കഴിഞ്ഞ ഒക്ടോബറിൽ ഗസ്സക്ക് നേരെ ഇസ്രായേലിന്റെ കടന്നാക്രമണങ്ങൾ ആരംഭിക്കുന്നതിന് കൃത്യം 12 ദിവസം മുമ്പായിരുന്നു എന്റെയും ബത്തൂലിന്റെയും കല്യാണം. വ്യോമാക്രമണം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ ‘മധുവിധു’. നഗരത്തിലെ അൽ റിമൽ മേഖലയിലുണ്ടായിരുന്ന അപ്പാർട്മെന്റും അതിലുണ്ടായിരുന്ന സാധന സാമഗ്രികളുമടക്കം ഞങ്ങൾക്ക് സ്വന്തമായുണ്ടായിരുന്നതെല്ലാം നഷ്ടമായി. എനിക്കന്ന് റിയൽ എസ്റ്റേറ്റ് ബിസിനസായിരുന്നു, ബത്തൂൽ ടീച്ചറും. കിടപ്പാടം നഷ്ടമായ ഞങ്ങൾ റഫയിലെ ഒരു ടെന്റിലാണ് പിന്നീട് കഴിഞ്ഞിരുന്നത്. അവിടെ വെച്ചൊരു നാൾ വല്ലാത്ത വയറുവേദനയെന്ന് പറഞ്ഞു ബത്തൂൽ. നിങ്ങളുടെ ഭാര്യ ഗർഭിണിയാണ്-പരിശോധിച്ച ഡോക്ടർ പ്രഖ്യാപിച്ചു.
അശാന്തിക്കും അന്ധകാരത്തിനും ആട്ടിപ്പായിക്കലിനും പട്ടിണിക്കും പരിഭ്രാന്തികൾക്കുമിടയിൽ അതൊരു നല്ല വാർത്തയായിരുന്നു. പക്ഷേ, ഒരു ഗർഭിണിക്കാവശ്യമായ ആരോഗ്യപരിരക്ഷ, പോഷകാഹാരം, വൈറ്റമിനുകൾ, മരുന്ന് എന്നിവയൊന്നും ലഭ്യമല്ലാത്ത ഇടമായിത്തീർന്നിരുന്നു ഗസ്സ.
ഏഴാം മാസത്തിൽ വേദനകൊണ്ട് പുളഞ്ഞ് ബത്തൂൽ അലറിക്കരയാൻ തുടങ്ങി. ഞാൻ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടച്ചുപൂട്ടണമെന്ന് ഇസ്രായേൽ സൈന്യം ഭീഷണിപ്പെടുത്തിയിരുന്ന (പിന്നീട് പൂട്ടിയ) അമേരിക്കൻ ഫീൽഡ് ഹോസ്പിറ്റലിലേക്കാണ് ആദ്യം പോയത്. പ്രസവ പരിചരണത്തിൽ പ്രാഗല്ഭ്യമുള്ള ഒരു ഡോക്ടർ മാത്രമാണവിടെ ഉണ്ടായിരുന്നത്.
ഡോക്ടർ പരിശോധിച്ചെങ്കിലും വേദന തെല്ലും ശമിച്ചില്ല. മധ്യ ഗസ്സയിലെ നുസൈറത്തിലുള്ള ടെന്റിലേക്ക് മാറിപ്പാർക്കാൻ ഞങ്ങൾ തീരുമാനിച്ചത് അൽ അവ്ധ ഹോസ്പിറ്റലിന്റെ സാമീപ്യമുള്ളതുകൊണ്ടാണ്. അവിടെ നടത്തിയ പരിശോധനയിൽ ഉയർന്ന രക്തസമ്മർദം മൂലം ശരീരം മുഴുവൻ നീരുവെക്കുന്ന അവസ്ഥ (preeclampsia) യിലാണെന്ന് കണ്ടെത്തിയ ഡോക്ടർമാർ അമ്മയുടെയും കുഞ്ഞിന്റെയും രക്ഷ കണക്കിലെടുത്ത് പ്രസവം നേരത്തെയാക്കണമെന്ന് നിർദേശിച്ചു.
