????????? ????????? ????? ??????? ?????????????? ?????????????????

രാജ്യാന്തര വ്യാപാരക്കരാറുകള്‍ അമേരിക്ക പൊളിച്ചെഴുതുമ്പോള്‍

അമേരിക്ക നേതൃത്വം നല്‍കിയ രാജ്യാന്തര കാര്‍ഷിക വ്യാപാര കരാറുകള്‍ പൊളിച്ചെഴുതാന്‍  ശ്രമം തുടങ്ങി. വ്യാപാരരംഗത്ത് ശത്രുക്കളായി കടിച്ചുകീറിയ റഷ്യയും ചൈനയും അമേരിക്കയും കൈകോര്‍ക്കുമ്പോള്‍ ലോക വ്യാപാരചരിത്രത്തില്‍തന്നെ പുത്തന്‍ ചുവടുവെപ്പുകള്‍ക്ക് തുടക്കമാകും. അതേസമയം, ആസിയാന്‍ രാജ്യങ്ങളില്‍ അമേരിക്കക്കുള്ള പ്രത്യേക താല്‍പര്യങ്ങളും പുറത്തുവരുന്നുണ്ട്. ഇന്ത്യയെയും മധ്യ പൂര്‍വ രാജ്യങ്ങളെയും മുഖ്യ കമ്പോളമായി കണ്ടുള്ള സംയുക്ത നീക്കവുമായി ലോകത്തെ വന്‍ ത്രിമൂര്‍ത്തികള്‍ ഒരു കുടക്കീഴില്‍ അണിനിരക്കുമ്പോള്‍ ഇക്കാലംവരെ പലരും സ്വപ്നംകണ്ട രാജ്യാന്തര വ്യാപാരമേഖല പൊളിച്ചടുക്കുകയായി.  

ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍നിന്ന് (ടി.പി.പി) പിന്‍വാങ്ങുമെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ പ്രഖ്യാപനം ചൈനയുടെ നേതൃത്വത്തില്‍ ഇന്ത്യയുള്‍പ്പെടുന്ന സംയോജിത സാമ്പത്തിക പങ്കാളിത്ത (ആര്‍.സി.ഇ.പി) ഉടമ്പടി വേഗത്തിലാകാനുള്ള സാധ്യതയേറുന്നു. പ്രഖ്യാപനം വന്നയുടന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അമേരിക്കയില്ലാത്ത ടി.പി.പി അര്‍ഥമില്ലാത്തതാണെന്ന് തുറന്നടിച്ചു.  മാത്രവുമല്ല, ആര്‍.സി.ഇ.പിയില്‍ അംഗമല്ലാത്ത ഇതരരാജ്യങ്ങള്‍ക്ക് അംഗത്വത്തിനുള്ള അവസരവുമാണ് ലഭിച്ചിരിക്കുന്നത്. 2017 ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്നതിനു മുന്നോടിയായി, അധികാരമേറ്റ് ആദ്യ നൂറുദിവസങ്ങളിലെ നയതീരുമാനങ്ങളെക്കുറിച്ച് നവംബര്‍ 21ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നല്‍കിയ വിശദീകരണത്തിലാണ് ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍നിന്നുള്ള പിന്‍വാങ്ങല്‍ ട്രംപ് സൂചിപ്പിച്ചത്. ടി.പി.പി വലിയ അപകടമാണ് രാജ്യത്തിന് വരുത്തിവെക്കുന്നതെന്നും ഓരോ രാജ്യവുമായി പ്രത്യേക ഉഭയകക്ഷിബന്ധമാണ് അമേരിക്കയുടെ വ്യവസായമേഖലക്കും ജോലിസാധ്യതകള്‍ക്കും ഉപകരിക്കുകയെന്നും വികസ്വര രാജ്യങ്ങളില്‍ തൊഴില്‍ക്കൂലിയുടെ കുറവുകൊണ്ട് കുറഞ്ഞ ഉല്‍പാദനച്ചെലവുമൂലം കാര്‍ഷികോല്‍പന്നങ്ങളുടെ ഇറക്കുമതി കൂടുമെന്നും അമേരിക്കയുടെ മണ്ണില്‍ മറ്റു രാജ്യങ്ങളുടെ വ്യവസായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവില്ളെന്നുമുള്ള നിലപാടിലാണ് ട്രംപ്.

ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്
അമേരിക്കയുടെ നേതൃത്വത്തില്‍ ശാന്തസമുദ്രതീരത്തെ 12 രാഷ്ട്രങ്ങള്‍ ചേര്‍ന്ന സ്വതന്ത്ര വ്യാപാര ഉടമ്പടിയാണ് ട്രാന്‍സ് -പസഫിക് പാര്‍ട്ണര്‍ഷിപ്. 2016 ഫെബ്രുവരി നാലിന് ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡില്‍ അമേരിക്ക, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ചിലി, ബ്രൂണെ, ആസ്ട്രേലിയ, കാനഡ, ജപ്പാന്‍, മലേഷ്യ, മെക്സികോ, പെറു, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചു. തെക്കു കിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ ഗാട്ട് കരാറുകളിലൂടെയും ലോകവ്യാപാര സംഘടനയുടെ ദോഹ ഉടമ്പടികളിലൂടെയും നേടാന്‍ കഴിയാതെ പോയ താല്‍പര്യങ്ങള്‍ നേടിയെടുക്കുകയായിരുന്നു ഒബാമ ഈ വ്യാപാര ഉടമ്പടിയിലൂടെ ലക്ഷ്യമിട്ടത്. ഫലമോ, ജനസംഖ്യകൊണ്ട് ലോകത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യം നിയന്ത്രണങ്ങളില്ലാത്ത ആഗോളവിപണിക്കായി തുറക്കപ്പെടും. ഇത് ചുങ്കമില്ലാത്ത ഇറക്കുമതിക്ക് കളമൊരുക്കും. അന്താരാഷ്ട്ര ഏജന്‍സികള്‍ ഇന്ത്യന്‍ വിപണിയില്‍ വില നിശ്ചയിക്കുന്ന സാഹചര്യമുണ്ടാകും. അംഗരാഷ്ട്രങ്ങളില്‍ നിന്നുള്ള മൂലധന ഒഴുക്ക് നിയന്ത്രണങ്ങളില്ലാതെ നിര്‍ബാധം തുടരുക മാത്രമല്ല, ഊഹക്കച്ചവടങ്ങള്‍ പൊടിപൊടിക്കും. അന്താരാഷ്ട്ര കോര്‍പറേറ്റുകളുടെ അടിമകളായി കോടിക്കണക്കിന് കര്‍ഷകമക്കളെ നിത്യദുരിതത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. പാര്‍ട്ണര്‍ഷിപ്പില്‍നിന്ന് അമേരിക്ക പിന്മാറിയാല്‍ ആ വിടവില്‍ ചൈന കയറുമെന്ന് ഉറപ്പാണ്.  വെറും പ്രവേശനമായിരിക്കുകയില്ല, പാര്‍ട്ണര്‍ഷിപ്പിന്‍െറ നേതൃത്വവും ചൈനയുടെ കൈകളിലത്തെും.  സ്വാഭാവികമായും ഇന്ത്യക്കും നിലനില്‍പിനായി ടി.പി.പിയില്‍ അംഗരാജ്യമാകേണ്ടിവരും. ഫലമോ? ഇന്ത്യയുടെ കാര്‍ഷിക മേഖലയുടെ നടുവൊടിയുക മാത്രമല്ല, അംഗരാജ്യങ്ങള്‍ക്ക് സ്വതന്ത്രവ്യാപാരത്തിലൂടെ നികുതിരഹിത ഇറക്കുമതിക്ക് വിപണി തുറന്നുകൊടുക്കേണ്ട സാഹചര്യവും ഉദിക്കും.  

