ആയിരക്കണക്കിനു കോടി രൂപ കേരളത്തിലെ മദ്റസ അധ്യാപകർക്ക് സർക്കാർ ട്രഷറിയിൽ നിന്ന് ശമ്പളമായും മറ്റ് അനുബന്ധ ആനുകൂല്യങ്ങളായും ലഭിക്കുന്നുവെന്നാണ് മറ്റൊരു ആക്ഷേപം. അടിസ്ഥാനരഹിതമായ ഈ ആരോപണം നാഴികക്ക് നാൽപതു വട്ടം ആവർത്തിക്കുന്നത് സംസ്ഥാനത്തെ ഏറ്റവും സുപ്രധാനമായ ഒരു വകുപ്പിെൻറ തലപ്പത്തുണ്ടായിരുന്ന വ്യക്തി കൂടിയാണെന്ന് ഓർക്കണം. നാളിതുവരെ ഒരു സർക്കാറും കേരളത്തിലെ ധനവിനിയോഗ രേഖയിൽ ഇന്നേവരെ മദ്റസ അധ്യാപകർക്ക് ശമ്പളം കൊടുക്കാനായി പ്ലാൻ ഹെഡിലോ നോൺ പ്ലാൻ ഹെഡിലോ തുക മാറ്റിെവച്ച ചരിത്രമില്ല. എന്നാൽ തെരഞ്ഞെടുപ്പിനു മുെമ്പാക്കെ അന്നത്തെ ന്യൂനപക്ഷക്ഷേമ മന്ത്രിയുടെ ഇടക്കിടെയുള്ള തള്ള് കാണുമ്പോൾ മദ്റസ അധ്യാപകർക്ക് എന്തൊക്കെയോ വാരിക്കോരി കൊടുക്കുന്നൂവെന്ന് പൊതുജനം തെറ്റിദ്ധരിച്ചില്ലെങ്കിലേ അതിശയമുള്ളൂ.
അസംഘടിത മേഖലയിൽ പ്രവര്ത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ വിഭാഗമാണ് മദ്റസ അധ്യാപകർ. രണ്ടു ലക്ഷത്തിലധികം വരുന്ന അധ്യാപകർ ഇരുപതിനായിരത്തിലേറെ മദ്റസകളിലായി ഇരുപത് ലക്ഷത്തിലേറെ വിദ്യാർഥികളെ ദിനേന പഠിപ്പിച്ചുവരുന്നു. ആ മദ്റസകളിൽ നിന്ന് ലഭിക്കുന്ന നാമമാത്ര വേതനമാണ് ഇവരുടെ വരുമാനം. അർധ പട്ടിണിക്കാരായ ഈ പാവങ്ങൾ ഇന്നേവരെ സേവന-വേതന വ്യവസ്ഥകൾക്കു വേണ്ടി തെരുവിലിറങ്ങി സമരം ചെയ്തിട്ടില്ല. പതിനായിരത്തിലേറെ മദ്റസകളും വേണ്ടത്ര അംഗബലവും ആൾശേഷിയുമുള്ള സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പോലും ഇത്തരമൊരു അവകാശ സമരമുഖത്തേക്ക് ആരെയും തള്ളിവിട്ടിട്ടില്ല. മിനിമം വേതനം ഉറപ്പാക്കാനായി ഒരു സർക്കാറും നാളിതു വരെ ഇടപെട്ടിട്ടുമില്ല.
പാലോളി കമ്മിറ്റി ശിപാർശകളിൽ പൊതുവിദ്യാഭ്യാസമെന്ന ഒന്നാം ശീർഷകത്തിലെ 26ാമത്തേതായിരുന്നു മദ്റസ അധ്യാപകർക്ക് ക്ഷേമനിധി രൂപവത്കരിക്കുക എന്നത്. ചെത്തുതൊഴിലാളി വരെയുള്ള വിവിധ മേഖലകളിലായി രണ്ട് ഡസനിലേറെ ക്ഷേമനിധികളോ ബോർഡുകളോ ഉള്ള കേരളത്തിൽ മദ്റസ അധ്യാപകർക്കായി ക്ഷേമനിധി രൂപവത്കരിക്കാൻ 2006 ലെ സച്ചാർകമ്മിറ്റി ശിപാർശകളെ തുടർന്നുള്ള ഒരു സ്റ്റാറ്റ്യൂട്ടറി കമ്മിറ്റിയുടെ പഠനം വേണ്ടി വന്നു എന്നത് മുസ്ലിം ജനക്ഷേമ പ്രവർത്തനങ്ങളിലെ മുൻ സർക്കാറുകളുടെ താൽപര്യം എത്രയുണ്ടെന്നു വിളിച്ചോതുന്നുണ്ട്. അങ്ങനെ 2009 ൽ മദ്റസ അധ്യാപകർക്കായി കോഴിക്കോട് ആസ്ഥാനമായി ക്ഷേമനിധി രൂപവത്കരിച്ചു. എന്നാൽ കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങൾക്ക് അംശദായമായി മാസം അഞ്ചു രൂപെവച്ച് വർഷം 60 രൂപ അടക്കുമ്പോൾ മദ്റസ അധ്യാപകർ മാസം 100 രൂപ വീതം വർഷം 1200 രൂപയാണ് അടച്ചു വരുന്നത്. ഇത് കേരളത്തിൽ ഏറ്റവും കൂടിയ അംശദായം മാസവരിയായി അടക്കുന്ന ക്ഷേമനിധിയാണെന്നു കൂടി ഓർമിക്കുക.
