞം എക്കാലത്തേതിലുംവെച്ച് ഏറ്റവും വലുതും വേഗതയേറിയതുമാണ്. ഇന്ത്യയിലെ മുതിർന്നവരില്‍, ജനസംഖ്യയുടെ 75 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസും 31 ശതമാനം പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചെന്നാണ് കണക്കുകൾ; അതിൽ 48 ശതമാനത്തിലധികം സ്ത്രീകളാണ്. ഈ മുന്നേറ്റം ലോകത്തിനുതന്നെ നിർണായകമാണ്.
വാക്സിനേഷന് ഇതുവരെ പൂർത്തിയായിട്ടില്ലെങ്കിലും ഇന്ത്യയുടെ വിജയത്തിനുപിന്നിലെ പ്രധാന ഘടകങ്ങള്‍ വിശകലനം ചെയ്യൽ അത്യാവശ്യമാണ്. കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ അത് ഇന്ത്യയെ സഹായിക്കുന്നതിനൊപ്പം മറ്റു രാജ്യങ്ങൾക്ക് ഇന്ത്യയുടെ അനുഭവത്തിൽനിന്ന് പഠിക്കാനും സ്വന്തം സാഹചര്യങ്ങളില്‍ ഉപയോഗിക്കാനും കഴിയും.
ആദ്യമായി, മുകളില്‍നിന്നും താഴെത്തട്ടുവരെയും രാഷ്ട്രീയ ഇച്ഛാശക്തി അങ്ങേയറ്റം ശക്തമായിരുന്നു. 2021 ഡിസംബർ 31നകം എല്ലാ മുതിർന്ന ജനങ്ങള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പു നൽകണമെന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിനോട് വിവിധ സംസ്ഥാന ഭരണകൂടങ്ങൾ അടിയന്തരമായി പ്രതികരിച്ചു. വാക്സിൻ ആർ ആൻഡ് ഡി, മാനുഫാക്ചറിങ് എന്നിവക്കായി 2020ൽ ഹൈപവർ കമ്മിറ്റികൾ രൂപവത്കരിച്ച് ഘട്ടംഘട്ടമായുള്ള വാക്സിനേഷനും ആരംഭിച്ചു.
നിരവധി ബഹുജന പ്രതിരോധ കുത്തിവെപ്പ് കാമ്പയിനുകള്‍ വിജയകരമായി നടപ്പാക്കിയ ഇന്ത്യ, കോവിഡിനെ നേരിടാൻ ദീർഘകാലമായുള്ള അനുഭവവും അറിവും അടിസ്ഥാനസൗകര്യങ്ങളും പ്രയോജനപ്പെടുത്തി. ഇന്ത്യയിലെ സാർവത്രിക രോഗപ്രതിരോധ പദ്ധതി ലോകത്തിലെ ഏറ്റവും വിപുലമായ പൊതുജനാരോഗ്യ പദ്ധതികളിൽ ഒന്നാണ്. എല്ലാ വർഷവും 27 ദശലക്ഷത്തിലധികം നവജാത ശിശുക്കൾക്ക് പ്രാഥമിക ഡോസുകളും 1-5 വരെ വയസ്സുള്ള 100 ദശലക്ഷത്തിലധികം കുട്ടികൾക്ക് ബൂസ്റ്റര്‍ ഡോസും നൽകുന്നു.
ഇന്ത്യയിൽ നിലവിൽ 3,48,000 പൊതുകേന്ദ്രങ്ങളും 28,000ത്തിലധികം സ്വകാര്യ കേന്ദ്രങ്ങളും കോവിഡ് പ്രതിരോധ കുത്തിവെപ്പുകൾ നടത്തുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഉൾപ്പെടെ വടക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളും ഇതില്‍ ഉൾപ്പെടുന്നു. കൂടാതെ, രാജ്യത്ത് എല്ലായിടത്തും കോവിഡ് വാക്സിനുകളുടെ തുല്യവിതരണം ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വരുന്ന ഡോക്ടർമാർ, നഴ്സുമാർ, ഓക്സിലറി നഴ്സ് മിഡ്വൈവ്സ് എന്നിവർക്കൊപ്പം തന്നെ, 2.3 ദശലക്ഷത്തിലധികം വരുന്ന ആശ, അംഗൻവാടി വനിത മുൻനിര പ്രവർത്തകര്‍ക്കും പരിശീലനം നൽകി.
