സുഭാഷ് ഗുപ്തെ  ഗാരി സോബേഴ്സ്

ഐ.പി.എൽ; ഒരു പഴഞ്ചൻ ക്രിക്കറ്റ്​ പ്രേമിയുടെ വിയോജനക്കുറിപ്പ്

വേണമെങ്കിൽ നിങ്ങളെന്നെ വംശനാശം സംഭവിച്ച അറുപഴഞ്ചൻ ദിനോസറെന്ന്​ വിളിച്ചോളൂ. എങ്കിലും ഞാൻ തുറന്നു പറയ​ട്ടെ, ചങ്ങാതിമാർ, കുടുംബം- പ്രത്യേകിച്ച്​, പേരക്കുട്ടി എന്നിവരുടെ ഭാഗത്തുനിന്നു കടുത്ത സമ്മർദമുണ്ടായിട്ടും ഒരു അമച്വർ ക്രിക്കറ്റ് ആരാധകനെന്ന നിലക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് എനിക്കത്ര ബോധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, ​ടി.വിയിൽ അസാധാരണമായ എന്തോ സംഭവിക്കുമ്പോൾ ബെഡിൽ അള്ളിപ്പിടിച്ചിരിക്കെ ഒരാൾ പിന്നെയും വീഴുംപോലെയാണത്.

അവിശ്വസനീയമാംവിധം മനസ്സ് പിടിച്ചുനിർത്തുന്നതാണ് ഈ കളി. ശുഭ്മാൻ ഗിൽ പേസും സ്പിന്നും ഒരുപോലെ അടിച്ചുതകർക്കുന്നു, അതും സാധാരണ അടിയല്ല. കാല് നിലംവിട്ട് പൊങ്ങിയാണ് ബാറ്റിങ്. ജ്യാമിതീയ കൃത്യത അക്ഷരാർഥത്തിൽ പാലിച്ച് ഫീൽഡർമാ​രെ കാഴ്ചക്കാരാക്കി അവർക്കിടയിലൂടെയാണ് അടിച്ചിടുന്നത്.

ബാക്ഫൂട്ടിൽ കട്ട് ചെയ്തും പുൾഷോട്ട് പായിച്ചും ബാലെ നർത്തകനെ പോലെ കാലിൽനിന്ന് ഹൂക് ചെയ്തും... അങ്ങനെയെല്ലാമെല്ലാം. അയാൾ അണിഞ്ഞ വേഷ​മൊഴിച്ചൊന്നും ക്ലാസിക്കെന്ന് പറയാനാവാത്തതില്ല. ഐ.പി.എല്ലിന്റെ ഒന്നാമത്തെ പ്രശ്നം വേഷഭൂഷകളിലെ പളപളപ്പാണ്. പച്ചപ്പുൽമൈതാനങ്ങളിലെ വെള്ളയുടുപ്പ് എന്ന നിഷ്‍കൽമഷമായ നിറക്കൂട്ടിനുപകരം വർണ ഘോഷയാത്രയാണത്.

എന്റെ ഓർമയിലെ ക്രിക്കറ്റിന് സ്കൂൾ കാലത്തോളം പഴക്കമുണ്ട്. സന്ദർശക ടീമിനെ പ്രഖ്യാപിക്കപ്പെട്ടയുടൻ ​എന്റെ കൈയിലെ ചിത്രങ്ങളൊട്ടിക്കുന്ന പുസ്തകം ഒരു ബ്രോഡ്ഷീറ്റിന്റെ വലുപ്പമായി മാറിയ കാലം. ആദ്യ സന്നാഹമത്സരം പുണെയിലായിരുന്നു. ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഇലവനാണ് എതിരാളികൾ. അതുകഴിഞ്ഞ് അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര. ഇതൊക്കെ എന്തുകൊണ്ടാകും നമ്മൾക്ക് നഷ്ടമായത്? എല്ലാം തലസ്ഥാന നഗരങ്ങളിലായിരുന്നു കളി. കാൺപുർ മാത്രമായിരുന്നു അപവാദം.

   മഖ്സൂദ് അഹ്മദ്  നീൽ ഹാർവി

യു.പിയുടെ തലസ്ഥാനമായിരുന്ന ലഖ്നോ എന്തുകൊണ്ട് അവഗണിക്കപ്പെട്ടു? ലഖ്നോ ടെസ്റ്റ് വേദിയാകാതെ പോയത് പഴയ 1857ലെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നടത്തിയ കടുത്ത ചെറുത്തുനിൽപിനുള്ള ശിക്ഷകൂടിയായിട്ടായിരുന്നു. ബ്രിട്ടീഷുകാർ മറ്റു പലതും നിഷേധിച്ചപോലെ സുപ്രധാനമായൊരു കായിക വേദി നിഷേധവും.