2009 ൽ രൂപവത്കരിക്കപ്പെട്ടെങ്കിലും 2012 ൽ പലിശരഹിതമായി പുനരാവിഷ്കരിക്കപ്പെട്ടതിലൂടെയാണ് കേരള മദ്റസ അധ്യാപക ക്ഷേമനിധി പ്രവർത്തനസജ്ജമാകുന്നത്. ഈ ക്ഷേമനിധിയുടെ കോർപസ് ഫണ്ടായ പത്ത് കോടി രൂപ കോഴിക്കോട് ജില്ല ട്രഷറിയിൽ പലിശരഹിതമായി നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷം ഈ ക്ഷേമനിധിയിലേക്ക് ഒരു രൂപ പോലും ഗ്രാൻറ് അനുവദിക്കാൻ വകുപ്പ് മന്ത്രിക്കോ സർക്കാറിനോ കഴിഞ്ഞിട്ടില്ല. 2015 ൽ അനുവദിക്കപ്പെട്ട 3.75 കോടി രൂപയാണ് ഈ ക്ഷേമനിധിയിലേക്ക് ലഭിച്ച അവസാനത്തെ സർക്കാർ ഗ്രാൻറ്. അതേസമയം, കേരള മദ്റസ അധ്യാപകക്ഷേമനിധിയെ ഒരു വെൽഫെയർ ബോർഡായി പരിവർത്തിപ്പിച്ച് കൂടുതൽ അധികച്ചെലവ് അടിച്ചേൽപിക്കുകയും ചെയ്തു. കോഴിക്കോട് പുതിയറയിൽ സർക്കാർ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് പ്രതിമാസം വൻതുക വാടക നിരക്കിൽ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. ഓഫിസ് മോടി പിടിപ്പിക്കാനായി 32 ലക്ഷം രൂപ അനുവദിച്ചതും പാവപ്പെട്ട മദ്റസ അധ്യാപകരുടെ മാസവരിയിൽ നിന്നാണ്. വെൽഫെയർ ബോർഡിന് ഒരു ചെയർമാനെയും മറ്റൊരു ബോർഡിനും ഇല്ലാത്തവിധം 18 അംഗ ബോർഡ് അംഗങ്ങളെയും നിശ്ചയിച്ചു. ചെയർമാന് ഇരുപതിനായിരം രൂപ ഓണറേറിയവും വാഹനവും അംഗങ്ങൾക്ക് യാത്രാബത്തയും മറ്റ് അലവൻസും കോർപസ്ഫണ്ടിൽ നിന്നനു വദിച്ചു. കഞ്ഞിക്ക് വിത്തെടുത്തു കുത്തുന്നതിന് സമാനമായ ഭരണപരിഷ്കാരങ്ങൾ സമുദായത്തിന് എന്തോ മഹത്തായ കാര്യങ്ങൾ ചെയ്യുന്ന മട്ടിൽ സമയാസമയങ്ങളിൽ പോസ്റ്ററുകളും ഫേസ്ബുക്ക് പോസ്റ്റുകളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇതു കണ്ട് നിർവൃതിയടഞ്ഞ മുസ്ലിം സമുദായം ക്ഷേമനിധിയുടെ നടത്തിപ്പിനായി കഴിഞ്ഞ അഞ്ചു വർഷം ഒരു നയാപൈസ പോലും അനുവദിക്കാതെ അധിക ബാധ്യത ആവർത്തന ചെലവായി എെന്നന്നേക്കുമായി മദ്റസ അധ്യാപകരുടെ മേൽ അടിച്ചേൽപിച്ചവരെ മറന്നു.
