മേയ് 12നു നടന്ന ഇറാഖി പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം അത്ഭുതപ്പെടുത്തുന്നതും പ്രതീക്ഷകൾ നൽകുന്നതുമാണ്. അമേരിക്കൻ അധിനിവേശാനന്തരമുള്ള നാലാമത്തേതും െഎ.എസിനെ തുടച്ചുനീക്കിയതിനു ശേഷമുള്ള ആദ്യത്തേതുമായ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ പിന്തുണക്കുന്ന മുഖ്തദാ സദ്ർ നേതൃത്വം നൽകുന്ന വിപ്ലവ നവജാഗരണ പാർട്ടിക്കാണു ഭൂരിപക്ഷം ലഭിച്ചത്. ഇറാഖിലെ രണ്ട് കോടിയിലധികം വോട്ടർമാരിൽ 45 ശതമാനം മാത്രമാണ് (ഏകദേശം ഒരു കോടിമാത്രം) വോട്ട് ചെയ്തത്. 18 ഗവർണറേറ്റുകളിൽനിന്നും 329 ജനപ്രതിനിധികളെയാണ് തെരഞ്ഞെടുത്തത്. എല്ലാവരെയും ഒന്നിപ്പിച്ചുനിർത്തി സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു ഭരണകൂടം ഉണ്ടാക്കുമെന്നാണു ഭൂരിപക്ഷം നേടിയ സാരിയൂൻ മുന്നണി നേതാവ് മുഖ്തദാ സദ്ർ അവകാശപ്പെടുന്നത്. നവീകരണ പാതയിൽ സമാധാനത്തിെൻറ പുതിയ പ്രഭാതങ്ങളിലേക്ക് ഇറാഖ് ചുവടുവെക്കുന്ന നിർണായക വേളയിലായിരുന്നു തെരഞ്ഞെടുപ്പ്. സാമൂഹികവും രാഷ്ട്രീയപരവുമായ ഒട്ടേറെ പ്രത്യേകതകൾ ഉള്ളതിനാൽ ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
87 പാർട്ടികളിൽനിന്നായി 6,990 പേർ മത്സരിച്ച തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികൾ, യസീദികൾ, കുർദുകൾ എന്നിവർക്കെല്ലാം പ്രത്യേകം സംവരണമുണ്ടായിരുന്നു. തഹലുഫ് അൽ നസർ പാർട്ടി (victory alliance) തലവനും നിലവിലെ പ്രധാനമന്ത്രിയുമായ ഹൈദർ അൽഅബാദി, ഫതഹ് അലയൻസ് തലവൻ ഹാദി അൽആമിരി, ഷിയ പുരോഹിതനും അലയൻസ് ഓഫ് റെവലൂഷനറീസ് ഫോർ റിഫോം(വിപ്ലവ നവജാഗരണ പാർട്ടി) തലവൻ മുഖ്തദാ അൽസദ്ർ, സ്റ്റേറ്റ് ഓഫ് ലോ കൊയലീഷൻ തലവനും മുൻ പ്രധാനമന്ത്രിയുമായ നൂരി അൽമാലികി തുടങ്ങിയ പ്രമുഖരാണു തെരഞ്ഞെടുപ്പ് ഗോദയിലും പ്രചാരണത്തിലും മുന്നിട്ടുനിന്നത്.
മുമ്പെന്നത്തേക്കാളും ഛിന്നഭിന്നരാഷ്ട്രീയ ചിത്രമാണിന്നും ഇറാഖിൽ. മത്സരാർഥികളിൽ ഭൂരിഭാഗവും വിവിധ ശിയാ പാർട്ടികളെ പ്രതിനിധാനംചെയ്യുന്നവ, വലിയ മികവൊന്നുമില്ലെങ്കിലും കടുത്ത ശിയാക്കളോടൊപ്പം കമ്യൂണിസ്റ്റുകാരുമുണ്ട്. സുന്നികളുടെയും മതനിരപേക്ഷകരുടെയും കുർദുകളുടെയും പ്രതിനിധികളെ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ചിരുന്നുവെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ അവർക്കായില്ല. രാജ്യത്തുനിന്നും ഐ.എസിനെ തുരത്തി, കിർകുക് കുർദുകളിൽനിന്ന് പിടിച്ചെടുത്തു, രാജ്യത്തെ പിളരാൻ അനുവദിക്കാതെ കുർദുകളെ ഇറാഖിെൻറ ഭാഗമാക്കി തുടങ്ങിയ ഭരണനേട്ടങ്ങളാണ് പ്രധാനമന്ത്രി ഹൈദർ അൽഅബാദി ഉയർത്തിക്കാണിച്ചത്. വിദേശനയത്തിലും അബാദി കഴിഞ്ഞ നാലു വർഷംകൊണ്ട് ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇറാനെയും അമേരിക്കയേയും ഒപ്പം നിർത്താനും സൗദിയുൾപ്പെടെയുള്ള അറബ് രാജ്യങ്ങളുമായി ക്രിയാത്മകമായ ബന്ധങ്ങൾ ഉണ്ടാക്കാനും അബാദിക്ക് കഴിഞ്ഞിരുന്നു. എന്നാൽ, പാതിയിലേറെ തകർന്ന ഒരു രാജ്യത്തിെൻറ പുനർനിർമാണവും സാമ്പത്തിക പുനഃക്രമീകരണവും അബാദിയുടെ കാമ്പയിനുകളിലൊന്നും പരാമർശിക്കാതെ പോയതാകാം അബാദിയുടെ തിരിച്ചടിക്ക് കാരണം.