ഹൈകോടതിയും മുൻനിര വാഴ്സിറ്റിയും അലഹബാദിലേക്ക് മാറ്റിയതും വ്യവസായങ്ങൾ കാൺപുരിലാക്കിയും പോലെ- അതുകൊണ്ടുതന്നെ അവിടെയുള്ള ഗ്രീൻ പാർക് മൈതാനവും തിരഞ്ഞെടുക്കപ്പെട്ടു.

ടെസ്റ്റ് ക്രിക്കറ്റുമായി എന്റെ അടുപ്പവും ഇഷ്ടവും ഈ ഇന്ത്യ- വിൻഡീസ് പരമ്പരയോടെ നാന്ദി കുറിക്കപ്പെടുകയായിരുന്നു. പച്ചക്കെതിരെ വെള്ളക്കുപ്പായക്കാർ. പന്തെറിയാനായി വെസ്ലി ഹാളിന്റെ മാരകമായ അതിവേഗ ഓട്ടം. ചിലപ്പോൾ വലത്തോട്ട് കുത്തിത്തിരിയുന്ന സുഭാഷ് ഗുപ്തെയുടെ ലെഗ് ബ്രേക്കുകൾ... എല്ലാം നയനമനോഹരമായ അനുഭവങ്ങൾ. ആ കളിയിൽ ഗുപ്തെ ഒമ്പത് വിക്കറ്റാണ് സ്വന്തമാക്കിയത്.

കോൺറാഡ് ഹൺടെ, ഹോൾട്ട്, കാഞ്ഞായി, സോബേഴ്സ്, ബുച്ചർ എന്നിവരടങ്ങിയ ലൈനപ്പിനെതിരെ കളിക്കാനാകുമായിരുന്നില്ല. എന്നാൽ, ആദ്യ ഇന്നിങ്സിൽ തന്നെ ആ വിഷയം തീർന്നു. ഗുപ്തയെ സോബേഴ്സ് ഷെയിൻ വോണുമായാണ് തുലനം ചെയ്തിരുന്നത് എന്നോർക്കണം. ഇരുവരുടെയും കളി അദ്ദേഹം കണ്ടിരുന്നു.

ഇരുവരുടെയും പന്തുകളിലെ അസാധ്യമായ ടേൺ ശരിക്കും ഒരുപോലെയാണെന്ന് ഞാനും വിശ്വസിക്കുന്നു. അതിലിപ്പോഴും അവശേഷിക്കുന്ന ഒരു സ്മൃതി ചിത്രം രോഹൻ കാഞ്ഞായിയുടെ ബാറ്റിങ് വെടിക്കെട്ടായിരുന്നു. എന്റെ ജീവിതത്തി​ൽ ഇപ്പോഴും സന്തോഷത്തോടെ ഓർക്കുന്ന മൂന്നിൽ ഒന്ന്. ഈ മൂന്നും സെഞ്ച്വറി കടക്കാത്തതാണെന്നത് വേറെ കാര്യം.

ഞാൻ ​സൂചിപ്പിച്ച പോലെ ഗുപ്തെയുടെ മാരക ഫോം വെസ്റ്റ് ഇൻഡീസ് ഇന്നിങ്സ് 222ൽ തീർത്തു. ക്രിക്കറ്റിലെ യാദൃച്ഛികത്വമാകാം, ഇന്ത്യയും 222ന് തന്നെ പുറത്തായി. രണ്ടാം ഇന്നിങ്സ് തുടങ്ങാനായി ഹണ്ടെയും ഹോൾട്ടും മൈതാനത്തിറങ്ങുമ്പോൾ ഒറ്റ ഇന്നിങ്സിന് മാത്രമുള്ള കളി എന്ന തലത്തിലേക്ക് ഈ ടെസ്റ്റ് മാറിക്കഴിഞ്ഞിരുന്നു. എന്നാൽ, ഞൊടിയിടയിലായിരുന്നു കാര്യങ്ങൾ.