സാമ്പത്തിക പങ്കാളിത്ത ഉടമ്പടി
ഗാട്ട് കരാറും ലോകവ്യാപാര സംഘടനയുടെ നിബന്ധനകളും ആസിയാന്‍ കരാറും നിലനില്‍ക്കെ നിലവില്‍ അമേരിക്ക നയിക്കുന്ന ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പിന് ബദല്‍ സംവിധാനമൊരുക്കിയാണ് ചൈനയുടെ നേതൃത്വത്തില്‍ സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി രൂപപ്പെടുന്നത്. ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയുള്‍പ്പെടെ ആറ് രാഷ്ട്രങ്ങളും അണിചേര്‍ന്ന ഈ അന്താരാഷ്ട്ര കരാറിലൂടെ സ്വതന്ത്രവ്യാപാരത്തിന്‍െറ പുതിയ വാതിലുകള്‍ തുറക്കപ്പെടുമ്പോഴും പ്രതിസന്ധിയിലാകുന്നത് ഇന്ത്യയുടെ കാര്‍ഷിക മേഖലയാണ്.

10 തെക്കുകിഴക്ക് ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് നേഷന്‍സ് അഥവാ ആസിയാനില്‍  മലേഷ്യ, ലാവോസ്, ഇന്തോനേഷ്യ, കംബോഡിയ, മ്യാന്മര്‍, ബ്രൂണെ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, ന്യൂസിലന്‍ഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളും ആര്‍.സി.ഇ.പി ഉടമ്പടിയിലുണ്ട്. ഇതിനകം 16 റൗണ്ട് ഉദ്യോഗസ്ഥ ചര്‍ച്ചകളും നാലു മന്ത്രിതല ചര്‍ച്ചകളും പൂര്‍ത്തിയായി. 8000-9000 ഇനങ്ങള്‍ക്ക് 80 ശതമാനം നികുതി ഇല്ലാതാക്കാന്‍ അംഗരാജ്യങ്ങള്‍ ഏകദേശ ധാരണയിലത്തെി.  ആസിയാന്‍ രാജ്യങ്ങളിലുള്ള നികുതിയിളവ് 92 ശതമാനമാണ്.  ആത്യന്തികമായ നികുതിരഹിത ഇറക്കുമതിയാണ് കരാറിന്‍െറ ലക്ഷ്യം. നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ പ്രഖ്യാപനം ചൈനയുടെ ആവേശമുയര്‍ത്തി. ചൈനയുടെയും ആസിയാന്‍ രാജ്യങ്ങളുടെയും നേതൃത്വത്തിലുള്ള ആര്‍.സി.ഇ.പിയെ എതിര്‍ക്കാനും ഉടമ്പടി ലോകവ്യാപാരത്തിലുണ്ടാക്കുന്ന മേധാവിത്വത്തിന് തടയിടാനുമാണ് ഒബാമയുടെ പ്രത്യേക താല്‍പര്യത്തില്‍ ടി.പി.പി രൂപം കൊണ്ടതെങ്കിലും അമേരിക്കയിലെ ഭരണമാറ്റം ഉടമ്പടിയില്‍ പൊളിച്ചെഴുത്തുണ്ടാക്കുമെന്നാണ് സൂചനകള്‍.