അങ്ങനെ മേയ് മാസം 21ന് ഞങ്ങൾക്ക് കൺകുളിർമയായി എയ്ലീൻ വന്നു. മാസം തികയാതെ ജനിച്ച ഒരു കുഞ്ഞിനെ പരിചരിക്കാനുള്ള സംവിധാനങ്ങളൊന്നും പ്രസവാശുപത്രിയിൽ ഇല്ലാഞ്ഞതിനാൽ എയ്ലീനെ അൽ അഖ്സ ശഹീദ് ഹോസ്പിറ്റലിലെ നവജാതശിശു പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
അൽ അവ്ധ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അവളുടെ ഉമ്മയുടെ അമ്മിഞ്ഞപ്പാല് കുപ്പിയിൽ നിറച്ചുകൊണ്ടുവന്ന് 28 ദിവസം അവളെ ഞാൻ മുലയൂട്ടി. രണ്ട് ആശുപത്രികളും തമ്മിൽ അത്യാവശ്യം ദൂരമുണ്ടായിരുന്നു. കാർ ലഭിച്ചില്ലെങ്കിൽ കഴുതപ്പുറത്ത് കയറിയോ സൈക്കിളോടിച്ചോ നടന്നോ ആണ് ഞാൻ എന്റെ പ്രിയപ്പെട്ടവർക്കിടയിലെ ദൂരം താണ്ടിയിരുന്നത്. അങ്ങനെ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് പലരും എന്നെ ഉപദേശിച്ചിരുന്നു. പക്ഷേ, ഞാനപ്പോഴൊരു പിതാവാണല്ലോ, എന്റെ മകൾക്കരികിലെത്തുന്നതിൽ നിന്ന് മരണത്തിനല്ലാതെ ഒന്നിനും എന്നെ തടയാനാകുമായിരുന്നില്ല.
ആളുകൾക്ക് ഭംഗിയുള്ള വീടുകളും സ്ഥലങ്ങളും കണ്ടെത്തിക്കൊടുത്തിരുന്ന ഒരാളായിരുന്നല്ലോ ഞാൻ. എന്റെ മകൾക്കും സുരക്ഷിതവും മനോഹരവുമായ ഒരു വീടോ മുറിയോ എങ്കിലും വേണമെന്ന് ഞാൻ ആഗ്രഹിച്ചു. ഫലമുണ്ടായില്ല. ആശുപത്രിയിൽ നിന്ന് പേരുവെട്ടിയ കുഞ്ഞുമകളെയും കൂട്ടി ഒരു ടെന്റിലേക്ക് തന്നെ മടങ്ങി.
അവൾക്ക് ഭംഗിയുള്ള നാലഞ്ച് കുട്ടിക്കുപ്പായങ്ങൾ വാങ്ങിക്കൊടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ, കുഞ്ഞുങ്ങൾക്കുള്ള സാധനങ്ങളുടെ കടകളൊന്നും ഇപ്പോഴിവിടെ തുറക്കാറേയില്ല. എന്തായാലും ഞങ്ങളുടെ അയൽക്കാരും ചങ്ങാതിമാരും മനോഹരമായ കുപ്പായങ്ങളുമായി എയ്ലീനെ കാണാൻ വന്നതുകൊണ്ട് ആ കുറവ് അറിഞ്ഞില്ല.
ഇപ്പോൾ മോൾക്ക് നാലു മാസം. ടെന്റിൽ നിന്ന് മറ്റൊരു ടെന്റിലേക്ക് അവളെയുമെടുത്ത് പലായനം ചെയ്യുന്ന, സദാ നെടുവീർപ്പിടുന്ന, സങ്കടപ്പെടുന്ന മാതാപിതാക്കളെയാണ് കുഞ്ഞ് എന്നും കാണുന്നത്. അവൾ ചിന്തിക്കാനും ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങിയാൽ എന്തൊക്കെയാവും അവയെന്ന് ഞാൻ ആലോചിക്കാറുണ്ട്.
എന്നാണ് ഈ ബോംബിടലും പലായനവും ഒന്നവസാനിക്കുക?
റോക്കറ്റിന്റെ പുകമണമില്ലാത്ത ദിവസം എന്നാണ് വരുക?
എന്നാണ് എനിക്കൊരു പാവ വാങ്ങിത്തരുക? നമ്മൾ കാലാകാലം ടെന്റുകളിലാണോ താമസിക്കുക?
ഈ സ്വാഭാവിക ചോദ്യങ്ങൾക്കൊന്നുമുള്ള മറുപടികൾ എന്റെ പക്കലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.