വദ്ഗാം മണ്ഡലത്തിലെ ചാപ്പിയിൽ ജിഗ്നേഷ് മേവാനിയെ കാണാനെത്തിയ ജനങ്ങൾ

'ഗുജറാത്തിെൻറ ഗതി മാറ്റും ഈ നിശ്ശബ്ദ തരംഗം'

രാജ്യം കൈപ്പിടിയിലാണെന്ന് ഊറ്റംകൊള്ളുന്ന ഭരണകൂട ഉന്നതർ ഭയക്കുന്ന ഒരു യുവ നേതാവുണ്ട് ഗുജറാത്തിൽ. ദലിത് ആത്മാഭിമാന പ്രഘോഷണമായി മാറിയ ഉനയിലെ അസ്മിത യാത്രയുടെ നായകൻ, 2017ൽ സ്വതന്ത്ര സ്ഥാനാർഥിയായി കോൺഗ്രസ് പിന്തുണയോടെ വദ്ഗാം നിയമസഭ മണ്ഡലം പിടിച്ച ജിഗ്നേഷ് മേവാനി. കഴിഞ്ഞ തവണ പ്രചാരണത്തിന് ഒപ്പംനടന്ന ഉമർ ഖാലിദ്, ഖാലിദ് സൈഫി തുടങ്ങിയ ആക്ടിവിസ്റ്റുകളിപ്പോൾ ജയിലിലാണ്. ജിഗ്നേഷിനെയും കേസുകെട്ടുകളാൽ തളക്കാൻ ശ്രമമുണ്ടായി. കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും വദ്ഗാമിൽ ജനവിധി തേടുന്ന ഇദ്ദേഹം സംസ്ഥാനത്തെ മറ്റു കോൺഗ്രസ് നേതാക്കളിൽനിന്ന് വ്യത്യസ്തമായി സദാ സമയവും താഴേത്തട്ടിലെ പ്രവർത്തകർക്കൊപ്പമാണ്. ബിൽകീസ് ബാനുവും അംബേദ്കറും ഭരണഘടനയുമെല്ലാം ജിഗ്നേഷിന് തെരഞ്ഞെടുപ്പ് വിഷയങ്ങളുമാണ്. ചാപ്പിയിലെ പ്രചാരണത്തിനിടെ ജിഗ്നേഷ് മേവാനി മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്:

2017ലെ ആക്ടിവിസ്റ്റ് സ്വതന്ത്ര സ്ഥാനാർഥിയിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയിലേക്കുള്ള ഈ മാറ്റം എങ്ങനെയുണ്ട്?

2017ൽ സ്വതന്ത്ര സ്ഥാനാർഥിയായി വദ്ഗാമിൽ ജയിച്ചതിൽപിന്നെ മണ്ഡലത്തിലെ എല്ലാ ഗ്രാമങ്ങളിലും മൂന്നു നാലു തവണയെങ്കിലും പോയിട്ടുണ്ട്. ഈ അഞ്ചു വർഷവും രാഷ്ട്രീയ പ്രവർത്തനത്തിനല്ലാതെ മറ്റൊരു ഏർപ്പാടിനും ഞാൻ പോയിട്ടില്ല. ഒരളവോളം രാഷ്ട്രീയത്തിന്റെ വ്യാകരണമൊക്കെ പഠിച്ചു. ഈ കാലയളവിൽ കോൺഗ്രസ് പോലെ ആഴത്തിൽ വേരുകളുള്ള ഒരു പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാനായത് ഏറെ ഗുണകരമായി.

2017നേക്കാൾ നല്ല അവസ്ഥയിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബൂത്ത് തലത്തിൽ മെച്ചപ്പെട്ട ആസൂത്രണമുണ്ട്. എല്ലാ ഓരോ പഞ്ചായത്തിലും 'ജൻമിത്ര്'ഉണ്ട്. കോൺഗ്രസും മെച്ചപ്പെട്ട നിലയിലാണ്. നിശ്ശബ്ദ തരംഗം പാർട്ടിക്ക് അനുകൂലമായി മാറും. നിയമസഭയിൽ ഭൂരിപക്ഷം നേടും.

പക്ഷേ, പ്രചാരണ രംഗത്ത് കോൺഗ്രസിനെ കാണാൻ പോലുമില്ലെന്ന് പറയുന്നവരുണ്ടല്ലോ?

ജനങ്ങൾക്ക് അത്തരം ആക്ഷേപമൊന്നുമില്ല. പക്ഷേ, മാധ്യമപ്രവർത്തകർക്കിടയിൽ അത്തരമൊരു സംസാരമുണ്ട്. വസീം അക്രമിന് അദ്ദേഹത്തിന്റെ സ്പിൻ എന്നപോലെ തെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസിന് അതിന്റെതായ വേഗതയും താളവും രീതിയുമൊക്കെയുണ്ട്.