സദ്റിസ്റ്റുകളുടെ അപ്രതീക്ഷിത വിജയം
അത്ഭുതപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലമാണു സദ്റിസ്റ്റുകൾക്ക് ലഭിച്ചത്. ആദരണീയനായ ഒരു പിതാവിെൻറ വിനീതനായ മകൻ എന്ന ഖ്യാതി മാത്രമാണ് സദ്റിനുണ്ടായിരുന്ന കൈമുതൽ. രാഷ്ട്രീയത്തിൽ മുൻപരിചയമൊന്നും ഇല്ലെങ്കിലും മുഖ്തദാ സദ്റിനു ഇറാഖിൽ ലക്ഷക്കണക്കിനാളുകളുടെ പിന്തുണയുണ്ട്. ഏതാനും വർഷമായി അഴിമതിക്കെതിരെ വലിയ പ്രക്ഷോഭങ്ങൾ നയിക്കുന്നതിൽ മുഖ്തദാ സദ്ർ വിജയിച്ചിരുന്നു. ഇതിലൂടെ രാജ്യത്തുടനീളം പൊതുജനങ്ങളുടെ പിന്തുണയാർജിക്കാൻ സദ്റിനു കഴിഞ്ഞു. അമേരിക്കക്കെതിരെ പ്രക്ഷോഭം നയിച്ച സദ്റിസ്റ്റുകളുടെ വിജയം എന്തായാലും അമേരിക്കയും ഇറാനും അത്ര പ്രതീക്ഷിച്ചതല്ല. ഇറാഖ് ഭരിക്കേണ്ടത് അമേരിക്കയും ഇറാനുമല്ലെന്ന് തുറന്നടിച്ചയാളാണ് മുഖ്തദാ സദ്ർ. അതേസമയം, ഇറാഖ് നാടുകടത്തിയ മൂന്ന് വർഷക്കാലം ഇറാനിൽ ജീവിച്ച ചരിത്രമുള്ള ശിയ പുരോഹിതൻ കൂടിയായ സദ്റിന് പിതൃപാരമ്പര്യത്തിലും ഇറാനിയൻ വേരുകളുള്ളതിനാൽ ഇറാൻ ഒരിക്കലും ശത്രുവാകാൻ സാധ്യതയില്ലെന്നും ഇറാെൻറ പിന്തുണയുണ്ടാകാമെന്നും വിലയിരുത്തുന്നവരുമുണ്ട്. അതേസമയം, ഇറാെൻറ പ്രത്യക്ഷ പിന്തുണയുമായിട്ടെത്തിയ അബാദിയുടെ എതിരാളിയായ നൂർഅൽമാലികി കുർദുകളെ കൂടെ നിർത്തിയിട്ടും ഫലം വന്നപ്പോൾ നന്നേ പിറകിലായി, ഇറാൻ പിന്തുണക്കുന്ന മറ്റൊരു ഷിയ വിഭാഗമായ ഫതഹ് അലയൻസിനും ഈ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.
2017 സെപ്റ്റംബറിൽ കുർദിസ്താൻ നടത്തിയ ഹിതപരിശോധനയിൽ 92 ശതമാനം അനുകൂല വോട്ട് നേടിയെങ്കിലും കേന്ദ്രം അതംഗീകരിച്ചില്ല തലസ്ഥാനമായ ബഗ്ദാദും തെക്കൻ ഇറാഖി പ്രദേശമായ കുർദിസ്താനും തമ്മിൽ ഇതിെൻറ പേരിൽ വലിയ വടംവലികൾ നടത്തി, ബഗ്ദാദ് ഇർബിലിനു മേൽ ശക്തമായ സാമ്പത്തിക ഉപരോധം ചുമത്തുകയും എയർപോർട്ടുകൾ അടച്ചുപൂട്ടൂകയും ചെയ്തു. ഉപരോധം നീങ്ങാൻ ആറുമാസമെടുത്തു. ഉപരോധത്തിെൻറ അലയൊലികൾ ഇനിയും മാഞ്ഞുപോയിട്ടില്ല. ചുരുങ്ങിയത് രണ്ടു വർഷമെടുത്താലും ഇർബിലിെൻറ നഷ്ടം നികത്താനാവില്ലെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. ഉപരോധത്തെ തുടർന്ന് എണ്ണപ്രധാന പ്രദേശമായ കിർകുക് കുർദിസ്താനു നഷ്ടമായി. ഇത് കുർദിസ്താെൻറ പാർലമെൻറിലെ പ്രാതിനിധ്യം കുറച്ചു. പിന്നീട് ഹിതപരിശോധന ഫലം മരവിപ്പിച്ച ശേഷമാണ് അന്താരാഷ്ട്രവിമാനങ്ങൾക്ക് എർബിലിലേക്കുള്ള പ്രവേശനംപോലും നൽകിയത്. കുർദിസ്താൻ ഉൾപ്പെട്ട ഇറാഖിനെ ഒന്നായി നിലനിർത്തുക എന്നതായിരുന്നു ഹൈദർ അൽഅബാദിയുടെ നയം.