ഏഷ്യ–പസഫിക് ഇക്കണോമിക് കോഓപറേഷന്‍
അമേരിക്കയും ചൈനയും റഷ്യയും കാനഡയും ആസ്ട്രേലിയയും ഉള്‍പ്പെടെ ഏഷ്യയിലെയും പസഫിക് മേഖലകളിലെയും 21 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപറേഷന്‍.  1989ല്‍ ആസ്ട്രേലിയയില്‍ ചേര്‍ന്ന അംഗരാജ്യങ്ങളുടെ സമ്മേളനം സ്വതന്ത്രവ്യാപാരത്തിനും സാമ്പത്തിക സഹകരണത്തിനുമുള്ള വേദിയായി ‘അപെകി’നെ ലക്ഷ്യംവെക്കുന്നു. അമേരിക്കയുടെ നോട്ടത്തില്‍ പസഫിക് മേഖലയില്‍ സാമ്പത്തിക പങ്കാളിത്തം സജീവമാക്കി നിലനിര്‍ത്താനുള്ള കൂട്ടായ്മയാണിത്.  25 വര്‍ഷമായി ഈ സാമ്പത്തിക കൂട്ടായ്മയില്‍ പങ്കുചേരാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.  കഴിഞ്ഞ ജൂലൈയില്‍ ബ്രസീലിലെ ഫോര്‍ട്ടാലിഡയില്‍ ചൈനീസ് പ്രസിഡന്‍റ് ഷി  ജിന്‍ പിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയെ ‘അപെക്’സമ്മേളനത്തിലെ നിരീക്ഷകനാക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും നടന്നില്ല.  ഇന്ത്യയെ ഉള്‍ക്കൊള്ളിക്കാതെ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുചെല്ലാനുള്ള തന്ത്രങ്ങളാണ് അപെക് അംഗരാജ്യങ്ങള്‍ പരീക്ഷിക്കുന്നത്.  ലോക സാമ്പത്തിക വ്യവസ്ഥയിലും പങ്കാളിത്തത്തിലും ജനസംഖ്യയിലും സാമ്പത്തിക വളര്‍ച്ചയിലും ചൈനയെ അവഗണിക്കാന്‍ ലോകരാജ്യങ്ങള്‍ക്കൊന്നും സാധിക്കാത്ത സാഹചര്യത്തില്‍ അമേരിക്കയും ചൈനയും കൈകോര്‍ത്താല്‍ അദ്ഭുതപ്പെടാനില്ല.  ചൈന നേതൃത്വം കൊടുക്കുന്ന ആര്‍.സി.ഇ.പി സജീവമാക്കി  ബദലായി വന്ന ടി.പി.പിയില്‍നിന്ന് പിന്‍വലിയാനുള്ള ഡോണള്‍ഡ് ട്രംപിന്‍െറ തീരുമാനം ചൈനയുമായി വ്യാപാരമേഖലയില്‍ തുറന്ന പോരിനില്ളെന്നതിന് സൂചനയാണ്.  

എന്നത്തേതിലും കൂടുതല്‍ ഊഷ്മളമായി ചൈന-യു.എസ് വ്യാപാരബന്ധങ്ങള്‍ തുടരുമെന്നാണ് നവംബര്‍ 18ന് അവസാനിച്ച ഏഷ്യ-പസഫിക് സമ്മേളനം നല്‍കുന്ന സൂചന. ആസിയാന്‍ രാജ്യങ്ങളെ നേരിട്ടു ബന്ധപ്പെടാനും വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.  ആസിയാന്‍ രാജ്യങ്ങള്‍ മിക്കവയും ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ അമേരിക്കയുടെ പങ്കാളികളുമാണ്. ടി.പി.പിയില്‍നിന്ന് പിന്‍വാങ്ങിയാല്‍പോലും ആസിയാന്‍ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം അമേരിക്ക കൂടുതല്‍ ശക്തമായി തുടരും.