അതെങ്ങനെ, കോൺഗ്രസ് നിശ്ശബ്ദ പ്രചാരണമാണോ നടത്തുന്നത്?

പ്രചാരണം അത്രത്തോളം നിശ്ശബ്ദമല്ല. കോൺഗ്രസും നിശ്ശബ്ദമല്ല. ജനങ്ങളാണ് നിശ്ശബ്ദർ. എന്റെ കാഴ്ചപ്പാടിൽ ഗുജറാത്തിൽ ഒരു നിശ്ശബ്ദ തരംഗമുണ്ട്. കാരണം ജനങ്ങൾ അങ്ങേയറ്റം നിരാശരാണ്. ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്.

വിലക്കയറ്റം വലിയൊരു വിഷയമാണ്. തൊഴിലില്ലായ്മ കടുത്ത ആശങ്കയാണ്. പരീക്ഷ പേപ്പറുകൾ ചോർന്നുകൊണ്ടിരിക്കുന്നു. ഈ വിഷയങ്ങളിലാണ് കോൺഗ്രസ് കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞമാസം വടക്കൻ ഗുജറാത്ത്, തെക്കൻ ഗുജറാത്ത്, മധ്യഗുജറാത്ത്, സൗരാഷ്ട്ര, കച്ച് എന്നിങ്ങനെ അഞ്ച് മേഖലകളാക്കിത്തിരിച്ച് കോൺഗ്രസ് 'പരിവർത്തൻ സങ്കൽപ് യാത്ര നടത്തി.

അതിനു മുമ്പ് യൂത്ത് കോൺഗ്രസ് ആദിവാസി - ദലിത് മേഖലകളെ കേന്ദ്രീകരിച്ച് അംബാച്ചിൽ നിന്ന് ഉമർഗാമിലേക്ക് പരിവർത്തൻ റാലി നടത്തി. എല്ലാ ഗോത്രമേഖലകളും കടന്ന് സൗരാഷ്ട്ര വഴി ആ റാലി തെക്കൻ ഗുജറാത്തിലെത്തി. ഭാരത് ജോഡോ യാത്ര തുടങ്ങുന്നതിന് മുന്നോടിയായി രാഹുൽ ഗാന്ധി പിന്തുണ തേടി അഹ്മദാബാദിൽ വന്നു.

അതിനുശേഷം 65,000 ദലിതുകളെ സംഘടിപ്പിച്ച് ഗാന്ധി നഗറിൽ റാലി നടത്തി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ എന്തു ചെയ്യുമെന്ന് വിശദീകരിച്ച് 'ദലിത് അധികാർ സത്യഗ്രഹ്'എന്നപേരിൽ ദലിതുകൾക്കിടയിൽ കാമ്പയിൻ നടത്തി. ഇതേ തരത്തിൽ ആദിവാസികൾക്കിടയിലും കാമ്പയിൻ നടന്നു.

40 നിയമസഭ മണ്ഡലങ്ങളിൽ ദലിതുകളെയും ആദിവാസികളെയും മാത്രം ലക്ഷ്യമിട്ടുള്ള പ്രത്യേക പ്രചാരണ പരിപാടി നടന്നു. ഈ തരത്തിൽ വ്യവസ്ഥാപിതമായി അടിത്തട്ടിലുള്ള പ്രചാരണ പ്രവർത്തനമാണ് കോൺഗ്രസ് നടത്തിയത്. ഇത്രയൊക്കെ പ്രചാരണങ്ങൾ നടത്തിയിട്ടും കോൺഗ്രസ് എവിടെയാണെന്ന് ചോദിക്കുന്നത് മാധ്യമങ്ങളുടെ പ്രവണതയാണ്.

ആം ആദ്മി പാർട്ടി ഈ തെരഞ്ഞെടുപ്പിനെ ത്രികോണ മത്സരമാക്കിയിട്ടുണ്ടല്ലോ, അവർക്ക് എത്രമാത്രം സ്വാധീനമുണ്ട്?

ആപ് സ്വാധീനം സോഷ്യൽ മീഡിയയിൽ മാത്രമേയുള്ളൂ. താഴേത്തട്ടിൽ അതില്ല. അവർക്ക് ബൂത്തിലാളുകളില്ല. താഴേത്തട്ടിൽ പ്രവർത്തിക്കാൻ കേഡറുകളുമില്ല. സോഷ്യൽ മീഡിയ കാമ്പയിൻകൊണ്ട് ഈ തെരഞ്ഞെടുപ്പ് ജയിക്കാനാവില്ല. അവർക്ക് ഒരു സീറ്റ് പോലും ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല. വളരെ ആത്മാർഥമായും വസ്തുതാപരവുമായാണ് ഞാനിത് പറയുന്നത്.