ഹോൾട്ട് സംപൂജ്യനായി മടങ്ങി. ഹണ്ടെയും തിരികെ പവലിയനിലെത്തി, അതും പൂജ്യത്തിന്. രണ്ടു വിക്കറ്റും കൈക്കലാക്കിയത് പകരമിറങ്ങിയ ഓപണിങ് ബൗളറായ പോളി ഉംറിഗർ. ഹോൾട്ടിന്റെ വിക്കറ്റ് വീണതോടെ എത്തിയ കാഞ്ഞായി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നില്ല. മറുവശത്ത്, ഹണ്ടെയുടെ പിൻഗാമി ഗാരി സോബേഴ്സും. മൈതാനം നിശ്ശബ്ദമാണ്. കാണികൾ വിരലമർത്തിക്കടിച്ച് മരപ്പലകകളിൽ കണ്ണുംനട്ടിരിക്കുന്നു.

പിന്നീടൊരിക്കലും ഓപണിങ് ​ബൗളറെന്ന നിലക്ക് തിളങ്ങാനാവാത്ത ഉംറിഗർക്ക് ഓവർ അവസാനിപ്പിക്കാൻ ഇനിയുമുണ്ട് പന്തുകൾ. ബാറ്റിൽ കോംപസ് ഘടിപ്പിച്ചവന്റെ ചാരുതയോടെ ഫീൽഡർമാർക്ക് മധ്യത്തിലൂടെ കാഞ്ഞായിയുടെ കവർ ഡ്രൈവ്. പിറകെ ഒരു ഓൺ ഡ്രൈവ്, സ്ക്വയർ കട്ട്, പുൾ, ലെഗ് ഗ്ലാൻസ്.. ഒന്നും ഫീൽഡർമാർക്ക് പിടികൊടുക്കാതെ പച്ചപ്പുല്ലിനെ തഴുകി ബൗണ്ടറി ലൈൻ തൊട്ടു.

മറുവശത്ത്, എല്ലാം നോക്കിനിൽപാണ് സോബേഴ്സ്. അതിവേഗം 40 കടന്ന കാഞ്ഞായിയുടെ ബാറ്റിങ് കണ്ടാൽ ബൗളിങ് ഒട്ടും അപകടകര​മല്ലെന്നു തോന്നും. സോബേഴ്സ് അടിച്ചടിച്ച് 190ലേറെ റൺസെടുത്തു. ടീം ​സ്കോർ 400ന് മുകളിലുമെത്തി. അവർ കളി ജയിക്കുകയും ചെയ്തു.

ഇരട്ട ശതകത്തിനടുത്തെത്തിയ സോബേഴ്സിന്റെ ഇന്നിങ്സ് ശരിക്കുമൊരു ദൃശ്യവിരുന്നായിരുന്നു. വിൻഡിസ് ഡ്രസ്സിങ് റൂമിനെ ആത്മവിശ്വാസത്തിലാഴ്ത്തി കാഞ്ഞായിയുടെ ഇന്നിങ്സ് മറുവശത്തും. ഇരുവരിൽ എനിക്കേറ്റവും വിലപിടിപ്പുള്ളതായി അനുഭവപ്പെട്ടത് കാഞ്ഞായിയുടെ ഇത്തിരിക്കുഞ്ഞൻ സ്കോറായിരുന്നു.

എന്റെ ഓർമച്ചിത്രത്തിൽ കൊത്തിവെച്ച മറ്റു രണ്ട് ഇന്നിങ്സുകൾ കളിച്ചത് മഖ്സൂദ് അഹ്മദും (മാക്സി എന്നായിരുന്നു വിളിപ്പേര്) നീൽ ഹാർവിയുമായിരുന്നു. രണ്ടും എന്റെ കുട്ടിക്കാല വേദികളായ ലഖ്നോയിലും കാൺപുരിലും. മരപ്പലകകൾ ഇരിപ്പിടമായുള്ള താൽക്കാലിക സ്റ്റേഡിയം മഹാനായ സ്​പോർട്സ് അഡ്മിനിസ്ട്രേറ്റർ ഹാബുൽ മുഖർജിക്ക് വിട്ടുകൊടുക്കുകയായിരുന്നു.

പ്രത്യുപകാരമായി ഹാബുൽ ദാദയുടെ ഔദാര്യം കിട്ടിയത് എനിക്കാണ്- കളിക്കാരുടെ പവലിയനിൽ ത​ന്നെയിരുന്ന് കളി കാണാൻ ഒരു പാസ്. മൈതാനത്തിനരികെ ‘സ്ത്രീകൾക്കുള്ള മൂത്രപ്പുര’ എന്ന ബോർഡ് തയാറാക്കിക്കൊടുക്കുക എന്ന പണി ചെയ്തുനൽകിയതിനുള്ള പ്രതിഫലം.