വാക്സിൻ, മരുന്ന് എന്നിവ കണ്ടെത്തൽ, അവയുടെ നിർമാണം എന്നിവയിൽ ഇന്ത്യ അതിെൻറ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി. ഈ മഹാമാരിക്കുമുമ്പ്, ഇന്ത്യൻ വാക്സിനുകൾ ഇതിനകം തന്നെ മെനിഞ്ചൈറ്റിസ്, ന്യുമോണിയ, വയറിളക്കം തുടങ്ങിയ പകർച്ചവ്യാധികളിൽനിന്ന് ദശലക്ഷക്കണക്കിന് ആളുകളെ രക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളവും താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും (LMICs) സുരക്ഷിതവും താങ്ങാവുന്നതുമായ ഈ വാക്സിനുകൾ ലഭ്യമാക്കാൻ സഹായിക്കുന്നതിന് ഇന്ത്യ ഗവൺമെൻറിനോടും സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, ബയോ-ഇ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ നിർമാതാക്കളുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ഞങ്ങളുടെ ഫൗണ്ടേഷൻ അഭിമാനിക്കുന്നു. ഇപ്പോൾ, തദ്ദേശീയമായി നിർമിച്ച കോവിഷീൽഡ്, കോവാക്സിൻ തുടങ്ങിയ വാക്സിനുകൾ കോവിഡ്-19ൽ നിന്ന് ഇന്ത്യക്കാരെ സംരക്ഷിക്കുന്നു. കൂടാതെ, ഇന്ത്യക്കും ലോകമെങ്ങുമുള്ള LMICകള്‍ക്കുമായി സിറത്തിെൻറ കോവിഷീൽഡ്, കോവോവാക്സ് (ഇപ്പോഴും അംഗീകാരം ലഭിച്ചിട്ടില്ല) എന്നിവയുടെ ഉയര്‍ന്ന ഉൽപാദനത്തില് ഗാവിക്കൊപ്പം ഞങ്ങളും സംഭാവന നൽകി.
ദേശീയ വാക്സിനേഷൻ പദ്ധതി ഡിജിറ്റലായി നിരീക്ഷിക്കാൻ ഇന്ത്യ അവരുടെ ഐ.ടി വൈദഗ്ധ്യം ഉപയോഗിച്ചു. ഉദാഹരണത്തിന്, കോവിൻ-ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട ഒരു ഓപൺ സോഴ്സ് പ്ലാറ്റ്ഫോം-വാക്സിൻ അപ്പോയിൻമെൻറ്സ് ഷെഡ്യൂളിങ് ട്രാക്ക് ചെയ്യുന്നു. വേരിഫൈ ചെയ്യാവുന്ന ഡിജിറ്റൽ വാക്സിൻ സർട്ടിഫിക്കേഷൻ നൽകുന്നു. കൂടാതെ, വാക്സിൻ ട്രെൻഡുകളുടെയും വീണ്ടും ഉണ്ടാകുന്ന അണുബാധകളുടെയും വിശകലനം പ്രവർത്തനക്ഷമമാക്കുന്നു. ഇന്ത്യയിലെ മറ്റു പൊതുജനാരോഗ്യ പരിപാടികളും മെച്ചപ്പെടുത്താനായി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാവുന്ന വിവിധ സാധ്യതകളിൽ ഞാൻ ആവേശഭരിതനാണ്. ഇതേ പോലുള്ള പ്ലാറ്റ്ഫോമുകൾ വിജയകരമായ പൊതുജനാരോഗ്യ സംരംഭങ്ങൾ നടപ്പാക്കാൻ മറ്റു രാജ്യങ്ങളെയും സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഏതൊരു ആരോഗ്യ പരിപാടിയുടെയും ഏറ്റവും പ്രധാന ഘടകം ജനങ്ങളുടെ പങ്കാളിത്തമാണ്. ഇന്ത്യൻ ജനത കോവിഡ് വാക്സിനേഷന് വിജയകരമാക്കി. പോളിയോ എലിമിനേഷൻ പ്രോഗ്രാമിൽനിന്നുള്ള അനുഭവത്തിെൻറ അടിസ്ഥാനത്തിൽ, കേന്ദ്രവും സംസ്ഥാന സർക്കാറുകളും ജനങ്ങളെ അണിനിരത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തെറ്റായ വിവരങ്ങളും വിവരങ്ങളുടെ കുറവും പരിഹരിക്കാൻ അത്യാധുനിക ഡിജിറ്റൽ തന്ത്രങ്ങൾ ഉപയോഗിച്ചു. മാസ് മീഡിയ കാമ്പയിനുകളും വാക്സിൻ ഉത്സവങ്ങള്‍ അഥവാ 'മഹോത്സവ'ങ്ങളും നടത്തി. ഇന്ത്യൻ ജനത പ്രതികരിച്ചു.
എത്ര പുരോഗതി ഉണ്ടായാലും, ലോകമെമ്പാടുമുള്ള കൂടുതൽ ആളുകൾ വാക്സിന് എടുത്ത്, രോഗത്തിൽനിന്ന് സ്വയം സംരക്ഷിക്കുകയും പുതിയ വകഭേദങ്ങളുടെ കടന്നുവരവ് മന്ദഗതിയിലാക്കുകയും ചെയ്യുന്നതുവരെ ഈ മഹാമാരിയെ പിന്നിലാക്കാൻ കഴിയില്ലെന്ന് നമുക്കറിയാം. വാക്സിനുകൾ അസമമായി വിതരണം ചെയ്യപ്പെടുന്നത് അഹിതകരമാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ മൂന്നുശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ഒരു ഡോസ് വാക്സിന് ലഭിച്ചിട്ടുള്ളത്. കൂടുതൽ അളവിലും വേഗത്തിലും വാക്സിനുകൾ നിർമിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. അതിനായി വാക്സിനുകളുടെ ആഗോള ഉൽപാദനശേഷി വർധിപ്പിക്കേണ്ടതുണ്ട്. കോവാക്സ്, വാക്സിൻ മൈത്രി സംരംഭങ്ങളിലൂടെ LMICകൾക്ക് കൂടുതല്‍ കോവിഡ് വാക്സിനുകള്‍ നല്‍കുന്നതിനായി വാക്സിൻ കയറ്റുമതി ത്വരിതപ്പെടുത്തിയ ഇന്ത്യ, സഹായത്തിനായി സദാ സന്നദ്ധമാണ്.
ആരോഗ്യ സംവിധാനങ്ങളിലും ഗവേഷണ വികസനത്തിലും ശക്തമായ നേതൃത്വവും സ്ഥിരനിക്ഷേപവും ഉള്ള രാജ്യങ്ങൾക്ക് എങ്ങനെ അവരുടെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്ന് കാണിച്ചുതരുന്നതിലൂടെ ഇന്ത്യ എന്നെ പ്രതീക്ഷാഭരിതനാക്കുന്നു. കഴിഞ്ഞ 18 മാസത്തെ ദാരുണമായ കഷ്ടപ്പാടുകൾ തിരിച്ചെടുക്കാൻ ഒരു മാർഗവുമില്ല. എന്നാൽ, അടുത്ത 18 മാസങ്ങൾ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് നമുക്ക് ഉറപ്പുവരുത്താനാകും.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.