ആം ആദ്മി പാർട്ടി ഉന്നയിച്ച വിഷയങ്ങൾ, അവർ ഇറക്കിയ ഗാരന്റി കാർഡ് എന്നിവയെല്ലാം ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ചർച്ചയായല്ലോ?

അത് ശരിയാണ്. അവർക്ക് ധാരാളം പണമുണ്ട്. പി.ആർ വർക്കിൽ അവർ ധാരാളം പണമിറക്കുന്നുമുണ്ട്. അതിനാൽ അവരുടെ അവകാശവാദങ്ങളും വാഗ്ദാനങ്ങളും ജനങ്ങൾക്കിടയിൽ ചർച്ചയാണ്. അതേസമയം, ജനങ്ങൾക്ക് വിവേകമുണ്ട്. അവരെ വിഡ്ഢികളാക്കാനാവില്ല.

ആപ് കോൺഗ്രസിന്റെ വോട്ടുകൾ നശിപ്പിക്കില്ലെന്നാണോ താങ്കൾ പറയുന്നത് ?

കോൺഗ്രസിന്റെ സാധ്യതകളെ നശിപ്പിക്കുന്നവരായേക്കാം. ബി.ജെ.പിയുടെ സാധ്യതകളെയും അവർ നശിപ്പിച്ചേക്കാം. ചില പോക്കറ്റുകളിൽ കോൺഗ്രസിന്റെ സാധ്യതകൾ ആപ് തകർക്കുകയാണെങ്കിൽ അവർ ഫാഷിസത്തിനെതിരെ പോരാടാൻ പോകുന്നില്ല എന്ന ആരോപണത്തെ അത് ശരിവെക്കും. ഭരണഘടനയും ജനാധിപത്യ അവകാശങ്ങളും വ്യവസ്ഥാപിതമായി ആക്രമിക്കപ്പെടുമ്പോൾ ഇത്തരം കാര്യങ്ങൾ അവർ ചെയ്യാൻ പാടില്ല.

ആ നിലക്ക് അവർ ഹിന്ദുത്വയുമായി ചേർന്നുനിൽക്കുകയാണെന്നാണോ പറയുന്നത്?

അതെ.

സൂറത്തിലും സൗരാഷ്ട്രയിലുമുള്ളതു പോലൊരു ആപ് സാന്നിധ്യം രണ്ടാംഘട്ട മണ്ഡലങ്ങളിൽ കാണുന്നില്ല. രണ്ടാംഘട്ടം കോൺഗ്രസിന് ഒന്നാം ഘട്ടത്തേക്കാൾ ആയാസകരമാകുമോ?

സൗരാഷ്ട്രയിലും തെക്കൻ ഗുജറാത്തിലുമെല്ലാം കോൺഗ്രസിന് സ്വാധീനമുണ്ട്. അതിനാൽ ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പുകൾ തമ്മിൽ എനിക്കൊരു വ്യത്യാസവും തോന്നുന്നില്ല. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വടക്കൻ ഗുജറാത്തിനെപോലെ സൗരാഷ്ട്രയിലും കോൺഗ്രസിന് സീറ്റുകൾ വർധിച്ചിട്ടുണ്ട്.

സൗരാഷ്ട്ര ഒന്നാംഘട്ടത്തിലും വടക്കൻ ഗുജറാത്ത് രണ്ടാം ഘട്ടത്തിലുമാണല്ലോ.ആ അർഥത്തിൽ പ്രത്യേക വ്യത്യാസമൊന്നും തോന്നുന്നില്ല. മാത്രമല്ല, സൗരാഷ്ട്രയിലായാലും വടക്കൻ ഗുജറാത്തിലായാലും ജനം നേരിടുന്ന പ്രശ്നങ്ങൾ ഒരു പോലെയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും എല്ലാവരും അഭിമുഖീകരിക്കുന്നുണ്ട്.

രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും പ്രചാരണങ്ങളിൽ വേണ്ടത്ര കാണാനില്ലല്ലോ. കോൺഗ്രസിന്റെ താരപ്രചാരകരും കുറവാണെന്ന് ആക്ഷേപമുണ്ടല്ലോ?

കനയ്യ കുമാറും ഇംറാൻ പ്രതാപ്ഗഢിയും ഭൂപേൽ ബാഗലും അശോക് ഗെഹ്ലോട്ടും മിലിന്ദ് ദേവ്റയും അടക്കമുള്ളവർ ഇവിടെയുണ്ട്. എന്നിട്ടും എന്തൊരു ചോദ്യമാണിത്. ഇവരെല്ലാമുണ്ടായിട്ടും ആരും വരുന്നില്ലെന്ന് പറയുന്നത് മുഖ്യധാരാ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നരേറ്റിവ് ആണ്.

Tags:    
News Summary - interview with jignesh mevani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.