അതിവേഗം വിക്കറ്റുകൾ വീണിടത്ത് നാലാം നമ്പർ ബാറ്റ്സ്മാനായി എത്തിയ ഒരാളുടെ ക്ലാസിക്കൽ റോളായിരുന്നു മഖ്സൂദ് ഇന്നിങ്സിന്റെ സവിശേഷത. ഒരു മാടമ്പിയുടെ പുച്ഛഭാവത്തോടെ മൈതാനത്തിന് നാനാവശവും അയാൾ പന്ത് പറത്തി. അവിടെയുണ്ടായിരുന്ന ഇസ്‍ലാമിയ കോളജിലെ വിദ്യാർഥികൾ വൈകുന്നേരമാകു​മ്പോഴേക്ക് അയാളെ മുഖത്തുനോക്കി മറ്റു പേരുകൾ വിളിക്കാൻ തുടങ്ങി.

ഇന്ത്യൻ ബൗളിങ്ങിനെ അടിച്ചുപറത്തിയതിലെ അരിശമായിരുന്നില്ല. ടീം താമസിച്ച റോയൽ ഹോട്ടലിലെ ബാറിൽ പരസ്യമായി ബിയർ കുടിച്ചത് സഹിക്കാഞ്ഞായിരുന്നു തെറിവിളി. മദ്യം കഴിക്കുന്ന ഒരു പാകിസ്താനി, സ്വന്തം കാലുറക്കാൻ പാടുപെടുന്ന ഇന്ത്യൻ മുസ്‍ലിമിന് ശാപമായിരുന്നു അക്കാലത്ത്.

ഹാർവിയുടെ ​ബാറ്റിങ് ശരിക്കും മാസ്മരികമായിരുന്നു. ജസു പട്ടേലിന്റെ ഓഫ് ബ്രേക്കുകളെ നിലംതൊടാതെ പായിച്ചപ്പോൾ റിച്ചി ബെനോഡിന്റെ ആസ്ട്രേലിയക്കാർ മുയലുകൾകണക്കെ മൈതാനം മുഴുക്കെ ചാടിനടന്നു. പിച്ചിലെ ഒരുക്കങ്ങൾ പാതിവഴിയിലായത് കൂടിയായിരുന്നു ചാട്ടത്തിന് കാരണം.

ബ്രാഡ്മാന്റെ കേളികേട്ട ഇലവനിലെ ഇളമുറക്കാരനായിരുന്നു ഹാർവി. നേരെ മൈതാനത്തെത്തിയ അയാൾ കൈയിൽ ഓവലിന്റെ ചിത്രമുള്ളവനെപോലെ പട്ടേലിന്റെ പന്തുകൾ വിടവുകൾ കൃത്യമാക്കി അടിച്ചിട്ടു. മൊത്തം ഇന്നിങ്സിൽ നിധിയായി ഞാൻ കാത്തുവെക്കുന്നത് ഗ്രൗണ്ട് ​സ്ട്രോക്കുകളാണ്. ഇത്തരം ഷോട്ടുകളോടുള്ള മനസ്സിന്റെ ചായ്‍വ് ഒന്നുകൂടി ഉറപ്പാക്കിയത് പോർട്ട് ഓഫ് സ്​പെയിനിൽ ഗെറി ഗോമസാണ്.

1948-49ൽ അദ്ദേഹം ഇന്ത്യയിൽ വന്നിരുന്നു. വീക്സ് 90ൽ നിൽക്കെ ഒരു റണ്ണൗട്ടിനും അയാൾ കാരണക്കാരനായി. ആ സെഞ്ച്വറി പൂർത്തിയാക്കാനായിരുന്നെങ്കിൽ അത് എക്കാലത്തെയും റെക്കോഡ് ആകുമായിരുന്നു- അഞ്ച് ടെസ്റ്റിൽ ആറ് സെഞ്ച്വറി. ‘‘അയാളിൽ ഒരു ഡോൺ ബ്രാഡ്മാൻ ഉണ്ടായിരുന്നു.

കാരണം, ബ്രാഡ്മാനുശേഷം അതു​പോലൊരാൾ പിന്നീടുണ്ടായിട്ടില്ല’’- ഗോമസ് പറയുന്നു. എന്നാൽ, എന്റെ വിഷയം പറയട്ടെ, 48 ടെസ്റ്റുകളിൽ സർ എവർടൺ വീക്സ് ആകെ അടിച്ചത് രണ്ടേ രണ്ട് സിക്സുകൾ മാത്രമായിരുന്നു.

Tags:    
News Summary - IPL An old cricket lover Dissent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.