മദ്റസ അധ്യാപക ക്ഷേമനിധിയിലേക്ക് മുൻസർക്കാറുകൾ അനുവദിച്ച തുക ദുർവ്യയം ചെയ്യപ്പെടുമ്പോഴും മദ്റസ അധ്യാപകർ മാസന്തോറും ആയിരം കോടിയിലേറെ രൂപ ശമ്പളമായി കൈപ്പറ്റുന്നു എന്ന വ്യാജപ്രചാരണത്തിനെതിരെ അധികൃതർ മൗനം പാലിച്ചു. ഈ വിഷയത്തിൽ സർക്കാർ തുടരുന്ന അക്ഷന്തവ്യമായ മൗനം പൊതു സമൂഹത്തിനിടയിൽ ഇപ്പോഴും അളവറ്റ തോതിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇൗ ആശയക്കുഴപ്പമാണ് കോടതി വ്യവഹാരത്തിലേക്കു നീങ്ങിയതും ഒടുവിൽ ഹൈേകാടതി വിധിയിൽ എത്തിയതും. കേരളത്തിലെ ക്ഷേമനിധികളിൽ ഏറ്റവും വലിയ പ്രതിമാസ വരിസംഖ്യയായ 100 രൂപ വീതം നിശ്ചിത കാലം അടച്ച ശേഷം മദ്റസ അധ്യാപകൻ 1500 രൂപ പെൻഷൻ വാങ്ങുമ്പോൾ ഒരു ക്ഷേമനിധിയിലും അംഗമാകാതെയും ഒരിടത്തും വരിസംഖ്യയടക്കാതെയും 1500 രൂപ ക്ഷേമപെൻഷൻ ലഭിക്കുന്ന പൊതുസമൂഹത്തിെൻറ മുന്നിൽ പാവം മദ്റസ അധ്യാപകൻ അപഹാസ്യനാവുകയല്ലേ? വെൽഫെയർ ബോർഡായി പുനരാവിഷ്ക്കരിക്കപ്പെട്ട ഈ ക്ഷേമനിധിയിലെ ചെയർമാനും പതിനെട്ടംഗ ബോർഡും അധികച്ചെലവുണ്ടാക്കിയതല്ലാതെ മദ്റസ അധ്യാപകരുടെ ക്ഷേമത്തിന് എന്ത് സഹായമാണ് ചെയ്തത്? മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട ഏതു വിഷയവും വർഗീയവത്കരിക്കാനും സമൂഹമധ്യേ അപഹസിക്കപ്പെടുന്നതിലും ചിലർ കാണിച്ച പ്രത്യേക താൽപര്യമാണ് ഈ വിഷയത്തെ ഇത്രയേറെ വിഷലിപ്തമാക്കി മാറ്റിയത്. രാഷ്ട്രീയലാഭത്തിനു വേണ്ടി വകുപ്പു മന്ത്രിയോ ഗവൺമെേൻറാ ഇക്കാര്യത്തിൽ വിശദീകരണമിറക്കിയില്ല. ഇത്തരമൊരു ധ്രുവീകരണത്തിലൂടെ ഒരു വിഭാഗത്തിെൻറ വോട്ട് പോരുന്നത്ര പോരെട്ട എന്നായിരുന്നു അവരുടെ ചിന്തയെന്ന് ഇപ്പോൾ മന്ത്രിസ്ഥാനത്തുനിന്നു വിരമിച്ച ശേഷം ഇടുന്ന ഫേസ്ബുക്ക് വിശദീകരണങ്ങൾ തെളിയിക്കുന്നു.
കേരള മുസ്ലിംകളുടെ നാളിതു വരെയുള്ള ചരിത്രത്തിൽ സർക്കാറിൽ നിന്നു അനർഹമായി എന്തെങ്കിലും നേടിയെടുത്തതായി തെളിയിക്കാൻ കഴിയില്ല. 30 ശതമാനത്തോളം വരുന്ന സമുദായത്തിെൻറ ഉടമസ്ഥതയിലുള്ള മൊത്തം വിദ്യാഭ്യാസ സ്ഥാപനത്തിെൻറ എണ്ണവും സർക്കാർ സർവിസിലെ പ്രാതിനിധ്യവും ഇതിനുള്ള തെളിവാണ്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിെൻറ സാമൂഹിക വിദ്യാഭ്യാസ സ്ഥിതിവിവരണത്തെക്കുറിച്ച് പഠിക്കാൻ നിശ്ചയിക്കപ്പെട്ട ജസ്റ്റിസ് കോശി കമ്മിറ്റി റിപ്പോർട്ട് പുറത്തുവരട്ടെ. 2006 ലെ സച്ചാർ കമ്മിറ്റി ശിപാർശകളെത്തുടർന്ന് മുസ്ലിംകൾ ഒഴികെയുള്ള ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങളെക്കുറിച്ച് കൂടി ഔദ്യോഗിക പഠനം നടത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു (അക്കാലത്ത്, ജൈനരെ ദേശീയ മത ന്യൂനപക്ഷമായി അംഗീകരിച്ചിരുന്നില്ല). തുടർന്ന് ദേശീയ ന്യൂനപക്ഷ കമീഷൻ 2008ൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ െഡവലപ്മെൻറി ( ഐ.എച്ച്.ഡി)നെ ഇൗ പഠനത്തിനു ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, ഇതേക്കുറിച്ച് അധികമാരും അറിയാതെ പോയത് വിദ്യാഭ്യാസ മാനവികസൂചകങ്ങളിൽ ഈ വിഭാഗങ്ങളാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത് എന്ന അവരുടെ കണ്ടെത്തലിനെത്തുടർന്നാണ്. സമാനസ്വഭാവം കോശി കമ്മിറ്റിക്ക് വരാതിരിക്കില്ലെന്നു കരുതാം.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.