ഇന്ത്യ അമേരിക്ക ട്രേഡ് പോളിസി ഫോറം
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 14,15 തീയതികളില്‍ ഗോവയില്‍ ചേര്‍ന്ന ബ്രിക്സ് ഉച്ചകോടിയില്‍ റഷ്യയുമായി പ്രതിരോധത്തിലുള്‍പ്പെടെ വന്‍ വ്യാപാര കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു.  റഷ്യയുമായുള്ള ഉഭയകക്ഷി വ്യാപാരബന്ധം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.  അമേരിക്കയുമായും കോടികളുടെ പ്രതിരോധ കരാര്‍ ഇന്ത്യക്കുണ്ട്.  എന്നാല്‍, സ്വതന്ത്ര വ്യാപാര കരാറില്ല.  ലോകവ്യാപാര സംഘടനയിലെ അംഗരാജ്യങ്ങളെന്ന നിലയിലുള്ള ബന്ധവും 10 വര്‍ഷമായി ഇരുരാജ്യങ്ങളുമായി തുടരുന്ന മന്ത്രിതല വാണിജ്യ ചര്‍ച്ചകളും തീരുമാനങ്ങളും പ്രതീക്ഷയേകുന്നു.  ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള ട്രേഡ് പോളിസി ഫോറത്തിന്‍െറ  10ാമത് മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു.  ഒബാമയും മോദിയും കഴിഞ്ഞ നാളുകളില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായി സാമ്പത്തിക വ്യാപാര കാര്‍ഷിക മേഖലയിലെ സഹകരണം മെച്ചപ്പെടുത്താനുള്ള കര്‍മപദ്ധതികള്‍ക്ക് മന്ത്രിതല സമ്മേളനം കരടുരേഖ തയാറാക്കിയെങ്കിലും അമേരിക്കയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ട്രേഡ് പോളിസി ഫോറത്തിന്‍െറ ഭാവി അനിശ്ചിതത്വത്തിലാകാം.  ബൗദ്ധികസ്വത്തവകാശം, കാര്‍ഷിക ഇറക്കുമതി എന്നിവ സംബന്ധിച്ച്  ട്രേഡ് പോളിസി ഫോറത്തില്‍ തീരുമാനങ്ങളായിട്ടില്ല.  അതേസമയം, അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏഷ്യ-പസഫിക് സാമ്പത്തിക കോഓപറേഷനിലും ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പിലും ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല.  

വിദേശ കുടിയേറ്റത്തെ നിയന്ത്രിക്കുമെന്ന ട്രംപിന്‍െറ നിലപാട്  ഇന്ത്യക്ക് ഭാവിയില്‍ സേവനമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കപ്പെടാം.  കാരണം പുത്തന്‍ രാജ്യാന്തര ഉടമ്പടികളെല്ലാം ഒറ്റ കരാറിലൊതുങ്ങുന്നില്ല.  ചരക്കുവ്യാപാരം, സേവനമേഖലകള്‍, രാജ്യാന്തര നിക്ഷേപം, സാമ്പത്തിക സാങ്കേതിക സഹകരണങ്ങള്‍, മത്സരക്ഷമത, സാമ്പത്തിക വ്യാപാരപ്രശ്ന പരിഹാരവേദി എന്നിവയെല്ലാം ചേര്‍ന്ന പാക്കേജാണ് പുത്തന്‍ വ്യാപാര കരാറുകള്‍. അമേരിക്കയിലെ ഭരണമാറ്റം ആഗോള വ്യാപാര കാര്‍ഷിക ഉടമ്പടികളില്‍ ഒട്ടേറെ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.  ഇതിന്‍െറ പ്രതിഫലനങ്ങള്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയിലും കാര്‍ഷികോല്‍പന്ന ഇറക്കുമതിയിലും ഉണ്ടാകും.  ആഭ്യന്തര കാര്‍ഷിക വിപണിയെ ശക്തിപ്പെടുത്താനും ഉല്‍പാദന സംഭരണ സംസ്കരണ വിപണന തലങ്ങളില്‍ നിക്ഷേപവും ആഗോള വിപണിയില്‍ മത്സരക്ഷമതയും കൈവരിക്കാന്‍ കര്‍ഷകരെ സജ്ജരാക്കാനും ഇന്ത്യക്കായില്ളെങ്കില്‍ രാജ്യാന്തര കാര്‍ഷിക കുത്തകകള്‍ക്കായി ഇന്ത്യയുടെ കാര്‍ഷിക മേഖല തീറെഴുതപ്പെടും.
(ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലാണ് ലേഖകന്‍)

Tags:    
News Summary - international trade treaty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.