വനിത പ്രാതിനിധ്യം
25 ശതമാനം വനിതകൾക്ക് സംവരണം ഉണ്ടായിരുന്നതിനാൽ വനിതമത്സരാർഥികളുടെ ആധിക്യംകൊണ്ടും തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. 83 സീറ്റുകൾക്കുവേണ്ടി 2,592 വനിത സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്നു. രാജ്യം മതിയായ സുരക്ഷയുള്ള ഒരിടമായി മാറുന്നതിെൻറ സൂചനകൂടിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ത്രീകളുടെ കടന്നുവരവെന്ന് വിലയിരുത്തിയിരുന്നു. യാഥാസ്ഥിതികവും മതനിഷ്ഠവുമായ നിലപാടുകളെ വലിച്ചെറിഞ്ഞും സാമ്പ്രദായികതകൾ വെടിഞ്ഞും മുസ്ലിം സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. ഇതിനെ രാജ്യം എമ്പാടും സ്വാഗതം ചെയ്തു. അതേസമയം, സ്ത്രീകളെ അപകീർത്തിപ്പെടുത്താനും പൊതുജനങ്ങൾക്ക് മുന്നിൽ താറടിക്കാനും സമൂഹമാധ്യമങ്ങളിലൂടെ പല കക്ഷികളും ശ്രമിച്ചു. എന്നാൽ, ഇതൊന്നും വനിതകളുടെ പ്രാതിനിധ്യത്തെ പിന്നോട്ടു വലിച്ചില്ല. ഇത് കൂടുതൽ യുവനിരയെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചേക്കുമെന്ന് അധികാരികൾ കരുതി. എന്നാൽ, രാഷ്ട്രീയമായ ഉള്ളടക്കമുള്ള വനിതകൾ നന്നേ കുറവാണെന്ന വിലയിരുത്തലാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നത്.
മുന്നോട്ടുള്ള വഴി
മുഖ്തദാ സദ്ർ നിർദേശിക്കുന്ന ഒരാളായിരിക്കും ഇനി അടുത്ത നാലു വർഷം ഇറാഖ് ഭരിക്കുക. പുതുതായി തെരഞ്ഞെടുക്കുന്ന പ്രധാനമന്ത്രി ഏത് ദിശയിലേക്കായിരിക്കും രാജ്യത്തെ നയിക്കുകയെന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്. അഴിമതി നിർമാർജനം ചെയ്യുകയും വിഭാഗീയത ഇല്ലാതാക്കുകയും, സുരക്ഷിതത്വം ഉറപ്പുവരുത്തുകയും വിദേശനയത്തിലെ നിലപാടുമനുസരിച്ചായിരിക്കും ഇറാഖിെൻറ ഭാവി വിലയിരുത്തുക. വിഭാഗീയതയേയും അഴിമതിയേയും തുരത്തുന്ന പുതിയ സഖ്യങ്ങളും സമവാക്യങ്ങളുമുണ്ടാക്കാൻ മുഖ്തദാ സദ്റിനു സാധിച്ചാൽ ഇറാഖിൽനിന്ന് പുതിയ മാറ്റങ്ങളുണ്ടായേക്കും. തെരഞ്ഞെടുപ്പിലും നേതാക്കന്മാരിലും വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് (അഴിമതിയും സ്വജനപക്ഷപാതവും വിഭാഗീയതയും പാർട്ടികളുടെയും നേതാക്കന്മാരുടെയും താൽപര്യങ്ങളുമാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന്.) ഇറാഖി ജനതയുടെ 55 ശതമാനം വോട്ട് ചെയ്യാതിരുന്നത്. വിഭാഗീയതയുടെ വേരുകൾ അത്രമേൽ വളർന്ന, അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു രാജ്യത്തെ ഞൊടിയിടയിൽ മാറ്റിപ്പണിയുകയെന്നത് ക്ലേശകരമാണെങ്കിലും ഇറാഖിനെ ഘട്ടം ഘട്ടമായി നവീകരിക്കാൻ കഴിയുന്ന ഒരു നേതൃത്വം വരുമെന്ന ശുഭാപ്തിവിശ്വാസം ഇറാഖികൾ കൈവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.